സ്വന്തത്തെ മറക്കാതിരിക്കുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

വലിയ തോതിലല്ലെങ്കിലും കുറെയൊക്കെ സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരാണ് നമ്മിലധികമാളുകളും. അവയാണ് പരലോകരക്ഷക്കു വേണ്ടി നമ്മുടെ പക്കലുള്ള നീക്കിയിരിപ്പ് എന്നതിനാല്‍ അതു നഷ്ടപ്പെടാതിരിക്കാന്‍ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

മക്കയില്‍ റീത്വ എന്നു പേരുള്ള ഒരു സ്ത്രീ ജീവിച്ചിരുന്നു. മനോരോഗിയും എന്നാല്‍ സമ്പന്നയുമായിരുന്നുവത്രെ ആ സ്ത്രീ. അഞ്ചാറു അടിമ സ്ത്രീകളും അവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. ആ സ്ത്രീയുടെ കല്‍പന പ്രകാരം ഈ അടിമകള്‍ ദിവസവും ഉച്ചനേരം വരെ ഇഴകളെടുത്ത് നൂലുകള്‍ പിരിച്ചുമുറുക്കാറുണ്ടായിരുന്നു. ഉച്ചക്കു ശേഷം ഈ പിരിച്ചുമുറുക്കി ബലപ്പെടുത്തിയ നൂലുകള്‍ പിരിയുടച്ച് ഇഴകളാക്കി മാറ്റുവാന്‍ ആ സ്ത്രീ തന്റെ വേലക്കാരായ അടിമസ്ത്രീകളോടു പറയും. എന്നും ഇതായിരുന്നു ആ സ്ത്രീയുടെ പതിവ്! ഇവര്‍ മാനസിക രോഗിയാണെന്നതിന്റെ തെളിവും ഇത് തന്നെ.

ക്വുര്‍ആനിലെ സൂറഃഅന്നഹ്ല്‍ 92ാം സൂക്തം ഒരു സ്ത്രീയെപ്പറ്റി ഉപമിക്കുന്നുണ്ട്: ''ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പല ഇഴകളാക്കി പിരിയുടച്ചുകളഞ്ഞ ഒരു സ്ത്രീയെപ്പോലെ നിങ്ങള്‍ ആകരുത്...'' ഈ പരാമര്‍ശം നേരത്തെ പറഞ്ഞ സ്ത്രീയെ സൂചിപ്പിക്കുന്നു എന്ന് ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചത് കാണാം.

കരാറുകള്‍ ലംഘിക്കുന്നതിനെപ്പറ്റി അല്ലാഹു നമ്മെ താക്കീതു ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഈ വചനം ക്വുര്‍ആനില്‍ കാണുന്നതെങ്കിലും ചെയ്ത നല്ല കാര്യങ്ങളെ നഷ്ടത്തിലാക്കുന്ന ഏതു സന്ദര്‍ഭത്തേക്കും ഈ ആശയം ബാധകമാണെന്ന് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ ചെയ്തുറപ്പിച്ച നല്ല കാര്യങ്ങള്‍ നഷ്ടപ്പെടാനിടവരുന്നത് നിസ്സാരകാര്യങ്ങള്‍ കാരണമായിരിക്കും. അഹങ്കാരം, പ്രതികാരം, നിരാശാബോധം, തോറ്റുകൊടുക്കാന്‍ പാടില്ലെന്ന ചിന്ത... ഇങ്ങനെ പലകാര്യങ്ങളാലും നന്മകള്‍ നഷ്ടപ്പെടുത്താന്‍ പലര്‍ക്കും മടിയില്ല.

വൈകുന്നേരം വരെ വെള്ളം കൊണ്ടുവന്ന കലം വൈകുന്നേരം കുത്തിയുടക്കുക എന്ന അര്‍ഥത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട് മലയാളത്തില്‍. വളരെ പണിപ്പെട്ട് ഒരു പാറക്കല്ല് എന്നും മലമുകളിലേക്ക് തള്ളിക്കയറ്റി ഒടുവില്‍ മലക്കുമുകളിലെത്തുമ്പോള്‍ ആ പാറക്കല്ല് താഴേക്ക് ഉരുട്ടിവിട്ട് അത് നോക്കി പൊട്ടിച്ചിരിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യം മലയാളികള്‍ക്ക് സുപരിചിതമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായിരുന്ന ഇതിഹാസ പുരുഷന്‍ നാറാണത്ത് ഭാന്തനും, മക്കയില്‍ ജീവിച്ചു എന്നു പറയപ്പെടുന്ന മനോരോഗിയായ റിത്വയും, ഗ്രീക്ക് പുരാണകഥയിലെ സിസിഫസ് എന്ന കഥാപാത്രവും ഒരേ സന്ദേശമാണ് നല്‍കുന്നത്. അധ്വാന ഫലങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ബുദ്ധിശൂന്യതയാണ് എന്ന സന്ദേശം.

