ക്വുര്‍ആനും സമ്പദ്‌വ്യവസ്ഥയും

മൗലാനാ അബുല്‍കലാം ആസാദ്

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02

ലോകത്ത് ഐശ്വര്യവും അതിന്റെ മാര്‍ഗങ്ങളും ചിലര്‍ക്ക് പ്രത്യേകം കുത്തകയാക്കിവെക്കുക എന്ന 'ഇഹ്തികാര്‍' അതിന്റെ ഏറ്റവും അങ്ങേയറ്റത്ത് എത്തിയിട്ടുണ്ടായിരുന്നു. അതിനാല്‍ അതിന് ഒരു മാറ്റം വരേണ്ടത് ഒഴിച്ചുകൂടുവാന്‍ നിവൃത്തിയില്ലാത്ത അത്യാവശ്യമായി ഭവിച്ചു. അങ്ങനെയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ആധുനിക സോഷ്യലിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഉദ്ഭവിച്ചത്. ഇപ്പോള്‍ അത് കമ്യൂണിസത്തിന്റെ ഏറ്റവും അങ്ങേ അറ്റത്തിലുള്ള രൂപം സ്വീകരിച്ചിരിക്കുന്നു. പതിനഞ്ചു കൊല്ലത്തിനുമുമ്പേ റഷ്യയില്‍ അതിന്റെ പ്രഥമ പരീക്ഷ ആവിര്‍ഭവിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ചോദ്യം ഇതാണ്: ക്വുര്‍ആനിന്റെ പ്രബോധനം മുതലാളിത്തത്തിന്റെ ദോഷങ്ങളെ നശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതും സമ്പത്തിന്റെ വിതരണത്തെ സംരക്ഷിക്കുന്നതുമാകുന്നുവെങ്കില്‍ സോഷ്യലിസം ഏതു ഭാഗത്തേക്ക് പോകുന്നുവോ അവിടേക്ക് തന്നെയാണ് ക്വുര്‍ആനിന്റെ ഉപദേശലക്ഷ്യവും പോകുന്നത് എന്ന് മനസ്സിലാക്കുവാന്‍ മാര്‍ഗമില്ലയോ? സംശയം കൂടാതെ അങ്ങനെ ധരിക്കുവാന്‍ മാര്‍ഗമുണ്ട്. പക്ഷേ, ഒരു പ്രത്യേക ഡിഗ്രിയോളം മാത്രമെ പോവുകയുള്ളൂ. അതിന്റെ യഥാര്‍ഥനില മനസ്സിലാക്കേണ്ടത് ആവശ്യമാണ്. 

നമ്മുടെ മുമ്പില്‍ രണ്ട് രൂപങ്ങളാണുള്ളത്. അവ രണ്ടിന്റെയും വ്യത്യാസം ഗ്രഹിക്കേണ്ടത് അത്യാവശ്യവും ആകുന്നു. ഒരു രൂപം ഇതാകുന്നു: ഐശ്വശ്യവും ഐശ്വര്യമാര്‍ഗങ്ങളും ചിലര്‍ക്ക് കുത്തകയാക്കിവെക്കുക എന്ന 'ഇഹ്തികാറിനെ' തടയുന്നു. സമ്പന്നന്മാരായ എല്ലാ വ്യക്തികളെയും തങ്ങളുടെ സമ്പാാദ്യത്തില്‍നിന്ന് ഒരു ഭാഗം അശക്തരായ വ്യക്തികള്‍ക്ക് കൊടുക്കുവാനായി നിയമനിര്‍മാണം മുഖേനെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. ജീവിതാവശ്യങ്ങള്‍ ലഭിക്കാതെ യാതൊരു വ്യക്തിയും രാജ്യത്തില്‍ ഉണ്ടായിരിക്കരുത് എന്നതിന് സ്‌റ്റേറ്റിനെ ഉത്തരവാദപ്പെടുത്തി നിശ്ചയിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ ജീവിതത്തെ പ്രമാണിച്ച് എല്ലാ വ്യക്തികളുടെയും എല്ലാ തരക്കാരുടെയും സ്ഥിതി ഒരുപ്രകാരത്തില്‍ ആയിരിക്കുന്നത് സാധ്യമല്ല. ഈ അസമത്വം അധികാരസ്ഥിതികളിലും സ്വാഭാവികം തന്നെയാണ്താനും. എന്തുകൊണ്ടെന്നാല്‍ എല്ലാവരുടെയും ശാരീരികവും ചിന്താപരവുമായ ശക്തിയും യോഗ്യതയും ഒരേപ്രകാരത്തില്‍ അല്ല. അതുകൊണ്ട് ജീവിതത്തിനായിട്ടുള്ള അധ്വാന പരിശ്രമങ്ങളുടെ ഫലങ്ങളും ഒരേപ്രകാരത്തിലായിരിക്കുകയില്ല. മറ്റൊരു പ്രകാരത്തില്‍ പറയുകയാണെങ്കില്‍ സ്വകാര്യ ഉടമസ്ഥാവകാശത്തെ അത് സമ്മതിക്കുന്നു. അതായത് ഒരാള്‍ക്ക് എത്രത്തോളം അവന്റെ ന്യായമായ അധ്വാന പരിശ്രമങ്ങളാല്‍ സമ്പാദിക്കുവാന്‍ കഴിയുന്നുവോ അത് അത്രയും അവന്റെത് തന്നെ. 

