കുഞ്ഞുങ്ങളിലെ ദന്ത സംരക്ഷണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡോ. സഫ ഹിഷാം

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

ആകര്‍ഷകമായ പുഞ്ചിരിയാല്‍ ആരുടെയും മനസ്സ് കീഴടക്കുന്നവരാണ് കുഞ്ഞുങ്ങള്‍. ഈ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ കുഞ്ഞുദന്തങ്ങളുടെ കാര്യത്തില്‍ നാം ഇത്തിരി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. പാല്‍പല്ലുകള്‍ കേടുവന്നാല്‍ 'പാല്‍പല്ലല്ലേ, കൊഴിഞ്ഞു പോയി അവിടെ സ്ഥിരം പല്ലുകള്‍ വരുമല്ലോ, അതുകൊണ്ട് പേടിക്കേണ്ടതില്ല' എന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ പാല്‍പല്ലുകള്‍ കേടു കൂടാതെയും അവയുടെ സ്വാഭാവികമായ കൊഴിഞ്ഞുപോക്ക്‌വരെ നഷ്ടപ്പെടാതെയും സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് സ്ഥിര ദന്തരോഗങ്ങളുടെ മുക്തിക്കും കുഞ്ഞിന്റെ പൂര്‍ണ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

പാല്‍പല്ലുകള്‍ എന്നറിയപ്പെടുന്ന ഈ 20 എണ്ണം വരുന്ന ഇത്തിരിക്കുഞ്ഞന്‍മാര്‍ ഏകദേശം 6 മാസത്തില്‍ വരാന്‍ തുടങ്ങി രണ്ടര വയസ്സോടെ മുഴുവന്‍ പല്ലുകളും മുളച്ചു വരുന്നു. ചില കുഞ്ഞുങ്ങളില്‍ ആറു മാസത്തിനു മുന്നേ വരാന്‍ തുടങ്ങും, ചില കുഞ്ഞുങ്ങളില്‍ അഞ്ചോ ആറോ മാസം താമസിച്ച് വരികയും ചെയ്യുന്നു. ഇത് ഒരു പ്രശ്‌നമായി കരുതേണ്ടതില്ല, സ്വാഭാവികം മാത്രം. അപൂര്‍വം ചില കുഞ്ഞുങ്ങളുടെ വായില്‍ ജനിക്കുമ്പോള്‍ തന്നെ പല്ല് കാണപ്പെടാറുണ്ട്, അല്ലെങ്കില്‍ ജനിച്ച് ഒരു മാസത്തിനുള്ളിലും പല്ല് മുളക്കുന്നു. ജന്മനാ കാണപ്പെടുന്ന ഇത്തരം പല്ലുകള്‍ക്ക് ചെറുതായി ഇളക്കം തോന്നുന്നുവെങ്കില്‍ അബദ്ധത്തില്‍ കുഞ്ഞ് വിഴുങ്ങിപ്പോകാന്‍ ഇടയുള്ളതിനാലും അതുപോലെ കൂര്‍ത്ത അഗ്രങ്ങളോ മറ്റോ കാരണം മുലയൂട്ടുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലും പറിച്ചു കളയുന്നതില്‍ കുഴപ്പമൊന്നുമില്ല.

 പല്ലുകള്‍ മുളച്ചു വരുന്ന സമയത്ത് കുട്ടികളില്‍ പനി, വയറിളക്കം, വിശപ്പില്ലായ്മ, നിര്‍ത്താതെയുള്ള കരച്ചില്‍ മുതലായ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. വായില്‍ പല്ലിന്റെ മുള പൊട്ടുന്നതോട് കൂടി ഈ അസ്വസ്ഥതകള്‍ മാറി വരും.

