കുടുംബത്തോടൊപ്പം സന്തോഷത്തോടെ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

മാതാപിതാക്കളും ഭാര്യാമക്കളുമൊക്കെയായി കൂട്ടുകുടുംബ ജീവിതം നയിക്കുന്നവരാണ് നാം. ചിലപ്പോള്‍ ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിലുണ്ടായിരിക്കും. ചിലപ്പോള്‍ ദുഃഖവും ദാരിദ്ര്യവുമാവാം. സുഖവും ദുഃഖവും ഈ ലോക ജീവിതത്തില്‍ മാറിമാറി വരുന്ന യാഥാര്‍ഥ്യങ്ങളാണ്. അല്ലാഹു തന്നതെന്തോ അതില്‍ തൃപ്തിയടയുകയേ നിര്‍വാഹമുള്ളൂ. അതാണ് ബുദ്ധിയും. അതാണ് നബി  ﷺ നമ്മെ പഠിപ്പിച്ചത്.

വലിയ വീടും ജീവിതസൗകര്യങ്ങളും ധാരാളം സമ്പത്തും ഉണ്ടായാല്‍ മതിയോ കുടുംബ ജീവിതം ആനന്ദകരമാവാന്‍? അഥവാ പ്രയാസങ്ങളും ദാരിദ്ര്യവും കൊണ്ട് വിഷമമനുഭവിക്കുന്നവര്‍ക്ക് കുടുംബ ജീവിതം ആസ്വദിക്കാന്‍ കഴിയുകയില്ലേ? യഥാര്‍ഥത്തില്‍ സ്‌നേഹവും ഒരുമയും കുടുംബ ജീവിതത്തില്‍ ഉറപ്പുവരുത്താനുള്ള മാനദണ്ഡം പണവും പ്രതാപവുമല്ല. മറ്റുചിലകാര്യങ്ങള്‍ അതിനായി ശ്രദ്ധിക്കേണ്ടതുണ്ട്.

പച്ചവെള്ളവും ഉണങ്ങിയ കാരക്കയും മാത്രം കഴിച്ചു രണ്ടുമാസം വരെ നബി ﷺ യുടെ കുടുംബം കഴിഞ്ഞുകൂടിയ അവസരങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും ആ തിരുകുടുംബത്തില്‍ പൊട്ടലും ചീറ്റലും ഉണ്ടായില്ല. ഈ കൊടുംദാരിദ്ര്യത്തിനിടയിലും വല്ലവരും നബികുടുംബത്തിലേക്ക് ദാനമായി മാംസം എത്തിച്ചുകൊടുത്താല്‍ അത്‌കൊണ്ട് കറിവെച്ചതില്‍ നിന്ന് മരിച്ചുപോയ ആദ്യഭാര്യ ഖദീജ(റ)യുടെ കൂട്ടുകാരികള്‍ക്ക് കുറച്ച് കൊടുത്തയക്കണേയെന്ന് നബി ﷺ  പത്‌നിമാരോട്  പറയാറുണ്ടായിരുന്നു! വൃദ്ധയായി മരിച്ചു പോയ ഖദീജ(റ)യെ താങ്കള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുകയാണോ എന്ന് ആഇശ(റ) നബി ﷺ യോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ 'അവള്‍ എത്ര വൃദ്ധയായാലും എനിക്കവളെ മറക്കാന്‍ കഴിയില്ല' എന്നാണ് നബി ﷺ മറുപടി പറഞ്ഞത്! എന്തായിരുന്നു ആ മറക്കാനാവാത്ത ബന്ധത്തിന്റെ രഹസ്യം? അതെ, അതാണ് കുടുംബസ്‌നേഹം!

അല്ലാഹു പറയുന്നു: ''അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് നിങ്ങള്‍ക്കു സമാധാനമടയാന്‍ നിങ്ങളില്‍ നിന്നു തന്നെ ഇണകളെ അവന്‍ സൃഷ്ടിച്ചു എന്നത്. എന്നിട്ട് അവന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തു. നിശ്ചയം ചിന്തിക്കുന്നവര്‍ക്ക് ഏറെ ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:21).