രണ്ടാമത്തെ രൂപം ഇതാകുന്നു: ധനത്തെ കുത്തകയാക്കിവെക്കുന്നത് മാത്രം വിരോധിച്ചാല്‍ പോരാ. ധനത്തിന്‍മേലുള്ള സ്വകാര്യ ഉടമസ്ഥതയും- എന്നുവെച്ചാല്‍ വ്യക്തിഗതമായ ഉടമസ്ഥതയും- അവസാനിപ്പിക്കണം. നിര്‍ബന്ധ നിയമങ്ങള്‍ മുഖേനെ സാമ്പത്തികമായും ജീവിതപരമായും സകലര്‍ക്കും സമനിലയുണ്ടാക്കുവാനുതകുന്ന ഒരു ഭരണഘടനയെ സ്ഥാപിക്കുകയും വേണം. എങ്ങനെയെന്നാല്‍ ഐശ്വര്യത്തിന്റെ മാര്‍ഗങ്ങളെല്ലാം തന്നെ ദേശീയമായ ഉടമസ്ഥതയില്‍ വരണം. വ്യക്തിപരമായ കൈവശം ശേഷിക്കരുത്. ശാരീരികമായും ചിന്താപരമായുമുള്ള ശക്തിയുടെയും യോഗ്യതയുടെയും വ്യത്യാസംകൊണ്ട് ജീവിതവിഭവത്തിന് വ്യത്യാസം വരേണമെന്ന സിദ്ധാന്തം ഒരു അടിസ്ഥാന അവകാശമായി സമ്മതിക്കുവാന്‍ പാടുള്ളതല്ല. 

ക്വുര്‍ആന്‍ തെരഞ്ഞെടുത്തിട്ടുള്ള രൂപം ഒന്നാമത്തെതാകുന്നു. രണ്ടിന്റെയും ഉദ്ദേശ്യം മനുഷ്യവര്‍ഗത്തിലെ ഭൂരിഭാഗത്തിന്റെ കഷ്ടാവസ്ഥയെ ദൂരീകരിക്കണമെന്നുള്ളതാകുന്നു. രണ്ടും ഒരേ പരിഹാരംതന്നെ നിര്‍ദേശിച്ചിരിക്കുന്നു. അതായത് ധനത്തെ നിധിയാക്കി ഖജാനകളിള്‍ ഖേരിച്ച് വെക്കുന്നതിനെ തടയണം. പക്ഷേ, ആ പരിഹാരം പ്രയോഗിക്കുന്നതില്‍ രണ്ടും നിര്‍ദേശിക്കുന്ന പ്രവര്‍ത്തനമാര്‍ഗം ഒന്നല്ല. ഒന്ന് (ക്വുര്‍ആന്‍) ജീവിതവിഭവങ്ങളില്‍ മനുഷ്യര്‍ തമ്മിലുള്ള വ്യത്യാസത്തെ എതിര്‍ക്കുന്നില്ല. അതിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പരിഹാരമാര്‍ഗം നിര്‍േദശിക്കുന്നു. രണ്ടാമത്തേത് (സോഷ്യലിസം) അതിനെ നശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഇസ്‌ലാമും സോഷ്യലിസവും തമ്മിലുള്ള ഇൗ വ്യത്യാസം കേവലം ഡിഗ്രിയുടെ വ്യത്യാസം മാത്രമാണെന്ന് ധരിക്കപ്പെടുന്നുണ്ട്. 

