വ്യക്തിയല്ല, പ്രസ്ഥാനം

കരുവള്ളി മുഹമ്മദ് മൗലവി

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

(കെ.എം മൗലവിയെപ്പറ്റി കരുവള്ളി എഴുതിയ ലേഖനം)

ഞാന്‍ വളരെയധികം ആദരിക്കുകയും സ്‌നേഹിക്കയും ചെയ്തിരുന്ന ഒരു മഹാനായിരുന്നു കെ.എം. മൗലവി സാഹിബ്. അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും പ്രബന്ധങ്ങളും എന്റെ മനസ്സിന്റെ ആഴം സ്പര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം ഒരു വ്യക്തി എന്നതിലധികം ഒരു പ്രസ്ഥാനമായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമാ, നദ്‌വത്തുല്‍ മുജാഹിദീന്‍, തിരൂരങ്ങാടി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും മറ്റും ആ പ്രസ്ഥാനത്തിന്റെ അന്തര്‍പ്രചോദനത്തില്‍ ആവേശം നേടിയവയാണ്. കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഗത്ഭ നേതാവായിരുന്നു മൗലവിസാഹിബെന്ന് പറയേണ്ടതില്ലല്ലോ. മതകാര്യങ്ങളെ സംബന്ധിച്ച അഗാധപാണ്ഡിത്യം, മിതഭാഷണം, ലളിതജീവിതം, സ്‌നേഹനിര്‍ഭരമായ പെരുമാറ്റം, നിഷ്‌ക്കളങ്ക മനോഭാവം ഇതെല്ലാം മൗലവി സാഹിബിന്റെ അനുകരണീയങ്ങളായ സവിശേഷതകളായിരുന്നു. ഒരിക്കല്‍ ബന്ധപ്പെടുവാന്‍ സാധിച്ച ആര്‍ക്കും അദ്ദേഹത്തെ വിസ്മരിക്കുവാന്‍ സാധിക്കയില്ല. അദ്ദേഹത്തിന്റെ സംസാരത്തിലും പ്രവൃത്തിയിലും സവിശേഷമായ ഒരു വശ്യശക്തിയുണ്ടായിരുന്നു. കാരണം അദ്ദേഹം സത്യമായി കരുതുന്ന കാര്യങ്ങള്‍ നിര്‍ഭയമായി തുറന്നു പറയുകയും പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമായി അന്വര്‍ഥമാക്കുകയും ചെയ്തിരുന്നു.

സമുദായത്തിന്റെ ഓരോ തുറയിലും അദ്ദേഹത്തിന്റെ അമൂല്യ ഉപദേശങ്ങള്‍ അനല്‍പവും അത്യഗാധവുമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമുദായ പരിഷ്‌ക്കരണത്തിന്റെ പല മണ്ഡലങ്ങളിലും അവിസ്മരണീയമായ വ്യക്തിമുദ്രകള്‍ പതിച്ച പ്രത്യുല്‍പന്നമതിയായ മൗലവി സാഹിബിന്റെ ജീവിതം കേരള മുസ്‌ലിം ചരിത്രത്തിലെ മറക്കാനാവാത്ത ഒരധ്യായമായി അവശേഷിക്കുമെന്നതില്‍ സംശയമില്ല. വേരുകള്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നു ദൃഢമായി നില്‍ക്കുന്ന ഒരു വൃക്ഷത്തെ, പുറമെ മാത്രം വേര് പരന്നുകിടക്കുന്ന ഒരു ചെടി പോലെ പിരിച്ചുവെക്കുക സാധ്യമല്ലല്ലോ. മൗലവി സാഹിബിന്റെ ഉപദേശം മായാതെയും മറയാതെയും നമ്മുടെ മുമ്പിലുണ്ടായിരിക്കും.

