ഇഹലോകത്തിന്റെ നിസ്സാരത

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

അമവി ഖലീഫയായ സുലൈമാന്‍ ഇബ്‌നു അബ്ദുല്‍ മലിക് ഒരിക്കല്‍ ഹജ്ജ് കര്‍മത്തിനെത്തി. അദ്ദേഹം കഅ്ബയെ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ സാലിം ഇബ്‌നു അബ്ദുല്ലാഹ് ഇബ്‌നു ഉമറുബ്‌നുല്‍ ഖത്ത്വാബിനെ കണ്ട്മുട്ടി. സാലിം തന്റെ പൊട്ടിയ ചെരിപ്പ് കയ്യിലെടുത്തു പിടിച്ച് നടക്കുകയാണ്. ധരിച്ച വസ്ത്രത്തിനാണെങ്കില്‍ മൂന്ന് ദിര്‍ഹം പോലും വില മതിക്കില്ല! ഖലീഫ സുലൈമാന്‍ സാലിമിന്റെ അടുത്തു ചെന്നു ചോദിച്ചു: ''താങ്കള്‍ക്ക് ഞാന്‍ എന്തെങ്കിലും സഹായം ചെയ്ത് തരേണ്ടതായുണ്ടോ?''

 ഇതു കേട്ട സാലിം അത്ഭുതത്തോടെയും അല്‍പം നീരസത്തോടെയും ഇങ്ങനെ പ്രതികരിച്ചു: ''താങ്കള്‍ക്കു നാണമില്ലേ? നാം ഇപ്പോഴുള്ളത് അല്ലാഹുവിന്റെ ഭവനത്തിലല്ലേ? ഇവിടെ വെച്ച് എന്റെ ആവശ്യം ആല്ലാഹു അല്ലാത്തവരോട് പറയണമെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?''

ഈ മറുപടി കേട്ട് ഖലീഫ സുലൈമാന്‍ വിഷണ്ണനായി. കഠിനമായ അപകര്‍ഷത അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായി. സാലിമിനെ അയാളുടെ വഴിക്കു വിട്ട് സുലൈമാന്‍ ത്വവാഫ് പൂര്‍ത്തിയാക്കി. അതേ സമയം അദ്ദേഹം സാലിമിന്റെ നീക്കങ്ങളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ത്വവാഫ് കഴിഞ്ഞ് ഹറമില്‍ നിന്നു പുറത്തിറങ്ങുന്ന സാലിമിന്റെ പിന്നാലെ ചെന്നുകൊണ്ട് അദ്ദേഹം ചോദിച്ചു:

''പ്രിയ സാലിമേ, ഹറമില്‍ വെച്ച് താങ്കളുടെ ആവശ്യങ്ങള്‍ എന്നോട് പറയാന്‍ താങ്കള്‍ വിസമ്മതിച്ചു. ഇപ്പോള്‍ താങ്കള്‍ ഹറമിന്നു പുറത്താണല്ലോ. താങ്കളുടെ ആവശ്യങ്ങള്‍ പറയൂ.''

സാലിം ഇപ്രകാരം മറുപടി നല്‍കി: ''ഇഹലോകത്തെ ആവശ്യങ്ങളാണോ അതോ പരലോകത്തെ ആവശ്യങ്ങളാണോ ഞാന്‍ താങ്കള്‍ക്കു മുമ്പില്‍ നിരത്തേണ്ടത്?''

''സാലിമേ, ഇഹലോകത്തിലെ കാര്യം പറയൂ. പരലോകത്തെ കാര്യങ്ങള്‍ അല്ലാഹുവിനല്ലേ ചെയ്തു തരാന്‍ പറ്റൂ.''

സാലിം പ്രതികരിച്ചതിങ്ങനെ: ''ഇഹലോകം മുഴുവന്‍ കൈവശമുള്ളവനോട് ഇതുവരെ ഞാന്‍ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല! പിന്നെയെങ്ങനെയാണ് ഇഹലോകം കൈവശമില്ലാത്തവന്റെ മുമ്പില്‍ ഞാന്‍ ആവശ്യങ്ങള്‍ നിരത്തിവെക്കുക?''

ഇപ്രകാരമായിരുന്നു ഇഹലോകത്തിന്റെ നിസ്സാരത വേണ്ട രീതിയില്‍ മനസ്സിലാക്കിയവരുടെ ദുന്‍യാവിനോടുള്ള സമീപനം!

നമ്മുടെ സ്ഥിതിയോ? ദുന്‍യാവിനായി നാം കലഹിക്കുന്നു. നമ്മുടെ ഇഷ്ടവും അനിഷ്ടവുമെല്ലാം പെട്ടെന്ന് അവസാനിക്കുന്ന ഈ ലോകത്തെ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഏത് അനുഗ്രഹവും നല്‍കുവാനും നല്‍കിയ ഏത് അനുഗ്രഹവും എടുത്ത് മാറ്റുവാനും കഴിവുള്ള അല്ലാഹുവിനെ ഭയന്നും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചും അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിച്ച് ജീവിക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്.