നാളേക്ക് ബാക്കിവെക്കുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പത്താംവയസ്സില്‍ തന്നെ ഒരു വ്യാപാരിയുടെ കടയില്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ച ഒരു കുട്ടിയുടെ ജീവിത കഥയുണ്ട്. യഹ്‌യ ഇബ്‌നു ശറഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്. പുരാതന സിറിയാ രാജ്യത്തിലെ 'ഹൂറാന്‍' ദേശത്ത് 'നവ' എന്ന ഗ്രാമത്തില്‍ ഏഴുന്നൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആ വ്യക്തി 'ഇമാം നവവി' എന്ന പേരില്‍ പ്രസിദ്ധനായി.

നാല്‍പത്തിയാറു വയസ്സുവരെ (ഹിജ്‌റ 631-676, ക്രിസ്താബ്ദം 1277ല്‍ മരണം) മാത്രമെ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ! ഇത്രയും കുറഞ്ഞ ആയുസ്സിനിടയ്ക്ക് അദ്ദേഹം എഴുതിയ ഒട്ടനേകം ഗ്രന്ഥങ്ങള്‍ ഇന്നും ലോകത്ത് പ്രൈമറി ക്ലാസിലെ കുട്ടികള്‍ മുതല്‍ മഹാ പണ്ഡിതന്മാര്‍വരെ പഠിച്ചുകൊണ്ടിരിക്കുന്നു. അമ്പതിലധികം ബൃഹത്തായ ഗ്രന്ഥങ്ങള്‍ അദ്ദേഹം മുസ്‌ലിം ലോകത്തിന് സമര്‍പ്പിച്ചു. ഹദീഥ്, ഭാഷ, ചരിത്രം, കര്‍മശാസ്ത്രം എന്നീ അടിസ്ഥാന വിഷയങ്ങളാണ് അവയെല്ലാം.

ചരിത്രകാരന്മാര്‍ അത്ഭുതത്തോടെ പറയുന്നത്, ഇത്രയും കാലത്തിനിടക്ക് അദ്ദേഹം സ്വന്തം കൈകൊണ്ടെഴുതിയ പുസ്തങ്ങള്‍ ഒന്നിച്ചെടുത്താല്‍ അദ്ദേഹം ജനിച്ച ദിവസം തൊട്ട് മരിച്ച ദിവസം വരെയുള്ള നാല്‍പ്പത്തിയാറു വര്‍ഷത്തില്‍ ഒരോ ദിവസവും രണ്ട് ക്വുര്‍റാസ വീതം വീതിക്കാന്‍ കഴിയുമെന്നാണ്. ഒരു ക്വുര്‍റാസ എന്നാല്‍ എട്ടു പേജുള്ള ഒരു ഫോള്‍ഡര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ ഓരോ ദിവസവും 16 പേജ് എഴുതിയ പോലെയാണ് അദ്ദേഹം ജീവിതകാലത്ത് രചിച്ച പേജുകളുടെ എണ്ണം! ചെറുപ്പകാലം, ദിനചര്യകള്‍, പ്രാര്‍ഥനകള്‍, തൊഴില്‍ തുടങ്ങി എല്ലാ അത്യാവശ്യങ്ങളും കഴിഞ്ഞ ശേഷം ഇത്രയധികം എഴുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹം സമ്പാദിച്ച അറിവിന്റെ ആഴം എത്രയായിരിക്കും! അദ്ദേഹത്തിന്റെ അധ്വാനം എത്ര വലുതായിരിക്കും! അദ്ദേഹം തന്റെ സമയം എത്ര ശ്രദ്ധയോടെയായിരിക്കും ചെലവഴിച്ചിട്ടുണ്ടാകുക!

ശര്‍ഹു മുസ്‌ലിം, റൗദതുത്ത്വാലിബീന്‍, മിന്‍ഹാജുത്ത്വാലിബീന്‍, രിയാദുസ്സ്വാലിഹീന്‍, അല്‍അദ്കാര്‍, അത്ത്വിബ്‌യാന്‍, അത്തഹ്‌രീര്‍, അല്‍ഈളാഫ് തുടങ്ങിയ വന്‍ഗ്രന്ഥങ്ങളാണ് വിവിധ വിഷയങ്ങളിലായി അദ്ദേഹം രചിച്ചത്. ഇതിനിടയ്ക്ക് അധ്യാപകനായും ഉന്നത സ്ഥാപനങ്ങളുടെ മേധാവിയായും ഒരാളെയും ഭയപ്പെടാത്ത പ്രബോധകനായും ഒട്ടു കുറവല്ലാത്ത വിധം പ്രവര്‍ത്തിച്ചിരുന്നു.

