നേര്‍ച്ചക്കാരുടെ കോഴിയും ആയില്യത്തിലെ കല്ലന്‍ മുളയും

മര്‍യം ഹിബ യൂസുഫ്

2018 ആഗസ്ത് 25 1439 ദുല്‍ഹിജ്ജ 13

'എന്റെ മുഹ്‌യിദ്ദീനേ...' എന്ന നിലവിളി കേട്ടാണ് ഞാന്‍ വീടിനു പുറത്തേക്കിറങ്ങിയത്. എനിക്കന്ന് പ്രായം ആറ് അല്ലെങ്കില്‍ ഏഴ് വയസ്സ്. കാര്യങ്ങള്‍ വ്യക്തമായി തിരിച്ചറിയാനുള്ള പ്രായമൊന്നും ആയിട്ടില്ലെങ്കിലും വല്യുമ്മയുടെ ആ അട്ടഹാസത്തിനു പിന്നിലെ കാരണം എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

അയല്‍പക്കത്തെ വീടിന്റെ പറമ്പില്‍നിന്നും പന്ത്രണ്ട് അടി ഉയരത്തില്‍ അട്ടഹസിച്ച് നാട്ടുകാരെ മുഴുവന്‍ അറിയിച്ചുകൊണ്ട് പറന്നുപൊങ്ങി വരിയാണ് ഞങ്ങളുടെ വീട്ടിലെ കൂറ്റന്‍ കരിങ്കോഴി.

'എന്റെ നേര്‍ച്ചക്കാരേ...നിന്റെ കോഴിയെ എറിഞ്ഞവര്‍ക്ക് നീതന്നെ കൊടുക്ക്, കയ്യോടെ കൊടുക്ക്, ഒട്ടും അമാന്തിക്കല്ലേ...' വല്യുമ്മയുടെ നിലവിളിയും പിച്ചുംപേയും തുടര്‍ന്നുകൊണ്ടേയിരുന്നു.

അയലത്തെ പറമ്പില്‍ പിടക്കോഴികള്‍ക്കിടയില്‍ നേതാവായി ചമഞ്ഞ് ചികയല്‍ പ്രക്രിയക്ക് നേതൃത്വം നല്‍കിക്കൊണ്ടിരുന്ന ഞങ്ങളുടെ വീട്ടിലെ കരിങ്കോഴിയെ അയലത്തെ വീട്ടിലെ നായരമ്മച്ചി എറിഞ്ഞുതുരത്താന്‍ ശ്രമിച്ചതിന്റെ പ്രതിഷേധസ്വരമാണ് ഈ കേട്ടുകൊണ്ടിരിക്കുന്നത്.

വല്യുമ്മയുടെ ഈ അട്ടഹാസത്തിനും നിലവിളിക്കും ചില പ്രത്യേക കാരണങ്ങള്‍ കൂടിയുണ്ട്. അതാണ് വിഷയത്തിന്റെ കാതലും.

ഞങ്ങളുടെ കുടുംബത്തിനെ ബാധിക്കാന്‍ സാധ്യതയുള്ള എല്ലാവിധ ബലാല്‍ മുസ്വീബത്തുകളും ഈ കരിങ്കോഴിയിലൂടെ പ്രതിരോധിച്ചിരിക്കുകയാണത്രെ...!

വെറും സാധാരണ പ്രതിരോധമാണന്ന് കരുതണ്ട. അങ്ങ് ബാഗ്ദാദിലെ മണ്ണറക്കുള്ളില്‍ 'എല്ലാം കണ്ടും കേട്ടു'മിരിക്കുന്ന ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ക്വാദിര്‍ ജീലാനി തങ്ങളുടെ പ്രത്യേക സംരക്ഷണവും തിരുനോട്ടവും കരസ്ഥമാക്കാന്‍ നേര്‍ച്ചയാക്കി വിട്ടിരുന്ന അഴകാര്‍ന്ന കരിങ്കോഴിയെയാണ് അയലത്തുകാരി എറിഞ്ഞാട്ടിയിരിക്കുന്നതെന്ന് പ്രത്യേകം മനസ്സിലാക്കണം.

