ചിട്ടയായ ജീവിതവും ആരോഗ്യവും

ജാസ്മിൻ കെ. പി, പാലക്കാഴി

2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

ചിട്ടയായ ജീവിത ചര്യകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ടൈം മാനേജ്‌മെന്റിന് ഇതിൽ പ്രധാന പങ്കുണ്ട.് പലരും ഓരോ ദിവസവും ഓരോ നേരത്ത് എഴുന്നേൽക്കുന്നവരാണ്. അത് ശരിയായ ചര്യയല്ല. എന്നും എഴുന്നേൽക്കുന്നത് ഒരേ സമയത്തായിരിക്കണം. ഒരു മുസ്‌ലിം സ്വുബ്ഹി നമസ്‌കാരത്തിന് ഉണരേണ്ടവനാണ്/ഉണരേണ്ടവളാണ്. നേരത്തെ എഴൂന്നൽക്കുക എന്നത് മതപരമായ കടമയാണ്. അത് മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള ജീവിതത്തിനും അനിവാര്യമാണ്.

രാത്രി ഏറെ വൈകി ഉറങ്ങുന്നതും വൈകി എഴുന്നേൽക്കുന്നതും നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ഉറക്കക്കുറവ,് ദഹനമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. അതുകൊണ്ട് രാവിലെ എഴുന്നേൽക്കുന്നതിലും രാത്രി കിടക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലുമെല്ലാം കൃത്യമായ സമയം പാലിക്കാൻ ശ്രമിക്കുക.

അലസതയാണ് ഈ വിഷയത്തിൽ പരരെയും പിന്നിലേക്കു വലിക്കുന്നത്. ഇഹലോകത്തും പരലോകത്തും നഷ്ടമുണ്ടാക്കുന്ന ഒന്നാണ് അലസത.

‘അല്ലാഹുവേ, എന്റെ സമുദായത്തിന്റെ പ്രഭാതസമയത്ത് നീ അവർക്ക് അനുഗ്രഹം ചൊരിയണേ’ എന്ന് നബി ﷺ  പ്രാർഥിച്ചതായി കാണാം.

പക്ഷിമൃഗാതികളൊന്നും മനുഷ്യരെ പോലെ അലസത കാണിക്കാറില്ല. വിശിഷ്യാ പക്ഷികൾ. അവ വളരെ നേരത്തെ അവയുടെ കൂടുവിട്ട് അന്നം തേടി പുറത്തുപോകുന്നു. സന്ധ്യാസമയത്ത് നിറവയറുമായി കൂടണയുന്നു.

ഓരോ കാര്യം ചെയ്യുമ്പോഴും വ്യക്തമായ പ്ലാനിങ്ങ് ഉണ്ടായിരിക്കണം. ഓരോ ദിവസവും ചെയ്യേണ്ടേതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ മനസ്സിൽ കണക്കുകൂട്ടണം. ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ചെയ്യുവാൻ ശ്രമിക്കണം.

ജീവിതത്തിൽ നാം പാലിക്കുന്ന അച്ചടക്കം നമ്മുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അച്ചടക്കം ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുവാൻ സഹായിക്കുന്ന ഘടകം കൂടിയാണ്.

ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ലിസ്റ്റ് ചെയ്യൽ ഏറെ ഗുണം ചെയ്യും. ഇത് ഓർമക്കുറവ് പരിഹരിക്കും. ഭൂരിഭാഗം ആളുകളും മറവിയെ പഴിക്കുന്നവരാണ.് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തലേദിവസം നടന്ന കാര്യങ്ങൾ ഓർമിച്ചെടുക്കാൻ ശ്രമിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കും.

വീട്ടിലായാലും ഓഫീസിലായാലും എല്ലാം കൃത്യമായി അടുക്കിവെക്കുന്ന ശീലം വളർത്തിയെടുക്കണം. അടുക്കി വൃത്തിയായി വെക്കുന്ന ശീലമുണ്ടെങ്കിൽ എല്ലാ കാര്യങ്ങളിലും അത് പ്രതിഫലിക്കും. ഓരോന്ന് തിരഞ്ഞ് സമയം പാഴാക്കാതിരിക്കാൻ അത് സഹായിക്കും.

സ്വന്തം കാര്യങ്ങളിൽ പൂർണമായ ഉത്തരവാദിത്തമുണ്ടായിരിക്കണം. കാര്യങ്ങളെല്ലാം മറ്റുള്ളവരെ ഏൽപിച്ച് മാറിനിൽക്കുന്ന സ്വഭാവം നന്നല്ല.

ഓഫീസിലെയും വീട്ടിലെയും കാര്യങ്ങൾ ഇടകലർത്തരുത്. ഇത് കുടുംബത്തെ ബാധിക്കും. മാനസികമായ സന്തോഷം ഇല്ലാതാക്കും

ജോലിസ്ഥലത്തായാലും വീട്ടിലായാലും കാര്യങ്ങൾ കൃത്യസമയത്തു തന്നെ ചെയ്തു തീർക്കാൻ ശ്രമിക്കണം. ആവശ്യമില്ലാതെ ജോലികൾ നാളേക്കു നീട്ടിവെക്കുന്നത് പ്രയാസമുണ്ടാക്കും.

ആരാധനാകാര്യങ്ങളിൽ കൃത്യതയും സമയനിഷ്ഠയും പാലിക്കാൻ ബോധപൂർവമായ ശ്രമം ആവശ്യമാണ്. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരം നിർവഹിക്കുന്നതിൽനിന്നും അലസത പലരെയും പിന്തിരിപ്പിക്കാറുണ്ട്. ജീവിതത്തിൽ ചിട്ടയില്ലാത്തവർ എല്ലാ മേഖലകളിലും അലസത കാണിക്കുന്നവരായിരിക്കും.