എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2026 മാർച്ച് 21, 1447 ശവ്വാൽ 02

- നസീമ വാടാനപ്പള്ളി
നേർപഥം’ ലക്കം 477ൽ നുബ്‌ല എം എഴുതിയ ‘പള്ളികൾ കുഞ്ഞുങ്ങളുടെത് കൂടിയാണ്’ എന്ന കുറിപ്പ് സമകാലികവും ശ്രദ്ധേയവുമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് വിശ്വാസികൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ലഘുവായി അതിൽ പരാമർശിച്ചിട്ടുണ്ട്. പള്ളിയിൽ കുട്ടികളെ കാണുമ്പോഴേക്കും അവരെ മുഷിപ്പോടെ നോക്കുന്നവരുടെ കൺതുറപ്പിക്കാൻ ഇതൊരു വെളിച്ചമാകട്ടെ. പ്രസ്തുത കുറിപ്പിന് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
കുട്ടികൾ; അവർ പള്ളിയിലായാലും അല്ലെങ്കിലും അവരോട് നബിﷺ കാണിച്ച ദയയും കാരുണ്യവും നമുക്ക് പാഠങ്ങളാണ്. പ്രസ്തുത ലേഖനത്തിൽ പറയാൻ വിട്ടുപോയ ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. കുട്ടികളുമായി പള്ളിയിലെത്തുന്ന ഉമ്മമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറേണ്ടവരല്ല എന്ന ബോധ്യപ്പെടുത്തലുകൾ കൂടി ആവശ്യമാണ്.
നബിﷺ കുട്ടികളുടെ വിഷയത്തിൽ കാണിച്ച ഇളവുകളൊന്നും തന്നെ കുട്ടികളെ പള്ളിയിൽ ബഹളമുണ്ടാക്കി കളിക്കാൻ വിടുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ളതല്ല എന്നത് വ്യക്തമാണ്. വകതിരിവെത്തിയ കുട്ടികൾ പോലും കൂട്ടുകൂടി ബഹളമുണ്ടാക്കി നമസ്‌കരിക്കുന്നവരെ പ്രയാസപ്പെടുത്തുന്ന അവസ്ഥ കാണുമ്പോൾ സൗമ്യമായി അവരെ തിരുത്തേണ്ടതുണ്ട്. അവരോട് പരുഷമായി പെരുമാറരുത്. അത് അവരെ പള്ളിയോടും മതത്തോടും തന്നെ അകൽച്ചയുണ്ടാക്കാൻ കാരണമായേക്കാം; പ്രത്യേകിച്ച് ലിബറലിസം പടരുന്ന ഇന്നത്തെ സാഹചര്യത്തിൽ. പള്ളിയിൽ മൂത്രമൊഴിച്ച ഗ്രാമീണനെ പോലും നബിﷺ മാന്യമായും സ്‌നേഹത്തോടെയുമാണ് തിരുത്തിക്കൊടുത്തത് എന്ന കാര്യം ഓർക്കുക.
പള്ളികൾ അല്ലാഹുവിന്റെതാണെന്നും മറ്റേത് സ്ഥലങ്ങളെക്കാളും പവിത്രതയുള്ളതാണെന്നും മക്കളെ പഠിപ്പിക്കാനും മാതൃകയാക്കാനുമായിരിക്കണം അവരെ കൂടെ കൂട്ടുന്ന ഉമ്മമാരും ഉപ്പമാരും ശ്രദ്ധിക്കേണ്ടത്. അതുവഴിയാണ് അവർക്ക് ജമാഅത്തായി നമസ്‌കരിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം ലഭിക്കുന്നതും പള്ളിയിൽ പാലിക്കേണ്ട മര്യാദകൾ മനസ്സിലാക്കാൻ കഴിയുന്നതും. കുഞ്ഞുമക്കന ധരിപ്പിച്ച് കൂടെ കൂട്ടി തന്നോടൊപ്പം പെൺകുട്ടികളെ സ്വഫ്ഫിൽ ചേർത്തുനിറുത്തി മാതൃക കാണിക്കുന്ന ഉമ്മമാരും നമുക്കിടയിലുണ്ട്.
കുട്ടികളെ പള്ളിയിൽ കൊണ്ടുവന്ന് വിടുകയും ശേഷം അവർ എന്തു വികൃതി കാണിച്ചാലും അത് കാണാത്ത ഭാവം നടിക്കുകയും ചെയ്യുന്ന സ്വഭാവം ശരിയല്ല. അവരെ പിന്തിരിപ്പിക്കേണ്ട ബാധ്യത പള്ളിയിലേക്ക് കൊണ്ടുവന്ന പിതാവിനോ മാതാവിനോ തന്നെയാണ്. അവർ തിരുത്തിക്കൊടുക്കുകയുമില്ല, മറ്റുള്ളവർ അതിനു ശ്രമിച്ചാൽ അതിൽ അതൃപ്തി കാണിക്കുകയും ചെയ്യും; ഈ നിലപാട് നന്നല്ല.
കുട്ടികളെ പള്ളിയിൽ കൊണ്ടുവരാം എന്നതിന് ഒരുപാട് തെളിവുകൾ കാണാൻ കഴിയും. കുട്ടികളായ ഹസൻ(റ)വിനെയും ഹുസൈൻ(റ)വിനെയും നബിﷺ പള്ളിയിലേക്ക് കൊണ്ടുവന്നിരുന്നു (അബൂദാവൂദ്: 1109). നമസ്‌കാരം തുടങ്ങി നബി ﷺ സുജൂദിലേക്ക് പോയാൽ സാധാരണ കുട്ടികൾ പുറത്തുകയറി കളിക്കുന്നത് പോലെ നബിﷺയുടെ മുതുകത്ത് കയറി അവർ കളിക്കാറുണ്ടായിരുന്നു (നസാഈ: 1141) നബിﷺ തന്റെ പേരക്കുട്ടിയായ ഉമാമ(റ)യെ പള്ളിയിലേക്ക് കൊണ്ടുവരികയും എടുത്ത് നമസ്‌കരിക്കുകയും സുജൂദിലേക്ക് പോകുമ്പോൾ നിലത്ത് വെക്കുകയുമൊക്കെ ചെയ്തിരുന്നു (ബുഖാരി: 516).
കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരാമെന്നതിന് തെളിവാണിതെല്ലാം. എന്നാൽ, പള്ളിയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നവർ അനിവാര്യമായും അവരെ ശ്രദ്ധിക്കുകയും അവർക്ക് മര്യാദ പഠിപ്പിച്ചു കൊടുക്കുകയും പള്ളിയുടെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്യണം. നിയന്ത്രിക്കാൻ കിട്ടാത്ത, നമസ്‌കരിക്കുന്നവരെ ദേഹോപദ്രവമേൽപിക്കുക പോലും ചെയ്യുന്ന കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ യുക്തമായ തീരുമാനമെടുക്കണം.

