എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

ലഹരിവിമുക്തി അസാധ്യമോ?

- ഷിഹാൻ തോന്നയ്ക്കൽ

ഞങ്ങൾ അധികാരത്തിൽ വന്നാൽ മദ്യനിരോധനം ഏർപ്പെടുത്തും എന്ന് ജനങ്ങൾക്ക് വാക്കുകൊടുക്കുന്ന പാർട്ടികൾ അധികാരത്തിൽ വന്നാൽ അപ്പറഞ്ഞത് മറക്കുന്നതും കൂടുതൽ മദ്യഷാപ്പുകൾ തുറക്കാൻ ലൈസൻസ് നൽകുന്നതുമാണ് നാളിതുവരെയുള്ള നാടിന്റെ അനുഭവം. ജനങ്ങൾക്ക് വിദേശ്യമദ്യവും നാടൻ കള്ളുമൊക്കെ കുടിച്ച് കൂത്താടാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തിട്ട് ലഹരിക്കെതിരിൽ ബോധവത്കരണം നടത്തുന്നത് വിരോധാഭാസമാണെന്ന് പറയാതെ വയ്യ. ലഹരിവിരുദ്ധ പ്രക്ഷോഭങ്ങളിൽ പോലും മദ്യം ഓഫർ ചെയ്ത് ആളെക്കൂട്ടുന്നതും ലഹരി ഉപയോഗിക്കാമെന്ന് സിനിമയിലൂടെ കാണിച്ചുകൊടുക്കുന്നവർ തന്നെ ലഹരിവിരുദ്ധ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും കാപട്യമാണ്.

എത്രയെത്ര കുടുംബങ്ങളിലുള്ളവരാണ് ലഹരിക്ക് അടിമയായ ഭർത്താവിനെയോ പിതാവിനെയോ മകനെയോ ഭയന്ന് ജീവിക്കുന്നത്! എത്ര കുടുംബങ്ങളിലെ പ്രതീക്ഷകളും സന്തോഷങ്ങളുമാണ് മദ്യം മുഖേന ഇല്ലാതാകുന്നത്! പലപ്പോഴും ലഹരി വരുത്തിവെക്കുന്ന വിനകൾ അത് ഉപയോഗിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നില്ല, മദ്യപിച്ചു വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ എത്രയോ നിരപരാധികൾ പെട്ടുപോകുന്നു. എത്രയോ മക്കൾ അനാഥരായിത്തീരുന്നു.

മദ്യമില്ലാതെ എന്താഘോഷം എന്ന ചോദ്യമാണ് ഓരോ വർഷത്തേയും കണക്കെടുപ്പുകൾ നമ്മോട് ചോദിക്കുന്നത്. മദ്യം വേണ്ടത്ര കിട്ടാതായപ്പോൾ ഉണ്ടായ പുകിലുകൾ ലോക്ക്ഡൗൺ കാലത്ത് നമ്മൾ കണ്ടതാണ്. പലരും അവരുടെ പ്രശ്‌നങ്ങളും ദുഃഖങ്ങളും മറന്നൊന്ന് ശാന്തമായി ഉറങ്ങാനാണത്രെ ലഹരിയെ ആശ്രയിക്കുന്നത്. സത്യത്തിൽ അത് അവരുടെയും കുടംബത്തിന്റെയും ഉറക്കം എന്നെന്നേക്കുമായി ഇല്ലാതാക്കുവാനും പ്രയാസങ്ങൾ ഒന്നുകൂടി വർധിപ്പിക്കാനുമാണ് കാരണമാവുക.

സുമനസ്സുകളെല്ലാം ലഹരിക്കെതിരെ കൈകോർത്ത ഈ സാഹചര്യത്തിൽ അത് ലക്ഷ്യം കാണണമെങ്കിൽ ആത്മാർഥത കൈവിടാതിരിക്കണം. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അകലം കുറയണം, ക്ലാസ്സ് മുറികളിൽ ലഹരിയുടെ അപകടങ്ങളെ കുറിച്ച് ഇടയ്ക്കിടെ ഓർമപ്പെടുത്തണം.

എല്ലാത്തിനുമുപരി നാം ചെയ്യേണ്ടത് കുട്ടികളെ മതബോധമുള്ളവരാക്കുക എന്നതാണ്. സൃഷ്ടിച്ചു പരിപാലിക്കുന്ന റബ്ബ് എല്ലാം കാണുന്നുണ്ട് എന്ന് ഏത് സാഹചര്യത്തിലും ഓർക്കുന്നവരായി അവർ മാറണം. നന്മയും തിന്മയും വേർതിരിച്ചു പഠിപ്പിച്ച പ്രവാചകൻ ﷺ ലഹരി തിന്മയാണെന്നു മാത്രമല്ല പറഞ്ഞത്, അത് എല്ലാ തിന്മകളുടെയും മാതാവാണ് എന്നുകൂടി പറഞ്ഞിട്ടുണ്ട്. അതിന്റെ അപകടങ്ങളെ കുറിച്ച് പറയുന്ന ഹദീസുകൾ ധരാളം കാണാം.

അവർക്ക് പഠിക്കാനുള്ള അവസരം ഒരുക്കിക്കൊ ടുക്കുക. നല്ല കൂട്ടുകാരുമായി സഹവസിക്കുവാൻ പ്രേരിപ്പിക്കുക. ധാർമികബോധം പകർന്നുനൽകുന്ന പുസ്തകങ്ങൾ വായിക്കുവാനും പ്രഭാഷണങ്ങൾ കേൾക്കുവാനും അവസരമൊരുക്കിക്കൊടുക്കുക. അങ്ങനെ നല്ല മര്യാദകളും മതബോധവും അറിവും പകർന്നു നൽകി ഉത്തമ പൗരന്മാരും യഥാർഥ വിശ്വാസികളുമായി അവരെ വാർത്തെടുക്കുക. ലഹരിയി ല്ലാത്ത പുലരിക്കായി നമുക്ക് കാത്തിരിക്കാം, നാഥൻ അനുഗ്രഹിക്കട്ടെ.


ഖാദിയാനിസം

- മുഫീദ് പന്തീരാങ്കാവ്

ഖാദിയാനിസത്തിന്റെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്ന ലേഖന പരമ്പര ‘നേർപഥം’ തുടങ്ങിവെച്ചതിൽ അഭിനന്ദനം അറിയിക്കുന്നു. സാധാരണക്കാരായ മുസ്‌ലിംകളെ സമീപിച്ച് തെറ്റിദ്ധരിപ്പിച്ചും ക്വുർആൻ സൂക്തങ്ങൾ ദുർവ്യാഖ്യാനിച്ചും അവിശ്വാസത്തിന്റെ വഴിയിലേക്ക് വലിച്ചിഴക്കാൻ ഖാദിയാനി പ്രവർത്തകർ ശ്രമിക്കുക പതിവാണ്. അവരെക്കുറിച്ചോ അവർ നിരത്തുന്ന തെളിവുകളുടെ പ്രാമാണികതയെക്കുറിച്ചോ അവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചോ അറിയാത്ത മുസ്‌ലിംകളെ തങ്ങളുടെ വിശ്വാസത്തിൽ സംശയം ജനിപ്പിക്കുവാനാണ് ഇവർ ആദ്യം ശ്രമിക്കാറുള്ളത്. ഈ ലേഖന പരമ്പര എല്ലാവരും മനസ്സിരുത്തി വായിക്കണമെന്നാണ് പറയാനുള്ളത്.