പ്രാർഥനയും കൈ ഉയർത്തലും
ശൈഖ് സുലൈമാൻ റുഹൈലി
2025 മാർച്ച് 08, 1446 റമദാൻ 07

ആശയ വിവർത്തനം: മുജാഹിദ് അൽഹികമി പറവണ്ണ (ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ)
എപ്പോഴും കൈ ഉയർത്തിയാണോ പ്രാർഥിക്കേണ്ടത്, അതല്ല, കൈ ഉയർത്തി പ്രാർഥിക്കാൻ പാടില്ലാത്ത സമയങ്ങളുണ്ടോ?
മദീന യൂണിവേഴ്‌സിറ്റി പ്രൊഫസറും മസ്ജിദുന്നബവിയിലെ അധ്യാപകനും മസ്ജിദു ക്വുബായിലെ ഖത്വീബുമായ ശൈഖ് സുലൈമാൻ റുഹൈലി(ഹഫി) പറയുന്നു:
“പ്രാർഥനയുടെ സമയത്ത് കൈ ഉയർത്തുന്നതിനു മൂന്ന് അവസ്ഥകളാണുള്ളത്: ഒന്നാമത്തെത്, നബിﷺ പ്രാർഥിക്കുകയും കൈ ഉയർത്തുകയും ചെയ്ത സമയങ്ങൾ. ഈ സമയങ്ങളിൽ പ്രാർഥിക്കുമ്പോൾ കൈകൾ ഉയർത്തൽ സുന്നത്തും ആരാധനയുമാണ്.
അതിന് ഉദാഹരണമാണ് സ്വഫയും മർവയും കയറുന്ന സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തുന്നതും ഒന്നാമത്തെ ജംറയിൽ കല്ലെറിഞ്ഞശേഷം കൈ ഉയർത്തി പ്രാർഥിക്കുന്നതും. ഇവിടെയൊക്കെ, പ്രാർഥിക്കുമ്പോൾ കൈ ഉയർത്തൽ സുന്നത്തും ആരാധനയുമാണ്. കാരണം, ഇതൊക്കെ നബിﷺ കൈ ഉയർത്തി പ്രാർഥിച്ച സന്ദർഭങ്ങളാണ്.
രണ്ടാമത്തെത്, നബിﷺ പ്രാർഥിക്കുകയും കൈകൾ ഉയർത്താതിരിക്കുകയും ചെയ്ത സന്ദർഭങ്ങളാണ്. ഈ സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണ്. (കാരണം, നബിﷺ ഉയർത്തിയിട്ടില്ല). അതിന് ഉദാഹരണമാണ് ഖുത്വുബയുടെ സമയത്ത് മഴക്ക് വേണ്ടിയുള്ള പ്രാർഥനക്കല്ലാതെ കൈ ഉയർത്തി പ്രാർഥിക്കൽ.
മഴക്ക് വേണ്ടിയല്ലാതെ, ഖുത്വുബകളിൽ നബിﷺ പ്രാർഥിച്ചതായി സ്ഥിരപ്പെട്ടിട്ടില്ലെന്ന് ചിലർ പറയാറുണ്ട്. അത് ശരിയല്ല. നബിﷺ ഖുത്വുബക്കിടയിൽ മഴക്ക് വേണ്ടിയല്ലാതെ തന്നെ പ്രാർഥിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. ആ സമയത്ത് നബിﷺ ചൂണ്ടുവിരൽ ഉയർത്തിയിരുന്നു. (മുസ്‌ലിം: 874).
എന്നാൽ ഖുത്വുബക്കിടയിൽ ഏത് സമയത്താണ് നബിﷺ പ്രാർഥിച്ചതെന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്, ഖത്വീബ് കഴിയുമെങ്കിൽ എപ്പോഴും ഒരേ സമയത്ത് പ്രാർഥിക്കാതെ, ഇടയ്ക്ക് ഒന്നാമത്തെ ഖുത്വുബയിലും ഇടയ്ക്ക് രണ്ടാമത്തെ ഖുത്വുബയിലുമൊക്കെ പ്രാർഥിക്കുന്നതാണ് ഏറ്റവും നല്ലത്. രണ്ടാമത്തെ ഖുത്വുബയുടെ അവസാനത്തിൽ പ്രാർഥിക്കൽ പ്രത്യേകം സുന്നത്താണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാതിരിക്കാൻ അതാണ് നല്ലത്.
