നോമ്പ്; ചില സംശയങ്ങൾ

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്

2025 മാർച്ച് 01, 1446 റമദാൻ 01

ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് ഉപേക്ഷിക്കാമോ? ഉപേക്ഷിച്ച നോമ്പ് പിന്നീട് നോറ്റുവീട്ടേണ്ടതുണ്ടോ? പ്രായച്ഛിത്തം നിർബന്ധമുണ്ടോ?

ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും രോഗികളെപ്പോലെയാണ്. നോമ്പെടുക്കുന്നതിനു പ്രയാസമുണ്ടെങ്കിൽ ഉപേക്ഷിക്കാം. പിന്നീട് കഴിയുന്ന സമയത്ത് നോറ്റുവീട്ടണം.

നഷ്ടപ്പെട്ട ഓരോ നോമ്പിനും ഓരോ അഗതിക്കു ഭക്ഷണം നൽകിയാൽ മതിയെന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായം ദുർബലമാണ്. രോഗികൾ, യാത്രക്കാർ എന്നിവരെപ്പോലെ ഇവർക്കും നോറ്റുവീട്ടൽ നിർബന്ധമാണ്. ഇതാണ് ശരിയായ വീക്ഷണം. അല്ലാഹു പറയുന്നു:

فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ (البقرة:184)

“നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽനിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്).’’

നബിﷺ പറഞ്ഞു:

إن الله وضع عن المسافر الصوم وشطر الصلاة، وعن الحبلى والمرضع الصوم

“നിശ്ചയം അല്ലാഹു യാത്രക്കാരന് നമസ്‌കാരം ചുരുക്കി നിർവഹിക്കാനും നോമ്പ് ഉപേക്ഷിക്കാനും അനുവാദം നൽകിയിരിക്കുന്നു; ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീക്കും നോമ്പ് ഉപേക്ഷിക്കാനും.’’

പ്രായം ചെന്നവർ, രോഗശമനത്തിനു സാധ്യതയില്ലാത്ത രോഗികൾ തുടങ്ങി നോമ്പുപേക്ഷിക്കാൻ അനുവദിക്കപ്പെട്ടവർക്ക് പ്രായച്ഛിത്തം നിർബന്ധമാണോ?

പ്രായാധിക്യം, ശമന പ്രതീക്ഷയില്ലാത്ത രോഗം എന്നിവയാൽ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഓരോ നോമ്പിനും ഓരോ അഗതിക്ക് ആഹാരം നൽകണം. ഇബ്‌നു അബ്ബാസ്(റ) അടക്കം ഒരു സംഘം സ്വഹാബിമാർ ഇങ്ങനെ മതവിധി നൽകിയിരുന്നു.

ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്നവർക്കും നോമ്പ് നോൽക്കേണ്ടതുണ്ടോ? അടുത്ത റമദാൻ വരെ നോമ്പ് നോറ്റുവീട്ടാതിരുന്നാലുള്ള പ്രായച്ഛിത്തമെന്താണ്?

ആർത്തവകാലത്തും പ്രസവാനന്തരവും നോമ്പും നമസ്‌കാരവും നിഷിദ്ധവും സാധുതയില്ലാത്തതുമാണ്. നോമ്പ് പിന്നീട് നോറ്റുവീട്ടണം. എന്നാൽ നമസ്‌കാരം വീട്ടേണ്ടതില്ല. ആർത്തവകാരികൾ നമസ്‌കാരവും നോമ്പും മറ്റു സമയങ്ങളിൽ വീട്ടേണ്ടതുണ്ടോ എന്ന് ആഇശ(റ)യോട് ചോദിച്ചു. അവർ പറഞ്ഞു: ‘നോമ്പ് നോറ്റുവീട്ടാൻ ഞങ്ങളോട് നബിﷺ കൽപിച്ചിരുന്നു. എന്നാൽ നമസ്‌കാരം വീട്ടുന്നതിനു കൽപിച്ചിരുന്നില്ല.’ ആഇശ(റ)യുടെ ഈ പ്രസ്താവനയെ സംബന്ധിച്ച് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. ദിനേന അഞ്ച് തവണ ആവർത്തിക്കപ്പെടുന്ന നമസ്‌കാരം പിന്നീട് നിർവഹിക്കുക പ്രയാസകരമാണ്. എന്നാൽ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള നോമ്പ് നോറ്റുവീട്ടുക താരതമ്യേന എളുപ്പമാണ്. അല്ലാഹു സ്ത്രീകൾക്കു നൽകിയ ഈ ഇളവ് അവന്റെ അപാരമായ ഒരനുഗ്രഹമാണ്. ന്യായമായ കാരണം കൂടാതെ അടുത്ത റമദാൻ വരെ നോമ്പ് നോറ്റുവീട്ടുന്നതിൽ വീഴ്ച വരുത്തുന്നവർ പശ്ചാത്തപിക്കുകയും ഓരോ നോമ്പിനും ഒരഗതിക്ക് എന്ന കണക്കിൽ ആഹാരം നൽകുകയും നോറ്റുവീട്ടുകയും വേണം. യാത്രക്കാരനും രോഗിക്കും ഈ വിധി ബാധകമാണ്. യാത്ര അടുത്ത റമദാൻവരെ നീണ്ടു പോവുകയോ രോഗം തുടരുകയോ ചെയ്താൽ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടിയാൽ മതി. പ്രായച്ഛിത്തം ആവശ്യമില്ല.