ആദര്‍ശമാണ് പ്രധാനം

കരുവള്ളി മുഹമ്മദ് മൗലവി

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04
(2016 ജനുവരിയില്‍ നേര്‍പഥം വാരിക പ്രകാശനം ചെയ്തത് ബഹുമാന്യനായ കരുവള്ളി മുഹമ്മദ് മൗലവിയായിരുന്നു. പ്രഥമ ലക്കത്തിലെ ആദ്യ ലേഖനവും അദ്ദേഹത്തിന്റെത് തന്നെ. മൗലവി അവസാനമായി എഴുതിയത് 2017 ഫെബ്രുവരിയില്‍ കുവൈത്ത് കേരള ഇസ്വ്‌ലാഹി സെന്റര്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിക് സെമിനാറിന്റെ സുവനീറിലാണ്. പ്രസ്തുത ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു)

ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി കേരളത്തില്‍ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ആദര്‍ശസംഘമാണ് മഹത്തായ ഇസ്വ്ലാഹീ പ്രസ്ഥാനം. പരിശുദ്ധ ക്വുര്‍ആനും നബിചര്യയും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ചും സകലരംഗങ്ങളിലും സലഫുകളുടെ മാതൃകാവഴി പിന്തുടര്‍ന്നും കണിശമായ ആദര്‍ശപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവന്ന പാരമ്പര്യമാണ് അതിനുള്ളത്. ഒട്ടേറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടും അല്ലാഹുവിന്റെ തൗഫീഖോടെ മുജാഹിദ് പ്രസ്ഥാനം അതിനെയെല്ലാം അതിജീവിച്ചതും എതിരാളികളുടെ മനസ്സില്‍ പോലും അംഗീകാരം നേടിയതും ഈയൊരു നിലപാടുകൊണ്ട് മാത്രമാണ്.

ഉള്ളിലും പുറത്തും പലകാലങ്ങളില്‍  നേരിടേണ്ടിവന്ന പ്രതിസന്ധികളെ തികഞ്ഞ പക്വതയോടെയാണ് പ്രസ്ഥാനം കൈകാര്യം ചെയ്തുവന്നിട്ടുള്ളത്. പ്രശ്‌നങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിച്ച് ഏറ്റവും നല്ല പരിഹാരങ്ങളിലെത്താന്‍ പഴയകാല നേതാക്കന്മാര്‍ പ്രകടിപ്പിച്ചിരുന്ന പക്വതയും ക്ഷമയും പ്രശംസാര്‍ഹമാണ്. 

ആദര്‍ശവിരോധികളില്‍നിന്ന് വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവരുമ്പോള്‍ പ്രമാണങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ വളരെ ആര്‍ജവത്തോടെത്തന്നെ അവയെ നേരിടും. അടിസ്ഥാന ആദര്‍ശലക്ഷ്യങ്ങളിലും പ്രമാണങ്ങളിലും യോജിപ്പുള്ളവര്‍ക്കിടയില്‍ വല്ല ഭിന്നാഭിപ്രായങ്ങളും പൊങ്ങിവന്നാല്‍ അവയെ കക്ഷിത്വങ്ങള്‍ക്കതീതമായി സമീപിക്കുകയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുകയും ചെയ്ത ചരിത്രമാണ് ഇസ്വ്ലാഹീ പ്രസ്ഥാനത്തിനുള്ളത്. 

എം.സി.സി. സഹോദരന്മാര്‍ (റഹി), കെ. ഉമര്‍ മൗലവി (റഹി) തുടങ്ങിയവര്‍ക്ക് ചില മതവിഷയങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അത് പക്ഷേ, പൂര്‍വികരായ ചില മുഫസ്സിറുകളും കര്‍മശാസ്ത്ര പണ്ഡിതന്മാരും സ്വീകരിച്ച നിലപാടുകളുടെ വെളിച്ചത്തിലായിരുന്നു. അതിനാല്‍ തൗഹീദീ ആദര്‍ശപ്രബോധനത്തിന്നായി ഒരേ സംഘടനയില്‍ ഒന്നിച്ചുനില്‍ക്കാന്‍ അത് തടസ്സമായില്ല. എന്നാല്‍, പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതും സലഫുകള്‍ക്ക് പരിചയമില്ലാത്തതുമായ വാദഗതികളുമായി ചില പണ്ഡിതന്മാര്‍ രംഗത്തുവന്നപ്പോള്‍ സംഘടന അതിനെ ഏറ്റെടുക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല പ്രസ്ഥാനത്തിനകത്തുനിന്ന് തന്നെ ആ വാദഗതികളെ പ്രമാണങ്ങളുദ്ധരിച്ച് എതിര്‍ക്കാന്‍ അക്കാലത്തെ ഇസ്വളലാഹീപണ്ഡിതര്‍ രംഗത്തുവരികയാണ് ചെയ്തത്. തല്‍ഫലമായി പ്രമാണവിരുദ്ധമായ വാദഗതികള്‍ പുലര്‍ത്തിയ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമൊക്കെ സ്വയം വഴിമാറിപ്പോകേണ്ടിവന്നു എന്നതാണ് ചരിത്രം. ആദര്‍ശത്തിനും പ്രമാണത്തിനുമാണ് പ്രസ്ഥാനം പ്രഥമപരിഗണന നല്‍കിപ്പോന്നത് എന്നര്‍ഥം.

