ഹജ്ജ്, ഉംറ: ചോദ്യോത്തരങ്ങൾ

അബൂ അമീൻ ആലുവ

2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

ഹജ്ജിന്റെ റുക്‌നുകളും ഫർദുകളും ഏതെല്ലാം? അവ തമ്മിലുള്ള വ്യത്യാസം എന്ത്?

= ‘റുക്‌നുകൾ’ എന്നത് നിർബന്ധമായും പാലിക്കേണ്ടതും (ചെയ്യേണ്ടതും) പകരമായി മറ്റൊന്നുകൊണ്ട് മതിയാകാത്തതുമായ കാര്യങ്ങളാണ്. അവയിൽ ഏതെങ്കിലുമൊന്ന് നഷ്ടമായാൽ ഹജ്ജ് സാധുവാകുകയില്ല. എന്നാൽ വാജിബാത്തുകൾ (ഫർദുകൾ) നിർബന്ധമായി ചെയ്യേണ്ടവയാണെങ്കിലും ചെയ്യാൻ സാധിക്കാതെവന്നാൽ പകരം ഒരു ആടിനെ ബലിയറുത്ത് മക്കാഹറമിലുള്ളവർക്ക് വിതരണം ചെയ്താൽ മതിയാകുന്നതാണ്.

ഇഹ്‌റാമിൽ പ്രവേശിക്കൽ, കഅ്ബയെ ത്വവാഫ് ചെയ്യൽ, സ്വഫാ-മർവക്കിടയിൽ സഅ്‌യ് ചെയ്യൽ, അറഫയിൽ നിൽക്കൽ, ത്വവാഫുൽ ഇഫാദ (അഥവാ അറഫയിലെ നറുത്തവും മുസ്ദലിഫയിലെ രാപാർക്കലും കഴിഞ്ഞശേഷമുള്ള ത്വവാഫ്) എന്നിവയാണ് ഹജ്ജിലെ റുക്‌നുകൾ.

എന്നാൽ വാജിബാത്തുകൾ താഴെ പറയുന്നവയാണ്: ഒന്ന്, മീക്വാത്തുകളിൽനിന്ന് ഇഹ്‌റാമിൽ പ്രവേശിക്കൽ. രണ്ട്, തഹല്ലുലാകുന്ന സന്ദർഭത്തിൽ മുടി മുറിക്കുകയോ വടിക്കുകയോ ചെയ്യൽ. ഇവ രണ്ടും ഹജ്ജിലും ഉംറയിലും നിർബന്ധമായ സംഗതികളാണ് (വാജിബാത്തുകൾ). മൂന്ന്, പകലിൽ അറഫയിൽ നിൽക്കുന്ന ആളുകൾ സൂര്യാസ്തമയംവരെയും നിൽക്കൽ. നാല്, മുസ്ദലിഫയിൽ രാപാർക്കൽ. അഞ്ച്, ദുൽഹിജ്ജ പത്തിന് ജംറത്തുൽ അക്വബയിലും 11,12,13 ദിവസങ്ങളിൽ മൂന്ന് ജംറകളിലും കല്ലെറിയൽ. ആറ്, അയ്യാമുത്തശരീക്വിന്റെ ദിവസങ്ങളിൽ മിനയിൽ രാപാർക്കൽ. ഏഴ്, ത്വവാഫുൽ വദാഅ്.

ഇവയിൽ ഏതെങ്കിലും ചെയ്യാൻ സാധിക്കാതെവന്നാൽ ഒരു മൃഗത്തെ ബലിയറുക്കുകയാണ് വേണ്ടത്. ആ ബലിമൃഗത്തിൽനിന്ന് അയാൾ ഭക്ഷിക്കുവാൻ പാടില്ല, ഹറമിലെ പാവപ്പെട്ട ആളുകൾക്കത് വിതരണം ചെയ്യണം.

നമസ്‌കരിക്കാത്തയാളുടെ ഹജ്ജിന്റെ വിധിയെന്താണ്?

