മുട്ടുവേദനയും സ്ത്രീകളും

സാജിദ പര്‍വീന്‍

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്. ഇതു മനസ്സിലാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം ഒ.പി.യില്‍ ചെന്നുനോക്കിയാല്‍ മതി. ഇവിടെ ചികില്‍സ തേടിയെത്തുന്ന നാല്‍പതു കഴിഞ്ഞ സ്ത്രീകളില്‍ പത്തില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്‌നം. ക്യൂവില്‍ നില്‍ക്കാന്‍പോലും വയ്യാതെ വിഷമിക്കുന്നവരെ ഇവിടെ കാണാം. ചിലര്‍ വീല്‍ചെയറുകളില്‍ ശരീരഭാരം ഇറക്കിവച്ചിരിക്കുന്നതും കാണാം. വര്‍ഷങ്ങളായി മരുന്നു കഴിച്ചിട്ടും മുട്ടുവേദനയ്ക്കു ശമനമില്ലെന്നാണ് ഇവരുടെ പരാതി. തങ്ങള്‍ക്ക് ഇത്രയുംകാലം മുട്ടുവേദനയുടെ കാരണത്തിനല്ല ചികില്‍സ ലഭിച്ചതെന്ന് തിരിച്ചറിയുമ്പോഴേക്കും ഇവര്‍ ശയ്യാവലംബികളായിത്തീര്‍ന്നിരിക്കും.

മുട്ടുവേദന എന്തുകൊണ്ട്?

ശരീരഭാരം വര്‍ധിക്കുന്നതും അതേസമയം പേശികള്‍ ബലംകുറയുന്നതുമാണ് മുട്ടുവേദനയ്ക്കുള്ള കാരണം. ശരീരത്തിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് എല്ലുകളും പേശികളും ചേര്‍ന്നാണ്. നാല്‍പതു വയസ്സുവരെ ശരീരപേശികള്‍ക്ക് സ്വാഭാവിക ബലമുണ്ടാവും. എന്നാല്‍ പ്രായം കൂടുംതോറും പേശികള്‍ അയഞ്ഞുതൂങ്ങും. അതോടെ എല്ലുകള്‍ക്ക് ഇരട്ടിഭാരം താങ്ങേണ്ടിവരുന്നു.

കാലുകളാണ് ശരീരത്തിന്റെ മൊത്തം ഭാരത്തെ താങ്ങിനിര്‍ത്തുന്നത്. തൂണുകള്‍ ചിതലെടുത്ത കെട്ടിടംപോലെയാണ് പിന്നെ ശരീരത്തിന്റെ അവസ്ഥ. ഏതുസമയത്തും നിലംപൊത്താമെന്ന അവസ്ഥ. മടക്കാനും നിവര്‍ത്താനും പണ്ടത്തെപ്പോലെ മുട്ടുകള്‍ വഴങ്ങുന്നില്ല എങ്കില്‍ രോഗത്തിന്റെ ആരംഭമായി. തുടര്‍ന്ന് മുട്ടുവേദനയിലേക്കു കടക്കാന്‍ അധികകാലം വേണ്ടിവരില്ല. മുട്ടില്‍ മാത്രമല്ല, കാല്‍പാദങ്ങളിലും കാല്‍ക്കുഴകളിലുമടക്കം അസഹനീയമായ വേദനയാണ് പിന്നീട് ഉണ്ടാവുക. ഭാരം താങ്ങിത്താങ്ങി എല്ലുകള്‍ക്കു തേയ്മാനമുണ്ടാകുന്നതോടെയാണ് വേദന ആരംഭിക്കുന്നത്. അതോടെ വേദനസംഹാരികളില്‍ അഭയം തേടുകയാണ് മിക്കവരും കാണുന്ന പ്രതിവിധി.

എന്തുകൊണ്ട് സ്ത്രീകളില്‍?

മുട്ടുവേദനയുടെ ഇരകള്‍ സ്ത്രീകളാണെന്നു കേട്ട് ഇതൊരു സ്ത്രീജന്യരോഗമാണെന്നു തെറ്റിദ്ധരിക്കേണ്ട. എന്നാല്‍ സ്ത്രീയുടെ ജീവിതസാഹചര്യവുമായി ഇതിന് നല്ല ബന്ധമുണ്ട്. തുടര്‍ച്ചയായി മണിക്കൂറുകളോളം അടുക്കളജോലി ചെയ്യുന്ന സ്ത്രീകള്‍ മുട്ടുകളെക്കൊണ്ട് എത്രമാത്രം ജോലിചെയ്യിക്കുന്നുവെന്ന് ചിന്തിക്കാറില്ല. നിങ്ങള്‍ക്ക് പത്തു കിലോയുടെ ഒരു അരിച്ചാക്കും തലയില്‍ വച്ചുകൊണ്ട് എത്രനേരം നടക്കാന്‍ പറ്റും? കഴുത്ത് കഴയ്ക്കുമ്പോള്‍ ചുമടിറക്കി നിങ്ങള്‍ വിശ്രമിക്കും. പത്തു കിലോ അരിയുടെ വിലയേക്കാള്‍ ഓട്ടോചാര്‍ജ് കൊടുക്കേണ്ടിവന്നാലും ആയാസമോര്‍ത്ത് നിങ്ങള്‍ ഒരു ഓട്ടോ വിളിക്കും. അപ്പോള്‍ നിങ്ങളുടെ കാലുകള്‍ ഒരു ദിവസം ചുമക്കുന്ന ഭാരം എത്രയെന്ന് ആലോചിച്ചുനോക്കൂ.

