മൂന്ന് സംശയങ്ങൾ
മുജാഹിദ് അൽഹികമി പറവണ്ണ
2025 മാർച്ച് 22, 1446 റമദാൻ 21

(ആശയ വിവർത്തനം)
നബിﷺയുടെ ക്വബ്‌റിന്നരികിൽ ചെന്ന് ശുപാർശ ചെയ്യാൻ ആവശ്യപ്പെടാമോ?
സുഊദി അറേബ്യയുടെ ഔദ്യോഗിക ഫത്‌വാ ബോർഡായ ലജ്‌നതുദ്ദാഇമയുടെ അംഗം ശൈഖ്സ്വാലിഹ് അൽ ഫൗസാൻ (ഹഫി) പറയുന്നു:
“മയ്യിത്തിനോട് ഒന്നും ആവശ്യപ്പെടരുത്. അത് ശഫാഅത്താണെങ്കിലും മറ്റെന്തെങ്കിലുമാണെങ്കിലും ശരി. നബിﷺയോടും പറ്റില്ല; അല്ലാത്തവരോടും പാടില്ല. സ്വഹാബിമാരോ ഉത്തമ നൂറ്റാണ്ടിലുള്ളവരോ നബിﷺയുടെ ക്വബ്‌റിന്നരികിൽ ചെന്ന് ‘ഞങ്ങൾക്കു വേണ്ടി ശഫാഅത്ത് ചെയ്യണേ’ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? ഒരിക്കലുമില്ല! അവർ അങ്ങനെ ചെയ്തിരുന്നുവെന്നതിന് രേഖയില്ല. എന്നാൽ, നബിﷺയുടെ ക്വബ്ർ സന്ദർശിക്കുകയും സലാം പറയുകയും ചെയ്യാം. അതിന് പ്രശ്‌നമൊന്നുമില്ല.’’
കടം തിരിച്ചുകൊടുക്കാനുള്ള ആളെ മറന്നാൽ എന്ത് ചെയ്യും?
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റഹി) പറയുന്നു:
“കടം വാങ്ങിയത് തിരിച്ചു കൊടുക്കാനുള്ള ആളെ മറന്നാൽ, ആ പണം പാവപ്പെട്ടവർക്ക് സ്വദക്വ നൽകുകയോ, പള്ളി നിർമാണത്തിന് ചെലഴിക്കുകയോ അല്ലെങ്കിൽ, മറ്റെന്തെങ്കിലും നന്മകൾക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
പണം ചെലവഴിച്ചതിനു ശേഷം കടം ലഭിക്കാനുള്ള വ്യക്തി വന്നാൽ, എന്ത് ചെയ്യും?
ഏത് മാർഗത്തിലാണ് നിങ്ങൾ ആ പണം ചെലവഴിച്ചതെന്ന് അവരെ അറിയിക്കുക. എന്നിട്ട് അവരോട് പറയുക: ‘നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ അതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കും (ഇൻശാ അല്ലാഹ്). അതല്ല, ഇനി നിങ്ങൾക്ക് പണം തന്നെ വേണമെങ്കിൽ, ഞാനത് നൽകുകയും ചെയ്യാം. ഞാൻ ചെലവഴിച്ചതിന്റെ കൂലി എനിക്ക് കിട്ടും (ഇൻശാ അല്ലാഹ്).’’
തീൻമേശയിൽ വിളമ്പുന്ന വിഭവങ്ങൾ ക്യാമറയിൽ പകർത്തി, സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
ശൈഖ് വലീദ് ബിൻ റാശിദ് അസ്സഈദാൻ (റഹി) പറയുന്നു: “ഇക്കാലത്ത്, ബുദ്ധി കുറഞ്ഞവർ ചെയ്യുന്ന ഒരു അനാവശ്യമാണിത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പോ ശേഷമോ അവയുടെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നതിൽ എന്ത് നേട്ടമാണുള്ളത്? അല്ലാഹുവാണേ, അതൊരു അനാവശ്യം മാത്രമാണ്.
ആളുകളുടെ കൈകളിൽ ക്യാമറയും മൊബൈലുമൊക്കെ സുലഭമായപ്പോൾ, അവർക്ക് ബുദ്ധിയും വിവേകവുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. ചെരുപ്പും അടിവസ്ത്രവും ബെഡ്റൂമും മുതൽ, വാങ്ങുന്ന ഓരോ പുതിയ വസ്തുവും അവർ ക്യാമറയിൽ പകർത്തി, സോഷ്യൽ മീഡിയയിലൂടെ വലിയവർക്കും ചെറിയവർക്കും മുന്നിൽ പ്രദർശിപ്പിക്കുന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങൾ.
ഇതെല്ലാം കണ്ട് ദരിദ്രരായ മറ്റു സഹോദരന്മാർ വേദനിക്കുന്നു. ഞങ്ങൾക്കിതൊന്നുമില്ലല്ലോ എന്നാലോചിച്ച് അവർ വിഷമിക്കുന്നു. സത്യത്തിൽ അവരെ സന്തോഷിപ്പിക്കേണ്ടവരാണ് നമ്മൾ. അല്ലാഹുവാണേ, ഇതിലൊന്നും ഒരു യുക്തിയും നന്മയുമില്ല. പോരാത്തതിന് കൂലിയുമില്ല. ബുദ്ധിയും ദീനുമുള്ളവർ ഇതിൽ നിന്നെല്ലാം വിട്ടുനിൽക്കണം. കാരണം, കൂലിയും പ്രയോജനവുമില്ലാത്ത വ്യർഥമായ കാര്യമാണത്.