= നമസ്‌കാരം ഉപേക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർ യഥാർഥ വിശ്വാസികളല്ല എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. അതുകൊണ്ട് സ്വബോധമുള്ള ഏതൊരു വിശ്വാസിയും നമസ്‌കാരം നിർബന്ധമാകുന്ന അവസ്ഥയിൽ എത്തിയ ആളാണെങ്കിൽ ഫർദായ അഞ്ചുനേരത്തെ നമസ്‌കാരം നിർവഹിച്ചിരിക്കണം. ഇല്ലാത്തിടത്തോളം അയാളെ മുസ്‌ലിമായിത്തന്നെ പരിഗണിക്കാൻ സാധിക്കുകയില്ല. അതിനാൽ നമസ്‌ക്കരിക്കാത്തവരുടെ ഹജ്ജ് സ്വീകാര്യയോഗ്യമോ ഹജ്ജ് എന്ന ബാധ്യത നിർവഹണത്തിന് മതിയായതോ അല്ല. അതിനാൽ നിർബന്ധമായ നമസ്‌കാരം, സകാത്ത്, നോമ്പ് പോലെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നവർക്ക് മാത്രമെ ഹജ്ജ് സ്വീകാര്യയോഗ്യമായ വിധത്തിൽ നിർവഹിക്കാൻ സാധിക്കുകയുള്ളൂ. നമസ്‌കാരം ഉപേക്ഷിക്കുന്നവന് മതത്തിൽ യാതൊരു വിഹിതവും ഇല്ല.

നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ അലസതകൊണ്ട്, പല നിസ്സാര കാരണങ്ങൾ പറഞ്ഞ് ഫർദായ ഹജ്ജ് പിന്തിപ്പിക്കാറുണ്ട്. എന്താണ് അവർക്ക് കൊടുക്കാനുള്ള ഉപദേശം?

= ഇസ്‌ലാം കാര്യങ്ങളിൽ പെട്ട സുപ്രധാനമായ ഒരു ആരാധനയാണ് ഹജ്ജ്. സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ള ഏതൊരു വിശ്വാസിയും ഹജ്ജ് നിർവഹിക്കൽ നിർബന്ധമാണ്. ഹജ്ജ് നിർബന്ധമാകുന്ന നിബന്ധനകളൊക്കെ പൂർത്തിയായിവരികയും എന്നിട്ടും ഹജ്ജ് നിർവഹിക്കാതിരിക്കുകയും ചെയ്യുന്ന ആളെ സംബന്ധിച്ചിടത്തോളം അയാളുടെ ഇസ്‌ലാം പൂർണമാകുന്നില്ല. അപ്രകാരം തന്നെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് ഹജ്ജ് എന്ന ബാധ്യത വൈകിപ്പിക്കുന്നതും ശരിയല്ല. കാരണം അല്ലാഹുവോ അവന്റെ റസൂലോ ഒരു കാര്യം വിശ്വാസികളോട് കൽപിച്ചാൽ അത് സാധ്യമാകുന്നത്രയും വേഗത്തിൽ പ്രയോഗവൽക്കരിക്കുകയാണ് വേണ്ടത്. അകാരണമായി പിന്തിച്ചാൽ-നമുക്കറിയില്ല ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന്-ഒരുപക്ഷേ, ദാരിദ്ര്യമോ രോഗമോ മരണമോ അങ്ങനെ എന്തുവേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് നിർബന്ധ ബാധ്യതകൾ ഏതുതന്നെയാണെങ്കിലും സാഹചര്യം ഒത്തുവരുമ്പോൾ പിന്തിപ്പിക്കാൻ ശ്രമിക്കാതെ എത്രയും വേഗം ബാധ്യത നിർവഹിക്കാനായിരിക്കണം നാം ശ്രദ്ധിക്കേണ്ടത്. നമുക്ക് ആരോഗ്യവും കൈകാലുകളുമൊക്കെ നൽകിയ പടച്ച റബ്ബിനോട് നമുക്ക് ബാധ്യതയുണ്ട്.

“...ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു’’ (3:97).

ഇഹ്‌റാമിൽ പ്രവേശിച്ചശേഷം രോഗംകൊണ്ടോ വാർധക്യസഹജമായ അവശതകൾകൊണ്ടോ ഹജ്ജോ ഉംറയോ പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

= ഒരാൾ ഹജ്ജിനോ ഉംറക്കോ വേണ്ടി നിയ്യത്ത് ചെയ്ത് ഇഹ്‌റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ അത് പൂർത്തീകരിക്കുക എന്നത് അയാളുടെ ബാധ്യതയാണ്.