സ്ത്രീകളുടെ മുട്ടുകള്‍ താങ്ങുന്നത് 60-80 കിലോ

60-70 കിലോ ഭാരം രണ്ട് കൊച്ചു കാല്‍മുട്ടുകളുടെ മേല്‍ താങ്ങിക്കൊണ്ട് സ്ത്രീകള്‍ എത്രസമയമാണ് അടുക്കളയില്‍ ഒരേനില്‍പ് നില്‍ക്കാറ്? ഉദേ്യാഗസ്ഥയാണെങ്കില്‍ രാവിലെ അഞ്ചു മുതല്‍ ഒമ്പതുവരെ. അതായത് കാലുകളിലെ എല്ലുകള്‍ ഭാരം വഹിക്കുന്നത് നാലു മണിക്കൂര്‍. വീട്ടമ്മയാണെങ്കില്‍ ആറോ എട്ടോ മണിക്കൂര്‍. രാവിലെ അടുക്കളയില്‍ കയറുന്ന ഉദേ്യാഗസ്ഥയായ വീട്ടമ്മ ഇരിക്കുന്നത് പ്രാതല്‍ കഴിക്കാന്‍ മാത്രം. അതും വെറും അഞ്ചുമിനിട്ടു സമയം. വീണ്ടും ഓഫീസിലെത്തുന്നതുവരെ ഭാരം കാല്‍മുട്ടകള്‍ക്കു മുകളില്‍ത്തന്നെ. ഇനി ഉദേ്യാഗസ്ഥ ഒരു നഴ്‌സോ ടീച്ചറോ മറ്റോ ആണെങ്കിലോ? സംഗതി വീണ്ടും കുഴഞ്ഞു. ഡ്യൂട്ടിസമയത്ത് നിന്നുകൊണ്ടുള്ള ജോലിക്കുശേഷം വീട്ടിലെത്തി രാത്രി പത്തുമണിവരെ വീണ്ടും അടുക്കളജോലി. സ്ത്രീകളില്‍ മുട്ടുവേദനയെന്ന അസുഖം വ്യാപകമാവാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.

മരുന്നില്ലാതെ കാരണത്തെ ചികില്‍സിക്കാം

വേദനസംഹാരികള്‍ കൊണ്ട് മുട്ടുവേദനയെന്ന പ്രശ്‌നത്തെ ശാശ്വതമായി ഒതുക്കാമെന്നു കരുതേണ്ട. കാരണം അതിനിടയാക്കിയ കാരണം അപ്പോഴും തുടരുകയാണ്. അതുകൊണ്ട് കാരണത്തെയാണ് ചികില്‍സിക്കേണ്ടത്. ഇതിനു രണ്ടു വഴികളാണ്. ഒന്നാമത്തേത് ഭാരം കുറയ്ക്കുക എന്ന വഴി. രണ്ടാമത്തേത് മസിലുകള്‍ ഉറപ്പിക്കുക എന്ന വഴി.

ആഹാരം കഴിച്ചുകൊണ്ടുതന്നെ ഭാരം കുറയ്ക്കാം

'നിങ്ങളുടെ മുട്ടുവേദനയുടെ കാരണം ഓവര്‍വെയിറ്റാണ്. ഉടന്‍ പത്തു കിലോ കുറച്ചാലേ വേദന മാറൂ' എന്നാണ് ഡോക്ടര്‍ രോഗിയോടു പറയുന്നതെങ്കില്‍ പിഴച്ചു. രോഗി അന്നു മുതല്‍ ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ തുടങ്ങും. അതോടെ മറ്റു രോഗങ്ങള്‍ക്കൂടി കടന്നുവരുമെന്നുറപ്പ്. എന്തൊക്കെ കഴിക്കണം, എന്തെല്ലാം ഒഴിവാക്കണം എന്നു നിര്‍ദേശിക്കുന്ന ഒരു ഡയറ്റ്ചാര്‍ട്ടാണ് ഇവിടെ രോഗിക്കു ലഭിക്കേണ്ടത്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് താഴെ പറയുന്ന ഭക്ഷണമാതൃക സ്വീകരിക്കാം:

ഒഴിവാക്കേണ്ടത്

മധുരം, എണ്ണയില്‍ വറുത്ത ആഹാരം, കിഴങ്ങുവര്‍ഗങ്ങള്‍, ഇടയ്ക്കിടെ കൊറിക്കുന്ന ശീലം, അന്നജം കൂടുതലടങ്ങിയ ആഹാരം, ബാക്കിവരുന്ന ഭക്ഷണം.