എന്നാല്‍, അടിയില്‍തന്നെ -മൂലസിദ്ധാന്തത്തില്‍തന്നെ-വ്യത്യാസമുണ്ട്. സോഷ്യലിസത്തിന്റെ അടിസ്ഥാന വാദം 'ജീവിതനിലകളുടെ വ്യത്യാസം യാതൊരുവിധത്തിലും സ്വാഭാവികമായ വ്യത്യാസമല്ല' എന്നാകുന്നു. എന്നാല്‍ ക്വുര്‍ആനിലാകട്ടെ, പല സ്ഥലങ്ങളിലും ഈ വ്യത്യാസം സ്വാഭാവികവും അത് പ്രത്യക്ഷതയില്‍ വരേണ്ടത് അത്യവശ്യവും ആണെന്നുള്ള സൂചനകള്‍ കാണാം. ഈ േലാകത്ത് എല്ലാവരുടെയും അവസ്ഥ ഒരേ പ്രകാരത്തില്‍ ആയിപ്പോകുന്നപക്ഷം ജീവിതമത്സരവും, എനിക്ക്, എനിക്ക് മുന്നില്‍ കടക്കണമെന്നുള്ള ആഗ്രഹവും ജനിക്കുകയില്ല. ഇങ്ങനെയുള്ള ഒരു വാസനയും ജീവിതമത്സരവും ഉണ്ടാകുന്നില്ലെങ്കില്‍ മനുഷ്യന്റെ സ്വാഭാവികമായുള്ള ശക്തികള്‍ വളര്‍ന്നുവരുവാനും അഭിവൃദ്ധി ്രപാപിക്കുവാനും േപ്രരിപ്പിക്കുന്നതായി യാതൊരു വസ്തുവും ഇല്ലാതെ പോകും. മാത്രമല്ല, ഏതെല്ലാം പരിശ്രമങ്ങളും ഉത്സാഹങ്ങളും െകാണ്ടാണോ ഇന്നത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നത് ആ ഉത്സാഹങ്ങളും പരിശ്രമശീലങ്ങളും ആ തല കാഞ്ഞുള്ള ആേലാചനകളും സാമുദായിക ജീവിതത്തില്‍ വെളിപ്പെടുത്തുകയുമില്ല. അല്ലാഹു തആല പറയുന്നു: ''അവന്‍ (അല്ലാഹു) തെന്നയാകുന്നു നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയിട്ടുള്ളതും (നിങ്ങളില്‍ ഓരോ പേരെയും മറ്റോരോ പേരുടെ സ്ഥാനം വഹിക്കുന്നവരാക്കിയിട്ടുള്ളതും). നിങ്ങളില്‍ ചിലരെ ചിലരുടെ മേല്‍ പല പടികളിലായി ഉയര്‍ത്തിയിട്ടുള്ളതും എന്തിന്നായിട്ടാണ്? അവന്‍ നിങ്ങള്‍ക്ക് എന്തൊന്ന് നല്‍കിയിരിക്കുന്നുവോ അതില്‍ നിങ്ങളെ പരീക്ഷിക്കുവാനായിട്ട്. നിങ്ങളുടെ രക്ഷകര്‍ത്താവ് (ദുഷ്‌കര്‍മങ്ങള്‍ക്ക്) വേഗത്തില്‍ ശിക്ഷ നല്‍കുന്നവനാകുന്നു. നിസ്സംശയം! അവന്‍ മാപ്പുചെയ്യുന്നവനും കരുണാനിധിയുമാകുന്നു. നിസ്സംശയം!'' (വി.ക്വു. 6:165).

