നോമ്പിന്റെ ആരോഗ്യദര്‍ശനം

ഡോ. പി.പി നസ്വീഫ്

2019 മെയ് 11 1440 റമദാന്‍ 06

ത്യാഗത്തിന്റെ, ധര്‍മശീലത്തിന്റെ, ആത്മപരിശീലനത്തിന്റെ പുണ്യമാസമാണ് റമദാന്‍.  പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദനാകാതെ സര്‍വലോക രക്ഷിതാവും കരുണാമയനുമായ ദൈവത്തിലേക്ക് മനസ്സ് കേന്ദ്രീകരിക്കുന്ന ആത്മവിശുദ്ധിയുടെ നാളുകള്‍. വ്രതമാണ് അതിന്റെ കാതല്‍. ആസക്തികളെ നിയന്ത്രിച്ച് മനുഷ്യന്‍ തന്റെ ഇച്ഛാശക്തി കൂട്ടുന്ന വ്രതം. ആത്മീയതയെ ആരോഗ്യപരമായ  ജീവിതരീതിയിലേക്ക് കൂടി ചേര്‍ത്ത് വെക്കുകയാണ് പുണ്യറമദാന്‍. വ്രതം അനുഷ്ഠിക്കുന്നതിലൂടെ മാനസിക വിക്ഷോഭങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളെ ആത്മനിയന്ത്രണത്തോടെ നേരിടാനും കുറ്റകൃത്യങ്ങളില്‍ നിന്നും ലൈംഗികാസക്തികളില്‍ നിന്നുമൊക്കെ വിമുക്തമാകാനും നോമ്പുകാരന് കഴിയുന്നു. 

അന്നനാളം മുതല്‍ ദഹനേന്ദ്രിയം വരെ പല ഭാഗങ്ങള്‍ക്കും പൂര്‍ണാര്‍ഥത്തില്‍ വിശ്രമം നല്‍കുന്ന ആരാധനയാണ് നോമ്പ്. ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ഒട്ടനേകം രോഗങ്ങളില്‍നിന്നും ഒരു പരിധിവരെ നോമ്പ് സംരക്ഷണം നല്‍കുന്നു. പല ജീവിതശൈലി രോഗങ്ങള്‍ക്കും പരിഹാരം ഭക്ഷണ നിയന്ത്രണവും വ്യായാമവുമാണെന്നിരിക്കെ, സാധാരണഗതിയില്‍ രോഗി മാത്രമാണ് തന്റെ ആഗ്രഹങ്ങളെ മാറ്റിനിര്‍ത്തി ഭക്ഷണം നിയന്ത്രിക്കാറുള്ളത്. എന്നാല്‍ നോമ്പുകാലത്ത് വീട്ടിലെ മുഴുവന്‍ ആളുകളും ഭക്ഷണം നിയന്ത്രിക്കുന്നതിനാല്‍, ആശുപത്രി പരിചരണം പോലെ നിയന്ത്രണം സാധ്യമാകുന്നു. വയറു നിറച്ചു കഴിക്കരുതെന്നും മനുഷ്യന്‍ നിറക്കുന്ന പാത്രങ്ങളില്‍ ഏറ്റവും മോശമായത് ആമാശയം ആണെന്നും പഠിപ്പിച്ച നബി ﷺ യുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ നമുക്ക് മാതൃകയാണ്.