“നിങ്ങൾ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂർണമായി നിർവഹിക്കുക. ഇനി നിങ്ങൾക്ക് (ഹജ്ജ് നിർവഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാൽ നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയർപ്പിക്കേണ്ടതാണ്). ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങൾ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയിൽ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കിൽ (മുടി നീക്കുന്നതിന്) പ്രായച്ഛിത്തമായി നോമ്പോ, ദാനധർമമോ, ബലികർമമോ നിർവഹിച്ചാൽ മതിയാകും. ഇനി നിങ്ങൾ നിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോൾ ഒരാൾ ഉംറ നിർവഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്നപക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്). ഇനി ആർക്കെങ്കിലും അത് കിട്ടാത്തപക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും, നിങ്ങൾ (നാട്ടിൽ) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേർത്ത് ആകെ പത്തുദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുൽ ഹറാമിൽ താമസിക്കുന്നവർക്കല്ലാത്തവർക്കാകുന്നു ഈ വിധി. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക’’ (2:196).

അതിനാൽ, ഇഹ്‌റാമിൽ പ്രവേശിച്ചതിന് ശേഷം ഉംറ പൂർത്തീകരിക്കുന്നതിനു മുമ്പ് രോഗം മൂലമോ മറ്റോ അവശരായിക്കഴിഞ്ഞാൽ ആരോഗ്യസ്ഥിതി വീണ്ടെടുത്ത് കർമം പൂർത്തീകരിക്കുന്നതുവരെ ഇഹ്‌റാമിൽ തുടരുകയാണ് വേണ്ടത്. എന്നാൽ ഇഹ്‌റാമിൽ പ്രവേശിക്കുന്ന സന്ദർഭത്തിൽ ‘എനിക്ക് വല്ല തടസ്സങ്ങളും നേരിട്ടാൽ അവിടെവെച്ച് ഞാൻ തഹല്ലുലാകും’ എന്ന് ഒരു ഉപാധി വെച്ചുകൊണ്ടാണ് ഇഹ്‌റാമിൽ പ്രവേശിച്ചതെങ്കിൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉംറയോ ത്വവാഫോ സഅ്‌യോ ഒന്നും നിർബന്ധ ബാധ്യതയായി വരുന്നില്ല. എന്നാൽ ഇങ്ങനെ ഒരു ഉപാധി പറയാത്ത ആളെ സംബന്ധിച്ചിടത്തോളം അയാൾ ഇഹ്‌റാമിൽതന്നെ തുടരണം. അല്ലെങ്കിൽ ഒരു ബലികർമം നിർവഹിക്കുകയും ഇഹ്‌റാമിൽനിന്ന് ഒഴിവാകുകയും ചെയ്യാം.

എങ്ങനെയാണ് ഇഹ്‌റാമിൽ പ്രവേശിക്കുന്നത്? ‘ലബ്ബൈക്കല്ലാഹുമ്മ....’ എന്ന് പറയുന്നതിലൂടെയാണോ ഇഹ്‌റാമിൽ പ്രവേശിക്കുന്നത്? ഇഹ്‌റാമിന്റെ നിയ്യത്തിന് പ്രത്യേക രൂപം ഉണ്ടോ?

= ഏതൊരു കർമത്തിനും നിയ്യത്ത് അനിവാര്യമാണ്. അഥവാ നമ്മുടെ മനസ്സിന്റെ വിചാരവും ഉദ്ദേശവും (നിയ്യത്ത്) എന്താണോ അതനുസരിച്ചാണ് അല്ലാഹു ആ കർമങ്ങളെ പരിഗണിക്കുക. അതുകൊണ്ടുതന്നെ ഏതൊരു ആരാധനയും അല്ലാഹുവിന് മാത്രമായി നിഷ്‌കളങ്കതയോടെയും ആത്മാർഥതയോടെയും നിർവഹിക്കുവാൻ സാധിക്കേണ്ടതുണ്ട്. എന്നാൽ ആ ഒരു അടിസ്ഥാന ആശയത്തെ മറന്നുകൊണ്ട്, പലരും നിയ്യത്ത് എന്നു പറഞ്ഞാൽ എന്തൊക്കെയോ വാചകങ്ങൾ ചൊല്ലിപ്പറയലാണ് എന്ന രീതിയിൽ തെറ്റായി മനസ്സിലാക്കിയിട്ടുണ്ട്. വാസ്തവത്തിൽ നിയ്യത്തിന്റെ കാര്യത്തിൽ നാവിന് ഒരു റോളും ഇല്ല; നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ് എന്നർഥം. തൽബിയ്യത്ത് ‘ലബ്ബൈക്കല്ലാഹുമ്മ...’ എന്ന് തുടങ്ങുന്ന ഒരു ദിക്‌റാണ്. എന്നാൽ ഉംറ ഉദ്ദേശിച്ചിട്ടാണ് നാം ഇഹ്‌റാമിൽ പ്രവേശിക്കുന്നതെങ്കിൽ ‘ലബ്ബൈകല്ലാഹുമ്മ ഉംറതൻ’ എന്നും ഹജ്ജിനു വേണ്ടിയാണ് ഇഹ്റാമിൽ പ്രവേശിക്കുന്നതെങ്കിൽ ‘ലബ്ബൈകല്ലാഹുമ്മ ഹജ്ജൻ’ എന്നും പറയണം. ഞാൻ ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നു (നവൈത്തു....) അല്ലെങ്കിൽ ഞാൻ ഹജ്ജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്നു. എന്നിങ്ങനെ ചൊല്ലിപ്പറയേണ്ട ആവശ്യമില്ല. പ്രവാചകമാതൃക അതിനില്ലാത്തതിനാൽ അത്തരം പ്രവണതകൾ ഉപേക്ഷിക്കുകയാണ് വേണ്ടത്.

