ജീവിതശൈലിയും ഓര്‍മക്കുറവും

അദ്‌നാന്‍. കെ

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

ഓര്‍മശക്തിയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനവധി ശീലങ്ങള്‍ നാം പിന്തുടരുന്നുണ്ട്. ഇത്തരം ദുശ്ശീലങ്ങളെ നിയന്ത്രിച്ചാല്‍ മാത്രമെ അകാലത്തിലുള്ള ഓര്‍മനഷ്ടം തടയാനും മസ്തിഷ്‌കം ആരോഗ്യത്തോടെയിരിക്കാനും കഴിയൂ.

മൊബൈല്‍ഫോണും ഓര്‍മയും

മൊബൈല്‍ ഫോണിന്റെ അമിതോപയോഗം വ്യക്തികളുടെ ഓര്‍മശക്തിയെ ബാധിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. പരസ്പരം ബന്ധപ്പെടാനുള്ള മാര്‍ഗമായിരുന്നു ഒരുകാലത്ത് മൊബൈല്‍ ഫോണ്‍. എന്നാല്‍ ഇന്ന് അത് ഓര്‍മശക്തി നശിപ്പിക്കുന്ന, യാതൊരു ബൗദ്ധികവ്യായാമവും നല്‍കാത്ത ഒരു ഉപകരണമായി മാറിയിരിക്കുന്നു.

മൊബൈല്‍ഫോണ്‍ വരുന്നതിന് മുമ്പുവരെ സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും അയല്‍ക്കാരുടെയുമെല്ലാം േഫാണ്‍ നമ്പറുകള്‍ മനഃപാഠമായിരുന്നു മിക്കവര്‍ക്കും. മൊബൈല്‍ ഫോണ്‍ വന്നതോടെ കാര്യങ്ങള്‍ മാറി. സ്വന്തം നമ്പര്‍ പോലും അറിയാത്ത അവസ്ഥയിലെത്തി!

ചെയ്തു തീര്‍ക്കാനുള്ള ജോലികളും മറ്റു കാര്യങ്ങളുമെല്ലാം മൊബൈല്‍ റിമൈന്‍ഡറുകളായി മാറി. ചെറിയ കണക്കുകൂട്ടലുകള്‍ വരെ മൊബൈലിലായി. ഫലമോ? മസ്തിഷ്‌കത്തിന്റെ ജോലി കുറഞ്ഞു. പണി കൂടുന്തോറും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന സംവിധാനമാണ് തലച്ചോര്‍ എന്ന കാര്യം നാം മറന്നു. ആരോഗ്യകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണ് ഇതിനുള്ള പരിഹാരം.

എന്തിനും ഏതിനും മൊൈബല്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം.

മറവിയാണ് പ്രശ്‌നമെങ്കില്‍ മൊബൈലില്‍ റിമൈന്‍ഡറാക്കി വയ്ക്കുന്നത് ഒഴിവാക്കണം.

ഒരു പേപ്പറില്‍ അന്നന്നു ചെയ്യേണ്ട കാര്യങ്ങള്‍, കാണേണ്ട ആളുകള്‍, വീട്ടിലേക്ക് വാങ്ങേണ്ട വസ്തുക്കള്‍ എന്നിവയെല്ലാം എഴുതിവയ്ക്കണം.

ഓരോന്നും ചെയ്തു തീര്‍ക്കുമ്പോള്‍ ടിക് ചെയ്തു വയ്ക്കാം.

ഓരോ ദവിസവും രാത്രി ഈ കടലാസെടുത്ത് വായിച്ചു നോക്കുക. വിവിധ സമയങ്ങളിലായി ചെയ്ത കാര്യങ്ങളും സാഹചര്യവും ആളുകെളെയും സംഭാഷണങ്ങളെയും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക.

അത്യാവശ്യം ചെയ്യേണ്ട കൂട്ടലും കിഴിക്കലും തലച്ചോറുപയോഗിച്ചു തന്നെ ചെയ്യണം.

അനാരോഗ്യകരമായ ഭക്ഷണശീലം

ശരിയായ ഭക്ഷണശീലം ഇല്ലാത്തതും ഓര്‍മക്കുറവിന് കാരണമാകുന്നുണ്ട്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഊര്‍ജം ആവശ്യമാണ്. എന്നാല്‍ യാതൊരുവിധ പോഷണമൂല്യവും പ്രദാനം ചെയ്യാത്ത ജങ്ക് ഫുഡ്‌സ് മസ്തിഷ്‌കത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ചേര്‍ക്കുന്ന പല രാസവസ്തുക്കളും അപകടകാരികളാണ്. എണ്ണയില്‍ വറുത്തെടുത്ത മാംസം, ബേക്കറി പലഹാരങ്ങള്‍, കൃത്രിമ മധുരങ്ങള്‍, പായ്ക്കറ്റ്ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

എല്ലാ പ്രായക്കാര്‍ക്കും ഇത് ബാധകമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. സ്‌കൂള്‍ വിട്ട് തിരിച്ചെത്തുന്ന കുട്ടികള്‍ക്ക് കേടുവരാതെ സൂക്ഷിച്ച രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കിയോ, അവില്‍-ശര്‍ക്കര എന്നിവ ചേര്‍ത്തതോ, കടല, പയര്‍ എന്നിവ പുഴുങ്ങിയതോ പഴച്ചാറുകളോ െകാടുക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. അത് ബുദ്ധിശക്തിയും ഓര്‍മയും കുറക്കും. അന്നജം, മാംസ്യം, കൊഴുപ്പുകള്‍, വിറ്റാമിന്‍ സി എന്നിവ ഉള്‍പ്പെടുന്നതായിരിക്കണം പ്രഭാതഭക്ഷണം. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലിക്കണം.

ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ ദിവസം എട്ടു മുതല്‍ പത്ത് ഗ്ലാസുവരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.