ഡയാലിസിസ്

മുസാഫിര്‍

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

ശരീരത്തിലെ ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിറുത്തുകയും മാലിന്യങ്ങള്‍ വിസര്‍ജിക്കുകയുമാണ് വൃക്കകളുടെ പ്രധാന ധര്‍മം. ഒരു ദിവസം സുമാര്‍ 1500 ലി. രക്തം വൃക്കളിലെത്തുന്നുണ്ട്. ഇത് ശരീരത്തിന്റെ മൊത്തം രക്തവ്യാപ്തത്തിന്റെ 350 ഇരട്ടിയാണ്. അതായത് ശരീരത്തിലെ മുഴുവന്‍ രക്തവും 24 മണിക്കൂറിനുള്ളില്‍ 350 തവണ വൃക്കകളിലൂടെ ഒഴുകിപ്പോകുന്നു! ഈ രക്തത്തില്‍നിന്ന് സോഡിയം, പൊട്ടാസിയം, കാല്‍സിയം, അമിനോ അമ്ലങ്ങള്‍, ഗ്ലൂക്കോസ്, ജലം എന്നിവ വൃക്കകള്‍ പുനരാഗിരണം ചെയ്തശേഷം നൈട്രജനും (യൂറിയയുടെ രൂപത്തില്‍) അധിക ധാതുക്കളും, വിഷപദാര്‍ഥങ്ങള്‍, ഔഷധങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും വിസര്‍ജിച്ചു കളയുന്നു. വൃക്കകള്‍ക്ക് തകരാറു സംഭവിക്കുകയാണെങ്കില്‍ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ നടക്കാതെ രക്തത്തിന്‍ മാലിന്യങ്ങളും യൂറിയയും അടിഞ്ഞുകൂടുന്നു. ഈ അവസ്ഥയിലാണ് ഡയാലിസിസ് ആവശ്യമായി വരുന്നത്.

രക്തശുദ്ധീകരണത്തിന് രണ്ടു വിധത്തില്‍ ഡയാലിസിസ് നടത്താറുണ്ട്. 1940കളില്‍ പ്രയോഗത്തില്‍ വന്ന ഹീമോ ഡയാലിസിസ് (haemodialysis) ആണ് ഇതില്‍ ഒന്ന്. ഈ പ്രക്രിയയില്‍ രോഗിയുടെ രക്തധമനിയുമായി ഒരു കൃത്രിമ വൃക്ക ഘടിപ്പിക്കുന്നു. ഞരമ്പിനെ ധമനിയുമായി ബന്ധിപ്പിക്കുന്ന ഒരു കൃത്രിമ നാളി (ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല) തുന്നിച്ചേര്‍ത്താണ് ഇതു സാധ്യമാക്കുന്നത്. വൃക്കയിലെത്തുന്ന രക്തം ഡയാലിസിസിനു വിധേയമാക്കിയശേഷം ശുദ്ധരക്തം മറ്റൊരു ധമനിയിലൂടെ ശരീരത്തിലേക്കു തിരികെ കടത്തിവിടുന്നു. കൃത്രിമ വൃക്കയിലുള്ള സവിശേഷമായ തനുസ്തരങ്ങളുടെ അനവധി പാളികളിലൂടെ അരിച്ചാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നത്. ഏതാണ്ട് നാലു മണിക്കൂര്‍ സമയമെടുക്കുന്ന ഈ പ്രക്രിയ ആഴ്ചയില്‍ രണ്ടു തവണ ആവര്‍ത്തിക്കേതുണ്ട്. ദീര്‍ഘകാലമായി വൃക്കരോഗമനുഭവിക്കുന്നവര്‍ക്ക് ഹീമോ ഡയാലിസിസ് വീട്ടില്‍ വച്ചുതന്നെ നടത്താനാവും.

1970കളില്‍ വികസിതമായ മറ്റൊരു ഡയാലിസിസ് പ്രക്രിയയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് (peritoneal dialysis) കുടലിനെയും മറ്റ് ഉദരാവയവങ്ങളെയും ആവരണം ചെയ്യുന്ന പെരിറ്റോണിയം അഥവാ ഉദസ്തരം ആണ് ഇവിടെ അര്‍ധതാര്യതനുസ്തരമായി വര്‍ത്തിക്കുന്നത്. അടിവയറ്റിലുണ്ടാക്കിയ മുറിവിലൂടെ ഒരു ചെറുകുഴല്‍ (Catheter) ഉദരത്തിലേക്ക് കടത്തിയ ശേഷം ഒരു പ്ലാസ്റ്റിക് ബാഗില്‍നിന്ന് ഡയാലിസിസ് ലായകം (dialyzate) ഉദരത്തിലേക്ക് പ്രവേശിപ്പിക്കുന്നു. രക്തത്തില്‍ അലിഞ്ഞിരിക്കുന്ന ലവണങ്ങള്‍ ഡയാലിസേറ്റിലേക്ക് വ്യാപിച്ചു കഴിയുമ്പോള്‍ ദ്രാവകം കുഴലിലൂടെ തിരികെ ഒഴുകുന്നു.

രക്തത്തിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രത ക്രമീകരിക്കുന്നതിലും അധികജലം നീക്കം ചെയ്യുന്നതിലും പെരിറ്റോണിയല്‍ ഡയാലിസിസിനെയപേക്ഷിച്ച് ഹീമോഡയാലിസിസ് കൂടുതല്‍ ശീഘ്രവും കാര്യക്ഷമവുമാണ്. ഹീമോഡയാലിസിസിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം ചിലയവസരങ്ങളില്‍ നേട്ടവും മറ്റു ചിലപ്പോള്‍ കോട്ടവും ആവാറുണ്ട്. ഹീമോ ഡയാലിസിസ് ഒരു തവണ നാലു മണിക്കൂറില്‍ കൂടുതല്‍ നടത്താറില്ല. പെരിറ്റോണിയന്‍ ഡയാലിസിസ് 24 മണിക്കൂര്‍ തുടര്‍ച്ചയായി നടത്താം. ഒരു ദിവസംകൊണ്ട് ശരീരത്തില്‍നിന്ന് നീക്കം ചെയ്യേണ്ട മൊത്തം ജലവും ലവണങ്ങളും വളരെ ചെറിയ ഒരു ഇടവേളയില്‍ തന്നെ ക്രമീകരിക്കേതായി വരുന്നതുകൊണ്ട് ഹീമോഡയാലിസിസ് ചിലപ്പോള്‍ ഹൃദ്രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. രക്ത ചംക്രമണ വ്യവസ്ഥ അസ്ഥിരമായ രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസാണ് അഭികാമ്യം. എന്നാല്‍ പാമ്പുകടിയേറ്റോ മറ്റു വിധത്തിലോ വിഷം ഉള്ളില്‍ ചെല്ലുക, ഔഷധങ്ങളുടെ മാത്ര അധികരിക്കുക തുടങ്ങിയ അടിയന്തിരഘട്ടങ്ങളില്‍ ഹീമോഡയാലിസിസ് ആണ് സ്വീകരിക്കുക. പെരിറ്റോണിയല്‍ ഡയാലിസിസ് സാധാരണ ആശുപത്രിയില്‍ വച്ചാണ് നടത്താറുള്ളത്. എങ്കിലും അടിവയറ്റിലൂടെ കത്തീറ്റര്‍ പ്രവേശിപ്പിച്ചു കിട്ടിക്കഴിഞ്ഞാല്‍ വീട്ടില്‍ വച്ചും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം (Continous ambulatory peritoneal dialysis) ഇന്നുണ്ട്.