ഇഹ്‌റാമിലല്ലാതെ മീക്വാത്ത് വിട്ടുകടന്നാൽ എന്താണ് ചെയ്യേണ്ടത്?

= ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് വരുന്ന ആളുകൾ മീക്വാത്ത് വിട്ടുകടക്കുന്നതിനു മുമ്പ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടതുണ്ട്. അത് വാജിബാത്തുകളിൽ പെട്ടതാണ്. അതിനാൽ ഇഹ്‌റാമിൽ പ്രവേശിക്കാതെ മീക്വാത്ത് വിട്ടുകടന്ന ആളുകൾ തിരിച്ചുചെന്ന് മീക്വാത്തിൽനിന്ന് ഇഹ്‌റാമിൽ പ്രവേശിക്കണം. അതല്ലെങ്കിൽ അഥവാ അതിന് സൗകര്യപ്പെടാതിരുന്നാൽ ഒരു മൃഗത്തെ ബലിയറുത്ത് മക്കയിൽ (ഹറമിൽ) താമസിക്കുന്ന പാവങ്ങൾക്ക് വിതരണം ചെയ്യണം. എന്നാൽ ഹജ്ജോ ഉംറയോ ഉദ്ദേശിച്ചുകൊണ്ടല്ലാതെ മറ്റു കാര്യങ്ങൾക്ക് വേണ്ടി മക്കയിലേക്ക് പോകേണ്ടിവരുന്ന ആളുകൾക്ക് ഇഹ്‌റാമിന്റെ ആവശ്യമില്ല.

വിമാനത്തിലൂടെമക്കയിലേക്ക് വരുന്ന ആളുകൾ എങ്ങനെയാണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്?

= വിമാനത്തിലൂടെ വരുന്ന ആളുകൾ മീക്വാത്തിന്റെ നേരെ എത്തിക്കഴിഞ്ഞാൽ ‘ലബ്ബൈകല്ലാഹുമ്മ ഹജ്ജൻ’ അല്ലെങ്കിൽ ‘ലബ്ബൈകല്ലാഹുമ്മ ഉംറത്തൻ’ എന്ന് പറഞ്ഞുകൊണ്ട് ഇഹ്‌റാമിൽ പ്രവേശിക്കുകയാണ് വേണ്ടത്. അതിന് മുമ്പേതന്നെ വീട്ടിൽനിന്ന് കുളിച്ച് വൃത്തിയായി പുരുഷന്മാർ ഇഹ്‌റാമിന്റെ പ്രത്യേകമായ വസ്ത്രം ധരിച്ച് മീക്വാത്തിന് നേരെ എത്തുമ്പോൾ ആ പുണ്യകർമത്തിൽ പ്രവേശിക്കുകയാണ് എന്ന നിയ്യത്തോടുകൂടി തൽബിയ്യത്ത് ചൊല്ലണം. മീക്വാത്ത് എത്തുന്നതിനുമുമ്പ് തയ്യാറായിട്ടില്ലെങ്കിൽ നമുക്ക് അത് നഷ്ടപ്പെടും. കാരണം വിമാനത്തിന്റെ സഞ്ചാരം അതിവേഗത്തിലായിണ്. അതിനാൽ വിമാനത്തിൽ കയറുന്നതിനു മുമ്പുതന്നെ ഇഹ്‌റാമിന്റെ മറ്റു കാര്യങ്ങളെല്ലാം ചെയ്ത് ഒരുങ്ങി കാത്തിരിക്കണം. മിക്വാത്തിന് നേരെ എത്തി എന്നുള്ള അറിയിപ്പ് കിട്ടിയാലുടനെ തൽബിയ്യത്ത് ചൊല്ലി ഇഹ്‌റാമിലേക്ക് പ്രവേശിക്കണം.