പ്രാർഥിക്കുമ്പോൾ കൈ ഉയർത്താൻ പാടില്ലാത്തതിന് മറ്റൊരു ഉദാഹരണമാണ് ത്വവാഫിന്റെ സമയം. കഅ്ബയെ ത്വവാഫ് ചെയ്യുന്ന സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തൽ ബിദ്അത്താണ്. കാരണം, ആ സമയത്ത് നബിﷺ കൈ ഉയർത്തിയിട്ടില്ല.
മൂന്നാമത്തെത്; നബിﷺ പ്രാർത്ഥിച്ചുവെന്നോ കൈ ഉയർത്തിയെന്നോ സ്ഥിരപ്പെട്ട് വരാത്ത സമയങ്ങളാണ്. ഇതിൽ, പ്രാർഥനക്ക് ഉത്തരം കിട്ടുമെന്ന് നബിﷺ പഠിപ്പിച്ച സന്ദർഭങ്ങളും അല്ലാത്തവ യുമുണ്ടാകും. ഇങ്ങനെയുള്ള സമയങ്ങളിൽ, പ്രാർഥനയുടെ പൊതുമര്യാദ എന്ന നിലയ്ക്ക് കൈ ഉയർത്തുന്നത് ഉത്തരം കിട്ടാനുള്ള കാരണങ്ങളിലൊന്നാണ്. എന്നാൽ, ഇടയ്ക്ക് ഒഴിവാക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ ചിലപ്പോഴത് സുന്നത്താണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.
ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള സമയത്ത് പ്രാർഥിക്കുമ്പോൾ കൈ ഉയർത്തുന്നത് ഈ വകുപ്പിലാണ് വരിക. ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള സമയത്ത് നബിﷺ പ്രാർഥിച്ചുവെന്നോ പ്രാർഥിച്ചില്ല എന്നോ, കൈ ഉയർത്തിയെന്നോ ഉയർത്തിയില്ല എന്നോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. എന്നാൽ, അത് പ്രാർഥനക്ക് ഉത്തരം കിട്ടുന്ന സമയമാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ, ആ സമയത്ത് പ്രാർഥനയുടെ പൊതുമര്യാദയെന്ന നിലക്ക് കൈ ഉയർത്തി പ്രാർഥിക്കുന്നത് ഉത്തരം കിട്ടാനുള്ള കാരണമാണ്. എന്നാൽ, കൈ ഉയർത്തൽ ഒരു പതിവാക്കാതെ, ഇടയ്‌ക്കൊക്കെ ബാങ്കിനും ഇക്വാമത്തിനുമിടയിൽ കൈ ഉയർത്താതെ പ്രാർഥിക്കുന്നതും നല്ലതാണ്. കാരണം, എപ്പോഴും കൈ ഉയർത്തിയാൽ, പ്രാർഥിക്കുന്നവനോ അല്ലെങ്കിൽ മറ്റുള്ളവരോ അത് സുന്നത്താണെന്ന് കരുതും.’’
വിവർത്തകൻ:
നബിﷺ പറഞ്ഞു: “തീർച്ചയായും നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും മാന്യനുമാണ്; തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയർത്തിയാൽ, ഒന്നുമില്ലാതെ അവ മടക്കുന്നതിൽ അവൻ ലജ്ജിക്കുന്നു’’ (അബൂദാവൂദ്: 1488).
പ്രാർഥിക്കുമ്പോൾ കൈകൾ ഉയർത്തുന്നത് പ്രാർഥനയുടെ പൊതുമര്യാദയും ഉത്തരം കിട്ടാനുള്ള കാരണങ്ങളിൽ ഒന്നുമാണ്.
എന്നാൽ, നബിﷺ പ്രാർഥിക്കുകയും കൈകൾ ഉയർത്താതിരിക്കുകയും ചെയ്ത സന്ദർഭങ്ങളിൽ കൈയുയർത്തി പ്രാർഥിക്കുന്നത് ബിദ്അത്താണ്. അവിടെ കൈകൾ ഉയർത്താതിരിക്കലാണ് സുന്നത്ത്.