വല്യുമ്മ ഉറഞ്ഞുതുള്ളുകയാണ്. അവരുടെ കണ്ണുകള്‍ ചുവന്നു തുടുത്തിട്ടുണ്ട്. നിയന്ത്രിക്കാനാവാത്ത അരിശം കാരണം അവരുടെ വായിലെ വെറ്റില മുറുക്കാന്റെ അംശങ്ങള്‍ നിയന്ത്രണാതീതമായി പുറത്തേക്ക് ചാടി വെള്ളക്കുപ്പായത്തിന്റെ പുറത്തുകൂടി താഴേക്ക് പ്രവഹിക്കുന്നുണ്ട്. നായരമ്മച്ചിയെ കഷായം വെച്ചുകൊടുത്താല്‍ ഒറ്റവലിക്ക് കുടിക്കുന്നത്ര വാശിയിലാണവര്‍.

എന്തായാലും ഈ അന്തരീക്ഷത്തില്‍നിന്നും വല്യുമ്മയെ മോചിപ്പിക്കണമെങ്കില്‍ ഇനി ദിവസങ്ങള്‍ തന്നെ വേണ്ടിവരുമെന്ന് ഉറപ്പാണ്. എല്ലാ ബലാലും ആപത്ത്, ഇടങ്ങേറ്, മുസ്വീബത്തില്‍ നിന്നും മക്കളെയും കൊച്ചുമക്കളെയും സംരക്ഷിക്കാന്‍ ശൈഖ് ജീലാനിക്ക് സമര്‍പ്പിച്ച ചെറിയ ഒരു കൈക്കൂലി ആയിരുന്നു ഈ കരിങ്കോഴി. നേര്‍ച്ചക്കാരുടെ പേരിലുള്ള കോഴി/ആടുമാടുകളെ കല്ലെറിഞ്ഞവര്‍ക്ക് വന്നുഭവിച്ച ഭൂതകാല ദുരന്തങ്ങളും വല്യുമ്മ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

നേര്‍ച്ചക്കോഴിയെ കൂടടക്കം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച താമരക്കുളത്തുകാരന്‍ അബ്ദുല്‍ റസാഖിന്റെ കട്ടവണ്ടി റയില്‍വേ ക്രോസിന്റെ ഇറക്കില്‍ കൊക്കയിലേക്ക് മറിയുകയും അയാളുടെ കാലുകള്‍ പലയിടത്തും ഒടിയുകയും ചെയ്തതിന്റെ കഥ വല്യുമ്മ പറയുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് ഞങ്ങള്‍ കൊച്ചുമക്കള്‍ ശ്രവിച്ചിരുന്നു. 

നേര്‍ച്ചക്കാരുടെ കോഴികള്‍ ഞങ്ങളുടെ നേരെ കൊത്താന്‍ വരുന്നതായി അന്ന് രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലുള്ള വല്യുമ്മയുടെ കഥ പറച്ചിലില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു.

ജീലാനി ശൈഖിന്റെ പേരില്‍ നേര്‍ച്ചയാക്കിയിരുന്ന മുട്ടനാടിനെ അറുത്ത് പാകം ചെയ്തപ്പോള്‍ ഇറച്ചിക്കൊതി നിയന്ത്രിക്കാനാവാതെ പ്രാര്‍ഥന തീരും മുമ്പ് ആരും കാണാതെ ചെമ്പില്‍നിന്നും കോരിത്തിന്നാന്‍ ശ്രമിച്ച വടക്കേപറമ്പിലെ അടുക്കളക്കാരി പാത്തുമ്മാക്ക് അജീര്‍ണം വന്ന് വയര്‍പെരുത്ത കഥയും വല്യുമ്മ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചു. നേര്‍ച്ചക്കാരുടെ ശാപകോപത്തിനിരയായ പാത്തുമ്മ പിന്നീട് 'ആലംദുനിയാവില്‍' പെടാനൊരു പാടുമില്ലെന്ന് വല്യുമ്മ നിസ്‌ക്കാരപ്പായയില്‍ അടിച്ച് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഭീതിയാല്‍ വിറവിറച്ചു. വടക്കേ മലബാറില്‍നിന്നോ മറ്റോ നാട്ടിലെത്തി പള്ളിയുടെ മാളികപ്പുറത്തിരുപ്പുറപ്പിച്ചിരുന്ന കുഞ്ഞുമോയീന്‍ തങ്ങളെ ഉപ്പാപ്പ പോയി രായ്ക്കുരാമാനം കൂട്ടിവന്നതിന്റെയും കുന്തിരിക്കം, സാമ്പ്രാണി പുകപടലങ്ങളുടെ അകമ്പടിയോടെ കുഞ്ഞുമോയീന്‍ തങ്ങള്‍ നിരവധി കരിക്കുകള്‍ അജീര്‍ണം വന്ന് ഉദരം പെരുത്ത പാത്തുമ്മായുടെ ഇരുവശവും വെച്ച് വെട്ടി ഉഴിഞ്ഞ് രോഗശാന്തി വരുത്തിയതിന്റെയുമെല്ലാം വിവരണം ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു. പാത്തുമ്മക്ക് വേണ്ടി വെട്ടി ഉഴിഞ്ഞ കരിക്കുകള്‍ അറബിക്കടലില്‍ ഒഴുക്കാന്‍പോയി പനിപിടിച്ചു കിടന്ന വല്യമാമയുടെ കഥയും ഞങ്ങള്‍ അന്നാദ്യമായി കേട്ടു.

