അനീമിയ

മുസാഫിര്‍

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

ഇന്ന് ഇന്ത്യയില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഏറ്റവും സര്‍വസാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണ് രക്തക്കുറവ് അഥവാ അനീമിയ. രക്തത്തില്‍ കാണപ്പെടുന്ന ചുവന്ന രക്താണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ചുവന്ന രക്താണുക്കളില്‍ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിന്‍ ആണ് ഓക്‌സിജനെ ശരീരത്തിലേക്കും ചീത്ത വായുവായ കാര്‍ബണ്‍ ഡൈ ഒക്‌സൈഡിനെ പുറത്തേക്കും തള്ളാന്‍ സഹായിക്കുന്നത്. ഈ ഹീമോഗ്ലോബിന്റെ കുറവാണ് യഥാര്‍ഥത്തില്‍ അനീമിയയില്‍ സംഭവിക്കുന്നത്.

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 13.5 ലും താഴെയാവുമ്പോള്‍ ആ അവസ്ഥയെ അനീമിയ എന്നു വിളിക്കുന്നു. പലതരം കാരണങ്ങള്‍കൊണ്ടും അനീമിയ വരാം. ചിലതരം അനീമിയ വരുന്നത് ശരീരത്തിലെ രക്താണുക്കളുടെ ഉല്‍പാദനക്കുറവ് മൂലമാണ്. ലോകത്ത് പൊതുവെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഇരുമ്പിന്റെ കുറവുമൂലമുള്ള രക്തക്കുറവ് ഈ ഗണത്തില്‍ പെടുന്നു. തലസ്സിമിയ, മറ്റു മാറാരോഗങ്ങള്‍ മൂലം വരുന്ന രക്തക്കുറവ് തുടങ്ങിയവയും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. ഹൈപ്പോപ്ലാസ്റ്റിക്ക്, അപ്ലാസ്ടിക്ക് അനീമിയയും വരുന്നത് DNAയുടെ ഉത്പാദനക്കുറവുമൂലമാണ്.  

രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വലിപ്പത്തിനനുസരിച്ച് രക്തക്കുറവിനെ വിവിധ വിഭാകങ്ങളായി തരംതിരിച്ചിരിക്കുന്നു. ചുവന്ന രക്താണുക്കളുടെ വലിപ്പക്കൂടുതല്‍ കണ്ടുവരുന്ന രക്തക്കുറവുകളെ മാക്രോസൈറ്റിക്ക് അനീമിയ എന്ന് വിശേഷിപ്പിക്കുന്നു. ശരീരത്തിന് ആത്യാവശ്യമായ വിറ്റാമിനുകളായ B12, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കുറവുമൂലം ഇത്തരം ഒരവസ്ഥ വരുന്നു. അമിത മദ്യപാനവും ഒരു പ്രധാന കാരണമാണ്.

മൂന്നാമത്തെ വിഭാഗം നോര്‍മോസൈറ്റിക്ക് അനീമിയയാണ്. വൃക്കരോഗികളിലാണ് ഇത്തരം രക്തക്കുറവ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവുമൂലമുള്ള രക്തക്കുറവിന് ഏറ്റവും പ്രധാന കാരണം രക്തസ്രാവമാണ്. അതില്‍ കൂടുതലും വയറ്റില്‍നിന്നുമുള്ള ആന്തരിക രക്തസ്രാവം കൊണ്ടാണ് ഉണ്ടാവുന്നത്. ആസ്പിരിന്‍ ഗുളികകുളുടെ നിത്യേനയുള്ള ഉപയോഗവും മറ്റൊരു കാരണമാണ്.

ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, നെഞ്ഞിടിച്ചില്‍, തിളങ്ങിയ നഖങ്ങള്‍, സ്പൂണ്‍ പോലെ നഖം കുഴിയല്‍, ചിലതരം ഭക്ഷണങ്ങളോടുള്ള പ്രത്യേക താല്‍പര്യം, തുടങ്ങിയ ലക്ഷണങ്ങള്‍ ഇരുമ്പിന്റെ അളവ് കുറഞ്ഞവരില്‍ കണ്ടേക്കാം.

CBC (Complete Blood Count) എന്ന ടെസ്റ്റിലൂടെ അനീമിയയും അതേതു വിഭാഗത്തില്‍പെട്ട രക്തക്കുറവാണെന്നും കണ്ടെത്താവുന്നതാണ്.

കാരണത്തിനനുസരിച്ചു രക്തക്കുറവിന്റെ ചികിത്സയും വിഭിന്നങ്ങളാണ്. അയണ്‍ ഗുളികകളും ഫോളിക് ആസിഡ്, B12 ഗുളികകളും ഇന്ന് ലഭ്യമാണ്. അതാതു വിറ്റാമിനുകള്‍ അടങ്ങിയ ഒരു ഭക്ഷണരീതി ചിട്ടപ്പെടുത്തല്‍ അനിവാര്യമാണ്.

രക്തക്കുറവ് തിരിച്ചറിയാം

പ്രത്യേക കാരണങ്ങളില്ലാതെ അമിതമായ തളര്‍ച്ച അനുഭവപ്പെടുകയാണെങ്കില്‍ കാരണം അനീമിയയാകാം. വേണ്ടത്ര രക്തമില്ലാതാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കില്ല. രാവിലെ ഉണര്‍ന്നെഴുന്നേറ്റു കഴിഞ്ഞാല്‍ ഉടനെ മനംപിരട്ടല്‍ അനുഭവപ്പെടുന്നത് വിളര്‍ച്ചയുടെ മറ്റൊരു ലക്ഷണമാണ്. ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുമ്പോള്‍ തലച്ചോറിന് ലഭിക്കുന്ന ഓക്‌സിജന്‍ അളവില്‍ വ്യത്യാസം വരും. ഇത് തലവേദനയക്ക് ഇടയാക്കും.8:21 ജങ 12/7/2021