എഴുത്തുകള്
വായനക്കാർ എഴുതുന്നു
2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

- ശാക്കിറ ടി.കെ കൊല്ലം
മഗ്രിബ് ബാങ്കുവിളി കേട്ട് അൽപസമയമായപ്പോൾ നമസ്കാരത്തിനായി അംഗശുദ്ധി വരുത്തി അകത്തേക്കു കയറുന്ന സമയത്താണ് നബിദിനാഘോഷത്തിന് പിരിവു ചോദിച്ചുകൊണ്ട് ഒരു സംഘം മുറ്റത്തെത്തിയത്. 16നും 20നും മധ്യെ പ്രായമുള്ള ആറു പേർ.
അവരുടെ പക്കൽ ചെറിയൊരു റസീപ്റ്റു ബുക്കുണ്ട്. നബിﷺയോടുള്ള സ്നേഹവും ആവേശവും നിറച്ച് അവർ നബിദിനാഘോഷത്തിനായി പണം ചോദിച്ചു. ബാങ്കു കൊടുത്തിട്ട് ഏതാനും മിനുട്ടുകളേ ആയിട്ടുള്ളൂ. തൊട്ടടുത്ത വീടുകളിലൊക്കെ പിരിവെടുത്താണ് അവർ ഇവിടെ എത്തിയിട്ടുള്ളത്. അവർ നമസ്കരിച്ചിട്ടുണ്ടാവില്ലെന്നുറപ്പ്.
ഞാൻ അവരോട് ‘നിങ്ങൾ മഗ്രിബ് നമസ്കരിച്ചോ’ എന്നു സ്നേഹത്തോടെ തിരക്കി. ഇല്ലെന്നു തലയാട്ടിക്കൊണ്ട് അവർ പരസ്പരം നോക്കി. ആ മറുപടി കേട്ടപ്പോൾ ഞാൻ പറഞ്ഞു: ‘നബിയോടുള്ള സ്നേഹമെന്നത്, അവിടുന്ന് നമ്മെ പഠിപ്പിച്ച കാര്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് പൂർണമാകുന്നത്. പരലോകത്ത് കർമങ്ങളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന നമസ്കാരം കൃത്യസമയത്ത് നിർവഹിക്കാനാണ് നബിﷺ നമ്മോട് കൽപിച്ചിട്ടുള്ളത്. അവിടുന്ന് പഠിപ്പിച്ച കാര്യങ്ങൾ മാറ്റിവെച്ച്, പഠിപ്പിച്ചിട്ടില്ലാത്ത, സ്വഹാബികളിൽ മാതൃകയില്ലാത്ത ആഘോഷങ്ങൾക്കുവേണ്ടി പണം ചോദിച്ച് നടക്കുന്നത് ശരിയായ രീതിയല്ല.’
എന്റെ വാക്കുകൾ കേട്ട് അവർ അൽപനേരം നിശ്ശബ്ദരായി നിന്നു. പിന്നെ തലയും താഴ്ത്തി തിരിച്ചു നടന്നു; ഒന്നും പറയാതെ. പ്രവാചകസ്നേഹം എന്നത് അവിടുന്ന് കാണിച്ചുതന്ന ജീവിതചര്യ പിന്തുടരലാണ് എന്ന് അവരിൽ ഒരാൾക്കെങ്കിലും ബോധ്യപ്പെട്ടെങ്കിൽ എന്ന ആഗ്രഹത്തോടെ ഞാൻ അകത്തേക്കു കയറി.
-സുലൈഖ, വാണിയമ്പലം
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രതിഫലം ലഭിക്കുന്ന ആരധനകളാണ് ഇസ്ലാമിലുള്ളത്. പുരുഷന് കർമങ്ങൾ ചെയ്യാൻ കിട്ടുന്നത്രയും അവസരം ഒരു സ്ത്രീക്ക് കിട്ടാൻ സാധ്യതയില്ല. കാരണം അവരെ ബാധിക്കുന്ന ആർത്തവം പ്രസവം എന്നിവ തന്നെ.
എന്നിട്ടും തനിക്കു ലഭിക്കുന്ന അവസരങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്താൻ അധിക സ്ത്രീകളും ശ്രമിക്കാറില്ല എന്നതാണു സത്യം; പ്രത്യേകിച്ചു ജമാഅത്ത് നമസ്കാരത്തിന്റെ കാര്യം. അഞ്ചുനേരം പള്ളിയിൽ പോയി ജമാഅത്തിൽ പങ്കെടുക്കുക എന്നത് സ്ത്രീക്ക് സാധ്യമല്ല. എന്നാൽ വീട്ടിൽവച്ച് ഒറ്റക്കു നമസ്കരിക്കാതെ മക്കളെ കൂട്ടി നമസ്കരിക്കാമല്ലോ. അതിന് ജമാഅത്ത് നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുമെന്ന് പണ്ഡിതന്മാർ പറയുന്നു. പക്ഷേ, ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ഒരു വീട്ടിൽ നാലു സ്ത്രീകളുണ്ടെങ്കിൽ നാലുപേരും പല സമയത്തായി നമസ്കരിക്കുന്ന കാഴ്ചയാണു കാണാൻ സാധിക്കുന്നത്. എന്തുകൊണ്ട് അവർക്ക് ഒന്നിച്ചു നമസ്കരിച്ചുകൂടാ?
സുന്നത്തായ നോമ്പിനും നമസ്കാരത്തിനുമൊക്കെ ഏറെ പ്രാധാന്യം കൽപിക്കുന്ന സ്ത്രീകൾ പോലും ജമാഅത്തു നമസ്കാരത്തെ അവഗണിക്കുന്നു. സ്വർഗത്തിലെ ഉന്നത പദവികൾ പുരുഷന്മാർക്കു മാത്രമുള്ളതല്ല. സ്ത്രീകൾക്കും അവ കരസ്ഥമാക്കാം; അതിനായി ആരാധനകളിൽ പരമാവധി താൽപര്യം കാണിക്കുക.