ഈ സമയം ഞങ്ങളുടെയെല്ലാം കണ്ണുകള്‍ ഞങ്ങളില്‍ ഇളയവനായ ചെറിയ മമ്മദിലേക്കായിരുന്നു. കാരണം അവനാണല്ലോ നേരവും കാലവും മനസ്സിലാക്കാതെ തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കരഞ്ഞാര്‍ത്തു വിളിക്കുന്നത്. അടുക്കളക്കാരി പാത്തുമ്മായെ ബാധിച്ച അജീര്‍ണം ചെറിയ മമ്മദിനെ ബാധിക്കാനുള്ള സാധ്യതകളായിരുന്നു ഞങ്ങളുടെ മനസ്സില്‍.

 വീടിന്റെ മുന്‍വശത്ത് ഇടതൂര്‍ന്ന്‌വളരുന്ന കല്ലന്‍മുളകളുടെ രഹസ്യവും വല്യുമ്മ പറഞ്ഞുതന്നു. നേരത്തെ നേര്‍ച്ചക്കോഴിയെ എറിഞ്ഞുപറത്തിയ തൊട്ടടുത്ത വീട്ടിലെ നായരമ്മച്ചി ആയില്യം നക്ഷത്രത്തില്‍ പിറന്നവളാണത്രെ. അയലത്ത് ആയില്യം നാളില്‍ പിറന്നവരുണ്ടെങ്കില്‍ അത് കൊടിയശര്‍റിന് (ഉപദ്രവത്തിന്) ഹേതുവാകുമെന്ന് ബല്ല്യമൂത്താപ്പായുടെ 'ത്വല്‍സമാത്തി'ന്റെ കണക്കില്‍ വ്യക്തമായിട്ടുണ്ടത്രെ. അങ്ങനെ മൂത്താപ്പയുടെയും കൊച്ചാപ്പമാരുടെയും കാവലിന് വേണ്ടിയാണത്രെ ഈ കല്ലന്‍മുള പ്രയോഗം.

അങ്ങേവീട്ടിലെ ഇരുമതിലുകള്‍ക്കിടയില്‍ ഇനിയും വെട്ടിമാറ്റാതെ നില്‍ക്കുന്ന ആഞ്ഞിലി മരത്തിന്റെ രഹസ്യവും അന്നുരാത്രി വല്യുമ്മ ഞങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കി. അത് ഒരിക്കലും വെട്ടുകത്തി, കോടാലി പോലുള്ള ആയുധങ്ങള്‍കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ലെന്ന് ഉപ്പാപ്പക്കൊപ്പം പണ്ടെങ്ങോ ലക്ഷദ്വീപില്‍ നിന്നെത്തിയ കുഞ്ഞിതങ്ങള്‍ ഉപദേശിച്ചിട്ടുണ്ടത്രെ! പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത നിലയിലുള്ള ഏതോ സ്ഥാനത്ത് മുളച്ചുനില്‍ക്കുന്ന ഈ ആഞ്ഞിലിമരത്തില്‍ കുടിയിരിക്കുന്ന ഇഫ്‌രീത്തിനെപ്പറ്റിയുള്ള ചിന്തകള്‍ ഞങ്ങളുടെ ഉള്ളുകളില്‍ കൊള്ളിയാന്‍ മിന്നിച്ചു.

