എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2025 ഏപ്രിൽ 12, 1446 ശവ്വാൽ 13

- ബിസ്മിത എം
ജീവിത യാഥാർഥ്യങ്ങൾക്ക് പുറംതിരിഞ്ഞാണ് ഇന്നത്തെ യുവതയുടെ സഞ്ചാരം. ജീവിതത്തിൽ നന്മകൾക്ക് സ്ഥാനം കൊടുക്കുന്ന മനുഷ്യരായി മാറുവാൻ പലർക്കും സാധിക്കുന്നില്ല. സ്വന്തം ജീവിതസുഖത്തിനപ്പുറം മറ്റുള്ളവരെ പരിഗണിക്കാനുള്ള മനഃസ്ഥിതി കാണിക്കാൻ തയ്യാറില്ല.
കണക്കില്ലാത്ത കണക്കുകൂട്ടലുകളും അനന്തമായ സ്വപ്നങ്ങളുമായി തിരക്കുപിടിച്ച ജീവിതത്തിൽ പാഞ്ഞുകൊണ്ടിരിക്കുന്നവർ ഇതിനെല്ലാം പെട്ടെന്നൊരുനാൾ അറുതിയുണ്ടാകുമെന്ന് ആലോചിക്കുന്നില്ല. എല്ലാവിധ ആസ്വാദനങ്ങളുടെയും അന്ത്യമായി മരണം കടന്നുവരുമെന്നത് യാഥാർഥ്യമാണെന്നും അന്ന് തങ്ങളെ സഹായിക്കാൻ പടപ്പുകളിൽ ആർക്കും സാധിക്കില്ലെന്നും ഇവർ ചിന്തിക്കുന്നില്ല. മതത്തെയും പ്രവാചകനെയും മതാധ്യാപനങ്ങളെയും പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവർ ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാൻ അവർക്കു നന്ന്. തിന്മകളുടെ ആധിക്യത്താൽ കറപുരണ്ട ഹൃദയവുമായി ഇവിടെനിന്നും വിടവാങ്ങേണ്ടി വന്നാൽ പരലോകത്ത് വിരൽ കടിക്കേണ്ടിവരും.
നോമ്പിന്റെ ലക്ഷ്യമായി അല്ലാഹു പറഞ്ഞത് തക്വ്‌വയുള്ളവരായി മാറുക എന്നതാണ്. ഇക്കഴിഞ്ഞ റമാനിൽ നോമ്പെടുത്തവർ ആലോചിക്കുക; വല്ല മാറ്റവും ജീവിതത്തിൽ വന്നിട്ടുണ്ടോ? തിന്മകൾ വെടിയാനും നന്മകൾ അധികമായി ചെയ്യാനും സാധിച്ചിട്ടുണ്ടോ? ദേഹേഛകളെ അതിജീവിക്കാൻ കഴിയുന്നുണ്ടോ?
റമദാനിന്റെ പകലുകളിൽ അന്നപാനീയങ്ങൾ വെടിയാൻ കഴിഞ്ഞതിൽനിന്നും നമുക്ക് നമ്മുടെ ഇഷ്ടങ്ങളെ പിടിച്ചുനിർത്താൻ കഴിയും എന്നത് വ്യക്തമാണ്. റമദാനിൽ മാത്രം അഞ്ചുനേരം നമസ്‌കരിക്കുന്ന, റമദാനിൽ മാത്രം പള്ളിയിൽ പോകുന്ന, റമദാനിൽ മാത്രം വൃത്തികേടുകളിൽനിന്നും വിട്ടുനിൽക്കുന്ന ചിലയാളുകളുണ്ട്. റമദാനിൽ അതിനൊക്കെ കഴിയുമെങ്കിൽ റമദാനിലല്ലാത്തപ്പോഴും കഴിയേണ്ടതല്ലേ? തിന്മകളിൽ നിന്നും വഴിമാറി ജീവിതത്തെ നന്മകളിലൂടെ നയിക്കാൻ നമുക്ക് സാധിക്കണം.
മറ്റൊരു വിഭാഗമുണ്ട്; റമദാനിലും അല്ലാത്തപ്പോഴുമൊക്കെ അവർ കർമങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ബിദ്അത്തായ കർമങ്ങൾക്കാണ് അവർ കൂടുതൽ പ്രാധാന്യം നൽകുന്നത്. അല്ലാഹുവിനെ ആരാധിക്കുന്നുണ്ട്. എന്നാൽ അല്ലാഹുവിന് മാത്രം സമർപ്പിക്കേണ്ട ആരാധനകൾ അവന്റെ ചില പടപ്പുകൾക്കും അവർ സമർപ്പിക്കുന്നു.
പ്രവാചകന്മാർ മുഴുവനും കടന്നുവന്നത് പ്രധാനമായും ‘ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കണം’ എന്ന് പഠിപ്പിക്കാനായിരുന്നു. ആ ആരാധനയുടെ പ്രധാന ഘടകമാണ് പ്രാർഥന. നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ കർമങ്ങളെല്ലാം അല്ലാഹുവിന് മാത്രം എന്ന പോലെ പ്രാർഥനയും അല്ലാഹുവോട് മാത്രം എന്നാണ് ഇസ്‌ലാമികാധ്യാപനം. അതിനർഹതപ്പെട്ടവൻ അല്ലാഹു മാത്രം. ക്വുർആനിലെ എത്രയെത്ര ആയത്തുകളിലൂടെയാണ് അല്ലാഹു ഈ ആശയം പഠിപ്പിച്ചിട്ടുള്ളത്! അല്ലാഹുവല്ലാത്തവരോട് പ്രാർഥിച്ചാൽ നരകമാണ്, സ്വർഗം നിഷിദ്ധമാണ്, അങ്ങനെ ചെയ്യുന്നവൻ ഏറ്റവും വലിയ വഴിപിഴച്ചവനാണ്, അവരുടെ കർമങ്ങൾ തകർന്നുപോകും, നരകത്തിൽ ശാശ്വതമാണ്... എന്നെല്ലാം ക്വുർആനിൽ കാണാം. എന്നിട്ടും ഒരുപാടാളുകൾ ഈ അക്രമം ചെയ്യുന്നു. പണ്ഡിതന്മാർ അതിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഓർക്കുക; ഒരു പണ്ഡിതനും നാളെ നമ്മെ രക്ഷിക്കാൻ എത്തുകയില്ല.

