വിളര്‍ച്ചയുടെ കാരണങ്ങള്‍

മുസാഫിര്‍

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

വിളര്‍ച്ചയുടെ കാരണങ്ങള്‍ പലതാണ്; ഇരുമ്പടങ്ങിയ ഭക്ഷണങ്ങളുടെ കുറവുമുതല്‍ ബ്ലീഡിംഗ്‌പോലുള്ള കാരണങ്ങള്‍ വരെ. ഒരാള്‍ക്ക് വിളര്‍ച്ച അഥവാ രക്തക്കുറവുണ്ടോയെന്നു കണ്ടെത്താന്‍ രക്തപരിശോധനയാണ് ഏറ്റവും നല്ലത്. ഇതല്ലാതെയും ഒരാള്‍ക്ക് അനീമിയയുണ്ടോയെന്നു കണ്ടെത്താല്‍ ചില വഴികളുണ്ട്, ലക്ഷണങ്ങളുണ്ട്. പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കിലും ഇതിന് കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല.

പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കില്‍ കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കില്ല. രാവിലെ ഉണര്‍ന്നെഴുന്നേറ്റു കഴിഞ്ഞാല്‍ ഉടനെ മനംപിരട്ടല്‍ അനുഭവപ്പെടുന്നത് വിളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്. ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുമ്പോള്‍ തലച്ചോറിന് ലഭിക്കുന്ന ഓക്‌സിജന്‍ അളവില്‍ വ്യത്യാസം വരും. ഇത് തലവേദനയക്ക് ഇടയാക്കും.

ആവശ്യത്തിന് രക്തമുള്ള ഒരു വ്യക്തിയുടെ വിരലുകളുടെ അറ്റം ചുവന്ന നിറമായിരിക്കും. എന്നാല്‍ വെളുപ്പാണ് നിറമെങ്കില്‍ ഇതിന് കാരണം രക്തക്കുറവുമാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ അതിന് കാരണവും രക്തക്കുറവാകാം. രക്താണുക്കളുടെ കുറവുകാരണം ഓക്‌സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശക്തി കുറയുന്നു. ഹൃദയമിടിപ്പില്‍ പെട്ടെന്ന് വ്യതിയാനമനുഭവപ്പെടുകയാണെങ്കിലും അതിന് ഒരു കാരണം രക്തക്കുറവുമാകാം. കൂടുതല്‍ ഊര്‍ജം സംഭരിക്കാനുള്ള ഹൃദയത്തിന്റെ ശ്രമമാണ് ഇതിന് കാരണം.  ഒരാളുടെ മുഖത്തു നോക്കിയാല്‍ വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം അനീമിയയായിരിക്കും. ചര്‍മത്തിന്റെ സാധാരണ വെളുപ്പും വിളറിയ വെളുപ്പും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാം. മുടികൊഴിച്ചിലിനുള്ള ഒരു കാരണം രക്തക്കുറവാകാം. ആര്‍ബിസി കൗണ്ട് കുറയുന്നത് മുടിയുടെ കരുത്തു കുറയാന്‍ കാരണമാകും. ഇടയ്ക്കിടെ അസുഖം വരുന്നതിന്റെ ഒരു കാരണവും രക്തക്കുറവാകാം. രക്തക്കുറവ് കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയും.

ഹീമോഗ്ലോബിന്‍ ടെസ്റ്റ്

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള ഒരു ടെസ്റ്റാണിത്. ഹീമോഗ്ലോബിന്‍ എന്നത് ചുവന്ന രക്തകോശങ്ങളിലെ ഒരു പ്രോട്ടിനാണ്. ഇത് കലകളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജനെ എത്തിക്കുകയും കാര്‍ബണ്‍ ഡയോക്‌സൈഡിനെ അവയവങ്ങളില്‍നിന്നും കലകളില്‍ നിന്നും തിരിച്ച് ശ്വാസകോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തി ക്കഴിഞ്ഞ് ഫലം  നോര്‍മലിനെക്കാളും താഴെയാണെങ്കില്‍ അത് അര്‍ഥമാക്കുന്നത് ചുവപ്പ് കോശങ്ങളുടെ കൗണ്ട് കുറവാണെന്നാണ്. അതായത് രോഗി അനീമിക് ആണെന്നര്‍ഥം.

അനീമിയ അഥവാ രക്തക്കുറവ് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം.

1) വിറ്റാമിനുകളുടെ അപര്യാപ്തത. 2) ബ്ലീഡിംഗ്  അഥവാ രക്തവാര്‍ച്ച. 3) മറ്റു രോഗങ്ങള്‍ 4) കിഡ്‌നിയുടെ തകരാറ്. 5) അയേണിന്റെ കുറവ്. 6) തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാതെ വരിക.

ചിലപ്പോള്‍ രക്തത്തിലെ ഹീമൊഗ്ലോബിന്റെ അളവ് നോര്‍മലിനേക്കാളും കൂടുതലാകും. ഇത് താഴെ പറയുന്ന കാരണങ്ങള്‍മൂലം ഉണ്ടാകാം

1) രക്തത്തിലെ തകരാറുകള്‍. 2) ഉയരം കൂടിയ സ്ഥലങ്ങളില്‍ താമസിക്കുക. 3) പുകവലി. 4) ഡിഹൈഡ്രേഷന്‍ അഥവാ  നിര്‍ജലീകരണം. 5) പൊള്ളല്‍. 6) അമിതമായ ഛര്‍ദി.

സാധാരണ ഹീമോഗ്ലോബിന്‍ ലെവല്‍: പുരുഷന്മാര്‍: 13.8 മുതല്‍ 17.2 ഗ്രാം/ഡെസി ലിറ്റര്‍. സ്ത്രീകള്‍: 12.1 മുതല്‍ 15.1 ഗ്രാം/ഡെസി ലിറ്റര്‍. കുട്ടികളെ സംബന്ധിച്ച് ഇത് പ്രായത്തിനനുസരിച്ചും ആണ്‍-പെണ്‍ വ്യത്യാസത്തിനനുസരിച്ചൂം മാറിക്കൊണ്ടിരിക്കും.