എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2025 ജൂലൈ 05, 1447 മുഹറം 09

സൂംബ;എന്തിനീ പിടിവാശി?

- അബൂ അമീൻ

സംഗീതത്തിന്റെ അകമ്പടിയോടെ സൂംബ ഡാൻസ് കളിച്ചാൽ ലഹരിയുപയോഗം കുറയും എന്ന നിലപാടിന് എന്ത് ശാസ്ത്രീയതയാണുള്ളത്? ലോകപ്രശസ്ത ഡാൻസറും പോപ്പ് സംഗീതജ്ഞനുമായിരുന്ന മൈക്കിൾ ജാക്‌സൺ ലഹരിക്ക് അടിമയായിരുന്നു. ലഹരിക്ക് അടിമയായ ലോകപ്രശസ്ത ഗായകർ, ഡാൻസർമാർ എന്നത് ഗൂഗിളിലും ചാറ്റ് ജിപിടിയിലും സെർച്ച് ചെയ്തു നോക്കുക.

MDMAയെ വിശേഷിപ്പിക്കുന്നത് പോലും Party Drug എന്നാണ്. പബ്ബിലും ഡിജെ പാർട്ടിയിലും മയക്കുമരുന്ന് ഉപയോഗിച്ച് സംഗീതത്തിന് അനുസരിച്ച് ഡാൻസ് ചെയ്യുന്ന യുവതലമുറ വർധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. ഗവൺമെന്റിന്റെ അശാസ്ത്രീയമായ പരീക്ഷണങ്ങളുടെ വേദികളാണിന്ന് നമ്മുടെ വിദ്യാഭ്യാസരംഗം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കാതെ അനാവശ്യമായ കാട്ടിക്കൂട്ടലുകളിൽ സമൂഹത്തെ തളച്ചിടുന്നത് ഗവർമെന്റിന്റെ പല പോരായ്മകളും മറച്ചുപിടിക്കാനാണ് എന്നത് കേവലം ആരോപണമല്ലെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

ആരോഗ്യ സംരക്ഷണത്തിന് അനുയോജ്യമായ ധാരാളം വ്യായാമങ്ങൾ ഉണ്ടായിരിക്കെ, ഫുട്‌ബോൾ, ക്രിക്കറ്റ് അടക്കമുള്ള പല കളികളും ഉണ്ടായിരിക്കെ പലർക്കും എതിർപ്പുള്ള സൂംബാ ഡാൻസ് എന്ന വിദേശ ഇറക്കുമതി തന്നെ വേണം എന്ന വാശി എന്തിനാണ്?