എന്താണ് മൂത്രാശയക്കല്ല്?

നിസാം

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

മൂത്രാശയക്കല്ല് ഇന്ന് ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. ശരീരകോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളം ധാതുലവണങ്ങള്‍ രക്തത്തില്‍ എത്തിച്ചേരുന്നു. അപ്പോള്‍ വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന അറയില്‍ ചില കണികകള്‍ തങ്ങിനില്‍ക്കും. ഈ കണികകള്‍ക്കു മുകളില്‍ വീണ്ടും ധാതുക്കള്‍ പറ്റിപ്പിടിച്ച് കല്ലായി രൂപാന്തരപ്പെടുന്നു. മൂത്രാശയക്കല്ലുകള്‍ അധികവും ഉണ്ടാകുന്നത് വൃക്കയിലാണ്. അവിടെനിന്ന് അടര്‍ന്ന് മാറി മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ തടയുമ്പോഴാണ് കടുത്ത വേദന അനുഭവപ്പെടുന്നത്. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കകള്‍ സ്ഥിതി ചെയ്യുന്നത്. രക്തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കുകയാണ് ഇവയുടെ ധര്‍മം. ശരീരത്തിലെ ജലാംശത്തിന്റെ അളവ്, ലവണങ്ങളുടെ അളവ്, ഹോര്‍മോണ്‍ ഉദ്പാദനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും വൃക്കകളാണ്. വൃക്കയില്‍നിന്നും മൂത്രം മൂത്രസഞ്ചിയില്‍ എത്തിക്കുന്നത് മൂത്രവാഹിനികളാണ്. മിക്കവാറും മൂത്രാശയക്കല്ലുകള്‍ക്ക് കൂര്‍ത്ത മുനകളോ മൂര്‍ച്ചയുള്ള വശങ്ങളോ ഉണ്ടായിരിക്കും. ഇവ മൂത്രനാളിയിലോ സഞ്ചിയിലോ തട്ടുമ്പോള്‍ കഠിനമായ വേദന ഉണ്ടാകുന്നു. പ്രധാനമായും നാലുതരം കല്ലുകളാണ് മനുഷ്യ ശരീരത്തില്‍ കണ്ടുവരുന്നത്.

കാത്സ്യം കല്ലുകള്‍

മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളില്‍ 75 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഫോസ്‌ഫേറ്റ്, കാത്സ്യം ഓക്‌സലേറ്റ് കല്ലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ശരീരത്തില്‍ കാത്സ്യം അമിതമായി എത്തിച്ചേരുകയോ ശരീരത്തിന് കാത്സ്യം ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

കാത്സ്യം മൂത്രത്തിലൂടെ പുറത്തുപോകേണ്ടതുണ്ട്. ഇങ്ങനെ വൃക്കയിലെത്തി അരിച്ചുമാറ്റുന്ന കാത്സ്യംകണികകള്‍ വൃക്കയിലോ മൂത്രാശയ ഭാഗങ്ങളിലോ തങ്ങിനിന്ന് വീണ്ടും കൂടുതല്‍ കണങ്ങള്‍ പറ്റിച്ചേര്‍ന്ന് കല്ലുകളായിത്തീരുന്നു. വൃക്കയിലൂടെ കൂടുതലായി ഫോസ്ഫറസ് കടന്നുപോകുക, പാരാതൈറോയിഡ് ഗ്രന്ഥിയുടെ അധിക പ്രവര്‍ത്തനം എന്നിവയും കാത്സ്യം കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാവാം.

സ്ട്രുവൈറ്റ് കല്ലുകള്‍

വൃക്കയില്‍നിന്ന് വേര്‍തിരിക്കപ്പെടുന്ന 15 ശതമാനം കല്ലുകള്‍ക്ക് കാരണം മഗ്‌നീഷ്യം, അമോണിയ എന്നിവയാണ്. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് മിക്കവരിലും ഇത്തരം കല്ലുകള്‍ കാണപ്പെടുന്നത്. ഇവരില്‍ കല്ല് നീക്കം ചെയ്യാതെ രോഗാണുബാധ പൂര്‍ണമായും മാറ്റാന്‍ കഴിയില്ല.

യൂറിക് ആസിഡ് കല്ലുകള്‍

മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന കല്ലുകളില്‍ ആറ് ശതമാനമാണ്് യൂറിക് ആസിഡ് കല്ലുകള്‍ക്കുള്ള സാധ്യത. രക്തത്തില്‍ അമിതമായി യൂറിക് ആസിഡ് ഉണ്ടാകുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്. അനേകം കാരണങ്ങളാല്‍ യൂറിക് ആസിഡ് കല്ലുകള്‍ ഉണ്ടാകാമെങ്കിലും അമിതമായി മാംസം ഭക്ഷിക്കുന്നവരിലാണ് ഇത്തരം കല്ലുകള്‍ കൂടുതലായി കാണുന്നത്.

രക്തത്തില്‍ അമിതമായി ഉണ്ടാകുന്ന യൂറിക് ആസിഡ് വൃക്കളില്‍വച്ച് നീക്കം ചെയ്യപ്പെടണം. ഇങ്ങനെ അരിച്ചുമാറ്റുന്ന യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തുപോകാതെ വൃക്കകളില്‍ ചെറിയ കണികകളായി തങ്ങിനിന്ന് വീണ്ടും കണികകള്‍ പറ്റിപ്പിടിച്ച് കല്ലുകളാകുന്നു. ഈ കല്ലുകളുള്ള 25 ശതമാനം പേരില്‍ യൂറിക് ആസിഡ് മൂലം സന്ധിവീക്കവും വേദനയും കണ്ടുവരുന്നു.

സിസ്റ്റീന്‍ കല്ലുകള്‍

രണ്ട് ശതമാനം സാധ്യത മാത്രമാണ് സിസ്റ്റീന്‍ കല്ലുകള്‍ക്കുള്ളത്. നാഡികള്‍, പേശികള്‍ ഇവ നിര്‍മിക്കാനുള്ള ഘടകങ്ങളിലൊന്നാണ് സിസ്റ്റീന്‍. ശരീരത്തിലുണ്ടാകുന്ന ഉപാപചയത്തകരാറുകള്‍കൊണ്ട് സിസ്റ്റീന്‍ രക്തത്തില്‍ കലര്‍ന്ന് വൃക്കകളില്‍ എത്തുന്നു. ഇവിടെവച്ച് ഇത് വേര്‍തിരിക്കപ്പെടുന്നു. എന്നാല്‍ ഇവ ശരീരത്തില്‍ നിന്ന് പുറത്തുപോകാതെ അവിടെ തങ്ങിനിന്ന് കല്ലുകളായി മാറുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും കല്ലുകള്‍ക്ക് കാരണമാകാം.