''ഹേ, മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 84:6).

ആരുമിവിടെ അധ്വാനിക്കാതെ ജീവിക്കുന്നില്ല, അവ പലവിധത്തിലാകാം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍, അല്ലാത്ത മാര്‍ഗത്തില്‍, അനുവദനീയം, അനനുവദനീയം, നല്ലകാര്യങ്ങള്‍ക്ക്, നശീകരണങ്ങള്‍ക്ക് എന്നിങ്ങനെ പലരും പലവിധം അധ്വാനിക്കുന്നു. ഒരു മുസ്‌ലിമായ വിശ്വാസി അധ്വാനിക്കേണ്ടത് പരലോക രക്ഷക്ക് വേണ്ടിയാണ്. ആ അധ്വാനം പരലോകത്ത് ഉപകരിക്കാതെ പോകുന്നതാകരുത്.

''(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്‌നിയില്‍ അവ പ്രവേശിക്കുന്നതാണ്'' (88:1-4).

അതിനാല്‍ പണി നാം നഷ്ടപ്പെടുത്തരുത്. അപ്പോള്‍ അവ നഷ്ടത്തിലാകാതിരിക്കാന്‍ നാമെന്തുവേണം?

ഒന്ന്) ഭൗതികമായ നേട്ടങ്ങളില്‍ കണ്ണുവെച്ചു കൊണ്ട് നാം കര്‍മങ്ങള്‍ ചെയ്യരുത്. അത് ആരാധനാ കര്‍മങ്ങളാവട്ടെ, മത രംഗത്തുള്ള വിവിധ പ്രവര്‍ത്തനങ്ങളാവട്ടെ, സാമൂഹ്യസേവനങ്ങളാവട്ടെ; എല്ലാറ്റിലും അല്ലാഹുവിന്റെ പ്രീതിമാത്രം ഉദ്ദേശിക്കുക.

രണ്ട്) ചെയ്യുന്ന കാര്യങ്ങള്‍ പ്രമാണങ്ങളുടെ പിന്തുണയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. കേട്ടുകേള്‍വിയും നാട്ടുനടപ്പും അന്ധമായ അനുകരണവും സംഘടനാപരമായ അമിതാവേശവും നമ്മുടെ ഒരു പ്രവര്‍ത്തനങ്ങളുടെയും  അടിസ്ഥാനമാവരുത്. പ്രമാണങ്ങളില്‍ നിന്ന് വ്യക്തമായതാണെങ്കില്‍ ആ പ്രമാണങ്ങള്‍ മുറുകെ പിടിക്കണം. ക്വുര്‍ആനും നബിചര്യയുമാണ് നമ്മുടെ അടിസ്ഥാന പ്രമാണങ്ങള്‍. അവ അടിസ്ഥാനമാക്കി സച്ചരിതരായ പൂര്‍വികര്‍ ചെയ്തതാണ് നമ്മുടെ മാതൃക. അല്ലാഹു നിശ്ചയിച്ച പ്രമാണങ്ങള്‍ക്കെതിരായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്നതല്ല എന്ന് ഉറപ്പാണല്ലോ. മറിച്ചായാല്‍ ആ അധ്വാനങ്ങള്‍ നമുക്ക് നഷ്ടമായിരിക്കുന്നതല്ല. ഇനി കൂടിയാലോചിച്ചു ചെയ്യേണ്ടവയാണെങ്കില്‍ സത്യസന്ധമായി കൂടിയാലോചന നടത്തി ചെയ്യുക. ബാക്കി അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അതല്ലാതെ ഇന്ന വ്യക്തിക്കനുകൂലമാകണം, ഇന്നയാളെ എന്തുവന്നാലും എതിര്‍ക്കണം, ഇന്ന പക്ഷത്തെ പിന്തുണക്കണം എന്ന മുന്‍ധാരണ പൊതുകാര്യങ്ങളില്‍ ഉണ്ടായിക്കൂടാ. കാരണം അവ കര്‍മഫലം പരലോകത്ത് നഷ്ടപ്പെടാന്‍ ഇടവരുത്തുന്നതാണ്. എന്നാല്‍ ആത്മാര്‍ഥമായ ശ്രദ്ധയോടു കൂടിയുള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ തൃപ്തിയും സഹായവും ലഭിക്കുകയും ചെയ്യും.