ആകാശ ഭൂമികളുടെ സൃഷ്ടി സംവിധാനം, മണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചുവളര്‍ത്തിയത്, ജീവജാലങ്ങള്‍, മനുഷ്യന്റെ വര്‍ണ- ഭാഷാ വൈവിധ്യങ്ങള്‍, ഉറക്കം, ഇടി, മിന്നല്‍, മഴ തുടങ്ങി പ്രപഞ്ചത്തിലെ അനേക സൃഷ്ടി വൈഭവങ്ങളെ എണ്ണിപ്പറഞ്ഞ കൂട്ടത്തിലാണ് ഭാര്യാഭര്‍തൃ ജീവിതത്തില്‍ അല്ലാഹു നിക്ഷേപിച്ചതും നിലനിര്‍ത്താന്‍ നമ്മോട് കല്‍പിച്ചതുമായ 'സ്‌നേഹം' എന്ന സമസ്യയെ ഒരു മഹാദൃഷ്ടാന്തമായി അല്ലാഹു എണ്ണിയത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പില്‍ പരസ്പരമുള്ള സ്‌നേഹം മഹത്തായ പങ്ക് നിര്‍വഹിക്കുന്നുണ്ട് എന്നര്‍ഥം.

അയ്യൂബ് നബി(അ)യുടെ കുടുംബ ജീവിതത്തില്‍ നിന്ന് ഇബ്‌നുകഥീര്‍(റഹി) തന്റെ 'അല്‍ ബിദായഃ വന്നിഹായഃ' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഒരുസംഭവം നാമിവിടെ ഓര്‍ക്കുക:

മൂസാനബി(അ)യുടെ കാലശേഷം ജീവിച്ച പ്രവാചകന്മാരിലൊരാളാണ് അയ്യൂബ് നബി(അ). ധാരാളം കൃഷിയിടങ്ങളും ആടുമാടുകളും മക്കളും കൊണ്ട് സമൃദ്ധമായിട്ടാണ് ആദ്യകാലത്ത് അയ്യൂബ് നബി(അ) ജീവിച്ചത്. യഅ്ക്വൂബ് നബി(അ)യുടെ കുടുംബ മഹിമയും ഐശ്വര്യവും സൗന്ദര്യവുമുള്ള പ്രൗഢ

ജീവിതം നയിച്ചുകൊണ്ട് തന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. അല്ലാഹുവോട് നന്ദികാണിച്ചും ശ്രേഷ്ഠ സ്വഭാവങ്ങള്‍ പുലര്‍ത്തിയും കൊണ്ടായിരുന്നു ഈ കുടുംബം കഴിഞ്ഞുകൂടിയത്. എന്നാല്‍ അല്ലാഹു ഈ കുടുംബത്തെ കടുത്ത പരീക്ഷണത്തിന് വിധേയമാക്കി.

മക്കളൊക്കെ നഷ്ടമായി. സമ്പത്തുക്കള്‍ മുഴുവന്‍ നശിച്ചു. അയ്യൂബ് നബി(അ)യെ മാരകമായ രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിലെ മാംസം ദ്രവിച്ചു. എല്ലുകളില്‍ നിന്ന് മാംസം വേര്‍പെട്ട് ദുര്‍ഗന്ധം വമിച്ചു തുടങ്ങി. കുടുംബങ്ങളും നാട്ടുകാരും അകന്നു. നാട്ടുകാര്‍ ആ കുടുംബത്തെ ആള്‍താമസമില്ലാത്ത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പിച്ചു. ഈ ഘട്ടങ്ങളിലെല്ലാം അയ്യൂബ് നബി(അ)യുടെ കൂടെ പരിചരണവും പ്രാര്‍ഥനയുമായി കൂടുതല്‍ സ്‌നേഹ വാത്സല്യത്തോടെ യുവതിയും സുന്ദരിയുമായ ഭാര ഉറച്ചു നിന്നു. സമ്പന്നരുടെ വീടുകളില്‍ കൂലിവേല ചെയ്തുകൊണ്ടാണ് ആ വിശുദ്ധ സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ഭക്ഷണത്തിനും ശുശ്രൂഷക്കും വഴി കണ്ടെത്തിയത്.

