എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2026 മെയ് 30, 1447 ദുൽഹിജ്ജ 14

- -മുർഷിദ് തൊടികപ്പുലം (അൽഹിക്മ സലഫി മദ്‌റസ, വാണിയമ്പലം)
ഒരുമാസത്തെ ഇടവേളക്കുശേഷം മദ്‌റസകൾ തുറക്കുകയായി. വെക്കേഷൻ കഴിഞ്ഞ് മദ്‌റസ തുറക്കുമ്പോൾ ചില വിദ്യാർഥി - വിദ്യാർഥിനികൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ‘ഇനി ഞാൻ മദ്‌റസയിൽ പോകണോ’ എന്നത്! ‘ഹൈസ്‌കൂളിലെത്തി, ട്യൂഷന് പോയില്ലെങ്കിൽ ഫുൾ എപ്ലസ് കിട്ടില്ല’ എന്നൊക്കെ വിശദീകരണവും കൂടെ വരും.
ഇത് കേൾക്കുമ്പോഴേക്കും ചില രക്ഷിതാക്കൾ ‘അത് ശരിയാണല്ലോ’ എന്ന് തലകുലുക്കി സമ്മതിക്കും. പെൺകുട്ടികളാണെങ്കിൽ മദ്‌റസയിൽ തുടർന്നു പഠിക്കാൻ താൽപര്യമുണ്ടെങ്കിലും, ‘കെട്ടിക്കാനായി, ഇനിയും കുട്ടികളെ പോലെ മദ്‌റസയിൽ പോകുകയോ’ എന്നു ചോദിച്ച് നിരുൽസാഹപ്പെടുത്തും!
എല്ലാ രക്ഷിതാക്കളും ഇങ്ങനെയാണെന്നല്ല പറയുന്നത്. മതവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരുപാട് രക്ഷിതാക്കളുണ്ട്. അവർ ഓൺലൈനായെങ്കിലും മദ്‌റസ വിഷയങ്ങൾ പഠിപ്പിക്കും. മക്കൾ ക്വുർആൻ തജ്‌വീദോടെ നന്നായി ഓതിപ്പഠിക്കാൻ നിപണുരായ അധ്യാപകരെ കണ്ടെത്തും.
പ്രിയ രക്ഷിതാക്കളേ, ഓരോ മുസ്‌ലിമിനും മതവിദ്യാഭ്യാസം നേടൽ അനിവാര്യമാണ്. തിന്മകൾ കൂലംകുത്തിയൊഴുകുന്ന വർത്തമാനകാലത്ത് മക്കൾക്ക് മതവിദ്യാഭ്യാസം നൽകിയില്ലെങ്കിൽ വലിയ വിപത്തായിരിക്കും വരാൻ പോകുന്നത്.
പണ്ടുള്ളവർക്ക് നമ്മുടെ നാട്ടിൽ ആഴത്തിലുള്ള മതപഠനത്തിന് അവസരമുണ്ടായിരുന്നില്ല. ‘ഓത്തുപള്ളി’യിൽ പോയി അൽപം ഓതാൻ പഠിക്കും. കർമാനുഷ്ഠാനങ്ങൾ മദ്ഹബിനനുസരിച്ച് പഠിക്കും. അത്ര മാത്രം. എങ്കിലും അന്നത്തെ കാലത്ത് പരസ്പരമുള്ള ഇടപഴകലിലൂടെ ഒരുപാട് നന്മകൾ പഠിക്കാൻ കഴിഞ്ഞിരുന്നു.
നന്മകൾ കണ്ടുപഠിക്കാനല്ല, തിന്മകൾ കണ്ടു പഠിക്കാനാണിന്ന് കൂടുതൽ അവസരം. അതുകൊണ്ട് നമ്മുടെ മക്കളെ എട്ടാം ക്ലാസുവരെയെങ്കിലും കൃത്യമായി പറഞ്ഞയക്കാൻ നാം ശ്രദ്ധിക്കണം. കേവലം പാഠപുസ്തകത്തിലെ പാഠങ്ങൾ തീർത്തു പരീക്ഷയെഴുതി വിജയിക്കൽ മാത്രമല്ല മദ്‌റസ പഠനം. ഈ ലോകത്തും പരലോകത്തും വിജയിക്കുക, മക്കൾ ഉത്തമ വിശ്വാസികളായി വളരുക എന്നതാണ് അതിന്റെ പരമമായ ലക്ഷ്യം. മദ്‌റസ പഠനം കഴിഞ്ഞാലും മതം പഠിക്കാനുള്ള അവസരങ്ങൾ ഇന്ന് ഏറെയുണ്ട്. ഭൗതിക വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞുകൊണ്ട് മക്കളുടെ മദ്‌റസാപഠനം മുടക്കാതിരിക്കുക. മദ്‌റസാപഠനംകൊണ്ട് നമ്മുടെ മക്കളുടെ ഭൗതിക വിദ്യാഭ്യാസത്തിന് നേട്ടമല്ലാതെ ഒരു കോട്ടവും സംഭവിക്കാൻ പോകുന്നില്ല. അവർ മാതാപിതാക്കളെ അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരും സ്‌നേഹിക്കുന്നവരുമായി മാറണമെങ്കിൽ മതബോധം പകർന്നുനൽകൽ നിർബന്ധമാണ്.

