വിജയിക്കുന്നവര്‍ വിരളം

അബൂതന്‍വീല്‍

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

ഒരിക്കല്‍ ഉമര്‍(റ) ചന്തയിലൂടെ നടക്കുകയായിരുന്നു. അന്നേരം ഒരാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു: ''അല്ലാഹുവേ, നിന്റെ 'കുറച്ചുള്ള ദാസന്മാരില്‍' എന്നെയും ഉള്‍പ്പെടുത്തേണമേ.'' ഈ പ്രാര്‍ഥന കേട്ട ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു: 'ഇത് താങ്കള്‍ക്ക് എവിടെ നിന്നും കിട്ടിയതാണ്?' അദ്ദേഹം പറഞ്ഞു: ''വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും. '...തികഞ്ഞ നന്ദിയുള്ളവര്‍ എന്റെ അടിമകളില്‍ വളരെ അപൂര്‍വമത്രെ'' (34:13). അത് കേട്ട ഉമര്‍(റ) കരഞ്ഞു കൊണ്ട് പറഞ്ഞു: ''ഉമറേ, ജനങ്ങള്‍ നിന്നെക്കാളും അറിവുള്ളവരത്രെ!''

ഇവിടെ സൂചിപ്പിച്ച 'വളരെക്കുറച്ച് ആളുകള്‍' എന്നതിന്റെ മറുവശമാണല്ലോ 'അധികമാളുകള്‍' എന്നത്. വിശുദ്ധ ക്വുര്‍ആനില്‍ കാണുന്ന 'ജനങ്ങളില്‍ അധികമാളുകളും,' 'അവരില്‍ അധികവും' എന്ന പ്രയോഗങ്ങള്‍ നാം പരിശോധിക്കുകയാണെങ്കില്‍ അതെല്ലാം സത്യമാര്‍ഗത്തില്‍നിന്ന് അകന്നുജീവിക്കുന്നവരെക്കുറിച്ചാണെന്ന് കാണുവാന്‍ സാധിക്കും:

''...അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല''(12:21). ''ആ അന്ത്യസമയം വരാനുള്ളത് തന്നെയാണ്. അതില്‍ സംശയമേ ഇല്ല. പക്ഷേ, മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നില്ല'' (40:59). ''...തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല'' (40:61).

''...പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (8:34). ''...തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല'' (2:100). ''തീര്‍ച്ചയായും നിന്റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷേ, അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല'' (27:73).

''(നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും ബഹുദൈവാരാധകരായിരുന്നു'' (30:42). ''...എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയായിരുന്നു''(6:111). ''...എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു'' (3:110). ''അല്ലാഹുവിന്റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട് അതിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവരില്‍ അധികപേരും നന്ദികെട്ടവരാകുന്നു''(16:83).

അധികമാളുകളും വഴിപിഴച്ചവരും ധിക്കാരികളുമാണെന്ന് മേലുദ്ധരിച്ച സൂക്തങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. 'അല്ലാഹുവേ, നിന്റെ കുറച്ചുള്ള ദാസന്മാരില്‍ എന്നെയും ഉള്‍പ്പെടുത്തേണമേ' എന്ന് ആ മനുഷ്യന്‍ പ്രാര്‍ഥിച്ചതിന്റെ പൊരുള്‍ ഇതില്‍നിന്നും വ്യക്തമാണല്ലോ.  

ക്വുര്‍ആനില്‍ അല്ലാഹു 'കുറച്ച് ആളുകളെ' സംബന്ധിച്ച് പറഞ്ഞുവെച്ചതും നാം പരോശോധനക്ക് വിധേയമാക്കുകയാണെങ്കില്‍ ആ വിശേഷണം സദ്‌വൃത്തരും നന്മ ഉപദേശിക്കുന്നവരും നന്ദിയുള്ളവരും വിജയികളുമായ സത്യവിശ്വാസികളെ കുറിച്ചാണെന്ന് കാണാം. തൊള്ളായിരത്തി അമ്പത് വര്‍ഷം അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ അവിശ്രമം ക്ഷണിച്ച നൂഹ് നബി(അ)യുടെ കൂടെ വിശ്വാസത്തിലടിയുറച്ച് നിന്നത് വളരെ കുറച്ച് പേര്‍ മാത്രമായിരുന്നല്ലോ. ''...അദ്ദേഹത്തോടൊപ്പം 'വളരെ കുറച്ച് പേരല്ലാതെ' വിശ്വസിച്ചിരുന്നില്ല''(11:40).

സൂറതുസ്സ്വാദില്‍ ദാവൂദ് നബി(അ)യുടെ അനുചരന്മാരെ കുറിച്ച് അല്ലാഹു പറഞ്ഞത് വളരെ 'കുറച്ച് പേര്‍ മാത്രം' എന്നായിരുന്നു: ''...വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെകുറച്ച് പേരേയുള്ളു അത്തരക്കാര്‍'' (38:24). പില്‍ക്കാലത്ത് സത്യവിശ്വാസത്തിലും സല്‍പ്രവര്‍ത്തനങ്ങളില്‍ മുന്നേറി ആത്യന്തികം വിജയം കൈവരിക്കുന്നവരെ കുറിച്ച് സൂറഃ വാക്വിഅയിലൂടെ അല്ലാഹു പരിചയപ്പെടുത്തിയതും ഒരു ചെറിയ സംഘത്തെ മാത്രമാണ്. ''പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ച് പേരുമത്രെ അവര്‍'' (56:14).

അന്ത്യനാളില്‍ വിജയം ആത്യന്തിക വിജയം കൈവരിക്കാന്‍ സാധിക്കുന്നവര്‍ ന്യൂനപക്ഷമായിരിക്കുമെന്ന് ഇതെല്ലാം നമുക്ക് വയക്തമാക്കിത്തരുന്നു. ആ കൂട്ടത്തില്‍ ഉള്‍പ്പെടുവാനായിരിക്കട്ടെ നമ്മുടെ പ്രവര്‍ത്തനവും പ്രാര്‍ഥനയും.