കഴിക്കേണ്ടത്

പച്ചക്കറികള്‍, പഴങ്ങള്‍/പഴച്ചാറുകള്‍, കാലറി കുറഞ്ഞ ഭക്ഷണം, സാലഡുകള്‍, ആവിയില്‍ വേവിച്ച ഭക്ഷണം, ദിവസം 10-12 ഗ്ലാസ് വെള്ളം

വ്യായാമവും വിശ്രമവും

മുട്ടുവേദനയുള്ളയാളോട് ദിവസം മൂന്നു കിലോമീറ്റര്‍ നടക്കണമെന്ന് ഒരു ഡോക്ടറും പറയുകയില്ല. അത് അപ്രായോഗികമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. എന്നാല്‍ രോഗിക്ക് ആശ്വാസം പകരുന്ന മറ്റു വ്യായാമങ്ങള്‍ ഇന്ന് പ്രചാരം നേടുന്നുണ്ട്. കിടന്ന് വിശ്രമിക്കുന്ന വേളയിലും ചെയ്യാവുന്ന ഒരു ലഘുവ്യായാമം ഇതാ:

തലയിണയില്ലാതെ കട്ടിലില്‍ മലര്‍ന്നുകിടക്കണം. ടര്‍ക്കിയോ കട്ടിയുള്ള കോട്ടന്‍തുണിയോ ഉരുട്ടിയെടുത്ത് ഈ സമയത്ത് കാല്‍മുട്ടുകള്‍ക്കടിയില്‍ വയ്ക്കണം. കുഴലുപോലൊരു സഞ്ചിയുണ്ടാക്കി അതില്‍ ചകിരി നിറച്ചാലും മതി. ഇനി ഓരോ മുട്ടും മാറിമാറി തലയിണയിലേക്ക് അമര്‍ത്തുക. കൈകൊണ്ടു പിടിച്ചല്ല, മറിച്ച് സ്വയം ബലംപ്രയോഗിച്ചുവേണം അമര്‍ത്താന്‍. പത്തുവരെ എണ്ണുന്ന സമയം ഇങ്ങനെ അമര്‍ത്തിക്കൊണ്ടു കിടക്കുക. ആദ്യമൊക്കെ പത്തുതവണ ഇതുപോലെ ആവര്‍ത്തിക്കുക. പിന്നീട് ആവുന്നത്ര സമയം (കുറഞ്ഞത് അര മണിക്കൂര്‍). കിടന്ന് വിശ്രമിക്കാന്‍ സമയമില്ലാത്തവര്‍ക്കും ഈ വ്യായാമം ചെയ്യാം. കറിക്കരിയാനായി നിലത്ത് കാല്‍നീട്ടിയിരിക്കുക. മുട്ടുകള്‍ക്കടിയില്‍ കട്ടിക്ക് തുണിയോ ചകിരിത്തലയിണയോ വച്ച് അമര്‍ത്തിക്കൊണ്ടിരിക്കുക. എത്ര തവണ ആവര്‍ത്തിക്കുന്നുവോ അത്രയും വേഗം മുട്ടുവേദന മാറിക്കിട്ടും.

ഇടയ്ക്കിടെ ഇരിക്കുക

അടുക്കള ജോലി നിന്നുകൊണ്ടു ചെയ്താലേ പെട്ടെന്നു തീരുകയുള്ളൂ എന്നത് ശരിതന്നെ. പുറത്തു തൊഴിലെടുക്കേണ്ടവളാണ് വീട്ടമ്മയെങ്കില്‍ രാവിലെ നാലു കൈകളുണ്ടായാലും തികയുകയില്ല. പക്ഷേ, മുട്ടുവേദന കലശലായാല്‍ അല്‍പം നീക്കുപോക്കിനു നിങ്ങള്‍ തയ്യാറായേ പറ്റൂ. ദോശചുടുന്നിടത്ത് പൊക്കമുള്ള ഒരു സ്റ്റൂളിട്ട് ഇരിക്കാം. അതോടൊപ്പം കറികള്‍ക്ക് അരിയുകയും ചെയ്യാം. ജോലികള്‍ എല്ലാം ഒറ്റയടിക്കു തീര്‍ത്തുകൊണ്ട് നല്ല വീട്ടമ്മയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട കാര്യമില്ല. അതു നിങ്ങള്‍ നിങ്ങളെ ഇല്ലാതാക്കലാണ്. പത്തു മിനിട്ടു നില്‍ക്കുമ്പോള്‍ അഞ്ചു മിനിട്ട് ഇരിക്കണം. ഉത്തരവാദിത്തങ്ങളുടെ ഭാരം അപ്പാടെ ചുമക്കാന്‍ മെനക്കെട്ടാല്‍ ശരീരഭാരവുംകൂടി ചേരുമ്പോള്‍ മുട്ടുകള്‍ തകര്‍ക്കപ്പെടും. പിന്നെ നിങ്ങളുടെ കാല്‍മുട്ടുകള്‍ അനശ്ചിതകാല പണിമുടക്കിലേക്കു പ്രവേശിക്കും.