തിരിച്ചറിയുക, തിരുത്തുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2019 നവംബര്‍ 30 1441 റബിഉല്‍ ആഖിര്‍ 03

'വീണത് വിദ്യയാക്കുക' എന്നൊരു ചൊല്ലുണ്ട്. വല്ല അബദ്ധവും പറ്റിപ്പോയാല്‍ അത് അബദ്ധമല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള കൗശലങ്ങളെപ്പറ്റിയാണ് ഇത് പറയാറുള്ളത്. മനുഷ്യനായാല്‍ അബദ്ധങ്ങളുണ്ടാവും എന്ന് ഉറപ്പാണ്. ചിലപ്പോള്‍ പിഴവു പറ്റിപ്പോയതാവാം. ഒരുദുര്‍ബല നിമിഷത്തില്‍ കരുതിക്കൂട്ടിതെറ്റുചെയ്യുവാനും സാധ്യതയുണ്ട്. എന്നാല്‍ ഒരു നല്ല വ്യക്തി തന്റെ അബദ്ധം അല്ലെങ്കില്‍ തെറ്റ് ബോധ്യമായാല്‍ തിരുത്തണം. തെറ്റില്‍ ഉറച്ചുനില്‍ക്കരുത്, ന്യായീകരിക്കരുത്. വീണിടത്ത് കിടന്ന് ഉരുണ്ടുമറിയരുത്. ഏതൊരാളുടെയും സാമാന്യബുദ്ധിയുടെ തേട്ടമാണത്. അങ്ങനെത്തന്നെയാണ് മതം മനുഷ്യരോട് ആവശ്യപ്പെടുന്നതും.

മനുഷ്യചരിത്രത്തിന്റെ തുടക്കത്തില്‍തന്നെ ആദം നബി(അ)യില്‍ നിന്നും ഹവ്വയില്‍ നിന്നും തെറ്റുസംഭവിച്ചതും പിന്നീട് അവര്‍ പശ്ചാതപിച്ചതും നാം മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

''അവര്‍ ഇരുവരും (ആദമും ഹവ്വയും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണകാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയാവരുടെ കൂട്ടത്തിലായിരിക്കും (ക്വുര്‍ആന്‍ 7:23).

ഒരു വാക്കിലോ പ്രവൃത്തിയിലോ നിലപാടിലോ മറ്റോ അബദ്ധം പിണയുക എന്നത് അപമാനമായി കാണരുത്. നബി ﷺ  പ്രമുഖരായ ക്വുറൈശി നേതാക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ അന്ധനായ അബ്ദുല്ല എന്ന സ്വഹാബി നബിയോട് സംസാരിക്കാന്‍ അങ്ങോട്ട് ചെന്നു. സാഹചര്യം അറിയാതെ വന്ന അബ്ദുല്ല(റ)യുടെ സമീപനം നബി ﷺ  ഇഷ്ടപ്പെടില്ല. അത്‌കൊണ്ട് നബി അദ്ദേഹത്തിന് മുഖംകൊടുത്തില്ല. ഈ വിഷയത്തില്‍ പിന്നീട് നബി ﷺ യെ ആക്ഷേപിച്ചുകൊണ്ട് ക്വുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങുകയുണ്ടായി. ഈ സംഭവത്തിന്റെ ശേഷം നബി ﷺ  അദ്ദേഹത്തെ കാണുമ്പോള്‍ കൂടുതല്‍ ബഹുമാനവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. നബി ﷺ  മദീനയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ പതിമൂന്ന് പ്രാവശ്യം രാജ്യകാര്യങ്ങള്‍ ഏല്‍പിച്ചത് അദ്ദേഹത്തെയായിരുന്നു. ബിലാല്‍(റ)വിന്നു പുറമെ ബാങ്കുവിളിക്കാനുള്ള ചുമതലയും നബി ﷺ  അദ്ദേഹത്തെ ഏല്‍പിക്കുകയുണ്ടായി.  