അതേസമയം റമദാനില്‍ രാത്രി വളരെയധികം ഭക്ഷണം കഴിക്കുന്നതും പകല്‍ അമിതമായി കിടന്നുറങ്ങുന്നതും  അനാരോഗ്യകരമാണ്. ജോലി ചെയ്യുന്നതിന് നോമ്പ് ഒരിക്കലും തടസ്സമല്ല. നോമ്പ് അനുഷ്ഠിക്കുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ ഊര്‍ജം പ്രത്യേക രാസപ്രവര്‍ത്തനങ്ങള്‍ വഴി ശരീരം കണ്ടെത്തുന്നത് മൂലം ശരീരത്തിലുള്ള ചീത്ത കൊഴുപ്പിന്റെ (LDL) അളവ് 8% ആയി കുറയുകയും നല്ല കൊഴുപ്പിന്റെ (HDL) 14.3 % ശതമാനം ആയി കൂടുകയും ചെയ്യുന്നതായി ശാസ്ത്രീയ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളിലെ പഠനങ്ങളും മനുഷ്യശരീരത്തില്‍ നടത്തിയ പല പരീക്ഷണങ്ങളും; ക്ഷാമകാലങ്ങളില്‍ സമൂഹത്തിലെ രോഗത്തിന്റെ നിലവാരത്തെ കുറിച്ചുള്ള ഗവേഷണങ്ങളും കൊഴുപ്പിന് ഹൃദ്രോഗവുമായുള്ള അടുപ്പം അടിവരയിട്ടു കാണിക്കുന്നു. അതിനാല്‍ വ്രതകാലത്ത് കൊഴുപ്പുള്ള ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറക്കുകയും അതൊരു ശീലമായി തുടരുകയും ചെയ്യുന്നത് ഹൃദ്രോഗം തടയുന്നതിന് ഏറെ ഗുണകരമാണ്. നോമ്പുതുറ സല്‍ക്കാരങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘടനകളും കൊഴുപ്പു കുറഞ്ഞ ആഹാരം തയ്യാറാക്കി നല്‍കേണ്ടതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ് നടേസൂചിപ്പിച്ച കാര്യങ്ങള്‍.

അത്താഴം

അത്താഴം: സ്വുബ്ഹി ബാങ്കിന്റെ മുമ്പ് കുറച്ചു നേരത്തെ എഴുന്നേറ്റ് അത്താഴം കഴിക്കല്‍ പ്രവാചകന്റെ പ്രബലമായ മാതൃകയില്‍ പെട്ടതാണ്. അത്താഴം അരി ഭക്ഷണത്തില്‍ മാത്രം ഒതുക്കരുത്. പാലും പഴവും പോലെ പ്രോട്ടീനുകള്‍ അധികമായുള്ള  ഭക്ഷണങ്ങള്‍ കഴിക്കുക. നല്ല എരിവുള്ളതും പുളിയുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി സമീകൃതമാക്കുവാന്‍ ശ്രമിക്കുക. വെള്ളം ഇടവിട്ട് ഇടവിട്ട് കൊണ്ട് ധാരാളം കുടിക്കേണ്ടതുണ്ട്. അത്താഴം കഴിച്ച് ഉടനെ വീണ്ടും ഉറങ്ങുന്നത് ഒഴിവാക്കാം.

നോമ്പ് തുറക്കുമ്പോള്‍

പെട്ടെന്ന് ദഹിക്കുന്നതും അന്നജസമൃദ്ധവുമായ അരിപ്പൊടി, ഗോതമ്പ് പൊടി എന്നിവ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ പെട്ടെന്ന് ഊര്‍ജം നല്‍കുന്നു. കഴിവതും എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും എരിവുള്ള വിഭവങ്ങളും ഒഴിവാക്കുക. കാരണം അവ ഗ്യാസ്ട്രബിള്‍, ഛര്‍ദി, വയറുവേദന തുടങ്ങിയവക്ക് കാരണമായേക്കും. മൈദ കൊണ്ടുള്ള പൊറോട്ട, ഖുബൂസ് എന്നിവയും ഒഴിവാക്കുന്നത് നല്ലതാണ്. 

ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ജലം തന്നെയാണ് ഏറ്റവും പ്രധാനം. ഈ വര്‍ഷത്തെ നോമ്പ് കൊടിയ വേനലില്‍ ആയതിനാല്‍ പകല്‍സമയങ്ങളില്‍ നിര്‍ജലീകരണ സാധ്യത കൂടുതലാണ്. മൂത്രച്ചൂട് പോലുള്ളവ ഒഴിവാക്കാന്‍ രാത്രിയില്‍ ധാരാളം വെള്ളം കുടിക്കണം. ധാതുലവണങ്ങളും ജലാംശമുള്ള തണ്ണിമത്തന്‍, പപ്പായ, പൈനാപ്പിള്‍, വെള്ളരിക്ക, സപ്പോട്ട, ഈത്തപ്പഴം, മാങ്ങ തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വ്രതം അനുഷ്ഠിക്കുന്നത് വഴി ശാരീരികേഛകളുടെ മേല്‍ ഒരു കടിഞ്ഞാണിടാന്‍ നോമ്പുകാരന് കഴിയാറുണ്ട്. അതു മൂലം വലിയ മാനസിക സംഘര്‍ഷങ്ങള്‍ കൂടാതെ തന്നെ പുകവലി, വെറ്റില മുറുക്ക്, അമിതമായുള്ള ചായ/കാപ്പി കുടിക്കല്‍ പോലുള്ളവയില്‍ നിന്ന് വിട്ടുനില്‍ക്കാനും ഒരുവേള പാടെ വര്‍ജിക്കുവാനും  സാധ്യമാകുന്നു. 

ഒരാളുടെ ജീവന് ഹാനികരമാകുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മതപരമായി മനുഷ്യന് അനുവാദമില്ല എന്നിരിക്കെ, ശ്വാസകോശത്തിനും ഹൃദയത്തിനും രക്തക്കുഴലിനും രോഗമുണ്ടാക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡും നിക്കോട്ടിനും ശരീരത്തിലേക്ക് കടത്തിവിടുന്ന പുകവലി പോലുള്ള ദുസ്സ്വഭാവങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ഏറ്റവും നല്ല അവസരമായി റമദാനിനെ  മാറ്റുവാന്‍ കഴിയണം. നോമ്പ് തുറന്നതിനു ശേഷം വീണ്ടും ഇത്തരം അരുതായ്മകളിലേക്ക് പോകുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല.

രോഗികള്‍ റമദാനില്‍ ഏറെ കഷ്ടപ്പെട്ട് നോമ്പെടുക്കുന്നതിനെക്കാള്‍ നല്ലത് നോമ്പ് ഒഴിവാക്കാമെന്ന ഇളവ് സ്വീകരിക്കുന്നതാണ്. കിഡ്‌നി രോഗികള്‍, രക്തസമ്മര്‍ദമുള്ളവര്‍ എന്നിവര്‍ നോമ്പെടുക്കുകയാണെങ്കില്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡോക്ടറെ കണ്ട് കഴിക്കേണ്ട മരുന്നുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. കുട്ടികള്‍, പ്രായമാവര്‍ എന്നിവര്‍ നോമ്പെടുക്കുമ്പോള്‍ നല്ല വേനല്‍ കൂടിയായതിനാല്‍ 10 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങുന്നത് അമിതമായ ക്ഷീണം ഉണ്ടാകാന്‍ കാരണമാകുന്നതിനാല്‍ ഈ സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭകാലത്ത് നോമ്പെടുക്കുന്നത് ഡോക്ടറുമായി ചര്‍ച്ച ചെയ്തിട്ടായിരിക്കണം. ഈ സമയത്തെ മതപരമായ ഇളവ് ഉപയോഗപ്പെടുത്തുന്നതാണ് അഭികാമ്യം. മനുഷ്യസഹജമായ ശാരീരിക ദൗര്‍ബല്യങ്ങളെയടക്കം സൃഷ്ടിച്ച സ്രഷ്ടാവ് മാനവര്‍ക്ക് നിശ്ചയിച്ച അനുഷ്ഠാനമെന്ന നിലയ്ക്ക് ഉപവാസത്തിന് അവന്‍ നല്‍കിയ ഇളവുകള്‍ അനുസരിക്കുന്നതിലൂടെ അതിന്റെ മഹത്ത്വം വര്‍ധിക്കുകയേ ഉള്ളൂ.