കാതിബ് എന്ന പേരിലാണ് മൗലവി സാഹിബിനെ ആദ്യം ഞാന്‍ കേട്ടറിഞ്ഞത്. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായ പങ്ക് വഹിച്ചതിന്റെ പേരില്‍ ബ്രിട്ടീഷുകാരുടെ ശിക്ഷക്ക് പാത്രമായ മൗലവി സാഹിബ് ഗവര്‍മെന്റിന്നു പിടികൊടുക്കാതെ കടന്നുപോയ സാഹസിക ശ്രമങ്ങളെപ്പറ്റി ഞാന്‍ ചെറിയ വിദ്യാര്‍ഥിയായ കാലത്ത് കേട്ടിരുന്നു. അതുപോലെ തന്നെ എന്റെ നാട്ടുകാരനായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി സാഹിബിനെ സംബന്ധിച്ചും പല വീരകഥകളും കേട്ടിരുന്നു. ഈ രണ്ടു മഹാന്മാരെയും നേരില്‍ കാണുന്നതിന്നു മുമ്പ്തന്നെ അവരുടെ പാണ്ഡിത്യത്തെയും ധീരകൃത്യങ്ങളെയും കുറിച്ചുള്ള വിവരണം എന്റെ മനസ്സില്‍ അവരെപ്പറ്റി വലിയ മതിപ്പുളവാക്കിയിരുന്നു. ഈ രണ്ടു മഹാന്മാരും സ്വാതന്ത്ര്യസമരത്തിലെ വീരഭടന്മാരായി വിവരിക്കപ്പെട്ടിരുന്നു. ഞാന്‍ അപ്പര്‍പ്രൈമറി വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഈ മഹാന്മാരുടെ പേരിലുള്ള നിരോധനാജ്ഞ പിന്‍വലിക്കപ്പെട്ടിരിക്കുന്നു എന്നും വിലക്കപ്പെട്ട സ്വദേശത്തേക്ക് തിരിച്ചുവരുന്നതിന്നു വിരോധമില്ലെന്നും അധികൃതന്മാര്‍ ഉത്തരവിട്ടത്. മുമ്പ് കണ്ട് മുഖപരിചയമില്ലാത്തവരും എന്നാല്‍ ഞാന്‍ മനസാ ബഹുമാനിക്കുന്നവരുമായ ഈ മഹാന്മാരെ നേരില്‍ കാണുവാന്‍ എനിക്ക് ആഗ്രഹം അധികരിച്ചുവന്നു.

നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്കുള്ള കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ തിരിച്ചുവരവ് കേവലം അവിചാരിതവും അപ്രതീക്ഷിതവുമായ ഒരു സന്ദര്‍ഭത്തിലായിരുന്നു. നാട്ടിലെത്തുമെന്നു കേട്ടിരുന്നതിലും രണ്ടു ദിവസം മുമ്പ്-ആ സന്ദര്‍ഭം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. പാടവും തോടും കടന്നിട്ടുവേണം ഞാന്‍ പഠിച്ചിരുന്ന റോട്ടുവക്കിലൂള്ള വിദ്യാലയത്തിലെത്തുവാന്‍. പതിവുപോലെ അന്നും പഠനം തുടങ്ങുന്നതിന്നുമുമ്പ് വിദ്യാലയാങ്കണത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത് റോട്ടില്‍ ഒരു കാര്‍ വന്നുനിന്നു. ഇന്നത്തെപ്പോലെ അന്നു മോട്ടോര്‍കാര്‍ അത്ര സുലഭമായിരുന്നില്ല. കൗതുകത്തോടെ ഞങ്ങള്‍ കാറിന്റെ സമീപം ചെന്നപ്പോള്‍ ഗൗരവക്കാരനായ ഒരാള്‍ അതില്‍ നിന്നിറങ്ങുന്നത് കണ്ടു. കറുത്ത ആകാരം, കുര്‍ത്തദൃഷ്ടി, വട്ടത്താടി, ഇസ്തിരിയിട്ട ഖദര്‍വസ്ത്രം, കയ്യിലൊരു വടി. കാറില്‍ നിന്നിറങ്ങിയ ആളുടെ സാമാന്യ വിവരണമാണിത്. ഞാന്‍ കാണുവാന്‍ ആഗ്രഹിക്കുന്ന കട്ടിലശ്ശേരിയാണതെന്നു ഗ്രഹിക്കുവാന്‍ അധികം പ്രയാസമുണ്ടായില്ല. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരം അദ്ദേഹത്തിന്നു സന്തോഷം ജനിപ്പിച്ചപോലെ തോന്നി. ഞങ്ങളുടെ നാട്ടിലെ ഖാസിയും ഖത്വീബുമായ എന്റെ പിതാവ് തന്റെ ഏക പുത്രനെ സ്‌കൂളിലയക്കുന്നതില്‍ വിരോധക്കാരനല്ല എന്നതായിരുന്നു അദ്ദേഹത്തെ സന്തോഷിപ്പിച്ചതെന്നു പിന്നീടൊരിക്കല്‍ അദ്ദേഹം എന്നോടു പറയുകയുണ്ടായി.

