ആഹാരത്തിലെ അവശ്യഘടകങ്ങള്‍

മുഹമ്മദ് അമീന്‍

2021 മെയ് 08 1442 റമദാന്‍ 26

ശരീര വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുക, അപചയപ്രവര്‍ത്തനങ്ങള്‍ മൂലം ശരീരത്തിനുണ്ടാകുന്ന തേയ്മാനങ്ങളും മറ്റും നികത്തുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ഉല്‍പാദിപ്പിക്കുക എന്നിവയാണ് ആഹാരംകൊണ്ട് നിര്‍വഹിക്കപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആഹാരത്തില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഘടകങ്ങള്‍ താഴെ കൊടുക്കുന്നവയാണ്:

1) അന്നജം (carbohydrotes). 2) മാംസ്യം (protein). 3) കൊഴുപ്പ് (protein) 4) ലവണങ്ങള്‍ (minerals). 5) വിറ്റാമിനുകള്‍ (vitamins). 6. വെള്ളം.

ഇന്ധനപ്രധാനമായവയാണ് അന്നജങ്ങള്‍. ശരീരതാപമായും ഊര്‍ജമായും ഉപയോഗിക്കപ്പെടുന്നതിന്റെ കലോറിമാനം (caloric value) ആഗിരണം ചെയ്യുന്ന അന്നത്തിന്റെ കലോറിമാനത്തിന് തുല്യമാണ്. അന്നജ ആഗിരണം കുറയുമ്പോള്‍ ശരീരം അതിന്റെ സൂക്ഷിപ്പു മുതലിലടങ്ങിയ മാംസ്യവും കൊഴുപ്പും അപചയ പ്രവര്‍ത്തനങ്ങള്‍ (catabolism) വഴി ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അന്നജ ആഗിരണം കൂടുമ്പോള്‍ അത് മറ്റുരൂപങ്ങളില്‍ സൂക്ഷിക്കുകയും അത് വര്‍ധിച്ച് പൊണ്ണത്തടി ഉണ്ടാകുകയും ചെയ്യുന്നു.

ഒരുഗ്രാം അന്നജം 4.1 കലോറി ഊര്‍ജം ഉല്‍പാദിപ്പിക്കുന്നു. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 2000 മുതല്‍ 2500 കലോറിവരെ ഊര്‍ജം ആവശ്യമാണ്. കൂടുതല്‍ അധ്വാനിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും കൂടുതല്‍ കലോറി ആവശ്യമാണ്. പഞ്ചസാര, ധാന്യങ്ങള്‍, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയില്‍ അന്നജം അധികമായുണ്ട്.

2. മാംസ്യം: ശരീരഭാഗങ്ങളുടെ നിര്‍മിതിക്ക് മാംസ്യം അത്യന്താപേക്ഷിതമാണ്. ശരീര കോശങ്ങള്‍ (സെല്ലുകള്‍) മാംസ്യവും വെള്ളവുമടങ്ങിയ 'പ്രോട്ടോപ്ലാസം' കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. പുതിയ കോശങ്ങളുടെ നിര്‍മിതിക്കു പുറമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍വഴി കോശങ്ങള്‍ക്ക് സംഭവിക്കുന്ന തേയ്മാനം പരിഹരിക്കലും മാംസ്യങ്ങളുടെ ധര്‍മമാണ്. മുട്ട, മാംസം, മത്സ്യം, നിലക്കടല, ബദാം പരിപ്പ്, പയര്‍ എന്നിവയില്‍ കൂടുതല്‍ മാംസ്യമുണ്ട്.

3.കൊഴുപ്പുകള്‍: ശാരീരികാവശ്യത്തിന് ഉപയുക്തമായ ഇന്ധനം കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത് കൊഴുപ്പിനാണ്. ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഒരു ഗ്രാം മാംസ്യവും 4.1 കലോറി വീതം ഊര്‍ജം പ്രദാനം ചെയ്യുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9.4 കലോറി ഊര്‍ജം പ്രദാനം ചെയ്യുന്നു. മാംസം, മത്സ്യം, സസ്യഎണ്ണകള്‍ എന്നിവയില്‍ കൂടുതല്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

4.ലവണങ്ങള്‍: ശാരീരികാവയവങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ലവണങ്ങള്‍ അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സംതുലനത്തിലും ലവണങ്ങള്‍ക്ക് പങ്കുണ്ട്.

5. വിറ്റാമിനുകള്‍: ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെയേറെ ആവശ്യമാണ് വിറ്റാമിനുകള്‍. പ്രധാന വിറ്റാമിനുകള്‍ എ,ബി,സി,ഡി,ഇ,കെ എന്നിവയാണ്. എ,ഡി,ഇ.കെ വിറ്റാമിനുകള്‍ കൊഴുപ്പുലായക(fat soluble)മെന്നും മറ്റുള്ളവ ജലലായക(water soluble)മെന്നും അറിയപ്പെടുന്നു.

6. വെള്ളം: ശരീരത്തിന്റെ അധികഭാഗവും വെള്ളമാണ്. രക്തത്തിന്റെ പത്തില്‍ ഒമ്പത് ഭാഗവും മാംസത്തിന്റെ നാലില്‍ മൂന്ന് അംശവും വെള്ളമാണ്. അകത്തേക്ക് കഴിക്കുന്ന വെള്ളത്തിന് പുറമെ, ശരീരത്തിലെ ഉപാപചയ പ്രക്രിയ വഴിയും ശരീരത്തിന് ജലാംശം ലഭ്യമാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാവശ്യമായ പദാര്‍ഥങ്ങള്‍ എത്തിക്കാനും ശരീരത്തില്‍നിന്ന് ഒഴിവാക്കേണ്ട വസ്തുക്കള്‍ ഒഴിവാക്കാനും ജലമെന്ന മാധ്യമം ആവശ്യമാണ്. ആഹാരത്തിലെ അവശ്യഘടകങ്ങള്‍ കൃത്യമായ അളവിലും അനുപാതത്തിലും ശരീരത്തിന് ആവശ്യമാണ്.