അങ്ങനെയിരിക്കെ ഒരുദിവസം നാട്ടിലാകെ കൊടുങ്കാറ്റും പേമാരിയും രൂക്ഷമായി. ഒരാഴ്ചയായി വീട്ടില്‍നിന്നും പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത തരത്തില്‍ ശക്തമായ പേമാരി, വെള്ളപ്പൊക്കം. 

'ന്റെ നേര്‍ച്ചക്കാരേ... ഞങ്ങളെ കാക്കണേ...' എന്ന വിളികളായിരുന്നു വീട്ടിനുള്ളില്‍ നിറയെ.

അന്ന് രാത്രിയില്‍ ഒരു ഭയങ്കര ശബ്ദം കേട്ടു. അയലത്തെ വീട്ടിലെ മതിലുകള്‍ക്കിടയില്‍ ആയുധംകൊണ്ട് ചൂണ്ടുകപോലും ചെയ്യാതെ സംരക്ഷിച്ചു വളര്‍ത്തിയിരുന്ന ആഞ്ഞിലിമരം ശക്തമായ കാറ്റില്‍ നിലം പതിച്ചിരിക്കുന്നു. ഇത്രയും കാലം ആഞ്ഞിലിമരത്തെ ആറ്റുനോറ്റ് സംരക്ഷിച്ചു വളര്‍ത്തിയിരുന്ന അയലത്തെ ഖാദര്‍ക്കായുടെ കുടുംബ വീട്ടിന്റെ പുറത്തേക്ക് തന്നെയാണ് ആഞ്ഞിലി മറിഞ്ഞിരിക്കുന്നത്. വീടിന്റെ മേല്‍ക്കൂര മുഴുവനും തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. വീട്ടുകാര്‍ നല്ല ഉറക്കത്തിലായിരുന്നുവെങ്കിലും അവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക് പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും കൊടുക്കാതിരുന്ന നല്ല കാതലുള്ള ആഞ്ഞിലിമരം വിറകുവില്‍പനക്കാരന്‍ റഷീദ്കുട്ടി ഏതാനും നൂറിന്റെ നോട്ടുകള്‍ക്ക് പകരമായി സ്വന്തമാക്കുന്നതിന് ഞാന്‍ സാക്ഷിയായി.മരത്തില്‍ സീറ്റുറപ്പിച്ചിരുന്ന ജിന്ന്, ഇഫ്‌രീത്തുകള്‍ക്ക് എന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടാകുമോയെന്നായിരുന്നു എന്റെ ചിന്ത. അന്നു രാത്രി ഞാനാദ്യമായി കേട്ടു, വല്യുമ്മയുടെ മനസ്സില്‍ തട്ടിയുള്ള വിളി; 'എന്റെ രാജസെയ്യിദായ റബ്ബേ... എന്റെ കുഞ്ഞുങ്ങളെ കാക്കേണമേ...എല്ലാം നിന്റെ പക്കലമാനം...'

എന്തായിരുന്നു വല്യമ്മ ആ പറഞ്ഞത്? എനിക്കൊന്നും മനസ്സിലായില്ല!

കാലം പിന്നെയും മുന്നോട്ടുപോയി. ബാപ്പയും മൂത്താപ്പയും കൊച്ചാപ്പയുമെല്ലാം അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി യാത്രയായി. ഒരു പെരുമഴക്കാലത്തായിരുന്നു മൂത്താപ്പയുടെ മരണം. മരണവാര്‍ത്തയറിഞ്ഞ് ബന്ധുക്കള്‍ കൂട്ടം കൂട്ടമായി വീട്ടിലേക്കൊഴുകി. ജിന്നിനെയും ഇഫ്‌രീത്തിനെയും പിടിച്ചുകെട്ടി നിലക്കുനിര്‍ത്തിയ നാട്ടിലെ പേരുകേട്ട തങ്ങള്‍പ്പാപ്പ കൂടിയായിരുന്ന മൂത്താപ്പയുടെ മരണത്തില്‍ കണ്ണീരിന്റെ മഴ പെയ്തുവെന്നായിരുന്നു ചിലരൊക്കെ അടക്കം പറഞ്ഞത്...! എനിക്കൊന്നും മനസ്സിലായില്ല.