മൂന്ന്) നാം ചെയ്യുന്ന സല്‍കര്‍മങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുത്തു വീട്ടിയതിനു ശേഷം പരലോകത്ത് പാപ്പരായി തീരുന്ന ചില അവസരങ്ങളെ സംബന്ധിച്ച് നബി ﷺ  പഠിപ്പിച്ചു തന്നിട്ടുണ്ട്.

അന്യരെപ്പറ്റി പരദൂഷണം പ്രചരിപ്പിക്കുക, ചീത്തവിളിച്ച് അപമാനിക്കുക, അന്യരുടെ ധനം തിന്നുക, രക്തം ചിന്തുക തുടങ്ങിയ ദുഷ്പ്രവൃത്തികള്‍ ചെയ്തവര്‍ എത്ര സല്‍കര്‍മങ്ങള്‍ ചെയ്തവരാണെങ്കിലും പരലോകത്ത് ആ സല്‍കര്‍മങ്ങളെടുത്ത് നാം കടം വീട്ടേണ്ടി വരും. കടം കൊടുക്കാതിരിക്കുന്നവരും കൊടുത്തു വീട്ടേണ്ടതായ സകാത്ത് തുടങ്ങിയ സമ്പത്ത് ബാക്കിവെച്ചു ജീവിക്കുന്നവരും പരലോകത്ത് സ്വന്തം സല്‍കര്‍മങ്ങളെടുത്ത് കടം വീട്ടേണ്ടി വരും. 'ഹദീഥുല്‍ മുഫ്‌ലിസ്' എന്നറിയപ്പെടുന്ന അന്ത്യദിനത്തില്‍ പാപ്പരായവനെപ്പറ്റി നബി ﷺ  വിശദീകരിക്കുന്ന ഒരു ഹദീഥ് മുസ്‌ലിം ഉദ്ധരിച്ചതിന്റെ ചുരുക്കമാണ് മേല്‍പ്പറഞ്ഞത്. വിവരണ ദൈര്‍ഘ്യം ഭയന്ന് ഹദീഥ് ഇവിടെ ചേര്‍ത്തിട്ടില്ല

നാല്) പര്‍വതം കണക്കെ ഗംഭീരമായ സല്‍കര്‍മങ്ങളുമായി അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്ന ഒരു വിഭാഗത്തെപ്പറ്റി നബി ﷺ  വിവരിച്ച മറ്റൊരു ഹദിഥ് ഇബ്‌നുമാജ ഉദ്ധരിച്ചത് സ്വഹീഹായി വന്നിട്ടുണ്ട്. ആ ഹദീഥിന്റെ ചുരുക്കം ഇതാണ്:

തിഹാമ മരുഭൂമിയിലെ വെളുത്ത വന്‍മലകള്‍ കണക്കെ സല്‍കര്‍മങ്ങളുമായി പരലോകത്ത് ഹാജറാക്കപ്പെടുന്ന ആളുകളെപ്പറ്റി നബി ﷺ  പറഞ്ഞു: എന്നിട്ട് ആ കര്‍മങ്ങളൊക്കെ അവരില്‍ നിന്ന് അല്ലാഹു സ്വീകരിക്കാതെ കാറ്റില്‍ പറത്തികളയും. നല്ല നല്ല സല്‍കര്‍മങ്ങള്‍ നിര്‍വഹിച്ചവരും നിശാ സമയങ്ങളില്‍ പോലും സല്‍കര്‍മങ്ങളില്‍ മുഴുകിയവരുമായിരുന്നു അവര്‍. പക്ഷേ, ആരുമറിയാതെ തനിച്ചാകുമ്പോള്‍,തക്കം കിട്ടുമ്പോള്‍ നിഷിദ്ധകാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല!

അതിനാല്‍ നാം ശ്രദ്ധിക്കുക! നാളേക്ക് വേണ്ടി കുറ്റം തീര്‍ത്ത് സല്‍കര്‍മങ്ങള്‍ വല്ലതും നാം ബാക്കിവെച്ചിട്ടുണ്ടോ? അത് പോരാ! ഈ കര്‍മങ്ങളുടെ ഫലം നഷ്ടപ്പെടുന്ന പ്രവൃത്തികള്‍ മനസാവാചാകര്‍മണാ നമ്മില്‍ നിന്ന് സംഭവിക്കാറുണ്ടോ? ഉണ്ടെങ്കില്‍ ഒന്നുമില്ലാത്തവരായി നാം പരലോകത്ത് ഹാജറാക്കപ്പെടുകയില്ലേ? അപ്പോള്‍ മതവും പടച്ചവനും ഇല്ലാതെ, ശരിയും തെറ്റും വേര്‍തിരിക്കാതെ തോന്നിവാസികളായി ജീവിച്ച് മരിച്ചവരും, ദീനിന്റെയും സല്‍കര്‍മങ്ങളുടെയും ആളുകളായി ജീവിച്ചു മരിച്ചവരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാവുമോ?

