എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

നാം ലക്ഷ്യം മറക്കുന്നുവോ?

-ഇബ്‌നു കബീർ മങ്കട - അൽഹിക്മ അറബിക് കോളേജ്, എടത്തനാട്ടുകര

ഈ ലോകം മനുഷ്യരുടെത് മാത്രമല്ല; മൃഗങ്ങളും പക്ഷികളും സൂക്ഷ്മ ജീവികളും സസ്യജാലങ്ങളുമൊക്കെയായി മനുഷ്യർക്ക് ക്ലിപ്തപ്പെടുത്താൻ കഴിയാത്തത്ര സൃഷ്ടികളുടെതുകൂടിയാണ്. ഓരോന്നിനും ആവാസവ്യവസ്ഥക്കനുസരിച്ചുള്ള അനുകൂലനങ്ങൾ സ്രഷ്ടാവ് നൽകിയിട്ടുണ്ട്.

ഈ ജീവജാലങ്ങൾക്കിടയിൽ വിശേഷബുദ്ധിയും ചിന്തിക്കാനുള്ള കഴിവും സംസാര ശേഷിയും നൽകപ്പട്ട ഏകസൃഷ്ടി മനുഷ്യനാണ്. അല്ലാഹു പ്രത്യേകമായ ചില കഴിവുകൾ നൽകി ആദരിച്ച സൃഷ്ടിയാണ് മനുഷ്യൻ. അല്ലാഹു പറയുന്നു:

‘‘തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു’’(ക്വുർആൻ 17:70).

ഇങ്ങനെയുള്ള മനുഷ്യന്റെ ജീവിതലക്ഷ്യം എന്തായിരിക്കണം? ഇതര ജീവികളെ പോലെ അലക്ഷ്യമായി അൽപകാലം ജീവിച്ച് ഒടുങ്ങുവാനാണോ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്?

ഭൗതിക ലോകത്ത് പല ലക്ഷ്യങ്ങളും മനുഷ്യർക്കുണ്ട്. എംബിബിഎസിന് പഠിക്കുന്ന ഒരാളുടെ ലക്ഷ്യം പ്രശസ്തനായ ഒരു ഡോക്ടറാകണം, ലക്ഷങ്ങൾ വരുമാനം ലഭിക്കണം എന്നതായിരിക്കും. എഞ്ചിനീയറിങ്ങിന് പഠിക്കുന്നയാളുടെ ലക്ഷ്യം നല്ല ശമ്പളം ലഭിക്കുന്ന പ്രഗത്ഭനായ ഒരു എഞ്ചിനീയർ ആകണം എന്നായിരിക്കും. കച്ചവടക്കാരനും കൃഷിക്കാരനും കൂലിപ്പണിക്കാരനുമൊക്കെ അവരുടെതായ ചില ലക്ഷ്യങ്ങളുണ്ടായിരിക്കും. അതൊക്കെ നല്ലതുതന്നെ.

എന്നാൽ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം എന്തായിരിക്കണം? ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ തൃപ്തിക്ക് അർഹനായി പരലോകവിജയം നേടുക എന്നതായിരിക്കണം ആത്യന്തികലക്ഷ്യം. അതിനുവേണ്ടി എന്താണോ ചെയ്യേണ്ടത് അത് ചെയ്യുന്ന കാര്യത്തിൽ അമാന്തം കാണിച്ചുകൂടാ.

അതിനായി എന്തു ചെയ്യണമെന്ന് സ്വയം ആലോചിച്ച് കണ്ടെത്തേണ്ടതില്ല. അത് കാലാകാലങ്ങളിൽ തന്റെ ദൂതന്മാർ മുഖേന അല്ലാഹു മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്.

‘‘...എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (ക്വുർആൻ 2:38).

സൽകർമകാരികളായ ദാസൻമാർക്കു വേണ്ടി അല്ലാഹു ഒരുക്കിവച്ചിരിക്കുന്ന സ്വർഗം നേടിയെടുക്കലും ദുഷ്‌കർമികൾക്ക് തയ്യാറാക്കിവച്ചിരിക്കുന്ന നരകത്തിൽനിന്ന് അകറ്റപ്പെടലുമായിരിക്കണം നമ്മുടെ ലക്ഷ്യം.

‘‘ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185).