പെരുമഴക്കാലമായിട്ടും മൂത്താപ്പയുടെ മരണദിനത്തില്‍ വീട്ടിലേക്കൊഴുകിയെത്തിയ ജനബാഹുല്യം എന്റെ മനസ്സില്‍നിന്നും മാഞ്ഞുപോയിട്ടില്ല. മരണദിനം വീട്ടിലെത്തിയവര്‍ക്ക് മഴനനയാതെ കയറിനില്‍ക്കാന്‍ മുറ്റത്ത് പ്രത്യേകം പന്തല്‍ കെട്ടേണ്ടിവന്നു. 

അയലത്തെ നായരമ്മച്ചിയുടെ ആയില്യം ദോഷത്തില്‍നിന്നും രക്ഷനേടാന്‍ മൂത്താപ്പയും കൊച്ചാപ്പയും കാലങ്ങളായി വീടിന്റെ മൂലയില്‍ സംരക്ഷിച്ചു വളര്‍ത്തിയിരുന്ന മുളമരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി അയല്‍വാസികളും ബന്ധുക്കളും വെട്ടിവീഴ്ത്തി. നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിശ്രമം മൂലം നിമിഷങ്ങള്‍ കൊണ്ട് വീട്ടുമുറ്റത്തൊരു ചെറു പന്തല്‍ ഉയര്‍ന്നു.

പിന്നെയും കാലങ്ങള്‍ മുന്നോട്ടുപോയി. ആയില്യം നാളിന്റെ ശാപമോക്ഷത്തിനുവേണ്ടി വീട്ടുമുറ്റത്ത് കല്ലന്‍ മുള വളര്‍ത്തി സംരക്ഷിച്ച മൂത്താപ്പയും കൊച്ചാപ്പയുമെല്ലാം ഓര്‍മകളായി. ആയില്യം നക്ഷത്രത്തിന്റെ കോപബാധ ഭയന്ന് വീട്ടുമുറ്റത്ത് കല്ലന്‍മുള വളര്‍ത്താന്‍ കാരണക്കാരിയായ നായരമ്മച്ചിക്ക് ഇന്നും നല്ല ആരോഗ്യം. പ്രായം ഏറിയിട്ടുണ്ടെങ്കിലും നായരമ്മയുടെ ഉഷാറിനും ഉത്സാഹത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. പതിവുപോലെ അവര്‍ ഇന്നുംഅവരുടെ വീട്ടുജോലികളില്‍ വ്യാപൃതയാണ്. നേരത്തെ കല്ലന്‍മുള തഴച്ചുവളര്‍ന്നിടത്ത് ഇന്ന് ബഹുനിലക്കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.

അയലത്തെ പറമ്പില്‍നിന്നും ആര്‍ത്തട്ടഹസിച്ച് ഉയര്‍ന്ന് പറന്നുവരുന്ന കരിങ്കോഴിയും പള്ളിപ്പറമ്പില്‍ മൈലാഞ്ചിവള്ളികള്‍ക്കടിയില്‍ ഇതൊന്നുമറിയാതെ വിശ്രമിക്കുന്ന വല്യുമ്മയുടെ അട്ടഹാസവും ഓര്‍മപ്പെടുത്തിക്കൊണ്ട് നായരമ്മച്ചി എന്റെ മുന്നില്‍ കൂടി കടന്നുപോകുന്നു ഇപ്പോഴും. 

അന്ധവിശ്വാസങ്ങളുടെ ഘനാന്ധകാരങ്ങളില്‍ അകപ്പെട്ടാല്‍ വെളിച്ചത്തിലേക്ക്‌വരല്‍ പ്രയാസകരം തെന്നയാണ്. ഇന്നും ഇത്തരത്തിലുള്ള അബദ്ധവിശ്വാസങ്ങളുടെ ഭാണ്ഡവും പേറി പ്രയാസപ്പെട്ടു ജീവിക്കുന്നവര്‍ കുറച്ചൊന്നുമല്ല ഉള്ളത്.