വിഷാദരോഗികളെ തിരിച്ചറിയുക

ഡോ. ജസീം അലി

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

''ഓന് (അല്ലെങ്കില്‍ ഓള്‍ക്ക്) പ്പൊ എന്തിന്റെ കൊറവ്ണ്ടായിട്ടാണ്? ചോയിച്ചതെല്ലാം തന്തേം തള്ളേം വാങ്ങി കൊടുക്ക്ണില്ലേ? കുടീല് പട്ടിണി ഒന്നും ഇല്ലലോ. ഉടുക്കാന്‍ ഇല്ലാഞ്ഞിട്ടും അല്ല. പിന്നെ എന്തിനാണ് ഈ ആച്ചിര്യം? തിന്ന് എല്ലിന്റെ എടേല് കുത്തീറ്റന്നെ; അല്ലാതെന്താ! തിന്നാനും കുടിച്ചാനും പോലും ഇല്ലാത്ത എത്തര ആള്‍ക്കാര് ഇവടെ ജീവിക്ക്ണു. ഓല്‍ക്കൊന്നും ഇല്ലാത്ത എന്ത് എടങ്ങേറാണ് ഓള്‍ക്ക് (ഓന്). ആരോടും മുണ്ടാട്ടല്ല. എല്ലാരോടും ദേഷ്യം. എപ്പളും ഓരോരോ ദീനം. പരിശോദിച്ചാല് ഒന്നും കാണൂല. ഇെതന്ത് ഹലാക്കാണ്. ആയ കാലത്ത് നല്ല പെട കൊടുത്ത് വളത്താത്തീന്റെ കേടാണ്.''

നാട്ടിന്‍ പുറങ്ങളിലെ ചില വീടുകളില്‍നിന്ന് പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന ശകാരവാക്കുകളാണിത്. വിഷാദരോഗം അഥവാ ഡിപ്രഷന്‍ ഉള്ളവരാണ് പലപ്പോഴും ഈ പഴി കേള്‍ക്കേണ്ടിവരുന്നത്. നാം അനുഭവിക്കാത്ത ജീവിതാനുഭവങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണല്ലോ! നമുക്ക് പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നാത്തത് കൊണ്ട് നാം തീരുമാനിക്കുന്നു; ഇതൊക്കെ വെറും കാട്ടിക്കൂട്ടലാണെന്ന്.

വിഷാദരോഗമുള്ളവരില്‍ ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചില്‍, തലവേദന, തലകറക്കം, സന്ധിവേദന, നീര്‍ക്കെട്ട് തുടങ്ങി പലതും ഇതിലുള്‍പ്പെടുന്നു.

ഒന്നിലും താല്‍പര്യമില്ലായ്മ, ഏകാന്തതയെ ഇഷ്ടപ്പെടുക, അകാരണമായ ദുഃഖം, ഉത്സാഹമില്ലായ്മ, വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം, അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍, ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക തുടങ്ങിയവയും വിഷാദ രോഗികളില്‍ കാണാവുന്നതാണ്.

ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും ശരീരത്തിന്റെതായ രോഗങ്ങള്‍ ഒന്നും കാണാതിരിക്കുന്നതിനാലാണ് ചില രക്ഷിതാക്കള്‍ രോഗികളെ കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍ രോഗികളാകട്ടെ ഇതെല്ലാം നന്നായി അനുഭവിക്കുന്നുമുണ്ടാകും.

ഒരാള്‍ പോലും തന്റെ രോഗം മനസ്സിലാക്കാത്തത്, വളരെ അടുത്തവരെ പോലും ഞാനൊരു രോഗിയാണ് എന്ന് ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എത്ര ഭീകരമായ അവസ്ഥയാണെന്ന് ചിന്തിച്ചു നോക്കുക. സകല പ്രതീക്ഷകളും ആശകളും നഷ്ടപ്പെട്ട് നിരര്‍ഥകമായ ഈ ജീവിതം അവസാനിപ്പിക്കാം എന്ന് ചിന്തിച്ചു തുടങ്ങുന്നവരുടെ അടുത്തേക്കാണ് നാം ഉപദേശങ്ങളുമായി ചെല്ലാറുള്ളത്.

