വൃക്കരോഗങ്ങള്‍

മുസാഫിര്‍

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

തെറ്റായ ജീവിതശൈലി സമ്മാനിച്ച രോഗങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുമൊക്കെ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗമാണ് വൃക്കരോഗങ്ങള്‍. വൃക്കസ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്. ചെറിയ പട്ടണങ്ങളില്‍പോലും പുതിയ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നു. സമീപഭാവിയില്‍ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ ആശങ്ക.

മുഖ്യകാരണം പ്രമേഹം

കേരളം പ്രമേഹത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ അടുത്തയിടെ വൃക്കരോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയുടെ പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹം ഉള്ളവരില്‍ 40 ശതമാനത്തോളം പേര്‍ക്ക് 10 മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ഡയബറ്റിക് നെഫ്രോപതി എന്നു വിളിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണം മൂത്രത്തില്‍ ആല്‍ബുമിന്റെ സാന്നിധ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തവര്‍ക്കാണ് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. കൂടാതെ രക്താതിസമ്മര്‍ദം ഉള്ളവര്‍ക്കും പുകവലിക്കുന്നവര്‍ക്കും, പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹത്തെത്തുടര്‍ന്നുള്ള വൃക്കരോഗം ഉണ്ടെങ്കിലും സാധ്യത കൂടുതലാണ്. എലിപ്പനി, മലേറിയ, മറ്റു രോഗാണുബാധകള്‍ തുടങ്ങിയവ താല്‍ക്കാലിക വൃക്കസ്തംഭനം ഉണ്ടാക്കിയേക്കാം. എലിപ്പനി ഗുരുതരമാകുന്നതിന്റെയും മരണം സംഭവിക്കുന്നതിന്റെയും പ്രധാനകാരണം വൃക്ക തകരാറാണ്. വേദനസംഹാരി മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും വൃക്കസ്തംഭനത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. ആന്റിബയോട്ടിക്കുകള്‍, അര്‍ബുദചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, ലോഹാംശം അടങ്ങിയ ചില ഔഷധങ്ങള്‍ എന്നിവയുടെ ഉപയോഗവും താല്‍ക്കാലികമായ വൃക്കസ്തംഭനത്തിന് ഇടയാക്കാം. പ്രമേഹം കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കകളിലുണ്ടാകുന്ന കല്ലുകള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന രോഗാണുബാധ, ചില പാരമ്പര്യതകരാറുകള്‍ എന്നിവ സ്ഥായിയായ വൃക്കസ്തംഭനത്തിന് കാരണമാകാം.

ലക്ഷണങ്ങള്‍

വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന നീരാണ്. പിന്നീട് കൈകാലുകളിലേക്കും നീര് വ്യാപിക്കുന്നു. നീരിനോടൊപ്പം മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം ഒഴിക്കുമ്പോള്‍ പത കാണുക, ക്ഷീണം, വിശപ്പില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയും വൃക്കരോഗങ്ങളുടെ സാമാന്യലക്ഷണങ്ങളാണ്. വൃക്കസ്തംഭനത്തെത്തുടര്‍ന്ന് രക്തത്തിലെ ലവണങ്ങളുടെയും യൂറിയ, ക്രിയാറ്റിന്‍ തുടങ്ങിയ ഘടകങ്ങളുടെയും നില ഉയരുന്നു. ഇത് ഛര്‍ദിലിനും ഓക്കാനത്തിനും കാരണമാകാം. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ ശ്വാസംമുട്ടല്‍, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. എന്നാല്‍, വൃക്കരോഗങ്ങള്‍ എപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല. അവ തികച്ചും നിശ്ശബ്ദമായി നമ്മോടൊപ്പം കൂടിയെന്നുവരും. രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാകും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെയാണ് പ്രമേഹരോഗികളിലും മറ്റും പരിശോധനയുടെ പ്രസക്തി.