അഹംബോധം

ഞാനെന്ന ഭാവം നാം ഭയപ്പെടേണ്ട ദുഃസ്വഭാവമാണ്. അത് സ്വയം തിരുത്താനും തിരിച്ചറിയാനും നമുക്ക് തടസ്സമാവും. വിനയവും കുറ്റബോധവും ഇല്ലാതെയാക്കും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍, ഭാര്യഭര്‍തൃ സമീപനങ്ങളില്‍, കുടുംബാംഗങ്ങള്‍ തമ്മില്‍, സംഘടനാ പ്രവര്‍ത്തകര്‍ തമ്മിലുള്ള സഹവാസത്തില്‍, ഒരു സമൂഹത്തിലെ സഹജീവികള്‍ തമ്മിലുള്ള സമീപനങ്ങളില്‍... ഇവയിലെല്ലാം ഈ ഞാനെന്ന ഭാവം വരുത്തിവയ്ക്കുന്ന വിന ചെറുതൊന്നുമല്ല. സാമൂഹ്യകലഹങ്ങള്‍ക്കും ഭിന്നിപ്പുകള്‍ക്കും വഴിവയ്ക്കുന്ന കാരണങ്ങളന്വേഷിച്ചാല്‍ ഏതെങ്കിലും ഒരാളുടെ പിടിവാശിയും വീണത് വിദ്യയാക്കാനുള്ള ശ്രമവുമൊക്കെയാണ് അതിന്റെ അടിസ്ഥാന കാരണം എന്ന് കാണാനാകും. സ്വന്തം തെറ്റുകള്‍ തിരിച്ചറിയാന്‍ ശ്രമിക്കാതിരിക്കുക വഴി മരണം വരെ തിന്മയില്‍ കടിച്ചുതൂങ്ങി ജീവിതം നഷ്ടപ്പെടുത്തുന്നവരുണ്ടെന്നത് ഖേദകരമാണ്.  

യൂനുസ് നബി(അ) നീനവാ പ്രദേശത്ത് എത്ര പ്രബോധനം ചെയ്തിട്ടും അന്നാട്ടുകാര്‍ അദ്ദേഹത്തെ അംഗീകരിച്ചില്ല. ഒടുവില്‍ അദ്ദേഹം കോപിഷ്ഠനായി നാടുവിട്ടു. അല്ലാഹുവിന്റെ അനുമതിക്ക് കാത്തു നിന്നില്ല. മറ്റൊരു ദേശത്തേക്ക് കപ്പലില്‍കയറി യാത്ര ചെയ്യുമ്പോള്‍ കപ്പല്‍ മുങ്ങുന്ന സ്ഥിതിവന്നു. ഭാരം കുറക്കാന്‍ കപ്പലിലുള്ളവര്‍ അദ്ദേഹത്തെ കടലിലെറിഞ്ഞു. ഒരുവലിയ മത്സ്യത്തിന്റെ വായില്‍ അദ്ദേഹംഅകപ്പെട്ടു. അല്ലാഹുവിന്റെ വിധിയായിരുന്നു അത്. അദ്ദേഹം സ്വയം ചെയ്ത കുറ്റം തിരിച്ചറിഞ്ഞു. കുറ്റബോധമുണ്ടായി. തെറ്റില്‍ നിന്ന് പശ്ചാതപിച്ചുമടങ്ങി. അല്ലാഹു പറയുന്നു:

''ദുന്നൂനിനെ(യൂനുസിനെ)യും ഓര്‍ക്കുക. അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം വിചാരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചു: നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടുപോയിരിക്കുന്നു.  അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അങ്ങനെയാണ് നാം രക്ഷിക്കുക'' (ക്വുര്‍ആന്‍ 21:87,88).

തന്റെ തെറ്റുകള്‍ തിരിച്ചറിയാനും തിരുത്താനും ശരിയിലേക്ക് മടങ്ങാനുമുള്ള പാഠമാണ് ഇത്തരം ചരിത്രം നമുക്ക് നല്‍കുന്നത്.

ഒരു തിരിച്ചറിവിന്റെ കഥ

നബി ﷺ യുടെ വിശ്വസ്ത സഹചാരികളിലൊരാളാണ് അബൂലുബാബ(റ). നബി ﷺ  ബദ്‌റിലേക്ക് പുറപ്പെട്ടപ്പോള്‍ മദീനയുടെ കാര്യദര്‍ശിയായി അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്.

മദീനയില്‍ നബി ﷺ യുമായി സമാധാന കരാറില്‍ ജീവിച്ചിരുന്ന യഹൂദിവംശജരായ ബനൂക്വുറൈദക്കാര്‍ ആ കരാര്‍ ലംഘിക്കാന്‍ തീരുമാനിക്കുകയും നബിയെയും അനുയായികളെയും ചതിയില്‍ പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ് യഹൂദമതത്തിലെ നിയമം. ആ ചതി ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നബി ﷺ  തീരുമാനിച്ചതനുസരിച്ച് മുസ്‌ലിം സൈന്യം ബനൂക്വുറൈദയെ വളഞ്ഞു. ഈ ഗോത്രക്കാരുമായി പലനിലയ്ക്കും അടുത്ത ബന്ധമുണ്ടായിരുന്ന പ്രമുഖ സ്വഹാബി അബൂലുബാബ(റ) നബി ﷺ യുടെ ഈ തീരുമനത്തെപ്പറ്റി ചില സൂചനകള്‍ നല്‍കി. അത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് വന്ന ഒരു അബദ്ധമായിരുന്നു. പിന്നീട് സൂറഃ അല്‍അന്‍ഫാലിലെ ഈ വചനം അവതരിച്ചു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും വഞ്ചിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളിലും വഞ്ചിക്കരുത്'' (8:27).