നവവി ഇമാമിന്റെ ജീവിതത്തിലേക്ക് ഇങ്ങനെ ഒരു എത്തിനോട്ടം നടത്തിയത് നമ്മുടെ സമയത്തെയും ആയുഷ്‌കാലത്തെയും എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് സൂചിപ്പിക്കാനാണ്. 60/70 വയസ്സാണ് ശരാശരി നമ്മുടെ ആയുഷ്‌കാലം. അലിയ്യുബ്‌നു അബീത്വാലിബില്‍(റ) നിന്ന് ഉദ്ധരിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന ഒരു കവിതയുണ്ട്. അതിന്റെ സാരം ഇങ്ങനെയാണ്:

അറുപതാണ്ട് ജീവിതത്തില്‍

പകുതിയും രാത്രിയുറക്കമായി കഴിഞ്ഞു

ബാക്കിയാം പകുതിയശ്രദ്ധനായി

ഇടത്തും വലത്തും നടന്നു പൊലിഞ്ഞു

മൂന്നിലൊന്ന് കാലം തൊഴിലും ത്വരയും

മനക്കോട്ടകള്‍ കെട്ടിയും തുലഞ്ഞു

ബാക്കിയുള്ള കാലം നരയും രോഗവുമായി

വിടപറയാനുള്ള ദുഃഖത്തിലലിഞ്ഞു

കൊതിക്കുന്നതബദ്ധമാണധികം ജീവിക്കുവാന്‍

ഇതാണ് റബ്ബിന്റെ വിഹിതമെന്നറിഞ്ഞോ...

ആറ്റികുറിക്കി നോക്കിയാല്‍ കാര്യഗൗരവമായി ജീവിക്കാന്‍ കുറച്ചേ അവസരമുള്ളൂ. ഈ അവസരവും കൂടി വെറുതെ കളഞ്ഞാല്‍ നാമെത്ര നഷ്ടക്കാരാണെന്ന് ഓര്‍ക്കുക!

ഈ കുറഞ്ഞ സമയംകൊണ്ടു വേണം ശാശ്വതമായ പരലോകത്ത് രക്ഷപ്പെടാന്‍. ക്ഷണികമായ ഈ ജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന ഓരോ നിമിഷ നേരവും ശാശ്വതമായ പരലോകത്തില്‍ അനേകവര്‍ഷങ്ങള്‍ക്ക് തുല്യമായേക്കാം. ഇവിടുത്തെ കുറഞ്ഞ നേരത്തെ നന്മ ചെയ്താല്‍ പരലോകത്ത് ദീര്‍ഘ കാലത്തെ പ്രതിഫലത്തിന് കാരണമാകും. അഥവാ ഇവിടുത്തെ കുറഞ്ഞ സമയ നഷ്ടം പരലോകത്തെ ദീര്‍ഘകാലത്തെ സ്വര്‍ഗ ജീവിതത്തിന്റെ നഷ്ടമാകാം. അതിനാല്‍ ആയുസ്സില്‍ ലഭിക്കുന്ന സമയത്തെ നാം പ്രയോജനപ്പെടുത്തണം.

ആയുഷ്‌കാലത്തെ പ്രയോജനപ്രദമാക്കണം എന്നാണ് ഇത്രയും പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത്. നബി ﷺ  പ്രാര്‍ഥിക്കാറുണ്ടായിരുന്നതായി അബുഹുറയ്‌റ(റ) ഉദ്ധരിച്ച പ്രസിദ്ധമായ ഒരു പ്രാര്‍ഥനയുണ്ട്. അതിന്റെ അര്‍ഥം ഇപ്രകാരമാണ്:

''അല്ലാഹുവേ, എന്റെ മതം എനിക്ക് നല്ലതാക്കിത്തരേണമേ, അതാണ് എന്റെ മുഴുവന്‍ കാര്യങ്ങളുടെയും അവലംബം. എന്റെ ഇഹലോകം എനിക്ക് നന്നാക്കിത്തരേണമേ, അവിടെയാണ് എനിക്ക് ജീവിക്കാനുള്ളത്. എന്റെ പരലോകവും എനിക്ക് നല്ലതാക്കിത്തീര്‍ക്കേണമേ, അവിടേക്കാണെന്റെ മടക്കം. എന്റെ ആയുഷ്‌കാലമത്രയും നന്മ വര്‍ധിപ്പിക്കാനുതകുന്ന അവസരമാക്കേണമേ. എന്റെ മരണം എല്ലാ തിന്മയില്‍ നിന്നും രക്ഷയാക്കേണമേ'' (മുസ്‌ലിം).