മത പ്രവര്‍ത്തന രംഗം ഇക്കാലത്ത് വളരെയധികം ശ്രദ്ധിച്ചു വേണം നാം കൈകാര്യം ചെയ്യാന്‍. പരസ്പരം പരിഹാസവും തെറിവിളികളും അന്യായമായ ആക്ഷേപങ്ങളും പാരയും വിദ്വേഷവും ഈ മേഖലയില്‍ ഏറിവരികയാണ്. തല്‍ക്കാലം ജയിക്കണമെന്നതിലുപരി നാളെ എല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന ബോധം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പരലോകത്തെ നഷ്ടം മാത്രമല്ല ഇഹലോകത്തുപോലും നഷ്ടം കണ്‍മുമ്പില്‍ കാണുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. നബി ﷺ യും സ്വഹാബത്തും സച്ചരിതരായ സലഫുസ്സ്വാലിഹുകളും കൈമാറിവന്ന ആദര്‍ശ സംഹിതകളില്‍ പൗരോഹിത്യത്തിന്റെ ഇടപെടല്‍ മൂലം ഒട്ടേറെ അന്ധവിശ്വാസങ്ങളും ജീര്‍ണതകളും കടന്നുകൂടി. മതനിരാസ ചിന്തകരുടെ നിഗൂഢ പ്രവര്‍ത്തനഫലമായി ക്വുര്‍ആന്‍ - ഹദീഥ് ദുര്‍വ്യാഖ്യാന സമീപനങ്ങളും ബുദ്ധിക്ക് നിരക്കാത്തത് തള്ളണമെന്ന അല്‍പജ്ഞാനികളുടെ ധാര്‍ഷ്ട്യവും വര്‍ധിച്ചുവരുന്നു. ഈ ബഹുമുഖ വെല്ലുവിളികള്‍ക്കിടയിലാണ് കേരളക്കരയില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനം ഒരു നൂറ്റാണ്ടുകാലം പിടിച്ചുനിന്ന് പ്രതിരോധിച്ചതും അതിജീവിച്ചതും.

കെ.എം. മൗലവി(റഹ്) മുതല്‍ കെ.പി. മുഹമ്മദ് മൗലവി(റഹ്)വരെയുള്ള ഒട്ടനേകം പണ്ഡിത നേതാക്കളാണ് ഈ സമുദായത്തെ നേരിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അങ്ങനെയാണ് ഇസ്വ്‌ലാഹി പ്രസ്ഥാനം കേരളക്കരയില്‍ ആദര്‍ശപ്രബോധനമാര്‍ഗത്തില്‍ ഉന്നതങ്ങളിലെത്തിയത്. അങ്ങനെയാണ് അന്ധവിശ്വാസങ്ങളുടെ ഇരുളുകളില്‍ നിന്ന് കേരളീയ സമൂഹം ഒരു പരിധി വരെയെങ്കിലും മുക്തിനേടിയത്. ആ ഔന്നത്യത്തെ താഴേക്ക് തള്ളിയിട്ട് അതു കണ്ട് ആസ്വദിക്കാന്‍ ആര്‍ക്കും ഇടം കൊടുക്കരുത് നാം.

ചുരുക്കത്തില്‍, നാം പ്രവൃത്തിക്കുന്നതൊന്നും നമുക്ക് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. നാളേക്കുവേണ്ടി നാം ഒരുക്കിവെച്ചത് എന്തെല്ലാമാണ് എന്ന് സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കണം. കുറഞ്ഞ ആയുഷ്‌കാലത്ത് മസില്‍പിടിച്ച് സ്വയം നശിക്കാതെ നാളേക്കുവേണ്ടി നമ്മുടെ സ്വന്തത്തിന്നും അടുത്ത തലമുറക്കുവേണ്ടി സമൂഹത്തിന്നും നന്മകള്‍ കരുതിവെക്കാന്‍ ഒന്നിക്കുക.

''സത്യവിശ്വാസികളേ... നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക ഓരോവ്യക്തിയും താന്‍ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തിട്ടുള്ളതെന്ന് നോക്കട്ടെ. നിങ്ങള്‍ അല്ലാഹുവെസൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷമമായി അറിയുന്നവനാണ്. അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പ്പോലെ നിങ്ങളാകരുത്. അത്മൂലം അല്ലാഹു അവര്‍ക്ക് തങ്ങളെപ്പറ്റിതന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.'' (ക്വുര്‍ആന്‍ 59:18,19)