കട്ടിലശ്ശേരിയെ കണ്ടുവെങ്കിലും കാതിബിനെ കാണുവാന്‍ എനിക്ക് തരപ്പെട്ടില്ല. അങ്ങനെയിരിക്കെയാണ് മലപ്പുറത്ത് ഒരു യോഗത്തില്‍ അദ്ദേഹം സംബന്ധിക്കുന്നു എന്നു കേട്ടത്. അദ്ദേഹത്തെ നേരില്‍ കാണുവാനും പ്രസംഗം കേള്‍ക്കുവാനുമായി അഞ്ചുനാഴിക മലപ്പുറത്തേക്കു നടക്കുവാന്‍ തീര്‍ച്ചയാക്കി. യോഗസ്ഥലത്തെത്തി അദ്ദേഹത്തെ നേരില്‍ കാണുകയും പ്രസംഗം ശ്രദ്ധിക്കുകയും ചെയ്തു സന്തുഷ്ടനായി മടങ്ങി. അന്ധവിശ്വാസങ്ങളെ വെടിഞ്ഞു വിദ്യാഭ്യാസപരവും സാംസ്‌കാരികമായും സമുദായം ഉയരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രസംഗം. അതൊരു തീപ്പൊരി പ്രസംഗമായിരുന്നില്ല, മേശക്കടിയോ മുഷ്ടിചുരുട്ടലോ വെച്ചുകെട്ടലോ ഏറ്റിപ്പറയലോ ആ പ്രസംഗത്തിന്നുണ്ടായിരുന്നില്ല. തികഞ്ഞ ആത്മാര്‍ഥതയോടുകൂടിയ കാര്യപ്രസക്തമായ ഒരു മിതഭാഷണമായിരുന്നു അത്. പിന്നീട് പല സന്ദര്‍ഭങ്ങളിലായി മൗലവിസാഹിബിന്റെ ഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി. 