ഈ ആയത്തില്‍ മൂന്നു കാര്യങ്ങളെ സൂചിപ്പിച്ചിരിക്കുന്നു. ഒന്ന്, അല്ലാഹു തആല മനുഷ്യജീവിതമാകുന്ന പ്രവൃത്തിശാലയെ നടത്തുന്നത് എങ്ങനെയാകുന്നു, ഇവിടെ എല്ലാ മൂലയിലും ഒരുപ്രകാരത്തിലുള്ള പ്രാതിനിധ്യപരമ്പര നടന്നുകൊണ്ടേയിരിക്കും. അതായത് ഒരു വ്യക്തിയോ ഒരു സംഘമോ പോകുന്നു, മറ്റൊരു വ്യക്തിയോ സംഘേമാ അതിന്റെ സ്ഥാനം സ്വീകരിക്കുന്നു. അതിന്റെ പരിശ്രമങ്ങളുടെ ആദായങ്ങളും ഫലങ്ങളും അനന്തരാവകാശമായി എടുക്കുകയും ചെയ്യുന്നു. രണ്ട്, പദവികളെ ദീക്ഷിക്കുമ്പോള്‍ എല്ലാവരും ഒരേപ്രകാരത്തില്‍ ആയിരിക്കുകയില്ല. ചിലര്‍ മേലേ പദവിയിലും മറ്റു ചിലര്‍ അവരുടെ താഴെ നിലയിലും ആയിരിക്കുന്നതാണ്. മൂന്ന്, ജീവിതനിലകളുടെ ഈ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിരിക്കുന്നതിന്റെ ഉദ്ദേശ്യം മനുഷ്യന്റെ പ്രവൃത്തിയിലും അവന്റെ ൈകകാര്യകര്‍തൃത്വത്തിലും അവന് അതൊരു പരീക്ഷയായി ഭവിക്കണം എന്നുള്ളതാണ്. ഓരോ വ്യക്തിക്കും ഓരോ സംഘത്തിനും അവനവന്റെ അധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഏതൊരു പദവി സമ്പാദിക്കുവാന്‍ കഴിയുന്നുവോ അതവര്‍ സമ്പാദിക്കണം. അവസാനത്തില്‍ അരുള്‍െചയ്തു; അല്ലാഹുവിന്റെ പ്രതിഫലം നല്‍കപ്പെടുന്ന ചട്ടം നടപ്പില്‍ വരുത്തുവാന്‍ താമസമുള്ളതല്ല എന്ന്. അതായത് അധ്വാനവും പരിശ്രമവും എങ്ങനെയോ അങ്ങനെ പ്രവൃത്തിക്ക് പ്രതിഫലം നല്‍കുന്ന ഏര്‍പ്പാടും പരീക്ഷണലോകത്തോട് (ഇൗ ദുന്‍യവിയായ ലോകത്തോട്) ബന്ധിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രവൃത്തികള്‍ എങ്ങനെയിരിക്കുമോ അങ്ങനെതന്നെ ഫലങ്ങളും അവരുടെ ഓഹരിയില്‍ വരും.

ഇങ്ങനെ തന്നെ ക്വുര്‍ആനില്‍ വേറെയും കാണാം: ''അല്ലാഹു നിങ്ങളില്‍നിന്ന് ചിലര്‍ക്ക് ചിലരുടെ മേല്‍ രിസ്‌കില്‍ (ഉപജീവനത്തില്‍) ഉത്കൃഷ്ടത നല്‍കിയിരിക്കുന്നു'' (വി.ക്വു.16:71). വീണ്ടും പറയുന്നു: ''ഐഹികജീവിതത്തില്‍ തങ്ങളുടെ ജീവിതവിഭവത്തെ അവരുടെ ഇടയില്‍ (ലോകരുടെ ഇടയില്‍) നാം വീതിച്ചുകൊടുത്തിരിക്കുന്നു. അവരില്‍നിന്ന് ചിലരെ ചിലരുടെ മേല്‍ പല പടികളിലായി നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു'' (വി.ക്വു: 43:32).

