ഓര്‍മയും മസ്തിഷ്‌കവും

അബ്ദുല്‍ മുസ്വവ്വിര്‍

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

ഇന്ദ്രിയങ്ങളിലൂടെ തലച്ചോറിലെത്തി അവിടെ തിരിച്ചറിഞ്ഞ് ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓര്‍മ. ശബ്ദമായി, കാഴ്ചയായി, രുചിയായി, ഗന്ധമായി...അങ്ങനെ പലതരത്തില്‍ ഓര്‍മകള്‍ ശേഖരിക്കപ്പെടുന്നുണ്ട്. പിന്നീട് വീണ്ടെടുക്കപ്പെടാവുന്ന വിധമാണ് തലച്ചോറില്‍ അത് കോഡ് ചെയ്യപ്പെടുന്നത്. കണ്ണിലൂടെയും മൂക്കിലൂടെയും ചര്‍മത്തിലൂടെയും നാക്കിലൂടെയും ചെവിയിലൂടെയുമെല്ലാം ഒട്ടേറെ സംവേദനങ്ങള്‍ നമ്മുടെ തലച്ചോറില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇത്തരം സംവേദനങ്ങളില്‍ പലതും ഓര്‍മകളായി മാറുന്നില്ല.

എന്തെല്ലാം ഓര്‍ക്കണം?

തലച്ചോറിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങളില്‍ എന്തെല്ലാം ഓര്‍ക്കണം എന്ന് നമ്മള്‍ ഓരോരുത്തരുമാണ് തീരുമാനിക്കുന്നത്. ഓര്‍മകള്‍ ശേഖരിക്കപ്പെടുന്നതു മുതല്‍ തിരിച്ചെടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ മസ്തിഷ്‌കത്തിലെ വിവിധ ഭാഗങ്ങളിലാണ് നടക്കുന്നത്. സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് ഇത്. പ്രധാനമായി മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്:

ശേഖരണം

ഇന്ദ്രിയങ്ങളിലൂടെ എത്തുന്ന വിവരങ്ങള്‍ ആദ്യം തിരിച്ചറിയപ്പെടുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്നത് തലച്ചോറിലെ ഫ്രോണ്ടല്‍ ലോബിലാണ്.

ഉറപ്പിക്കല്‍

ടെംപറല്‍ലോബില്‍ വെച്ചാണ് ഓര്‍മകളുടെ എന്‍കോഡിംഗ് നടക്കുന്നത്. പ്രത്യേകിച്ച് ടെംപറല്‍ ലോബിലെ ഹിപ്പോ കാംപസ്, അമിഡ്ഗല എന്നിവിടങ്ങളില്‍. അടുത്തഘട്ടം വിവരങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നതാണ്. ഇത് പ്രധാനമായും നടക്കുന്നത് ഹിപ്പോകാംപസിലാണ്.

വീണ്ടെടുക്കല്‍

വിവരങ്ങളെ വീണ്ടെടുക്കുന്നതാണ് അടുത്ത ഘട്ടം. ഹിപ്പോകാംപസ്, അമിഡ്ഗല, ഓക്‌സിപിറ്റല്‍ ലോബ് തുടങ്ങിയ തലച്ചോറിന്റെ ഭാഗങ്ങള്‍ ഇതില്‍ പങ്കാളികളാകുന്നുണ്ട്. ദീര്‍ഘകാല ഓര്‍മകള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഹിപ്പോകാംപസിലൂടെയാണ്. ഇവിടെയുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും നമ്മുടെ ഓര്‍മശക്തിയെ സ്വാധീനിക്കും. വൈകാരിക സ്വഭാവമുള്ള ഓര്‍മകള്‍ തിരഞ്ഞെടുക്കപ്പെടുന്നത് അമിഡ്ഗലയില്‍ നിന്നാണ്. കാഴ്ചയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ വീണ്ടെടുക്കുന്നതാകട്ടെ ഓക്‌സിപിറ്റല്‍ ലോബിലൂടെയും.  

തലച്ചോറിലെ ഇടതും വലതും

തലച്ചോറിന്റെ ഇടതുഭാഗമാണ് യുക്തിപരവും ഗണിതപരവുമായ കാര്യങ്ങള്‍ കണക്കാക്കുന്നതും തീരുമാനമെടുക്കുന്നതും. കലാപരവും വൈകാരികവുമായ കാര്യങ്ങള്‍ സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും തലച്ചോറിന്റെ വലതുഭാഗമാണ്.

മറന്നുപോകുന്നത് എന്തുകൊണ്ട്?

ഓരോ സമയവും മസ്തിഷ്‌കത്തിലേക്ക് ഒരുപാട് കാര്യങ്ങള്‍ എത്തിച്ചേരുന്നുണ്ട്. അതുകൊണ്ടു തന്നെ പഴയ ഓര്‍മകള്‍ സ്വാഭാവികമായി മാഞ്ഞുപോകുന്നതാണ് ഒരു കാരണം. വിവരങ്ങളൂ ടെ കൂടിക്കുഴയലാണ് മറ്റൊന്ന്. അതായത് മസ്തിഷ്‌കത്തിേലക്ക് എത്തുന്ന പുതിയ വിവരം പഴയൊരു ഓര്‍മയുമായി കുടിക്കുഴയുന്നു. അതോടെ പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ കഴിയാതാവുന്നു. തലച്ചോറിലത്തുന്ന വിവരങ്ങള്‍ ശരിയായവിധം ശേഖരിക്കാന്‍ കഴിയാതിരിക്കുന്നതും മറവിയിലേക്ക് നയിക്കുന്നു.

ചില കാര്യങ്ങള്‍ മനസ്സില്‍ അടക്കിയൊതുക്കിവയ്ക്കാനും മനഃപൂര്‍വം മറക്കാനും നാം ശ്രമിക്കാറുണ്ട്; ഇഷ്ടമില്ലാത്ത സംഭവങ്ങള്‍, ദൃശ്യങ്ങള്‍ തുടങ്ങിയവ. അപ്പോള്‍ മനഃസമ്മര്‍ദം കൂടുകയും ആവശ്യമുള്ള കാര്യങ്ങള്‍ പോലും മറന്നുപോവുയോ ഓര്‍മിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യും. വിഷാദം,മാനസിക സമ്മര്‍ദം, തൈറോയ്ഡ് രോഗങ്ങള്‍, മദ്യപാനം തുടങ്ങിയവയും മറവിക്ക് കാരണമാകാറുണ്ട്. (അവലംബം).