ഇതിന്നിടക്ക് ആ മഹതിയെ പലരും പ്രലോഭിപ്പിച്ചു. അയ്യൂബി(അ)യെ ഉപേക്ഷിച്ചാല്‍ പഴയ ആര്‍ഭാട ജീവിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അല്ലാഹുവിനെ ഭയപ്പെട്ട്, ഭര്‍ത്താവിനെ സ്‌നേഹിച്ച് ജീവിക്കുന്ന ആ സ്ത്രീ ആരുടെ പ്രലോഭനത്തിന്നും വഴങ്ങിയില്ല. അവസാനം മഹാരോഗിയായ അയ്യൂബിനെ പരിചരിക്കുന്ന അവളെ വീട്ടുജോലിക്കടുപ്പിക്കരുതെന്ന് പറഞ്ഞ് പ്രമാണിമാര്‍ ആ ദരിദ്ര കുടുംബത്തിന്റെ അന്നംമുടക്കി.

കൂലിത്തൊഴില്‍ കൂടി നഷ്ടപ്പെട്ടപ്പോള്‍ ഇനിയെന്ത് വഴി എന്ന് അന്വേഷിച്ച് ആ സ്ത്രീ പരിഭ്രമിച്ചു. ഇതൊന്നും രോഗിയായ തന്റെ ഭര്‍ത്താവിനെ അറിയിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവസാനം അവര്‍ തീരുമാനിച്ചു. സമൃദ്ധമായി വളര്‍ന്നു നീണ്ട തന്റെ സുന്ദരമായ തലമുടി പകുതി ഭാഗം വെട്ടിയെടുത്ത് അങ്ങാടിയില്‍ വിറ്റു. (അക്കാലത്ത് സൗന്ദര്യവര്‍ധനവിനു വേണ്ടി സമ്പന്ന സ്ത്രീകള്‍ മുടിവിലയ്ക്കുവാങ്ങി ഉപയോഗിക്കാറുണ്ടായിരുന്നു).

ഈ പണംകൊണ്ട് കുറച്ചുകാലം അവര്‍ ഭര്‍ത്താവിനെ ശുശ്രൂഷിച്ചു. അത് തീര്‍ന്നപ്പോള്‍ ബാക്കി പകുതികുടി വിറ്റു. വേദനയില്‍ പുളഞ്ഞുകഴിയുന്ന ഭര്‍ത്താവിനെ പരിചരിക്കുന്നതിന്നിടയില്‍ ഒരിക്കല്‍, തന്റെ ഭാര്യയുടെ തലമുടി നഷ്ടപ്പെട്ട കാര്യം അയ്യൂബ് നബി(അ) തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് കാര്യം തുറന്നു പറയേണ്ടിവന്നു. കടുത്ത ദാരിദ്ര്യവും കൊടുംവേദനയും ജനങ്ങളുടെ ബഹിഷ്‌കരണവും തന്റെ പ്രിയപ്പെട്ടവളുടെ ദയനീയാവസ്ഥയും എല്ലാം ആയപ്പോള്‍ ക്ഷമാലുവായ ആ പ്രവാചകന്റെ മനസ്സു വിങ്ങിപ്പൊട്ടി. അദ്ദേഹം റബ്ബിനോട് പ്രാര്‍ഥിച്ചു.

''അയ്യൂബിനെയും ഓര്‍ക്കുക, തന്റെ റബ്ബിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ഇരട്ടിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന്ന് നാം ഉത്തരം നല്‍കി. അദ്ദേഹത്തെ ബാധിച്ച കഷ്ടപ്പാട് നാം അകറ്റി. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളെയും അവരോടൊപ്പം അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന്ന് നല്‍കുകയുംചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാ നിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണിത്'' (ക്വുര്‍ആന്‍ 21:83,84).

കുടുംബ ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാണിവിടെ നാം കണ്ടത്. സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്ത ഒരു കുടുംബം. സമൃദ്ധിയിലും ദുരിതത്തിലും അവരാ ബന്ധം കാത്തുസൂക്ഷിച്ചു. റബ്ബിന്റെ എല്ലാവിധ പരീക്ഷണങ്ങളെയും നന്ദിചെയ്തും ക്ഷമിച്ചും ആ കുടുംബം നേരിട്ടു. ദാരിദ്ര്യവും ദുരിതങ്ങളും അവരെ നിരാശരാക്കിയില്ല. ക്ഷമിച്ചും പ്രാര്‍ഥിച്ചും പരീക്ഷണങ്ങളെ അവര്‍ അഭിമുഖീകരിച്ചു. അപ്പോള്‍ അല്ലാഹു അവര്‍ക്ക് ഇഹലോകത്ത് നിന്നുതന്നെ നന്മകള്‍ പകരം നല്‍കി.