മുജാഹിദ് പണ്ഡിതന്മാര്‍ക്കിടയില്‍ വല്ല മസ്അലാ പ്രശ്‌നവും ഉടലെടുത്താല്‍ ഭിന്നാഭിപ്രായങ്ങളുടെ പേരില്‍ ചേരിതിരിവും കക്ഷിത്വവും ഉണ്ടാകുന്നതിന് തടയിടാനും വിഷയം പണ്ഡിതോചിതമായി ചര്‍ച്ചചെയ്ത് തീര്‍പ്പുകല്‍പിക്കാനും പ്രത്യേകം മുന്‍കൈയെടുത്ത് പരിശ്രമിക്കുന്നതില്‍ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമാ നേതൃത്വം ശുഷ്‌കാന്തി കാണിക്കാറുണ്ടായിരുന്നു. ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ ഭദ്രമാക്കുക എന്ന നയമാണ് ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന ബഹുമാന്യനായ കെ.പി. മുഹമ്മദ് മൗലവി(റഹി)യെപ്പോലുള്ളവര്‍ സ്വീകരിച്ചത്. മുജാഹിദുകള്‍ക്ക് കക്ഷിത്വങ്ങളില്ലാതെ ഒന്നിച്ചുനില്‍ക്കാനും പ്രബോധനപ്രവര്‍ത്തനരംഗത്ത് സജീവമായി അഭംഗുരം നിലനില്‍ക്കാനും സാധിച്ചത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. 

ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ് സമീപകാലത്ത് സംഘടനയില്‍ ഉണ്ടായിക്കാണുന്നത്. ചിലരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആദര്‍ശപരമായ വിഷയങ്ങളെ മാറ്റിപ്പറയേണ്ട ദുരവസ്ഥ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ ഐക്യത്തിന്നും വിഘാതമായി. ചിലരില്‍ ശിര്‍ക്കും കുഫ്‌റും ആരോപിച്ച് മാറ്റിനിര്‍ത്തുകയോ പിരിച്ചയക്കുകയോ ചെയ്യുന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങളെത്തി. ഇത് പ്രവര്‍ത്തകരിലും പൊതുജനങ്ങളിലുമുണ്ടാക്കിയ പ്രതികരണം മൂലം, പ്രബോധനരംഗത്തെന്നപോലെ വിദ്യാഭ്യാസ, സാംസ്‌കാരിക, ആതുരസേവന രംഗങ്ങളിലൊക്കെയും സര്‍വസമ്മതമായ മാതൃക കാണിച്ച ഈ പ്രസ്ഥാനത്തിന്റെ സംഘടനാശേഷിക്ക് കുറച്ചൊക്കെ കോട്ടം സംഭവിച്ചിട്ടുണ്ട് എന്നതൊരു സത്യമാണ്. എങ്കിലും എല്ലാ പ്രയാസങ്ങളും സഹിച്ച്, ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തൗഹീദീ പ്രബോധനരംഗത്ത് മുന്നേറാന്‍ ത്യാഗസന്നദ്ധരായി ഒരു സംഘം ഉറച്ചുനിന്നപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും  ലഭിക്കുകയായിരുന്നു. ഇന്ന് കേരളക്കരയില്‍ ഇസ്ലാമിന്റെ സന്ദേശം വീടുവീടാന്തരം എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ ആബാലവൃദ്ധം ജനങ്ങളെ അണിനിരത്താന്‍ സാധിച്ചത് അങ്ങേയറ്റം സന്തോഷകരമായ അനുഭവമാണ്. അല്ലാഹുവിന്റെ ദീന്‍ മാറ്റത്തിരുത്തലുകളില്ലാതെ ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എക്കാലത്തും അല്ലാഹു നിലനിര്‍ത്തുമെന്ന് നബില അരുളിയിട്ടുണ്ടല്ലോ. 

പ്രസ്ഥാനത്തില്‍ ഉടലെടുത്ത ഭിന്നിപ്പുകളെല്ലാം അവസാനിക്കണമെന്നാണ് ഓരോ മുജാഹിദ് പ്രവര്‍ത്തകനും ആഗ്രഹിക്കേണ്ടത്. നേരത്തെ ആദര്‍ശവിഷയങ്ങളില്‍ വിയോജിച്ച് പിരിഞ്ഞുപോയ വിഭാഗവുമായി സംഘടന ഈയിടെ ഐക്യത്തിലായ വാര്‍ത്ത ആ നിലക്ക് സന്തോഷകരമാണ്. എന്നാല്‍ പ്രമാണവിരുദ്ധമായ നിലപാടുകള്‍ തിരുത്താതെയാണ് ഈ യോജിപ്പെങ്കില്‍ അത് ഗുണത്തിലേറെ ദോഷം വരുത്തുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ആദര്‍ശത്തിലാണ് ആദ്യം യോജിപ്പുണ്ടാവേണ്ടത്. ആദര്‍ശം ഒന്നാവുമ്പോള്‍ മനസ്സുകള്‍ അടുക്കും, അപ്പോഴാണ് ഐക്യം യാഥാര്‍ഥ്യമാവുക.

ഭൗതികതയോടുള്ള അമിതതാല്‍പര്യം വ്യക്തികളെയും സമുദായത്തെയും നാശത്തിലകപ്പെടുത്തുമെന്ന പ്രവാചകന്റെ വ്യക്തമായ മുന്നറിയിപ്പ് മുസ്‌ലിംകളെല്ലാവരും ഗൗരവത്തിലെടുക്കണം. ആദര്‍ശവും ഐക്യവും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിന്റെ പ്രചോദനം താല്‍കാലിക താല്‍പര്യങ്ങളാകരുത്. മറിച്ച് അല്ലാഹുവിന്റെ സഹായവും പരലോകത്ത് നന്മയും ലഭിക്കത്തക്ക നിലപാട് സ്വീകരിക്കാന്‍ സാധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.