എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

- അസ്‌ലഹ് കല്ലടിക്കോട്, അൽഹിക്മ അറബിക് കോളേജ്, എടത്തനാട്ടുകര
ബീഹാർ തിരഞ്ഞെടുപ്പു ഫല വിശകലനം കവർ സ്റ്റോറിയായി വന്ന നേർപഥം (ലക്കം 461) വിഭവ സമൃദ്ധമായിരുന്നു.
‘നേർപഥം’ ലക്കം 462ൽ പ്രസിദ്ധീകരിച്ച, മൂസ സ്വലാഹി എഴുതിയ ‘കാവിസൂഫീ മൗലാനമാർ കേരളത്തിലെത്തുമ്പോൾ’ എന്ന ലേഖനം മുസ്‌ലിം സമുദായത്തിന്റെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമായതായിരുന്നു. സംഘപരിവാർ കാലത്ത് അവരെ പ്രീണിപ്പിച്ചാലേ രക്ഷയുള്ളൂ എന്നു കരുതുന്ന, മതത്തോടും സമുദായത്തോടും ഒട്ടും കൂറില്ലാത്ത, ഭൗതിക തൽപരരായ ചില മുസ്‌ലിം നാമധാരികൾ മതംകൊണ്ടാണ് കളിക്കുന്നത്.
തീവ്ര ഹിന്ദുത്വവാദികൾക്ക് ശിയാക്കളോടും സൂഫികളോടും വല്ലാത്ത സ്‌നേഹമാണ്. കാരണം ആ രണ്ടു വിഭാഗവും ഇസ്‌ലാമിനെ തകർക്കുന്ന ബദൽ ആശയം പേറുന്നവരാണ്. അവർ ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും സമാനമായ പല വിശ്വാസങ്ങളും ആചാരങ്ങളും പേറുന്നവരാണ്. 2016ൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിന്റെ സ്‌പോൺസർമാർ ആരായിരുന്നുവെന്ന് മുസ്‌ലിംകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
-മുഹമ്മദ് ശമീൽ നിലമ്പൂർ
‘നേർപഥ’ത്തിലെ ഓരോ രചനയും ആസ്വാദ്യകരമാണ്. ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കുന്ന കവർ സ്റ്റോറികൾ വിജ്ഞാനപ്രദയും കാലിക പ്രസക്തവുമാണ്. ‘ആർഎസ്എസ്: ദർശനവും ബഹുസ്വരതയും’ എന്ന തലക്കെട്ടിൽ മുജീബ് ഒട്ടുമ്മൽ എഴുതിയ കവർ സ്റ്റോറി ആ സംഘത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതായിരുന്നു.
മനുഷ്യത്വവിരുദ്ധമായ ആശയങ്ങളും നിയമനിർദേശങ്ങളും നിറഞ്ഞ മനുസ്മൃതിയിലെ നിയമങ്ങൾ നടപ്പിലാക്കലും ഹിന്ദു രാഷ്ട്രം സ്ഥാപിക്കലും ലക്ഷ്യമാക്കുന്ന ഒരു കൂട്ടായ്മയാണ് ആർഎസ്എസ് എന്നത് രഹസ്യമായ കാര്യമല്ല. സവർണ മേധാവിത്വം സ്ഥാപിക്കലും അതിന്റെ ലക്ഷ്യമാണ്.
ലേഖകൻ പറയുന്നതു പോലെ, ദളിതരുടെ പിന്തുണ ഉറപ്പുവരുത്താൻ ആർഎസ്എസ് മനുസ്മൃതിയെ തള്ളിപ്പറയാൻ ശ്രമിക്കുന്നു എന്നതാണ് വർത്തമാനകാലത്തെ വലിയ ഒരു തമാശ. മനുസ്മൃതിയിൽനിന്ന് ദളിത് വിരുദ്ധ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കുമെന്ന് ആർഎസ്എസ് അനുകൂല സംഘടനയായ സംസ്‌കാര ഭാരതി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ചിലരാകട്ടെ അതിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളില്ല എന്ന് വാദിക്കുകയും അത്തരം പരാമർശങ്ങളെ വ്യാഖ്യാനിച്ച് ഒപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
- ബിസ്മിത എം, സൽസബീൽ അറബിക് കോളേജ്, വെങ്കിടങ്ങ്
നസീമ വാടാനപ്പള്ളി എഴുതിയ ‘ക്ഷമയിലെ നന്മ’ എന്ന കുറിപ്പ് ലളിതവും മനോഹരവുമായിരുന്നു. ക്ഷമയും സ്വഭാവ മഹിമയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ക്ഷമയില്ലാത്തവർക്ക് ഒരിക്കലും നല്ല പെരുമാറ്റമുള്ളവരായി മാറാനാവില്ല. എന്നാൽ ഒരാൾ ക്ഷമയുള്ളവനായാൽ ശത്രുവിനെപ്പോലും ആ ക്ഷമയിലൂടെ മിത്രമാക്കാമെന്ന് വിശുദ്ധ ക്വുർആൻ അറിയിക്കുന്നുണ്ട്.
“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധുവെന്നോണം ആയിത്തീരുന്നു. ക്ഷമ (സഹനം) കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുളള അനുഗ്രഹം നൽകപ്പെടുകയില്ല’’ (41:33,34).

