എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2023 നവംബർ 11 , 1445 റ.ആഖിർ 27

സി.എം; മൈസൂർ കാടുകളിൽ കാട്ടാനകൾക്കൊപ്പം!

- -പി.കെ.എം, തൃശൂർ

‘സി.എം മടവൂരിന്റെ മതവിരുദ്ധ ചെയ്തികളും കുരുക്കിലായ സമസ്തയും’ എന്ന തലക്കെട്ടിൽ മൂസ സ്വലാഹി കാര എഴുതിയ ലേഖനം കാലിക പ്രസക്തവും ചിന്താർഹവുമായിരുന്നു. സമസ്തക്കാരുടെ വീക്ഷണ പ്രകാരം ഒരാൾ അല്ലാഹുവിന്റെ ഇഷ്ടം നേടിയ വലിയ്യാകണമെങ്കിൽ അയാൾ കുളിക്കാതെ, പല്ലുതേക്കാതെ, വൃത്തിയുളള വസ്ത്രം ധരിക്കാതെ, നമസ്‌കാരം, നോമ്പ് പോലുള്ള ആരാധനകൾ ചെയ്യാതെ അലഞ്ഞുതിരിഞ്ഞ് നടക്കണം. ശരീഅത്ത് നിയമങ്ങളൊന്നും വലിയ്യിന് ബാധകമല്ലത്രെ!

അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്. ‘ഔലിയാഅ്’ എന്നാണ് ഇതിന്റെ ബഹുവചനം. എങ്കിലും ‘ഔലിയാക്കൾ’ എന്നാണ് ആളുകൾ പൊതുവെ പറഞ്ഞുവരുന്നത്. ആരൊക്കെയാണ് അല്ലാഹുവിന്റെ ഔലിയാക്കൾ? വിശ്വാസരംഗത്തും കർമരംഗത്തും സ്വഭാവരംഗത്തും അല്ലാഹുവിന്റെ കൽപനകളും നിരോധനങ്ങളും പാലിച്ച് അല്ലാഹുവിന്റെ നിർദേശങ്ങൾക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവനാണ് വലിയ്യ്.

“ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിന്റെ ഔലിയാഅ്, അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ’’ (ക്വുർആൻ 10:62-63).

സിഎമ്മിനെക്കുറിച്ചുള്ള ഒരു ഫെയ്‌സ് ബുക് പോസ്റ്റിൽ ഒരാൾ എഴുതുന്നു: “...ഇതിനിടയിൽ 1962ൽ ഹജ്ജുകർമത്തിനു പുറപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. മദീന സന്ദർശന വേളയിൽ നബിയോടുള്ള ഇശ്ഖ് മൂലം റൗളാ ശരീഫിനടുത്തുവെച്ച് അദ്ദേഹം ബോധരഹിതനായി വീണതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടുണ്ട്. തിരികെ വന്നശേഷം ആരാധനകളിൽ കൂടുതൽ മുഴുകി. ഭൗതിക കാര്യങ്ങളിൽ കൂടുതൽ വിരക്തി പ്രകടിപ്പിച്ചുതുടങ്ങി...സൂഫിസത്തിന്റെ അത്യുന്നതലോകത്തേക്ക് അദ്ദേഹം പ്രവേശിച്ചു. പിന്നീട് ഭക്ഷണമില്ല, വിശ്രമമില്ല, ആരുമായും സംസാരമില്ല. കഠിനമായ ആരാധനകൾ. എന്നും വ്രതാനുഷ്ഠാനം. നോമ്പ് തുറക്കാനും അത്താഴത്തിനുമെല്ലാം ഒരു ഈത്തപ്പഴം. രണ്ടു ദിവസം കൂടുമ്പോൾ അൽപം ആട്ടിൻപാൽ...ഇങ്ങനെ മൂന്നു വർഷം തുടർന്നു... പിന്നെ യാത്രകളുടെ കാലമായിരുന്നു. മൂന്നു വർഷക്കാലം ഇങ്ങനെ ചുറ്റിസഞ്ചരിച്ചതായി സഹചാരികൾ പറയുന്നു. മഹാന്മാരെ സിയാറത്ത് ചെയ്യും, ക്ഷണിച്ചാൽ വീടുകളിലേക്ക് വരും, വനങ്ങളിൽ ജീവിച്ചു കായ്കനികൾ ഭക്ഷിക്കും. അക്കാലത്ത് അദ്ദേഹത്തെ മൈസൂർ കാടുകളിൽ കാട്ടാനകൾക്കും വന്യജീവികൾക്കുമിടയിൽ കണ്ടവരുണ്ട്.’’

“ഇതിനുശേഷം പത്ത് വർഷത്തോളം കോഴിക്കോട്ടെ മമ്മുട്ടി മൂപ്പന്റെ വീട്ടിലായിരുന്നു താമസം. സന്ദർശിക്കാനെത്തുന്ന ആയിരക്കണക്കിനു പേർക്ക് ആശ്വാസത്തിന്റെ വാക്കുകളും സാന്ത്വനത്തിന്റെ തണലുമായിരുന്നു പിന്നീടുള്ള ജീവിതം. അസുഖം വേണ്ട, വേദന വേണ്ട....അത്തരം വാക്കുകൾ പ്രതീക്ഷിച്ചു സി.എമ്മിനെ സമീപിക്കാൻ ആളുകൾ അങ്ങോട്ടൊഴുകി...’’

അത്താഴത്തിന് ഒരു ഈത്തപ്പഴം, നോമ്പ് തുറക്കുമ്പോൾ ഒരു ഈത്തപ്പഴം, രണ്ടു ദിവസം കൂടുമ്പോൾ അൽപം ആട്ടിൻപാൽ...ഇങ്ങനെ മൂപ്പർ 3 വർഷമാണത്രെ ജീവിച്ചത്. ചിലപ്പോൾ ഭക്ഷണമേ വേണ്ട. സംസാരവുമില്ല. മൈസൂർ കാടുകളിൽ കാട്ടാനകൾക്കും പുലി, കടുവ പോലുള്ള വന്യജീവികൾക്കുമൊപ്പം സഹവാസം! ആള് ചില്ലറക്കാരനൊന്നുമല്ല എന്ന് മനസ്സിലായില്ലേ!

ഇതൊക്കെ അപ്പടി വിശ്വസിക്കാൻ സമസ്തയുടെ കുഞ്ഞാടുകൾ റെഡിയാണ്. ലോകം നിയന്ത്രിക്കുന്ന ഭാരിച്ച പണി ഏറ്റെടുത്തു നടത്തുന്നത് ഈ മഹാനാണ് എന്ന തള്ളൽ സംശയമില്ലാതെ അംഗീകരിക്കുന്നവർക്ക് ഇതിലൊക്കെ എന്തു സംശയം!