ഈ വചനം കേട്ടപ്പോള്‍ അബൂലുബാബ(റ) ഖേദിച്ചു. ഏറെ ദുഃഖിച്ചു. ബനൂക്വുറൈദക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കണമെന്ന നബി ﷺ യുടെ തീരുമാനം നബി ﷺ യുടെ അനുമതിയില്ലാതെ അവര്‍ക്കു സൂചന നല്‍കിയ കുറ്റബോധമാണ് അദ്ദേഹത്തെ വേദനിപ്പിച്ചത്. ഈ കുറ്റബോധത്താല്‍ അദ്ദേഹം ചെയ്തന്താണെന്നോ?

മദീനാപള്ളിയില്‍ ഒരുതൂണിന്‍മേല്‍ അദ്ദേഹം തന്റെ ശരീരം സ്വയം വരിഞ്ഞുമുറുക്കി ബന്ധിച്ചു. ചെയ്തകുറ്റത്തിന് അല്ലാഹുവിന്റെ തീരുമാനം വരുന്നവരെ അങ്ങനെത്തന്നെ ഭക്ഷണവും പാനീയവുമില്ലാതെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് നബി ﷺ യാണ് അദ്ദേഹത്തിന്റെ കെട്ടഴിച്ചുവിട്ടത്. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളുണ്ടായിട്ടും അബദ്ധവശാല്‍ പോകാതെ നിന്ന മൂന്ന് സ്വഹാബികളും തെറ്റ് ബോധ്യമായപ്പോള്‍ സ്വന്തം ശരീരത്തെ പള്ളിയുടെതൂണിന്‍മേല്‍ ബന്ധിച്ചു ഖേദം പ്രകടപ്പിച്ച സംഭവവും ചരിത്രത്തിലുണ്ട്.

ഇതാണ് പൂര്‍വികരുടെ രീതി. അവര്‍ മഹാന്മാരായിട്ടു പോലും തങ്ങളില്‍ നിന്നു സംഭവിച്ച അബദ്ധങ്ങളെ നിസ്സാരമായി കണ്ടില്ല. ഗൗരവമല്ലാതിരുന്ന വീഴ്ചകള്‍ പോലും തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ തിരുത്തി.

നബി ﷺ  പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു: ''തീര്‍ച്ചയായും ഒരു സത്യവിശ്വാസി തന്റെ പാപങ്ങളെ കാണുന്നത് തന്റെ മേല്‍ വീഴുമെന്ന് ഭയപ്പെടുന്ന ഒരു മലക്കു താഴെ ഇരിക്കുന്ന ആളുടെ മനോഭാവത്തോടെയായിരിക്കും. എന്നാല്‍, ദുര്‍മാര്‍ഗി തന്റെ പാപങ്ങളെ മൂക്കിന്നടുത്തുകൂടിപാറിനടക്കുന്ന ഒരു ഈച്ചയെപ്പോലെ നിസ്സാരമായിട്ടേ കാണൂ.''

ചുരുക്കത്തില്‍, നാം ശ്രദ്ധിക്കുക. തെറ്റുകളെ നിസ്സാരമായി കാണരുത്. അവ സ്വയം തിരിച്ചറിഞ്ഞു തിരുത്തുവാന്‍ നാം വിനയം കാണിക്കണം. താന്‍ പിടിച്ച മുയലിന് മൂന്നുചെവി എന്ന വാശിയുടെ നിലപാട് നമ്മുടെ കുടുംബ സാമൂഹ്യ-സംഘടനാ ജീവിതത്തെ തകര്‍ക്കുമെന്ന് മാത്രമല്ല, തിന്മയില്‍ നിന്ന് കരപറ്റാതെ ആയുഷ്‌കാലം നഷ്ടമാകുന്ന സ്ഥിതിവരുമെന്ന് കൂടി ഓര്‍ക്കുക.