കേവലം മതത്തിലെ ഒരു അംഗമായിട്ടു പ്രയോജനമില്ല. യഥാര്‍ഥ മതം തിരിച്ചറിഞ്ഞ് അതു പ്രകാരം ജീവിക്കുന്ന മത വിശ്വാസികളായിരിക്കണം നാം. എങ്ങനെയെങ്കിലും തിന്ന്, കുടിച്ച്, പ്രജനനം നടത്തി ജീവിച്ചു തീര്‍ക്കുന്ന ഒരു ആയുഷ്‌കാലമല്ല മനുഷ്യന് വേണ്ടത്. കുടുംബത്തിനും നാടിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന, നന്മകള്‍ അടുത്ത തലമുറക്ക് ബാക്കിവെക്കുന്ന ജീവിതം നയിക്കാന്‍ നാം ശ്രമിക്കണം. ഈ ജീവിതം അവസാനിക്കുന്നിടത്ത് പരലോക ജീവിതം തുടങ്ങുന്നു. അവിടെയും നന്മ നിറഞ്ഞ കാലമായിരിക്കണം. നമ്മുടെ ആയുസ്സ് എത്ര നീളുന്നുവോ അത്രയും നമുക്ക് വേണ്ടിയും നമ്മുടെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയും നന്മ ചെയ്യാനുളള അവസരം നാം ഉണ്ടാക്കണം. തിന്മയില്‍ നിന്നുള്ള മോചനമായിരിക്കുകയും വേണം. ഇതാണ് ഈ പ്രാര്‍ഥനയുടെ പൊരുള്‍.

അര്‍ഥവത്തായ ജീവിതം എന്നു പറയുന്നത് ഇതാണ്: ''സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും''(ക്വുര്‍ആന്‍ 18:46).

ഇതിലെ നിലനില്‍ക്കുന്ന കര്‍മങ്ങള്‍ എന്നതിന് വിശാലമായ അര്‍ഥമുണ്ട്. നാളെ പരലോകത്ത് നഷ്ടപ്പെടാതെ നമുക്ക് പ്രയോജനപ്പെടുന്ന സല്‍കര്‍മങ്ങള്‍, നാം മരിച്ചാല്‍ നാടിനും സമൂഹത്തിനും സര്‍വോപരി ദീനിനും പ്രയോജനപ്പെടുന്ന മക്കള്‍, കുടുംബം, നമ്മുടെ സേവന പ്രവര്‍ത്തനങ്ങള്‍, രചനകള്‍, നാം ജീവിച്ച കാലത്ത് നടപ്പിലാക്കിയ നല്ല കാര്യങ്ങള്‍, എന്നും നിലനില്‍ക്കുന്ന ദാനധര്‍മങ്ങള്‍ എന്നിങ്ങനെ അര്‍ഥ വ്യാപ്തിയുളള പദമാണിത്. നാം മരിച്ചാലും നമുക്ക് നന്മകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം ഈ പരിധിയില്‍ വരുന്നു.

അപ്പോള്‍ നമ്മുടെ സ്വന്തം ജീവിതകാലം നന്നായാല്‍ പോരാ, ഭാര്യാമക്കള്‍ക്കും മതാപിതാക്കള്‍ക്കും നല്‍കേണ്ട സ്‌നേഹവും നമ്മുടെ സാന്നിധ്യവും ശിക്ഷണവും കൊണ്ട് ജീവിതം ധന്യമാക്കണം. വായിച്ചും പഠിച്ചും അറിവുകള്‍ പകര്‍ന്നു കൊടുത്തും നാം നാളേക്കുവേണ്ടി നല്ലത് സമ്പാദിച്ചു വെക്കണം. ഇമാം നവവിയെ പോലുളള പണ്ഡിതശ്രേഷ്ഠര്‍ ബാക്കിവെച്ച അറിവിന്റെ അക്ഷരങ്ങള്‍ തലമുറകള്‍ക്ക് വെളിച്ചം നല്‍കുന്നു. കഴിഞ്ഞ നല്ല തലമുറ ചെയ്തുവെച്ച പ്രബോധന പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തിലാണ് നാം ഇന്ന് നടക്കുന്നത്. അവര്‍ തറയിട്ടു പടുത്തുയര്‍ത്തിയ അടിത്തറയിന്മേലാണ് നാം മുന്നോട്ട് പോകുന്നത്. നമുക്കും ഇതുപോലെ നമ്മുടെ കുടുംബത്തിനും രാജ്യത്തിനും നന്മകള്‍ ബാക്കിവെച്ച് യാത്രയാവാന്‍ കഴിയണം- അല്ലാഹു അനുഗ്രഹിക്കട്ടെ.