ഇഹ്‌റാമിൽ പ്രവേശിക്കന്നതിനായി പ്രത്യേകം നമസ്‌കാരമുണ്ടോ?

= ഇഹ്‌റാമിൽ പ്രവേശിക്കുന്നതിനായി പ്രത്യേക നമസ്‌കാരം ഒന്നുമില്ല. എന്നാൽ മീക്വാത്തിൽ എത്തുമ്പോൾ ഏതെങ്കിലും ഫർദ് നമസ്‌കാരത്തിന്റെ സമയമാണെങ്കിൽ അത് നിർവഹിച്ചതിനുശേഷം ഇഹ്‌റാമിൽ പ്രവേശിക്കലാണ് ഉത്തമം. ഫർദ് നമസ്‌കാരത്തിന്റെ സമയമല്ലാത്തപ്പോഴാണ് എത്തുന്നതെ ങ്കിൽ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ കുളിക്കുന്നതുപോലെ കുളിച്ച് ശരീരത്തിൽ സുഗന്ധം പൂശി ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച് ഏതെങ്കിലും സുന്നത്ത് നമസ്‌കാരങ്ങൾ (ഉദാഹരണത്തിന്, ദുഹാ നമസ്‌കാരം സുന്നത്ത് നമസ്‌കാരം, പള്ളിയിൽ പ്രവേശിച്ചാലുള്ള തഹിയ്യത്ത് നമസ്‌കാരം എന്നിങ്ങനെ) ഏതെങ്കിലും ഒരു നമസ്‌കാരത്തിന് ശേഷം ഇഹ്‌റാമിൽ പ്രവേശിക്കുന്നതും നല്ല കാര്യമാണ്. എന്നാൽ ഇഹ്‌റാമിന് വേണ്ടി മാത്രമായി പ്രത്യേകമായ ഒരു നമസ്‌കാരം നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല.

മക്കയിൽ എത്തിക്കഴിഞ്ഞാൽ ഉംറ നിർവഹിച്ചശേഷം ബാക്കി ദിവസങ്ങളിൽ പലരും നിരവധി ഉംറകൾ നിർവഹിക്കാനായി പോകുന്നത് കാണാം. ഇത് ശരിയാണോ?

= ഉംറ നിർവഹിച്ചുകഴിഞ്ഞാൽ ത്വവാഫ്, സുന്നത്ത് നമസ്‌കാരങ്ങൾ, അതുപോലെയുള്ള മറ്റു സൽകർമങ്ങൾ അധികരിപ്പിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ഹറമിന് പുറത്ത് പോകുകയും അവിടെനിന്ന് ഇഹ്‌റാമിൽ പ്രവേശിച്ച് വീണ്ടും വീണ്ടും ഉംറ നിർവഹിക്കുകയും ചെയ്യുന്ന രീതി നബിﷺയിൽനിന്നോ സ്വഹാബികളിൽനിന്നോ സ്ഥിരപ്പെട്ടു വന്നിട്ടില്ല. എന്ന് മാത്രമല്ല, അത്തരം രീതികൾ അവർ വെറുക്കുകയാണ് ചെയ്തിട്ടുള്ളത്. വ്യക്തമായ തെളിവില്ലാത്ത ഇത്തരം കാര്യങ്ങൾ ചെയ്തു സമയവും കർമവും പാഴാക്കുന്നതിന് പകരം ഉറപ്പുള്ള സ്ഥിരപ്പെട്ട ധാരാളം നന്മകൾ ചെയ്യാൻ നമ്മുടെ സമയം വിനിയോഗിക്കേണ്ടതുണ്ട്. ഹജ്ജിന്റെയും ഉംറയുടെയും തിരക്കുകളുള്ള സമയത്ത് ഇത്തരം പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം നാം ഓർക്കണം. ആഇശ(റ)ക്ക് ആർത്തവ കാരണത്താൽ ഉംറ നിർവഹിക്കാൻ സാധിച്ചില്ല. പിന്നീട് അവർ അത് നിർവഹിക്കാൻ അനുവാദം ചോദിച്ചപ്പോൾ നബിﷺ അതിന് അനുവദിച്ചു. അവരുടെ സഹോദരൻ അബ്ദുറഹ്‌മാൻ(റ)വിനെ കൂട്ടി ഹറമിന് പുറത്ത് പോയി ഇഹ്‌റാമിൽ പ്രവേശിച്ച് ഉംറ നിർവഹിച്ചു. ഈ സംഭവം ഒരു യാത്രയിൽതന്നെ നിരവധി ഉംറകൾ നിർവഹിക്കുന്നതിന് രേഖയാവുകയില്ല. കാരണം ഉംറ നിർവഹിക്കാൻ സാധിക്കാതിരുന്ന ആഇശ(റ) മാത്രമാണ് ഇങ്ങനെ ഉംറ നിർവഹിച്ചത്. അവരുടെ കൂടെ പോയ അബ്ദുറഹ്‌മാൻ(റ) അടക്കം മറ്റു സ്വഹാബികൾ ആരും ഇങ്ങനെ ഉംറ ആവർത്തിച്ച് ചെയ്തില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. അത് പുണ്യമുള്ള കാര്യമായിരുന്നുവെങ്കിൽ അവർ അത് ചെയ്തു മാതൃക കാണിക്കുമായിരുന്നു.

