എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

‘മൻ ഇമാമുക,’ പ്രമാണമെന്ത്?

- നസീമ വാടാനപ്പള്ളി

ക്വബ്‌റിലെ ചോദ്യങ്ങൾ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്. ഒരാൾ ക്വബ്‌റടക്കം ചെയ്യപ്പെട്ടയുടൻ മൻ റബ്ബുക, മാ ദീനുക, മൻ നബിയ്യുക എന്നീ ചോദ്യങ്ങൾ ചോദിക്കപ്പെടുമെന്ന് സ്വീകാര്യയോഗ്യമായി വന്ന ഹദീസിനാൽ സ്ഥിരപ്പെട്ടതാണ്. എന്നാൽ ‘മൻ ഇമാമുക’ എന്ന ചോദ്യം പലരുടെയും പ്രസംഗത്തിൽ പരാമർശിക്കുന്നതായി കേട്ടിട്ടുണ്ട്.

അതിന്റെ പ്രമാണങ്ങൾ അന്വേഷിച്ചറിയാൻ ശ്രമിച്ചപ്പോൾ നബി ﷺയിൽനിന്ന് സ്ഥിരപ്പെട്ട റിപ്പോർട്ടിൽ അങ്ങനെയൊന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

അൽബറാഅ് ഇബിനു ആസിബി(റ)ൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സ്വഹീഹായ ഹദീസിൽ നാലാമതൊരു ചോദ്യം കൂടിയുണ്ട്. ഒരു അൻസ്വാരിയുടെ ജനാസ മറമാടവെ നബിﷺ ഇങ്ങനെ പറഞ്ഞതായി ആ ഹദീസിന്റെ അവസാനത്തിൽ കാണാം: ‘ഒരു വിശ്വാസി ഈ ലോകത്തുനിന്ന് യാത്രയായി ക്വബ്‌റിലെത്തുമ്പോൾ രണ്ട് മലക്കുകൾ അവനരികിലേക്ക് ഇറങ്ങും. അവനെ ഇരുത്തും. അവരവനോട് ചോദിക്കും: ‘നിന്റെ റബ്ബ് ആരാണ്?’ അവൻ പറയും: ‘എന്റെ റബ്ബ് അല്ലാഹുവാണ്.’ ‘നിന്റെ മതം എന്താണ്?’ അവൻ പറയും: ‘എന്റെ മതം ഇസ്‌ലാമാണ്.’ ‘നിങ്ങളിൽ അയക്കപ്പെട്ട ഈ മനുഷ്യൻ ആരാണ്?’ അവൻ പറയും: ‘അദ്ദേഹം അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ്ﷺ ആണ്.’ ‘നിനക്ക് ഈ അറിവ് എങ്ങനെ ലഭിച്ചു?’ അവൻ പറയും: ‘ഞാൻ അല്ലാഹുവിന്റെ ഗ്രന്ഥം വായിച്ചു; അതിൽ വിശ്വസിച്ചു, അതിനെ സത്യമായി അംഗീകരിച്ചു’’ (അബൂദാവൂദ്, അഹ്‌മദ്. ശൈഖ് അൽബാനി സഹീഹ് എന്നു സ്ഥിരീകരിച്ചത്).

എങ്ങനെയാണ് ‘മൻ ഇമാമുക’ എന്ന, പ്രാമാണികമായി തെളിവില്ലാത്ത ചോദ്യം ജനങ്ങൾക്കിടയിൽ പ്രചരിച്ചത്? അറിയപ്പെട്ട മാലികി മദ്ഹബ് പണ്ഡിതനായ അബുൽ ഖാസിമുൽ ബുർസുലിയുടെ ‘ഫതാവാ അൽ ബുർസുലി’ എന്നറിയപ്പെടുന്ന എന്ന ഗ്രന്ഥത്തിൽ തൽഖീൻ ചൊല്ലിക്കൊടുക്കുന്നതിന്റെ ഭാഗമായി ‘അൽക്വുർആനു ഇമാമുക’ എന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്. ഇതിന് യാതൊരു തെളിവുമില്ല; തൽഖീൻ തന്നെ ബിദ്അത്താണല്ലോ.

അതുപോലെ സൂഫി ശൈഖും അശ്അരി പണ്ഡിതനുമായ (ഹിജ്‌റ 1316ൽ മരണപ്പെട്ട) മുഹമ്മദുബ്ൻ നവവി അൽഹാവിയുടെ ‘നൂറുദ്ദ്വലാം’ എന്ന ഗ്രന്ഥത്തിൽ മുൻകർ-നകീർ മലക്കുകൾ ചോദ്യം ചെയ്യുന്നത് വിവരിക്കവെ ‘മാ ഇമാമുക’ എന്ന് കൊടുത്തിട്ടുണ്ട്. പക്ഷേ, ഇതിനൊന്നും തന്നെ തളിവുകളില്ല, അതുകൊണ്ടുതന്നെ സ്വീകാര്യയോഗ്യവുമല്ല.

എന്നാൽ ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്; ശിയാക്കളാണ് ‘മൻ ഇമാമുക’യുടെ പ്രചാരകർ. അലി(റ)യാണ് ഇമാം എന്ന് സമർഥിക്കാൻ വേണ്ടി അവരുടെ ഒരുപാട് കിതാബുകളിൽ ഇത് എഴുതിപ്പിടിച്ചതായി കാണാവുന്നതാണ്. ശിയാക്കളുടെ ഉന്നത പണ്ഡിതനായ മുഹമ്മദ് ബാകിർ അൽമ ജ്‌ലിസി ‘ബിഹാറുൽ അൻവാർ’ എന്ന ഗ്രന്ഥത്തിൽ ‘മൻ ഇമാമുക എന്ന ചോദ്യം കൊടുത്തത് ഉദാഹരണം. അലി(റ)യാണ് തന്റെ യഥാർഥ ഇമാം എന്നത് അംഗീകരിക്കാതെ ഒരാൾ ശരിയായ മുസ്‌ലിം ആവുകയില്ല എന്ന പിഴച്ച വാദം ഉറപ്പിക്കാൻ വേണ്ടിയാണ് ക്വബ്‌റിൽ ‘മൻ ഇമാമുക’ എന്ന ചോദ്യത്തെ അഭിമുഖീകരി ക്കേണ്ടിവരുമെന്ന് അവർ എഴുതിവച്ചത്.

അലി(റ)യുടെ മാതാവ് മരണപ്പെട്ടപ്പോൾ നബിﷺ അവർക്ക് ഇപ്രകാരം തൽഖീൻ ചൊല്ലിക്കൊടുത്തുവത്രെ: “രണ്ടു മലക്കുകൾ നിന്റെ അടുത്ത് വന്ന് ചോദിച്ചാൽ നീ പറയണം: ‘അല്ലാഹു എന്റെ റബ്ബാണ്. മുഹമ്മദ് എന്റെ റസൂലാണ്. ഇസ്‌ലാം എന്റെ ദീനാണ്. ക്വുർആൻ എന്റെ കിതാബാണ്. അലി എന്റെ മകനും വലിയ്യും ആണ്.’’ ഇത് പ്രമാണവിരുദ്ധവും നബിﷺയുടെ പേരിലുള്ള ശുദ്ധ കളവുമാണ്. പ്രമാണങ്ങൾക്കുള്ളിൽ സുരക്ഷിതമാണ് പരിശുദ്ധ ദീൻ. അതിനെ അതേ പരിശുദ്ധതയിൽ തന്നെ നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.