ഇനി നാം നമുക്കിടയിലെ കുടുംബ ജീവിതത്തിലേക്ക് നോക്കുക. ആഢംബര വീടുണ്ടാക്കി അതില്‍ താമസം തുടങ്ങുന്ന ദിവസം നാട്ടുകാരെയും കുടുംബങ്ങളെയും വിളിച്ചുകൂട്ടി വന്‍സദ്യയൊരുക്കിയപ്പോള്‍ ആ സന്തോഷം പങ്കിടാന്‍ സ്വന്തം മാതാപിതാക്കള്‍ക്ക് അവസരം കൊടുക്കാതെ പിണങ്ങി നടക്കുന്ന പ്രതാപികളായ മക്കളെ നമുക്കിടയില്‍ കാണാം. റബ്ബ് കഴിഞ്ഞാല്‍ പിന്നീട് നാം പരിപാലിക്കേണ്ട ബന്ധങ്ങളിലൊന്ന് മാതാപിതാക്കളോടാണെന്ന സത്യം ഇവിടെ നാം മറക്കുന്നു.

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ, നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായവാക്കു പറയുക''(17:23).

ഈയിടെ, ഒരു പരിചിതന്റെ കൂടെ വന്ന രണ്ടു വയസ്സ് തോന്നിക്കുന്ന കൊച്ചുകുട്ടിയെ കണ്ടപ്പോള്‍ സ്‌നേഹത്തോടെ അവളുടെ നെറുകില്‍ കൈവെച്ച് ഉപ്പച്ചി മിഠായി കൊണ്ടുവരാറുണ്ടോ എന്ന് കുശലം ചോദിച്ചപ്പോള്‍ കുഞ്ഞിന്റെ കണ്ണു നിറയുന്നത് കണ്ടു. കാര്യ പിടികിട്ടാതെ അന്വേഷിച്ചപ്പോള്‍ പരിചയക്കാരനായ കുട്ടിയുടെ പിതാമഹന്‍ ഗദ്ഗദത്തോടെപറഞ്ഞത് മകളുടെ കുട്ടിയാണെന്നും അവളുടെ ഉപ്പയും ഉമ്മയും പരസ്പരം പിണങ്ങിപ്പിരിഞ്ഞിട്ട് ആറ് മാസമായെന്നുമാണ്. സമ്പത്തും വിദ്യാഭ്യാസവുമെല്ലാം തികഞ്ഞ കുടുംബങ്ങളിലെ ഇത്തരം നൊമ്പരങ്ങള്‍ എത്രയാണ് നാട്ടില്‍!

കൊള്ളാവുന്ന മക്കളുണ്ടായിട്ടും അവരുടെ സ്‌നേഹത്തിന്നു വേണ്ടി വേദനയോടെ കാത്തിരിക്കുന്ന മാതാപിതാക്കള്‍! മാതാപിതാക്കളും കുടുംബ സൗകര്യങ്ങളുമുണ്ടായിട്ടും മാതാവും പിതാവും പരസ്പര സ്‌നേഹത്തില്‍ ജീവിക്കാത്തതിന്റെ പേരില്‍ നിസ്സാഹയരായി അനാഥകളെപ്പോലെ കഴിഞ്ഞുകൂടുന്ന മക്കള്‍. ഭാര്യയുണ്ടായിട്ടും ഒറ്റപ്പെട്ട് ജീവിക്കുന്ന ഭര്‍ത്താവും, ഭര്‍ത്താവുണ്ടായിട്ടും വിധവയെപ്പോലെ ജീവിതം തള്ളിനീക്കുന്ന ഭാര്യമാരും... ഇങ്ങനെയുള്ള ദയനീയാവസ്ഥ നമ്മുടെ കുടുംബങ്ങളിലുണ്ടായിക്കൂടാ.

''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും ഞങ്ങളുടെ സന്താനങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകകളാക്കുകയും ചെയ്യേണമേ'' എന്ന പ്രാര്‍ഥന എത്ര അര്‍ഥവത്താണ്! അതിനാല്‍ നന്മ നിറഞ്ഞ, സ്‌നേഹം നിലനില്‍ക്കുന്ന ഒരു കുടുംബത്തിന്നായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍. അതിന്നു വേണ്ടിയായിരിക്കട്ടെ നമ്മുടെ  കൂട്ടുകടുംബത്തിന്റെ ഒത്തുചേരല്‍. അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍.