എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2026 മെയ് 02, 1447 ദുൽഖഅദ് 14

- -അജ്മൽ ബിൻ നാസർ (ജാമിഅ അൽഹിന്ദ്)
സമൂഹത്തിൽ ഇന്ന് കൊലപാതകം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം മാതാപിതാക്കളെ പോലും ഒരു നിമിഷത്തെ ദേഷ്യത്തിനോ സുഖത്തിനോ വേണ്ടി കൊല്ലാൻ മടിക്കാത്ത മക്കളുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.
‘ഞാൻ അമ്മയെ കൊന്നു...’ എന്നു പറഞ്ഞ് അയൽവീട്ടിലെത്തിയ യുവാവ് ലഹരിയുടെ മത്തിൽ തോന്നിയത് പറയുകയാണ് എന്നാണ് ആ വീട്ടുകാർ ആദ്യം കരുതിയത്. ‘ഞാൻ അമ്മയെ കൊന്നു... ഇനി അച്ഛനെയും കൊല്ലണം’ എന്നും അവൻ യാതൊരു കൂസലുമില്ലാതെ വിളിച്ചുപറഞ്ഞുവത്രെ!
25 വയസ്സുള്ള ക്രിസ്റ്റി മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ലഹരി എന്ന മഹാവിപത്തിന്റെ ഭീകരമുഖം വീണ്ടും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്. വീട്ടിനകത്ത് അമ്മയുടെ ജീവൻ കവർന്ന ശേഷം, കൈകളിലും വസ്ത്രങ്ങളിലും ചോരപ്പാടുകളുമായി ക്രിസ്റ്റി അയൽവാസിയുടെ അടുത്തേക്ക് ചെന്നു ‘എന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവിടൂ...ഞാൻ അമ്മയെ കൊന്നു’ എന്ന് പറഞ്ഞപ്പോൾ ആദ്യം അയൽവാസി വിശ്വസിച്ചില്ല. പക്ഷേ, രക്തം പുരണ്ട കൈകളും ശരീരത്തിൽ നിന്നുയർന്ന ചോരമണവും പറഞ്ഞത് സത്യമാണെന്ന് ബോധ്യമായി.
ബംഗളൂരുവിൽ ബി.സി.എ വിദ്യാർഥിയായിരുന്നു ഇയാൾ. അവിടെവെച്ച് ലഹരിമരുന്നിന്റെ പിടിയിലായതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. മകനെ ലഹരിയുടെ ഇരുണ്ട ലോകത്തിൽനിന്ന് രക്ഷിക്കാനായി ആ അമ്മ നടത്തിയ പോരാട്ടം ഒടുവിൽ സ്വന്തം ജീവൻകൊണ്ട് അവസാനിച്ചു. ലഹരി വാങ്ങാൻ പണം ചോദിച്ചുള്ള തർക്കങ്ങൾ വീട്ടിൽ പതിവായിരുന്നുവെന്നും അമ്മയുടെ ലഹരി ഒഴിവാക്കാനുള്ള നിരന്തര ഉപദേശങ്ങൾ മകന്റെ മനസ്സിൽ വിരോധമായി വളർന്നുവെന്നുമാണ് വിവരം. ലഹരി മനുഷ്യനെ എത്രത്തോളം വിവേകശൂന്യനാക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.
മക്കളെ പഠനത്തിനായി ദൂരദിക്കുകളിലേക്ക് പറഞ്ഞയക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും ലഹരിയുടെയും ലൈംഗികാഭാസങ്ങളുടെയും മാലി ന്യങ്ങളിൽ വീണുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചും അവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യൽ അനിവാര്യമാണെന്നും അറിയാത്തവരായി മക്കൾ വളരുകയാണിന്ന്. അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും മനസ്സിലാക്കുന്നത്.
വിശുദ്ധ ക്വുർആൻ പറയുന്നു: ‘’തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ടുപേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക’’ (17:23).
മാതാപിതാക്കളോട് വെറുപ്പിന്റെ വാക്കുപോലും ഉച്ചരിച്ചു കൂടാ എന്ന് ക്വുർആൻ നിഷ്‌കർശിക്കുന്നു. അപ്പോൾ ഒരു മുസ്‌ലിമിന് എങ്ങനെയാണ് അവരുടെ നേർക്ക് കത്തി വീശാൻ കഴിയുക?
ഓരോ കൊലപാതക വാർത്തയും കേൾക്കുമ്പോൾ വായിച്ചു മറന്ന ചില കഥകളാണ് ഓർമവരുന്നത്. ഭാവനാസൃഷ്ടിയായ കഥകളെ പോലും തോൽപിക്കും വിധത്തിലാണ് കൊലപാതകങ്ങൾ നടക്കുന്നത്.