'പുറത്തിറങ്ങി ശുദ്ധവായു കൊണ്ടാല്‍ മതി. കുറച്ചു നേരം പാട്ടു കേട്ടാല്‍ മതി. കൂട്ടുകാരുടെ അടുത്തൊക്കെ ഒന്ന് പോകണം. നീ ഒന്ന് സ്‌ട്രോങ് ആവണം. ഇതിനെക്കാള്‍ വലിയ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കുന്ന ആളുകളുണ്ട്...' ഇങ്ങനെ പോകുന്നു ഉപദേശങ്ങള്‍.

ആഹാ! എന്ത് മനോഹരമായ ലോജിക്ക്! കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടക്കുന്ന ഒരാളോട് കാലിലെ വേദന മാറാന്‍ ദിവസവും രണ്ട് റൗണ്ട് ഓടിയാല്‍ മതിയെന്ന് പറയുന്ന പോലാണിത്. ഒരുപക്ഷേ, അതിലും ക്രൂരമാണിത്. ഹൃദയത്തിനും കരളിനും വൃക്കയ്ക്കുമൊക്കെയെന്ന പോലെ തലച്ചോറിനും അസുഖം ബാധിക്കുമെന്നും, അങ്ങനെയാണ് വിഷാദരോഗമുണ്ടാകുന്നതെന്നും, അത് വൈദ്യസഹായം തേടേണ്ടതും ആവശ്യമെങ്കില്‍ മരുന്നു കഴിക്കേണ്ടതുമായ ഒരവസ്ഥയാണെന്നുമൊക്കെ നാം അംഗീകരിക്കാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇത് തുടരും. ആഴ്ചകളോളം, മാസങ്ങളോളം ആരോടും മിണ്ടാന്‍ കൂട്ടാക്കാത്ത, റൂമില്‍ നിന്ന് പുറത്തു വരാന്‍ താല്‍പര്യമില്ലാത്ത, ജീവന്‍ നിലനിര്‍ത്താനെങ്കിലും ഭക്ഷണം കഴിക്കണമെന്ന ബോധമില്ലാത്ത, ഇടയ്ക്കിടെ 'ഞാന്‍ ജീവിതം അവസാനിപ്പിക്കു'മെന്ന് കളിയായും കാര്യമായും സൂചിപ്പിക്കാറുള്ളവരുടെ അവസ്ഥകള്‍ നാം തിരിച്ചറിയണം.

ഇനിയും അവരെ പുച്ഛിക്കരുത്. ഇരുണ്ട മൂലകളിലേക്ക് അവരെ തള്ളിവിടരുത്. അവരെ നെഞ്ചോട് ചേര്‍ത്തു പിടിക്കണം. അവര്‍ക്ക് പറയാനുള്ളതിനെല്ലാം കാത് കൊടുക്കാനുള്ള ക്ഷമ നാം കാണിക്കണം. കൂടെയുണ്ടെന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കണം. ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓതിയോതി ഉറപ്പിക്കണം. നമ്മുടെ കൈയില്‍ നില്‍ക്കില്ലെന്ന് തോന്നിയാലുടനെ കൃത്യമായ വൈദ്യസഹായം നല്‍കണം. ചികിത്സയില്‍ കൂടെ നില്‍ക്കണം. ആശയറ്റ് വ്യാജന്മാര്‍ക്കും കപടന്മാര്‍ക്കും അവരെ വിട്ടുകൊടുക്കരുത്. ചികില്‍സിച്ചാല്‍ നിയന്ത്രിച്ചു നിര്‍ത്താവുന്ന അസുഖം തന്നെയാണത്.