ഐഹിക ലോകമാകുന്ന ഈ പ്രവൃത്തിശാലയില്‍ എല്ലാവരെയും നാം ഒരേ പദവിയില്‍ അല്ല ആക്കിയിട്ടുള്ളത്. ചിലരെ ഉയര്‍ന്ന പദവിയിലാണെങ്കില്‍ മറ്റു ചിലരെ താഴ്ന്ന പടിയിലും നാം ആക്കിയിരിക്കുന്നു എന്ന് സാരം. ആകയാല്‍ ക്വുര്‍ആന്‍ സാമുദായിക പ്രശ്‌നത്തിന് കല്‍പിച്ചിരിക്കുന്ന തീരുമാനം ഇതാണ്: ജീവിതത്തിന്റെ നിലകളില്‍ സമത്വം സ്ഥാപിക്കുവാന്‍ ക്വുര്‍ആന്‍ ഇച്ഛിക്കുന്നില്ല. എന്നാല്‍ ജീവിതം ക്രമമായി കഴിക്കുവാനുള്ള അവകാശത്തില്‍ എല്ലാവര്‍ക്കുമുള്ള സമത്വത്തെ അത് തീര്‍ച്ചയായും സ്ഥാപിക്കുന്നു. എന്നുവെച്ചാല്‍ അത് പറയുന്നു: ജീവിതവിഭവങ്ങള്‍ ലഭിക്കുന്നത് എല്ലാവര്‍ക്കും ഒരേനിലയില്‍ ആയിരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കണം എന്നുള്ളത് ആവശ്യവുമാണ്. പരിശ്രമിക്കുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനുമുള്ള മാര്‍ഗം ഒരേവിധത്തില്‍ എല്ലാവരുടെയും മുന്നില്‍ തുറന്നിരിക്കുകയും വേണം. 

വംശപരമായും ഗോത്രപരമായും ദേശീയമായും മറ്റുമുള്ള എല്ലാതര വ്യത്യാസങ്ങളെയും ഈ വിഷയത്തില്‍ അത് നശിപ്പിച്ചിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ രംഗത്തിലും മാനുഷികസമത്വത്തെ അത് പ്രഖ്യാപനം ചെയ്തിരിക്കുന്നു. സമുദായത്തിലെ ഉയര്‍ന്ന തരക്കാര്‍ ബലഹീനരായ വ്യക്തികളുടെ സുഖത്തിന്റെയും അഭിവൃദ്ധിയുടെയും മാര്‍ഗത്തില്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്ന എല്ലാ തടസ്സങ്ങളെയും അത് ദൂരീകരിച്ചിരുന്നു.

ധനം ചിലരുടെ പ്രത്യേക കുത്തകയാക്കിവെക്കുക എന്ന 'ഇഹ്തികാറി'െന അത് നിയമനിര്‍മാണംെകാണ്ട്  തന്നെ നിരോധിച്ചിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ തുറകളിലും ധനം ഖജാനകളില്‍ ശേഖരിച്ച് വെക്കുക എന്ന 'ഇക്തിനാസി'ന്ന് പകരമായി ധനം വിതണം ചെയ്യുവാന്‍ അത് ശക്തിയായി ഉപദേശിക്കുന്നു. ഐശ്വര്യം സമ്പാദിക്കുക എന്നത് ഒരു കൂട്ടരുടെ പ്രത്യേക അവകാശമായിരിക്കുക എന്നതിനെ അത് ശക്തിയായി പ്രതിഷേധിച്ചിരിക്കുന്നു. അമിതമായ മുതലാളിത്തത്തിന്റെ സകലമാര്‍ഗങ്ങളെയും അത് വിരോധിച്ചിരിക്കുന്നു. പലിശയുടെ എല്ലാ രൂപവും അത് വിരോധിച്ചു. ഏതവസ്ഥയിലും ചൂതിനെ അത് അനുവദിച്ചിട്ടില്ല. ഇതിനെല്ലാം പുറമെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവുചെയ്യുക എന്നതിന് ജീവിതത്തിലെ സകല കര്‍ത്തവ്യങ്ങളിലും വെച്ച് ഉന്നതമായ സ്ഥാനം നല്‍കുകയും ചെയ്തിരിക്കുന്നു. സമ്പാദിച്ചിട്ടുള്ള എല്ലാ വ്യക്തികളും തങ്ങളുടെ വരവില്‍നിന്ന് ഒരുഭാഗം മറ്റുള്ളവര്‍ക്ക് വേണ്ടി കൊടുക്കണമെന്ന് െകാല്ലംതോറുമുള്ള സകാത്ത് എന്ന നികുതി മാര്‍ഗമായി നിബന്ധനപ്പെടുത്തുകയും ചെയ്തു. ഇതാണ് സാമുദായിക സംഘടനക്ക് ഇസ്‌ലാം വരച്ചിട്ടുള്ള ചിത്രം. 

