വൃക്കയിലെ കല്ലുകള്‍

മുസാഫിര്‍

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

വൃക്കസ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വൃക്കകളിലും മൂത്രവാഹിനിക്കുഴലിലും മറ്റും കാണപ്പെടുന്ന കല്ലുകള്‍. വൃക്കകള്‍ അരിച്ചു പുറത്തുകളയുന്ന ലവണങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ അവ പരലുകളായി രൂപപ്പെട്ട് കല്ലുകളായി മാറുകയാണ്. മൂത്രനാളിയിലും മൂത്രസഞ്ചിയിലും മറ്റും ഉള്ള ഘടനാപരമായ തകരാറുകളും രോഗാണുബാധയും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയില്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍. 20നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് കല്ലുകള്‍ ഏറ്റവും കൂടുതലായി രൂപപ്പെടുന്നത്. വിട്ടുവിട്ടുള്ള അടിയവറിലെ വേദനതന്നെയാണ് കല്ലുകളുടെ പ്രധാന ലക്ഷണം. നട്ടെല്ലിന് ഇരുവശവുമുള്ള ഭാഗത്തുനിന്ന് അടിവയറ്റിലേക്ക് പടരുന്ന വേദന വൃക്കയിലെ കല്ലുരോഗത്തിന്റെ സവിശേഷ ലക്ഷണമാണ്. മൂത്രം രക്തംകലര്‍ന്നു പോവുക, മൂത്രതടസ്സം, ഛര്‍ദി, പനി, കുളിരും വിറയലും തുടങ്ങിവയാണ് മറ്റു ലക്ഷണങ്ങള്‍. മൂത്രപരിശോധന, എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങിയ പരിശോധനകളിലൂടെ വൃക്കയിലെ കല്ലുകള്‍ കണ്ടുപിടിക്കാം. മരുന്നുകള്‍ ഉപയോഗിച്ചും വൃക്കയിലെ കല്ലുകള്‍ പൊടിച്ചുകളഞ്ഞുമാണ് ഇതിനുള്ള ചികിത്സ നടത്തുന്നത്.

അനീമയയും കിഡ്‌നി രോഗങ്ങളും

 എന്താണ് അനീമിയ? ഒരു വ്യക്തിയുടെ രക്തത്തില്‍ ചുവന്ന രക്തകോശങ്ങള്‍ കുറവായി കാണപ്പെടുന്ന അവസ്ഥയാണ് അനീമിയ. ചുവന്ന രക്തകോശങ്ങളാണ് ശരീരത്തിലെ കലകളിലേക്കും (ടിഷ്യൂ) അവയവങ്ങളിലേക്കും ഓക്‌സിജനെ എത്തിക്കുന്നത്. ഇത്തരത്തില്‍ ഇവ ഭക്ഷണത്തില്‍നിന്നും ഊര്‍ജത്തെ നിര്‍മിക്കുന്നു.

ടിഷ്യൂവിനും അവയവങ്ങള്‍ക്കും, പ്രത്യേകിച്ച് ഹൃദയത്തിനും തലച്ചോറിനും ഓക്‌സിജനില്ലാതെ അവയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയാംവണ്ണം ചെയ്യുവാന്‍ സാധിക്കുകയില്ല. ഇക്കാരണംകൊണ്ടുതന്നെ അനീമിയ ബാധിച്ച വ്യക്തി വിളറി, ക്ഷീണിച്ച രൂപത്തില്‍ കാണപ്പെടുന്നു.

കിഡ്‌നി രോഗങ്ങളുള്ളവരില്‍ അനീമിയ സാധാരണയായി കണ്ടുവരാറുണ്ട്. ആരോഗ്യമുള്ള കിഡ്‌നികള്‍ എരിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണ്‍ എല്ലിലെ മജ്ജയെ (ബോണ്‍ മാരോ) ഉത്തേജിപ്പിച്ച് ആവശ്യാനുസരണം ചുവന്ന രക്തകോശങ്ങളെ നിര്‍മിക്കുന്നു.

പക്ഷേ, രോഗമുള്ള കിഡ്‌നികള്‍ ആവശ്യാനുസരണം എരിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നില്ല. തല്‍ഫലമായി എല്ലിലെ മജ്ജ വളരെ കുറച്ച് ചുവന്ന രക്തകോശങ്ങളെ മാത്രമെ ഉല്പാദിപ്പിക്കുന്നുള്ളൂ.

അയേണിന്റെയും ഫോളിക് ആസിഡിന്റെയും അളവ് കുറയുംതോറും അനീമിയ ഉണ്ടാകാം. ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ചുവന്ന രക്തകോശങ്ങളുടെ നിര്‍മാണത്തെ സഹായിക്കുന്നവയാണ്.

എല്ലിന് ബലം കൊടുക്കുന്നതും തേയ്മാനം വരാതെ സൂക്ഷിക്കുന്നതും കിഡ്‌നിയാണ്. എല്ലിന്റെ പ്രധാന ഘടകം കാത്സ്യമാണല്ലോ. അത് ശരിയായ തോതില്‍ നിലനിര്‍ത്തുന്നതും കിഡ്‌നിയാണ്. കിഡ്‌നി എഴുപത് അല്ലെങ്കില്‍ എണ്‍പത് ശതമാനം കുഴപ്പത്തിലായാല്‍ മാത്രമെ നമുക്ക് ഇക്കാര്യം അനുഭവപ്പെടുകയുള്ളൂ