ടോയ്‌ലെറ്റിനുള്ളിൽ വച്ച് വുദൂഅ് ചെയ്യാമോ?
ആശയ വിവർത്തനം: മുജാഹിദ് അൽഹികമി പറവണ്ണ
2025 മാർച്ച് 15, 1446 റമദാൻ 14

ടോയ്‌ലെറ്റിനുള്ളിൽവച്ച് വുദൂഅ് ചെയ്യുന്നതിന്റെ വിധിയെന്താണ്?
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽഉസൈമീൻ (റഹി) പറയുന്നു:’’ടോയ്‌ലെറ്റിനകത്തുവച്ച് വുദൂഅ് ചെയ്യുന്നതുകൊണ്ട് പ്രശ്‌നമില്ല. അയാളുടെ വുദൂഅ് സ്വീകാര്യമാണ്. എന്നാൽ, പള്ളിയുടെ ടോയ്‌ലറ്റുകളാണെങ്കിൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
പുറത്ത് ആളുകൾ കാത്തുനിൽക്കുകയും വുദൂഅ് ചെയ്യാൻ പള്ളിയിൽ പ്രത്യേക സൗകര്യവുമുണ്ടെ ങ്കിൽ, പള്ളിയുടെ ടോയ്‌ലറ്റുകളിൽ വെച്ചുള്ള വുദൂഅ് ഒഴിവാക്കണം. കാരണം, പുറത്ത് കാത്തിരിക്കുന്നവരെ പ്രയാസപ്പെടുത്താൻ നിങ്ങൾക്ക് അവകാശമില്ല. അതിനാൽ പെട്ടെന്ന് ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങുകയും വുദൂഇനു വേണ്ടി പ്രത്യേകമായി ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.
റമളാനിലല്ലാതെ രാത്രി നമസ്‌ക്കാരം ജമാഅത്തായി നിർവഹിക്കാമോ?
ശൈഖ് ഇബ്‌നു ഉസൈമീൻ (റഹി) പയുന്നു: “പതിവായിട്ടല്ലാതെ, ഇടയ്‌ക്കൊക്കെ വിത്‌റും തഹജ്ജുദുമൊക്കെ ജമാഅത്തായി നിർവഹിക്കാം. കാരണം, പല സന്ദർഭങ്ങളിലായി ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഹുദൈഫ(റ) തുടങ്ങിയ ചില സ്വഹാബിമാർ നബി ﷺയുടെ കൂടെ ജമാഅത്തായി രാത്രി നമസ്‌ക്കാരം നിർവഹിച്ചിട്ടുണ്ട്. ഇത് എപ്പോഴുമല്ല, മറിച്ച് ചില രാത്രികളിൽ മാത്രമാണ്. ഉദാഹരണത്തിന്, ഒരാൾ തഹജ്ജുദ് നമസ്‌കരിക്കാൻ നിന്ന സമയത്ത് വീട്ടിൽ അതിഥി വന്നു. ആ അതിഥി വീട്ടുകാരന്റെ കൂടെ തഹജ്ജുദും വിത്‌റുമൊക്കെ ജമാഅത്തായി നമസ്‌കരിച്ചു. അതിന് പ്രശ്‌നമൊന്നുമില്ല.
ഈ പറയുന്നത് പതിവായി ജമാഅത്തായി നമസ്‌കരിക്കുന്നതിനെ പറ്റിയല്ല. മറിച്ച്, വല്ലപ്പോഴും ജമാഅത്തായി നിർവഹിക്കുന്നതിനെ കുറിച്ചാണ്. റമദാനില്ലല്ലാതെ രാത്രി നമസ്‌കാരം പതിവായി ജമാഅത്തായി നിർവഹിക്കാൻ പറ്റില്ല. എന്നാൽ, റമദാനിൽ തുടക്കം മുതൽ അവസാനം വരെ രാത്രി നമസ്‌കാരം ജമാഅത്തായി നിർവഹിക്കൽ സുന്നത്താണ്.
ദുഹാ നമസ്‌കാരത്തിന്റെ ആദ്യസമയവും അവസാന സമയവുമെപ്പോഴാണ്?
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റഹി) പറയുന്നു: “സൂര്യൻ ഉദിച്ചതിന് ശേഷം ഏകദേശം കാൽ മണിക്കൂർ കഴിയുമ്പോഴാണ് ദുഹായുടെ സമയം ആരംഭിക്കുക. ദ്വുഹ്‌റിന് സൂര്യൻ മധ്യത്തിൽനിന്നു തെറ്റുന്നതിന് ഏകദേശം 10 മിനുട്ട് മുമ്പ് വരെയാണ് ദുഹാ നമസ്‌കാരത്തിന്റെ അവസാന സമയം. അവസാന സമയത്തേക്ക് നീട്ടിവയ്‌ക്കേണ്ട നമസ്‌കാരങ്ങളിലൊന്നാണിത്. കാരണം, നബിﷺ പറഞ്ഞു: “സ്വലാത്തുൽ അവ്വാബീൻ’ അഥവാ ദുഹാ നമസ്‌കാരം ചെറിയ ഒട്ടകക്കുട്ടികൾക്ക് മണലിന്റെ ചൂട് അസഹ്യമാകുന്ന സമയത്താണ്’’ (മുസ്‌ലിം). അഥവാ, സൂര്യന്റെ ചൂട് കഠിനമാകുന്ന സമയത്ത്. കഴിയുമെങ്കിൽ, സൂര്യൻ മധ്യത്തിൽനിന്ന് തെറ്റുന്നതിന്റെ 15 മിനിറ്റ് മുമ്പ് ദുഹാ നമസ്‌കരിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ, ആ സമയത്ത് ഒരാൾക്ക് ജോലിയുടെയോ കച്ചവടത്തിന്റെയോ പഠനത്തിന്റെയോ ഒക്കെ തിരക്കുകളുണ്ടെങ്കിൽ, സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെ അത്ര ഉയർന്ന് കഴിഞ്ഞാൽ ദുഹാ നമസ്‌കാരം നിർവഹിക്കാവുന്നതാണ്. അതായത്, സൂര്യോദയത്തിന് ശേഷം ഏകദേശം പതിനഞ്ചു മിനുട്ട് കഴിഞ്ഞാൽ.