ഞാനൊരു അധ്യാപകനായി ജോലി ആരംഭിച്ചതോടെ മൗലവി സാഹിബുമായി പല ഘട്ടങ്ങളിലും അടുത്തു പരിചയിക്കുവാന്‍ സാധിച്ചു. അദ്ദേഹം അധ്യക്ഷനായ പല യോഗങ്ങളിലും സംബന്ധിക്കുവാനും സംസാരിക്കുവാനും എനിക്ക് സന്ദര്‍ഭമുണ്ടായിട്ടുണ്ട്. അറബിഅധ്യാപകന്മാരുടെ കാര്യത്തിലും അറബി പഠനകാര്യത്തിലും അദ്ദേഹത്തിന്നു വളരെ പ്രതിപത്തിയുണ്ടായിരുന്നു. അറബി അധ്യാപകര്‍ക്ക് നിയമാനുസൃതമായ പരിധിയില്‍നിന്നുകൊണ്ടുതന്നെ സമുദായത്തിന്നു വളരെയധികം സേവനം ചെയ്യുവാന്‍ സാധിക്കുമെന്നുള്ള വിശ്വാസക്കാരനായിരുന്നു മൗലവി സാഹിബ്. നാലുകൊല്ലം മുമ്പ് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ മലപ്പുറംജില്ലാ വാര്‍ഷികം തിരൂരങ്ങാടി യതീംഖാനാ അങ്കണത്തില്‍ വെച്ച് ചേരുകയുണ്ടായി. ആ യോഗം ഉല്‍ഘാടനം ചെയ്യുന്നതിന്നായി മൗലവിസാഹിബിനോട് അപേക്ഷിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ യാതൊരു വൈമനസ്യവും കാണിക്കാതെ സസന്തോഷം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു. അന്നു ശാരീരികമായി അസ്വാസ്ഥ്യം കാരണം ഉല്‍ഘാടന പ്രസംഗം എഴുതി അയച്ചാല്‍ മതി എന്നു ഞാന്‍ പറഞ്ഞെങ്കിലും യോഗത്തില്‍ നേരിട്ടു സംബന്ധിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണ് ചെയ്തത്. പരസഹായമില്ലാതെ പുറത്തിറങ്ങുവാന്‍ പ്രയാസമായിരുന്ന ആ ഘട്ടത്തിലും അറബി അധ്യാപകരോടുള്ള അദ്ദേഹത്തിന്റെ മമത വ്യക്തമായി കാണാമായിരുന്നു. അന്നെല്ലാം അദ്ദേഹം പങ്കെടുക്കേണ്ടുന്ന കമ്മറ്റിയോഗങ്ങള്‍ മിക്കതും അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം സ്വവസതിയില്‍ വെച്ചായിരുന്നു ചേര്‍ന്നിരുന്നതെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഉല്‍ഘാടന പ്രസംഗം എഴുതി തന്നാല്‍ മതി എന്നു അപേക്ഷിച്ചത്. എന്നാല്‍ തന്റെ ആരോഗ്യനില അവഗണിച്ചുകൊണ്ട് അറബി അധ്യാപകരുടെ സമ്മേളനത്തില്‍ സംബന്ധിച്ചു അറബിയില്‍ നല്ല ഒരു ഉല്‍ഘാടന പ്രസംഗം നടത്തുകയുണ്ടായി. അറബിയില്‍ ഒരു മാസിക പുറത്തിറക്കുന്നതിന്റെ സാധ്യതയെ സംബന്ധിച്ചും മറ്റും രണ്ടുകൊല്ലം മുമ്പ് ഞാന്‍ മൗലവിസാഹിബുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം സന്തോഷഭരിതനായി കാണപ്പെട്ടു. വേണ്ട ഉപദേശങ്ങളും പ്രേരണകളും നല്‍കുകയുണ്ടായി. മാത്രമല്ല, നല്ല ഒരു അനുമോദന സന്ദേശം വഴി അല്‍ബുഷ്‌റായെ അദ്ദേഹം ആശിര്‍വദിച്ചത് അതിന്റെ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കാം. അങ്ങനെ കേരളത്തിലെ അറബി ഭാഷാപ്രേമികളുടെ സ്‌നേഹാദരവുകള്‍ നേടിയ മൗലവിയുടെ നിര്യാണം അറബി അധ്യാപകരെ അപാരമായ വേദനയിലാഴ്ത്തുകയുണ്ടായി. അറബി അധ്യാപക ഫെഡറേഷന്റെ എല്ലാ ശാഖകളും അനുശോചനയോഗങ്ങളും പ്രമേയങ്ങളുംവഴി അവരുടെ വ്യസനവും ആദരവും പ്രകടിപ്പിക്കുകയുമുണ്ടായിട്ടുണ്ട്.