ശേഷം ഏകദേശം 6 വയസ്സോട് കൂടി പാല്‍പല്ലുകള്‍ ഓരോന്നായി ഇളകാന്‍ തുടങ്ങുന്നു. പാല്‍പല്ലിനു താഴെയായി സ്ഥിരമായുള്ള പല്ലുകള്‍ മുളച്ചു തുടങ്ങുമ്പോഴാണ് പാല്‍പല്ലുകള്‍ക്ക് ഇളക്കം തുടങ്ങുന്നത്. ഏകദേശം 12, 13 വയസ്സോട് കൂടിയേ മുഴുവന്‍ സ്ഥിരമായുള്ള പല്ലുകളും വന്ന് കഴിയുകയുള്ളൂ. ഈ കാലയളവിനിടയില്‍ (ഏകദേശം 9 വയസ്സു മുതല്‍ 12 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍) കുട്ടികളുടെ വായിലെ പല്ലിന്റെ ക്രമീകരണം കാണുമ്പോള്‍ ചെറിയ അഭംഗി തോന്നിയേക്കാം. പല്ലുകള്‍ തമ്മില്‍ അസ്വാഭാവികമായ അകലങ്ങളോ അല്ലെങ്കില്‍ തീരെ സ്ഥലമില്ലാത്ത പോലെയോ പല്ലുകള്‍ക്ക് ഇത്തിരി ചെരിവോ ഒക്കെ തോന്നിയേക്കാം. സ്ഥിരമായി വന്ന പല്ലുകള്‍ക്ക് കുറച്ച് വലിപ്പക്കൂടുതല്‍ ഉണ്ടോ എന്നും തോന്നാനിടയുണ്ട്. എന്നാല്‍ കുട്ടികളില്‍ ഗണ്യമായ വളര്‍ച്ച നടക്കുന്ന ഘട്ടമായതിനാല്‍ താടിയെല്ലുകള്‍ ആനുപാതികമായി വളരുന്നത് കൊണ്ട് കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ ഈ അഭംഗി മാറിക്കിട്ടും. ഈ ഘട്ടത്തെ ൗഴഹ്യ റൗരസഹശിഴ േെമഴല എന്നാണ് വിളിക്കാറുള്ളത്. ഈ അവസ്ഥക്ക് പ്രത്യേക ചികിത്സ എടുക്കേണ്ട ആവശ്യമൊന്നും ഇല്ല. കുട്ടി വളരുമ്പോള്‍ സ്വാഭാവികമായി തന്നെ മാറി വരുന്നതാണ്.

ദന്തക്ഷയം

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഏകദേശം 90% ആളുകളും ഒന്നല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ദന്തരോഗം ഉള്ളവരാണ്. ഇതില്‍ കുട്ടികള്‍ കുറച്ചു മുന്നിലാണെന്ന് മാത്രം. മിക്ക കുട്ടികളിലും നാം സാധാരണയായി കാണാറുള്ളതാണ് പുഴുപ്പല്ലുകള്‍. കറുപ്പോ കാപ്പിയോ മഞ്ഞയോ നിറത്തില്‍ നാം കാണുന്ന ഈ കേടുകളെ അത് തുടങ്ങുമ്പോള്‍ തന്നെ ഒരു ദന്ത ഡോക്ടറെ കണ്ടാല്‍ ആ കേട് സാധാരണ രീതിയില്‍ അടക്കാവുന്നതേ ഉള്ളൂ. എന്നാല്‍ ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ ആ കേട് പല്ലിന്റെ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങുകയും പല്ലിന്റെ രക്തയോട്ടം നടക്കുന്ന ഭാഗത്തേക്ക് എത്തുകയും കുഞ്ഞുങ്ങള്‍ക്ക് പല്ലിനു വേദനയും മോണയിലും മുഖത്തും വീക്കം കാണപ്പെടുകയും ചെയ്യുന്നു. ഈ ഘട്ടത്തിലെത്തിയാല്‍ മുതിര്‍ന്നവരില്‍ നാം ചെയ്യുന്ന പോലെ കുഞ്ഞുങ്ങളിലും വേരു ചികിത്സ അഥവാ റൂട്ട് കനാല്‍ ചികിത്സ ചെയ്യണം. കൊഴിഞ്ഞു പോകുന്ന പല്ലല്ലേ, അതിന് എന്തിനു വേരുചികിത്സ, അതങ്ങ് പറിച്ചു കളഞ്ഞാല്‍ പോരേ എന്നു തോന്നിയേക്കാം. പക്ഷേ, ഒരു പല്ല് അതിന്റെ സ്വാഭാവികമായ ഇളക്കം വന്ന് പറിഞ്ഞു പോകേണ്ട കാലത്തിനു മുന്നേ തന്നെ പറിച്ച് ഒഴിവാക്കിയാല്‍ അതിന്റെ പിറകില്‍ വരുന്ന സ്ഥിരദന്തങ്ങളുടെ വളര്‍ച്ചയെയും ക്രമീകരണത്തെയും പ്രതികൂലമായി ബാധിക്കും. അതുപോലെ താടിയെല്ലിന്റെ ശരിയായ വലിപ്പവും വളര്‍ച്ചയും നടക്കുന്നതും പാല്‍പല്ലുകളുടെ സാന്നിധ്യം കാരണമാണ് . അതിനാല്‍ പഴുപ്പും വേദനയും വന്ന പല്ല് വേരുചികിത്സ ചെയ്തു നിലനിര്‍ത്തല്‍ അത്യാവശ്യമാണ്. പല്ലിലെ കേട് കാരണമുള്ള നിറഭേദങ്ങളും പല്ല് പറിച്ച വിടവുകളും സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളില്‍ അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാനും ഇടയുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ അവയുടെ കേടുകൂടാതെയുള്ള സംരക്ഷണം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പല്ലുകളില്‍ കേട് എങ്ങനെ വരുന്നു എന്ന് മനസ്സിലാക്കി അതിനനുസരിച്ച മുന്‍കരുതലുകള്‍ ചെയ്താല്‍ തന്നെ ഒരു വിധം പ്രശ്‌നങ്ങളെയെല്ലാം അകറ്റി നിര്‍ത്താം. പല്ലില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളില്‍ പ്രത്യേകിച്ച് മധുരപദാര്‍ഥങ്ങളില്‍ സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പല്ലില്‍ കേടുകള്‍ വന്ന് തുടങ്ങുന്നത്. പ്രത്യേകിച്ച് രാത്രിയില്‍ വായിലെ ഉമിനീര്‍ പ്രവാഹം കുറയുമെന്നതിനാല്‍ ബ്രഷ് ചെയ്യാതെ കിടന്നാല്‍ ആ സമയത്ത് ദന്തക്ഷയത്തിന്റെ തോത് വര്‍ധിക്കുന്നു. ഇത് ഇല്ലാതാക്കാനായി നാം ചെയേണ്ടത്:

1. പാല്‍പല്ലുകള്‍ മുളച്ചു തുടങ്ങുമ്പോള്‍ തന്നെ അവ വൃത്തിയാക്കാനും ശ്രദ്ധിക്കുക.

2. രാത്രി കുഞ്ഞിന് പാല്‍ കൊടുക്കുകയാണെങ്കില്‍ പാല്‍ കൊടുത്ത ശേഷം ഉപ്പുവെള്ളത്തില്‍ മുക്കിയ ഒരു തുണി വിരലില്‍ ചുറ്റി അതുകൊണ്ട് കുഞ്ഞിന്റെ പല്ല് ഉറങ്ങുമ്പോള്‍ തന്നെ തുടച്ചു വൃത്തിയാക്കണം.

3. പല്ലുകള്‍ ദ്രവിക്കാതിരിക്കാന്‍ ബേബി ബ്രഷ് ഉപ്പുവെള്ളത്തില്‍ മുക്കി പല്ല് ബ്രഷ് ചെയ്യിക്കണം. തുപ്പുവാന്‍ അറിയാത്ത കുട്ടികള്‍ക്കു പേസ്റ്റ് ഉപയോഗിക്കേണ്ടതില്ല.

4. തുപ്പുവാന്‍ സാധിക്കുന്ന കുട്ടികള്‍ക്ക് ഫ്‌ളൂറൈഡ് അടങ്ങിയ പേസ്റ്റ് ഉപയോഗിച്ചു ദിവസം 2 നേരം ബ്രഷ് ചെയ്യിക്കുക. ഒരു കുഞ്ഞു പയറുമണിയുടെ അത്രയോ അതില്‍ കുറവോ വലിപ്പത്തില്‍ പേസ്റ്റ് ഉപയോഗിക്കുക. പേസ്റ്റ് ഒരിക്കലും കുട്ടികള്‍ക്കു സ്വതന്ത്രമായി ഉപയോഗിക്കാന്‍ വിട്ടുകൊടുക്കരുത്.