ഹജ്ജിന്റെയും ഉംറയുടെയും പ്രധാന സന്ദേശം എന്താണ്?

= ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദ് അഥവാ ഏകദൈവ വിശ്വാസം ഹജ്ജിന്റെയും ഉംറയുടെയും ഓരോ കർമത്തിലും നിഴലിച്ചുകാണാം. ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗനിർഭരമായ ജീവിതത്തിന്റെ പല ഭാഗങ്ങളും ഹജ്ജ് കർമങ്ങളിലൂടെ അനുസ്മരിക്കപ്പെടുന്നുണ്ടെ ങ്കിലും ഏതെങ്കിലും ഒരു ഘട്ടത്തിൽ ആ മഹാത്മാക്കളോട് പ്രാർഥിക്കലോ സഹായംതേടലോ അവരുടെ പേരിലുള്ള നേർച്ച വഴിപാടുകളോ ഒന്നും അവിടെയില്ല എന്നത് ശ്രദ്ധേയമാണ്. ഇഹ്‌റാമിൽ പ്രവേശിച്ചത് മുതൽ നാം ഉരുവിടുന്ന തൽബിയ്യത്തിന്റെ വചനങ്ങൾ പരിശോധിച്ചാലും അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും നമ്മുടെ ആശ്രയവും അഭയവും പ്രതീക്ഷയുമെല്ലാം അവൻ മാത്രമാണെന്നുമുള്ള സന്ദേശമാണ് കാണാൻ സാധിക്കുക. മുഹമ്മദ് നബിﷺയുടെയും സ്വഹാബത്തിന്റെയും ചരിത്രം പരിശോധിച്ചാലും ഈ സന്ദേശങ്ങളുടെ പ്രയോഗവൽക്കരണവും പ്രചാരണവുമാണ് അവിടെയും കാണുവാൻ കഴിയുക. ഇസ്‌ലാമിന്റെ അടിത്തറയായ ഈ വിശ്വാസം കൈയൊഴിക്കുകയോ അതിൽ വെള്ളം ചേർക്കുകയോ ചെയ്താൽ നാം ചെയ്യുന്ന സകലമാന സൽകർമങ്ങളും നിഷ്ഫലമാവുമെന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്നും നഷ്ടക്കാരുടെ കൂട്ടത്തിൽ പെട്ട് നരകത്തിൽ പ്രവേശിക്കേണ്ടിരുമെന്നും ക്വുർആൻ വ്യക്തമായി ഉണർത്തിയിട്ടുണ്ട്. അതിനാൽ ഇസ്‌ലാം പഠിപ്പിക്കുന്ന അടിസ്ഥാന വിശ്വാസങ്ങൾ പഠിച്ചറിയുകയും അത് ആത്മാർഥമായി നെഞ്ചേറ്റുകയും ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. വിശ്വാസം നന്നാക്കിയ ശേഷമുള്ള കർമങ്ങൾ മാത്രമെ നമുക്ക് ഉപകരിക്കുകയുള്ളൂ.