എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

കളിയിൽ കാര്യം മറക്കുന്നവർ

- ആർ.എം. ഇബ്രാഹിം

വേൾഡ് ഫുട്‌ബോൾകപ്പ് കൊടിയിറങ്ങി. തുടർന്ന് വന്ന പത്രവാർത്ത; കേരളത്തിൽ പത്തു കോടിയുടെ ജഴ്‌സി വിറ്റുപോയെന്ന് വസ്ത്ര വ്യാപാരികൾ. ഇന്ന് മലയാളികൾ ആരാധനയുടെ ആകർഷണവലയി ലാണ്. മറ്റുള്ളവരെ അന്ധമായി അനുകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പ്രവണത എല്ലാ പ്രായക്കാരെയും ബാധിച്ചിരിക്കുന്നു. പണനഷ്ടവും സമയനഷ്ടവും കുടുംബസമാധാനവും നഷ്ടപ്പെടുത്തുന്ന വ്യക്തമായ മാനസിക വിഭ്രാന്തി! (ഇതിന് എതിരഭിപ്രായക്കാരും ഉണ്ടാകാം). പ്രാർഥിക്കാനോ ദിനചര്യകൾ പൂർത്തിയാക്കാനോ ഇവർക്കു കഴിയില്ല. തൊഴിലിലോ ബിസിനസ്സിലോ ശ്രദ്ധിക്കാൻ സമയമില്ല. കൊച്ചുകു ട്ടികളിലേക്കും ഈ ഭ്രമം പടരുന്നു. കൂട്ടുകാരിൽനിന്ന് കിട്ടിയതാണെന്നു പറഞ്ഞ് രക്ഷപ്പെടാമെങ്കിലും കുട്ടികൾക്ക് അവരുടെ വീടും മാതാപിതാക്കളും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും തന്നെയാണ് എല്ലാറ്റിനും പ്രചോദനം.

രാജഭരണക്കാലത്ത് കവികളെയും കലാകാരൻമാരെയും ആദരിക്കുകയും കൊട്ടാരത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും അവർക്ക് പണക്കിഴികൾ സമ്മാനിക്കുകയും ചെയ്യുന്ന പതിവുണ്ടായി രുന്നു. അതും ജനങ്ങളുടെ നികുതിപ്പണമായിരുന്നു. രാജാവും പ്രജകളും ഹാപ്പി!

കലയ്ക്കുവേണ്ടി തുനിഞ്ഞിറങ്ങി പണവും പദവിയും നഷ്ടപ്പെട്ട് ആത്മഹത്യചെയ്തവർ അനേകം. ആയുധം നഷ്ടപ്പെട്ട നായകന് മുൻബെഞ്ചിലിരുന്ന സിനിമാ പ്രേക്ഷകൻ സ്വന്തം മടിക്കുത്തിൽനിന്ന് കഠാര ഊരി സ്‌ക്രീനിലേക്ക് എറിഞ്ഞുകൊടുത്ത സംഭവം നടന്നിട്ട് അധികം കാലമായിട്ടില്ല.

മറ്റൊന്നാണ് സ്‌പോൺസർഷിപ്പ്. തങ്ങളുടെ വരുമാനവും ലക്ഷ്യവും ആലോചിക്കാതെ പൊതു പരിപാടികൾക്ക് സ്‌പോൺസർ ചെയ്ത് സർപ്രൈസ് ഉണ്ടാക്കുന്നവരും അനേകം. ഒരു സിനിമ കാണുമ്പോഴോ കളി കാണുമ്പോഴോ പ്രേക്ഷകർ ഒഴികെ മറ്റെല്ലാവരും അതിന്റെ ഗുണഭോക്താക്കളാണ്. കാശുകളയാനും കൈയടിക്കാനും മാത്രം പാവം കാണികൾ. ഒരു കളിയിൽ തന്റെ ടീം തോറ്റാൽ പണം മുടക്കി പരിപാടി കണ്ടവന് സംഘാടകർ പണം തിരികെ നൽകുമോ?

വിശുദ്ധ ക്വുർആനും പ്രവാചക വചനങ്ങളും നൽകുന്ന താക്കീത് നാം വിസ്മരിച്ചുകൂടാ. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയിൽനിന്ന് നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ അവർതന്നെയാണ് നഷ്ടക്കാർ’’ (ക്വുർആൻ 63:9).

നബിﷺയുടെ ഒരു പ്രാർഥന കാണുക: “അല്ലാഹുവേ, കേൾവിയുടെ തിന്മയിൽനിന്നും കാഴ്ചയുടെ തിന്മയിൽനിന്നും ജീവിതത്തിന്റെ താഴ്ചയിൽനിന്നും ഹൃദയത്തിന്റെ തിന്മയിൽനിന്നും പ്രായത്തിന്റെ തിന്മയിൽനിന്നും ഞാൻ നിന്നോടു രക്ഷ തേടുന്നു’’ (അബുദാവൂദ്).

നബിﷺ പഠിപ്പിച്ച, നിത്യജീവിതത്തിലെ ഒരു പ്രാർഥനയുടെ സാരം ഇതാണ്: ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അവൻ ഏകനാണ്. അവനു പങ്കുകാരില്ല. ആധിപത്യം അവന്നാണ്. അവന്നാണ് സ്തുതി. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്.’

ആരാധനയോടൊപ്പം അനുകരണം കൂടിയായാലോ? ഇപ്പോൾ സ്‌കൂളുൾ-കോളേജ് ക്യാമ്പസുകളിൽ സിനിമയെ വെല്ലുന്ന റീലുകളാണ് അരങ്ങേറുന്നത്. പത്രങ്ങൾക്കും ചാനലുകാർക്കും സിനിമക്കാർക്കും എഴുത്തുകാർക്കും പൊലിപ്പിച്ചുകൂട്ടാൻ വിഷയങ്ങൾ ഏറെ!