എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 നവംബർ 25 , 1445 ജു.ഊലാ 11

ഇരുസമസ്തകൾ ആരുടെ താവഴിയിലാണുളളത്?

- -വായനക്കാരൻ

ഇസ്‌ലാം മതം യഥാർഥ രൂപത്തിൽ ഇവിടെ നിലനിൽക്കണമെങ്കിൽ സമസ്ത അനിവാര്യമാണെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന ചിരിക്ക് വക നൽകുന്നുതാണെങ്കിലും ചിന്തിക്കാനും അൽപം വക നൽകുന്നതാണ്. യഥാർഥം എന്നത് സത്തയാണ്. സത്തയിലുള്ളത് കൃത്യമായി പറഞ്ഞാൽ സമസ്ത എന്നേ പൂട്ടിപ്പോകുന്ന പ്രസ്ഥാനമാകും എന്നതിൽ സംശയമില്ല! പ്രവാചകന്റെﷺ ഹദീസിനെ പച്ചയായി ദുർവ്യാഖ്യാനിച്ചു തെറ്റുധരിപ്പിച്ചപ്പോൾ ക്ഷമകെട്ട മറ്റൊരു വ്യക്തിത്വം തിരുത്തിക്കൊടുത്തിട്ടും അംഗീകരിക്കാത്ത ജിഫ്രി തങ്ങൾ തിരുത്തിയവരെയും അധിക്ഷേപിക്കുന്ന തരത്തിലേക്ക് തരം താണത് നാം കണ്ടു. അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കുവാൻ തെളിവുണ്ടാക്കുവാനായി, അദൃശ്യജ്ഞാനം നബിﷺക്ക് അറിയുമെന്ന് ജൽപിക്കുകയും നബിﷺ അക്കാര്യം അംഗീകരിക്കുകയും ആ ആശയമുള്ള പാട്ടുപാടിയ കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും ചെയ്‌തെന്ന് അദ്ദേഹം തട്ടിവിട്ടു. സമസ്തയുടെ നിലനിൽപ് ഹദീസ് നിഷേധത്തിലും കോട്ടിമാട്ടലിലും നിജപ്പെട്ടിരിക്കുന്നു എന്ന് സാരം.

അതേ വേദിയിലെ മറ്റൊരു തമാശയായിരുന്നു ‘പ്രവാചകാനുചരൻമാർ നേരിട്ടെത്തി ഇസ്‌ലാമിക പ്രബോധനം നടത്തിയ കേരളത്തിൽ അവർ പ്രചരിപ്പിച്ച യഥാർഥ ആശയങ്ങളാണ് സമസ്തയുടെ നേതൃത്വത്തിൽ നടക്കുന്നത്’ എന്നത്! സോഷ്യൽ മീഡിയകളുടെ കാലത്ത് ഇത്തരം ബഡായികൾ സാധാരണക്കാർ ഉൾക്കൊള്ളും എന്നാണ് തങ്ങളുടെ വിചാരം! അനുയായികൾ തൊണ്ടതൊടാതെ വിഴുങ്ങുമെങ്കിലും ഉണർന്നിരിക്കുന്ന ഒരുപറ്റം മനുഷ്യർ ഇതിനെ പുച്ഛിച്ചു തള്ളിക്കളയുന്നുണ്ട് എന്നത് ഇവരറിയുന്നില്ല.

1921നു മുമ്പുള്ള മുസ്‌ലിം സമൂഹം വിശ്വാസ-കർമ രംഗങ്ങളിൽ വളരെ ദുർബലരായിരുന്നു എന്നു കാണാൻ സാധിക്കും. അഞ്ചുനേരം നമസ്‌കരിക്കുന്നവർ ഖാദിയാരും മുക്രിയും എണ്ണപ്പെട്ട ചിലരും മാത്രമായിരുന്ന ഒരു കാലം കഴിഞ്ഞുപോയത് ജിഫ്രി തങ്ങൾക്ക് അറിയുമായിരിക്കാം. വെള്ളിയാഴ്ച ജുമുഅക്ക് മാത്രം പോകുന്ന പ്രമാണിമാർ! രണ്ട് പെരുന്നാൾ ദിനങ്ങളിൽ മാത്രം പോയി ‘പള്ളിപ്പൈസ’ കൊടുക്കുന്ന സാധാരണക്കാരായ ഭൂരിപക്ഷം! പ്രധാന ആചാരങ്ങൾ മൗലിദ് പാരായണവും നേർച്ചകളും റാത്തീബ് കഴിക്കലും! ജിഫ്രി തങ്ങൾ പറഞ്ഞ പ്രവാചകാനുചരൻമാരിൽ ആരൊക്കെയാണ് ഈ ആചാരങ്ങൾ ചെയ്തിരുന്നത്? എത്ര വർഷത്തെ പഴക്കം ഈ ആചാരങ്ങൾക്കുണ്ട്? ശിർക്കിന്റെ ദൂഷിത വലയത്തിൽ കുടുങ്ങി യഥാർഥ വിശ്വാസമെന്താണെന്ന് മനസ്സിലാകാത്ത ഒരു സമൂഹത്തെ പ്രവാചകാ നുചരൻമാർ സൃഷ്ടിച്ചു എന്ന് പറയുവാൻ നിങ്ങൾക്ക് എളുപ്പമാണ്; അല്ലാഹുവിന്റെ പേരിലും തിരുദൂതരുടെ പേരിലും വ്യാജം പറയാൻ കഴിയുന്നവർക്ക് അതിനു പ്രയാസമില്ലല്ലോ!

ക്വബ്‌റുകളെയും ക്വബ്‌റാളികളെയും ആരാധിക്കുന്ന ഒരു സമൂഹത്തിന് മതത്തിന്റെ യഥാർഥ വഴി കാണിച്ചത് മുജാഹിദ് പ്രസ്ഥാനമാണെന്ന സത്യം മാലോകരറിയാതിരിക്കാൻ സമസ്തക്കാർ കാണിക്കുന്ന ജാഗ്രത അവരെത്തന്നെ ഉലക്കുന്നുണ്ട് എന്ന് മനസ്സിലാകുന്നു! സിഎം മടവൂർ മുദബ്ബിറുൽ ആലമാണെന്ന ഇരു സമസ്തകളുടെയും വാദം മുജാഹിദ് പണ്ഡിതൻമാർ പൊളിച്ചടുക്കിയതിന്റെ രോഷം കുറച്ചൊന്നുമല്ല അവരെ വിഷമിപ്പിച്ചത്! അതിന്റെ പ്രതിഫലനമാണ് മുസ്‌ലിം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ നടത്തിയ പ്രാർഥന അസ്വീകാര്യമാണെന്ന് ജിഫ്രി തങ്ങളെക്കൊണ്ട് പറയിച്ചത്! ‘ഒരു പാട് ആളുകളുണ്ട് എന്നതുകൊണ്ട് കാര്യമില്ല, പ്രാർഥന സ്വീകരിച്ചുകൊളളണമെന്നില്ല, സമസ്തയുടെ പ്രാർഥനയാണ് യഥാർഥ പ്രാർഥന.’ ജിഫ്രി തങ്ങളുടെ ഈ പരാമർശത്തിന് കാരണം ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ മുജാഹിദുകളുമുണ്ട് എന്നതാണ്. സ്വന്തം കാലിന്നടിയിൽനിന്ന് ഒലിച്ചുപോകുന്ന മണ്ണിന് തടയിടാൻ ഇത്തരം പ്രയോഗങ്ങൾ ഇനിയും ഇവരിൽനിന്ന് പ്രതീക്ഷിക്കാം.