5. കുഞ്ഞുങ്ങള്‍ക്ക് കൂടുതലായി ബിസ്‌കറ്റ്, ചോക്ലേറ്റ് മുതലായ പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണങ്ങള്‍ കൊടുക്കാതെ വീട്ടില്‍ പാകം ചെയുന്ന പലഹാരങ്ങള്‍ കൊടുക്കാന്‍ ശ്രദ്ധിക്കുക. അഥവാ കൊടുക്കുകയാണെങ്കില്‍ കഴിച്ച ഉടന്‍ തന്നെ വായ വൃത്തിയാക്കിപ്പിക്കുക. വിറ്റാമിന്‍ ഡി, കാല്‍സ്യം ഇവ അടങ്ങിയ വിഭവങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.

6. ആവശ്യമില്ലാതെ മിഠായി വാങ്ങിക്കൊടുക്കുന്ന ശീലം ഒഴിവാക്കുക. ഗിഫ്‌റ്റോ മറ്റോ നല്‍കുകയാണെങ്കില്‍ കുട്ടി ആവശ്യപ്പെടാതെ ഒരിക്കലും മിഠായി വാങ്ങി കൊടുക്കാതിരിക്കുക. പകരം വേറെ വല്ലതും സമ്മാനമായി നല്‍കുക. മിഠായി കഴിക്കുകയാണെങ്കില്‍ അത് കഴിച്ചു കഴിഞ്ഞ് കുഞ്ഞിന്റെ വായ കഴുകിപ്പിക്കുക.

7. പല്ലില്‍ കളര്‍മാറ്റമോ ഭക്ഷണം കയറിയിരിക്കുന്ന അസ്വസ്ഥയോ മറ്റു വല്ല കേടോ കണ്ടാല്‍ ഉടനെ ഒരു ദന്തഡോക്ടറെ സമീപിക്കുക. ആറു മാസത്തിലൊരിക്കല്‍ ഒരു ദന്തഡോക്ടറെ കൊണ്ട് പല്ല് ചെക്കപ്പ് ചെയ്യുന്നത് ഒരു ശീലമാക്കുക.

8. ദന്തഡോക്ടറെ കുറിച്ച് കുഞ്ഞില്‍ അകാരണമായ ഭയം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഭക്ഷണം കഴിച്ചില്ലേലും പല്ലുതേച്ചില്ലേലും പല്ല് ഡോക്ടര്‍ സൂചിവെക്കും, അല്ലെങ്കില്‍ പല്ല് പറിക്കും എന്നൊന്നും പറഞ്ഞ് പേടിപ്പിക്കാതിരിക്കുക. അങ്ങനെയാവുമ്പോള്‍ സാധാരണ പല്ല് അടക്കാന്‍ പോലും ദന്തഡോക്ടറെ കാണാന്‍ കുഞ്ഞിന് പേടിയാകും. അതുപോലെ മുതിര്‍ന്നവരുടെ ദന്തചികിത്സക്ക് വരുമ്പോള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കുക.

9. വിരല്‍ കുടിക്കല്‍, വായതുറന്നുവെച്ച് ഉറങ്ങല്‍, നാവ് കൊണ്ട് പല്ല് ഉന്തല്‍ തുടങ്ങിയ ശീലങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് അത് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുക. ഇത് തുടര്‍ന്നാല്‍ മേല്‍വരിയിലെ പല്ലുകള്‍ പുറത്തേക്കുന്തുകയും മേല്‍കീഴ് താടികള്‍ക്കിടയില്‍ വിടവ് പ്രത്യക്ഷപ്പെടുകയും ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

10. ഓരോ ആഹാരത്തിനു ശേഷവും കുഞ്ഞിന്റെ വായ കഴുകി വൃത്തിയാക്കി കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

11.കേട് വരാതിരിക്കാനുള്ള മുന്‍കരുതല്‍ ചികിത്സകളായ ഫ്‌ളൂറൈഡ് അപ്ലിക്കേഷന്‍, പിറ്റ് ആന്‍ഡ് ഫിഷര്‍ സീലന്റ് അപ്ലിക്കേഷന്‍ മുതലായ ചികിത്സകളും ഇന്ന് ലഭ്യമാണ്.

കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്. ചെറുപ്രായത്തില്‍ അവര്‍ക്ക് ലഭിക്കുന്ന പരിശീലനം തന്നെയാണ് വലിപ്പത്തിലും അവര്‍ക്ക് പ്രചോദനമാകുന്നത്.