എന്നാല്‍ സോഷ്യലിസമാകട്ടെ, അത് ഇത്രത്തോളം കൊണ്ട് മതിയാക്കുവാന്‍ ഇച്ഛിക്കുന്നില്ല. പിന്നെയോ ഇനിയും മുന്നോട്ട് കടക്കുവാനാണ് അത് ഇച്ഛിക്കുന്നത്. അത് ആവശ്യെപ്പടുന്നത് ഇതാണ്: സ്വകാര്യ ഉടമസ്ഥതയുടെ സ്ഥാനത്ത് അതിന്ന് പകരമായി ദേശീയ ഉടമസ്ഥതയ്ക്കുള്ള (ഗവണ്‍മെന്റ് ഉടമസ്ഥത) വ്യവസ്ഥയെ സ്ഥാപിക്കണം. ജീവിതത്തിന്റെ നിലകളിലുള്ള ഉയര്‍ച്ചയും താഴ്ചയും ഇല്ലാതാകണം. ജീവിതാവസ്ഥകളുടെ വ്യത്യാസം സ്വാഭാവികമാണെന്നുള്ള മൗലിക സിദ്ധാന്തത്തെയും സാമുദായി ജീവിതത്തിന്റെ ഉന്മേഷവും അഭിവൃദ്ധിയും ഉണ്ടാക്കുവാനുള്ള അജണ്ടയും പ്രേരകശക്തിയും അതാകുന്നു എന്ന വസ്തുതയെയും അത് സമ്മതിക്കുന്നില്ല. ഇക്കാലംവരെയും സ്ഥിതികള്‍ ഇങ്ങനെ നടന്നുവന്നു. എന്നാല്‍ ജീവിതസമത്വമാകുന്ന അടിസ്ഥാനത്തിന്‍േമല്‍ സമുദായത്തിന്റെ ഘടന സ്ഥാപിതമായിക്കഴിഞ്ഞാല്‍ മറ്റു പ്രകാരത്തിലുള്ള ്രേപരകശക്തികള്‍ മാനസികമായും ചിന്താപരമായും ഉണ്ടായിത്തീരുകയും ചെയ്യും. ജീവിതമാകുന്ന പ്രവൃത്തിശാലയിലെ ഉത്‌സാഹവും ഉന്മേഷവും ഈ കാലംവരെ ഏതുപ്രകാരം നടന്നുവോ അപ്രകാരംതന്നെ ഇനിയും നടക്കും. അതാണ് സോഷ്യലിസം പറയുന്നത്. 

ലോകത്തില്‍ ഈ കാലംവരെയും നടന്നിട്ടുള്ള പരീക്ഷ അതിന് വിരോധമാകുന്നു. റഷ്യക്കാരുടെ നവീന പരീക്ഷകൊണ്ടും ഇൗ കാലംവരെ അവരുടെ വാദങ്ങള്‍ക്ക് ്രപായോഗികവശം നല്‍കുവാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ പരീക്ഷണത്തിന് അവസരം ലഭിക്കണമെന്നൊന്ന് അവര്‍ക്ക് പറയാം. അതിന്റെ വര്‍ത്തമാനം കാലാനന്തരം നിങ്ങള്‍ക്ക് അറിയുക തന്നെ ചെയ്യും. (അല്‍മുര്‍ഷിദ,് 1938 ഒക്‌ടോബര്‍).