എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

- ഉമ്മു അമീൻ, കലൂർ
‘നേർപഥം’ സമകാലിക വിഷയങ്ങളിൽ ഉൾക്കാഴ്ച നൽകുന്ന കവർ സ്റ്റോറിയുമായി എല്ലാ ചൊവ്വാഴ്ചകളിലും വീട്ടിലെത്താറുണ്ട്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റൈഹാൻ ഷഹീദ് എഴുതിയ കവർ സ്റ്റോറി ഏറെ പഠനാർഹമായിരുന്നു. ‘കാലാവസ്ഥാവ്യതിയാനം, ജലക്ഷാമം, വനനശീകരണം, വായുമലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, സമുദ്രമലിനീകരണം, ജീവജാലങ്ങളുടെ നാശം, ആഗോളതാപനം തുടങ്ങിയ അനവധി പ്രശ്‌നങ്ങൾ മനുഷ്യന്റെ അശ്രദ്ധയും അതിരില്ലാത്ത ഉപഭോഗമനോഭാവവും മൂലമാണ് രൂപപ്പെട്ടത്. ഈ പ്രശ്‌നങ്ങൾ ഇനി ഭാവിയിലെ ഭീഷണികളല്ല; അവ ഇന്നത്തെ യാഥാർഥ്യങ്ങളാണ്.’ ലേഖകന്റെ ഈ വിലയിരുത്തൽ ശ്രദ്ധേയവും ചിന്താർഹവുമാണ്. എങ്ങനെയെങ്കിലും സമ്പാദിക്കണം, ഇഷ്ടാനുസരണം ജീവിക്കണം എന്ന ചിന്താഗതിയാണ് മനുഷ്യനെ പ്രകൃതിയെ അമിതമായും അശാസ്ത്രീയമായും ചൂഷണം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്തിലും മിതത്വം പാലിക്കുവാൻ കൽപിച്ച മതമാണ് ഇസ്‌ലാം. അതുകൊണ്ട് മുസ്‌ലിംകൾ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള പ്രവർത്ത നങ്ങൾ ചെയ്തുകൂടാ.
ഏറെ ശ്രദ്ധേയവും എല്ലാവരും വായിച്ച് മനസ്സിലാക്കേണ്ടതുമായ ഒരു പംക്തിയാണ് ആരോഗ്യപഥം. സാഹചര്യത്തിനും കാലാവസ്ഥക്കുമനുസരിച്ച് നാം മനസ്സിലാക്കേണ്ട ആരോഗ്യ കുറിപ്പുകളാണ് ഡോക്ടർമാർ വായനക്കാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അവർക്ക് പ്രത്യേകമായ അഭിനന്ദനമർപ്പിക്കുന്നു.

