വിരശല്യം കുട്ടികളിൽ

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ജൂലൈ 29 , 1444 മുഹറം 11

മിക്ക കുട്ടികളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് വിരശല്യം എന്നത്. കുട്ടികളിലാണ് പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാവാറുള്ളതെങ്കിലും മുതിർന്നവരിലും വിര കണ്ടുവരാറുണ്ട്.

കാരണങ്ങൾ

കൃമിശല്യം അല്ലെങ്കിൽ വിരശല്യം എന്ന് നാം പറയാറുള്ള ഈ ആരോഗ്യ പ്രശ്‌നം വ്യത്യസ്ത തരം വിരകൾ കാരണമാണ് ഉണ്ടാകുന്നത്. Pin worm എന്ന വിരയാണ് വളരെ സാധാരണയായി കുട്ടികളിലും മുതിർന്നവരിലും കണ്ടുവരാറുള്ളത്. ഇത് കൂടാതെ tape worm, hook worm, round worm തുടങ്ങിയവയും കുടലിനെ ബാധിക്കാറുള്ള വിരകളാണ്

വിരകളുടെ സ്വഭാവമനുസരിച്ച് അവ ശരീരത്തിൽ പ്രവേശിക്കുന്ന രീതിയിലും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലും വ്യത്യാസങ്ങളുണ്ട്.

വൃത്തിഹീനമായ ആഹാര പാനീയങ്ങൾ വഴിയോ, ശരിയായി കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുന്നത് വഴിയോ വായിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന വിരകളും, ടോയ്‌ലെറ്റിൽനിന്നും മറ്റു പ്രതലങ്ങളിൽനിന്നും ശരീരത്തിലേക്ക് പ്രവേശിക്കുന്ന വിരകളുമാണ് വളരെ സാധാരണമായി കണ്ടുവരാറുള്ളത്. ഇതിന് പുറമെ ചർമത്തിൽ പോറൽ ഉണ്ടാക്കി അതിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന വിരകളും ഉണ്ട്.

ലക്ഷണങ്ങൾ

വ്യത്യസ്തയിനം വിരകൾ വ്യത്യസ്ത രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ജീവിക്കുകയും നമുക്കാവശ്യമായ പോഷകങ്ങൾ ഭക്ഷണമായി സ്വീകരിക്കുകയും ചെയ്തു ജീവിക്കുന്ന ജീവികളാണ് ഇവ എന്നതുകൊണ്ട് തന്നെ കുട്ടികളിൽ ഇത് കാര്യമായ പോഷകക്കുറവിനും വളർച്ചക്കുറവിനും കാരണമാകാറുണ്ട്.

വയറുവേദന, വയറിളക്കം, വയറു വീർക്കൽ, മലദ്വാരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, വിശപ്പില്ലായ്മ, രക്തക്കുറവ് തുടങ്ങിയവയാണ് പൊതുവായി കണ്ടുവരാറുള്ള മറ്റു ലക്ഷണങ്ങൾ. കുടലിനെയല്ലാതെ മറ്റു അവയവങ്ങളെ ബാധിക്കുകയും ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന വിരകളെയും അപൂർവമായി കണ്ടുവരാറുണ്ട്.

പ്രതിവിധികൾ

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈ കഴുകുക, നഖം മുറിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക, ഭക്ഷണ പാനീയങ്ങൾ അടച്ചുവെക്കുക, നന്നായി വേവിച്ച ആഹാരവും തിളപ്പിച്ചാറിയ വെള്ളവും മാത്രം കഴിക്കുക. വീട്ടിൽ വിരശല്യമുള്ള ഒരാളുണ്ടെങ്കിൽ അത് പൂർണമായി മാറുന്നതുവരെ അവരുടെ വസ്ത്രം പ്രത്യേകം കഴുകുകയും അവർ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുകയും ചെയ്യൽ നല്ലതാണ്.

വിരശല്യം മാറാനുള്ള മരുന്ന് കഴിക്കുമ്പോൾ സാധാരണയായി വിരകൾ വിസർജിച്ച് പോകാറാണ് പതിവ്. അതിനാൽ മറ്റുള്ളവരിലേക്ക് അവ പകരാൻ സാധ്യത ഏറെയാണ്. ഇത് തടയാനുള്ള മാർഗം ഒരു വീട്ടിൽ എല്ലാവരും ഒരുമിച്ച് മരുന്ന് കഴിക്കലാണ്.