എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

കുട്ടികളും മൊബൈൽ ഫോണും; കാത്തിരിക്കുന്നത് വൻദുരന്തം

- ഹന്ന മുഹമ്മദ്

‘നേർപഥം’ ലക്കം 480ൽ റൈഹാൻ ഷഹീദ് എഴുതിയ ‘കുട്ടിക്കളിയല്ല സോഷ്യൽ മീഡിയ’ എന്ന കവർ സ്റ്റോറി വായിച്ചപ്പോഴാണ് ഈ കുറിപ്പെഴുതാൻ തോന്നിയത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സ്പീച്ച് തെറാപ്പിക്ക് കുട്ടിയുമായി പോകുന്ന ഒരു സഹോദരിയെ പരിചയപ്പെടാനിടയായി. കുട്ടിക്ക് ജന്മനാലുള്ള സംസാര വൈകല്യമാണെന്നാണ് ഞാൻ കരുതിയത്. അതേകുറിച്ച് സംസാരിച്ചപ്പോഴാണ് മൊബൈൽ ഫോണാണ് വില്ലനെന്ന് മനസ്സിലായത്. നല്ലപോലെ സംസാരിച്ചിരുന്ന കുട്ടിക്ക് പിന്നീട് ഉമ്മ, ഉപ്പ എന്ന് പോലും നേരെ വിളിക്കാൻ നാവ് വഴങ്ങാത്ത അവസ്ഥയുണ്ടായി. മൊബൈൽ ഫോൺ നിരന്തരമായി ഉപയോഗിച്ച്, അതിലുള്ള സൗണ്ടുകളും ആക്ഷൻസും മാത്രം കണ്ട് സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥ. ഏതായിരുന്നാലും അവർ പെട്ടെന്നുതന്നെ ഈ അവസ്ഥയുടെ കാരണം ഒഴിവാക്കുകയും കുട്ടിക്ക് ചികിത്സ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ സംസാരിക്കാ നുള്ള കഴിവ് തിരിച്ചുവരുന്നുണ്ട് എന്നാണ് പറഞ്ഞത്. എന്നാലും നല്ലപോലെ നാവിനു പ്രാക്ടീസ് കൊടുക്കണമെന്നാണ് ഡോക്ടറുടെ നിർദേശം.

നമുക്കിതിൽ വലിയ പാഠമുണ്ട്. എത്ര കണ്ടാലും കേട്ടാലും മനസ്സിലാക്കാത്തവരാണ് ചിലർ. കുട്ടികൾ ഭക്ഷണം കഴിക്കാൻ വേണ്ടി, ഉമ്മമാർ വീട്ടിൽ ജോലി ചെയ്യുമ്പോൾ കുട്ടികൾ ശല്യമാകാതിരിക്കാൻ വേണ്ടി, വീട്ടിലെ പണികൾ കഴിഞ്ഞു ക്ഷീണത്തിലൊന്ന് ഉറങ്ങുമ്പോൾ കുട്ടികളുടെ ബഹളം ഇല്ലാതിരിക്കാൻ വേണ്ടി, മക്കളെയും കൊണ്ടു വിരുന്നോ മറ്റോ പോകുമ്പോൾ അവർ ഒതുങ്ങിയിരിക്കാൻ വേണ്ടി... ഇങ്ങനെ പല കാരണങ്ങൾക്ക് ഉമ്മമാർ കണ്ടുപിടിച്ച മഹാസൂത്രമാണ് ഫോണും കൊടുത്ത് ഏതെങ്കിലും മൂലക്ക് കുട്ടികളെ ഇരുത്തുക എന്നത്. ഇത് മക്കളിൽ എത്രത്തോളം ദോഷമുണ്ടാക്കുന്നു എന്നത് ആരും തിരിച്ചറിയുന്നില്ല.

കുട്ടികൾക്ക് മുതിർന്നവർ ഫോൺ കൊടുത്ത് ശീലിപ്പിച്ചത് കൊണ്ടുതന്നെ അവർ അതിനു വേണ്ടി വാശി പിടിക്കും, കരയും, നിലത്ത് കിടന്ന് ഉരുളും, ഭക്ഷണം കഴിക്കില്ല. ഇതെല്ലാം കണ്ട് മനസ്സലിഞ്ഞ് വീണ്ടും ഫോൺ കൊടുക്കുന്നത് ഒഴിവാക്കണം. കിട്ടില്ലെന്ന് ബോധ്യമാകുമ്പോൾ വാശി കുറയും. അവരുടെ ശ്രദ്ധ മാറ്റാനായി കളറിങ് ബുക്ക് നൽകുക. അല്ലെങ്കിൽ അവർ വായിക്കാൻ ഇഷ്ടപ്പെടുന്ന നല്ല പുസ്തകം നൽകി വായിക്കാൻ പ്രേരിപ്പിക്കുക. അതിൽനിന്ന് ചോദ്യങ്ങൾ ചോദിക്കുമെന്നും ഉത്തരം പറഞ്ഞാൽ സമ്മാനം കൊടുക്കുമെന്നും പറയുക. ചെറിയ സമ്മാനം നൽകുക. വീട്ടിലെ ജോലികളിൽ അവർക്ക് കഴിയുന്നത് ചെയ്യുവാൻ പ്രോത്സാഹിപ്പിക്കാം.

വിരുന്നു പോകുമ്പോൾ അവിടെയുള്ളവർ അവരുടെ ഫോൺ ചിലപ്പോൾ കുട്ടികൾക്ക് കൊടുത്തേക്കാം. അത് നിരുത്സാഹപ്പെടുത്തണം. എന്റെ കുട്ടി എപ്പോഴും മൊബൈലിൽ കളിക്കുന്ന ശീലമില്ലാത്ത വനാണെന്ന് കുട്ടി കേൾക്കെ നാം മറ്റുള്ളവരോടു പറഞ്ഞാൽ അത് അവർക്കൊരു പ്രചോദനമാകും. നല്ല കുട്ടിയാകാൻ അവൻ/അവൾ ഫോൺ ചോദിക്കാതിരിക്കും. ഉദ്ദേശിക്കുന്ന സമയത്ത് ഫോൺ കിട്ടാതിരുന്നാൽ അക്രമാസക്തരാകുന്ന കുട്ടികളുണ്ട്. സ്വയം ശരീരത്തെ അപകടപ്പെടുത്തുമെന്ന് പറയാനും അതിന് ശ്രമിക്കാനും ചിലർ മുതിർന്നേക്കാം. അത്തരം സംഭവങ്ങൾ എത്രയോ നടന്നതായി നമുക്കറിയാം. ഒരു നിലയ്ക്കും ഈ അഡിക്ഷൻ മാറിക്കിട്ടുന്നില്ലെങ്കിൽ വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്. കൗൺസിലിംഗിന് വിധേയരാക്കേണ്ടവരെ വിധേയരാക്കണം.

നമ്മുടെ കുഞ്ഞുങ്ങൾ നാം കാരണം മൊബൈൽ അഡിക്റ്റുകളായി മാറാതിരിക്കാൻ ജാഗ്രത പാലിക്കുക. നമുക്ക് റബ്ബ് അനുഗ്രഹമായി നൽകിയ മക്കളെ വളരെ നല്ല രീതിയിൽ, മാനസിക-ശാരീരിക ആരോഗ്യമുള്ളവരായി വളർത്താൻ നാം ശ്രമിക്കുകയും അതിനായി പ്രാർഥിക്കുകയും വേണം.