എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

ഓണത്തെക്കുറിച്ച് നല്ലോണം അറിഞ്ഞു

- അസ്‌ലഹ്, അൽഹിക്മ അറബിക്കോളേജ്, എടത്തനാട്ടുകര

‘നേർപഥ’ത്തിൽ (ലക്കം 450, 451) ഓണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കാലികപ്രസക്തവും പഠനാർഹവുമായിരുന്നു. ഓണത്തിന്റെ ചരിത്രവും മതവും രാഷ്ട്രീയവും സമഗ്രമായി പ്രതിപാദിക്കുന്ന, ഇതുപോലുള്ള ഒരു ലേഖനം മറ്റൊരു പ്രസിദ്ധീകരണത്തിലും വെളിച്ചം കാണാൻ സാധ്യതയില്ല.

ഓണത്തെ ‘ദേശീയ’ ആഘോഷമായി അവതരിപ്പിക്കുന്നതിനെതിരെ പ്രഗത്ഭരായ പലരും ശബ്ദിച്ചിട്ടുണ്ട് എന്ന കാര്യം പുതുതലമുറക്ക് അറിയില്ല. അവരെയൊന്നും ആരും താലിബാനികളായി മുദ്രകുത്തിയിട്ടില്ല. ‘എല്ലാ ജനങ്ങളെ കൊണ്ടും ഭസ്മം തൊടീപ്പിക്കുകയും തുളസിത്തറ വലം വെപ്പിക്കുകയും രാമനാമം ജപിപിക്കുകയുമല്ല ദേശീയോദ്ഗ്രഥനം’ എന്നു തായാട്ടും ‘ഓണം കേരളത്തിന്റെ ദേശീയാഘോഷമാണെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധനുണയാണ്. കാരണം, ആര്യന്മാർ പറയുന്ന കഥ പരിശോധിച്ചാൽ, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടേതു മാത്രമാണെന്നു കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വണ്ണാനും ക്രിസ്ത്യാനിയും മുസ്ലിമും മറ്റും അഹിന്ദുക്കളാണ്. ചെറുന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്? അതു ഭീകരവാദമല്ലേ വിശേഷിച്ച്, ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്റെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ട വരുടെയും ആഘോഷമാവുക? ഏതാനും അഹിന്ദുക്കൾ കാര്യമറിയാതെ സവർണരെ ഓണാ ഘോഷത്തിൽ അനുകരിക്കുന്നെന്നു കരുതി, ഓണം കേരളത്തിന്റെ ദേശീയാഘോഷമാകുന്നതെങ്ങ

നെ?’ എന്ന് കെ. മുകുന്ദനും പറഞ്ഞുവച്ചിട്ടുണ്ട്. കെ.ഇ.എൻ എന്ന ഇടതുപക്ഷ ചിന്തകൻ വളരെ വ്യക്തമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആർക്കും ഏത് ആഘോഷവും നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. അതിൽനിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ആരെയും ഒന്നും അടിച്ചേൽപിക്കൽ നല്ലതിനല്ല. പ്രിംറോസിനും ഡോ. ആശിക് ഷൗകത്തിനും നേർപഥത്തിനും അഭിനന്ദനങ്ങൾ.