എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 മെയ് 27 , 1444 ദുൽഖഅ്ദ 07

മക്കളെ കൊലയ്ക്ക് കൊടുക്കുന്ന രക്ഷിതാക്കൾ!

-റഹ്മാൻ മധുരക്കുഴി

‘നിർബന്ധിച്ച് വൈദ്യപഠനത്തിന് ചേർത്തു, മെഡിക്കൽ കോളേജ് ഡീനിന്റെ മകൾ ജീവനൊടുക്കി’ (മാതൃഭൂമി 28.4.23).

‘ചെന്നൈയിലെ മാങ്കോട്ടുള്ള മുത്തുകുമാരൻ മെഡിക്കൽ കോളേജ് ഡീനായ കാശിനാഥന്റെ മകൾ ഷൈലയാണ് ഈ കടുംകൈ ചെയ്തത്. ആദ്യവർഷ പഠനത്തിന് ശേഷം പലതവണ പഠനം നിർത്താൻ ഷൈല ശ്രമിച്ചെങ്കിലും വീട്ടുകാർ തുടരാൻ നിർബന്ധിക്കുകയായിരുന്നു. രണ്ട് മാസത്തോളം വിഷാദരോഗിയെപോലെ വീടിനകത്ത് തന്നെ കഴിച്ചു കൂട്ടിയ ഷൈല ജീവനൊടുക്കുകയായിരുന്നു.’

ഡോക്ടർ, എഞ്ചിനീയർ എന്നീ പദവികൾക്കപ്പുറത്തും ലോകമുണ്ടെന്ന് മനസ്സിലാക്കാൻ കൂട്ടാക്കാത്ത രക്ഷിതാക്കളാണ് കുട്ടികൾക്ക് നേടാൻ പ്രയാസമായത് അവർ നേടിയേ തീരൂ എന്ന് ശഠിക്കുന്നത്. തങ്ങളുടെ മക്കളുടെ സ്വതസിദ്ധമായ അഭിരുചികൾക്കും കഴിവുകൾക്കും ആഗ്രഹാഭിലാഷങ്ങൾക്കും അനുസൃതമായവ നേടാൻ സഹായമായി വർത്തിക്കുന്നതാണ് ബുദ്ധി എന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.

തങ്ങൾ കെട്ടിയുണ്ടാക്കുന്ന ആകാശക്കോട്ടകളുടെ ലോകത്തേക്ക് പറന്നുയരാൻ കഴിയാതെ പോകുന്ന മക്കളെ, അതിന്നായി നിർബന്ധിക്കുകയും ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന രക്ഷിതാക്കളെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നതെന്ന അനുഭവയാഥാർഥ്യമാണ് ചെന്നൈയിൽ ജീവനൊടുക്കിയ വൈദ്യപഠന വിദ്യാർഥിനി സമൂഹത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നത്

-റഹ്്മാൻ മധുരക്കുഴി


അവധിക്കാലം കഴിഞ്ഞു; ചില ഓർമപ്പെടുത്തലുകൾ

-ആഷിഖ. എ.വി,നടുവട്ടം

ലോകത്തിലെ ഏറ്റവും ആദരണീയവും മഹത്തരമായതും സമൂഹത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നതുമായ തൊഴിലാണ് അധ്യാപനം. ഒരു കുട്ടിയിലെ പ്രതിഭയുടെ വികസനത്തിന് അടിത്തറ ഒരുക്കിക്കൊടുക്കാൻ ഒരു നല്ല ഗുരുനാഥന് കഴിയും.

വിദ്യാർഥികളുടെ അറിയാനുള്ള താൽപര്യത്തെ പ്രചോദിപ്പിക്കുന്നവരാണ് യഥാർഥ അധ്യാപകർ. ജീവിതത്തിൽ ഒരു അറിവും നിസ്സാരമല്ല. കുട്ടികളെ നല്ല പൗരന്മാരാക്കുന്നതിൽ അധ്യാപകരുടെ റോൾ വളരെ വലുതാണ്. പാഠപുസ്തകങ്ങൾക്കകത്തുള്ളതിനപ്പുറമുള്ള അറിവിന്റെയും വിവേകത്തിന്റെയും ജീവിതത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നുനൽകുന്നവരാകണം അധ്യാപകർ. തങ്ങളുടെ കൈകളിൽ വിശ്വസിച്ചേൽപിക്കപ്പെട്ട സൂക്ഷിപ്പു മുതലാണ് വിദ്യാർഥി സമൂഹം എന്ന കാര്യം അധ്യാപകർ വിസ്മരിച്ചുകൂടാ.

മക്കളെ ഉപദേശിക്കാനും തെറ്റുകളിൽനിന്ന് പിന്തിരിപ്പിക്കാനുമുള്ള അവകാശം അധ്യാപകർക്കുണ്ട് എന്ന ബോധം രക്ഷിതാക്കൾക്കു വേണം. ചെറിയ ശിക്ഷ നൽകുകയോ തെറ്റു ചൂണ്ടിക്കാട്ടി ഉപദേശിക്കുകയോ ചെയ്താൽ പോലും അധ്യാപകരെ തല്ലാനും തെറിപറയാനും തയ്യാറാകുന്ന രക്ഷതാക്കൾ മക്കൾക്കു നൽകുന്നത് എന്തു സന്ദേശമാണ്?

തങ്ങളുടെ വികലമായ ചിന്തകളും ആശയങ്ങളും അടിച്ചേൽപിക്കാനുള്ള പരീക്ഷണ വസ്തുവായി ശിഷ്യന്മാരെ കണക്കാക്കുന്ന ചില ഗുരുനാഥന്മാരുണ്ട്. ചിലർ വിദ്യനുകരാനെത്തുന്ന കുരുന്നുകൾക്കിടയിൽ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കുന്നു. അധ്യാപകവൃത്തിയെ കേവലം ഒരു തൊഴിലായും ആ തൊഴിലിനു സമൂഹം നൽകുന്ന പിന്തുണ എന്തും ചെയ്യാനുള്ള അംഗീകാരമായും കരുതുന്നവർ പൊതുസമൂഹത്തിന്റെ നന്മയല്ല അഗ്രഹിക്കുന്നതെന്ന് വ്യക്തം. അധ്യാപകരുടെ വാക്കും നോട്ടവും നടപ്പും ഇരിപ്പും വേഷവിധാനവുമെല്ലാം കൊച്ചു കുട്ടികളെ വല്ലാതെ സ്വാധീനിക്കുമെന്നതിനാൽ അവർ മാതൃകയായി വർത്തിക്കുന്നവരാകണം.