അവധിക്കാലം ക്രിയാത്മകമാക്കാം

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2023 ഏപ്രിൽ 15, 1444 റമദാൻ 24

വീണ്ടും ഒരു വേനലവധിക്കാലം കൂടി വന്നെത്തിയിരിക്കുന്നു. പൊന്നോമന മക്കളുടെ അവധിക്കാലം ഉപയോഗപ്രദമാക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്. ഇത്തവണ അവധിക്ക് വിരുന്നുകാരനായി റമദാൻകൂടി ഉള്ളതിനാൽ ഈ അവധിക്ക് ഒന്നാമതായി റമദാൻ മാസത്തെ തന്നെ നമുക്ക് പർഗണിക്കാം.

കുട്ടികൾക്ക് നോമ്പനുഷ്ഠിച്ചു പഠിക്കാൻ ഇത് നല്ല ഒരു അവസരമാണ്. അവരെ അത്താഴത്തിന് എഴുന്നേൽപിക്കുകയും നോമ്പ് നോൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. നമ്മുടെ കൺവെട്ടത്തുതന്നെ അവർ ഉണ്ടാകുന്നതുകൊണ്ട് സൽകർമങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുവാനും ഉചിതമായ മാർഗനിർദേശങ്ങൾ നൽകുവാനും നമുക്ക് കഴിയും.

കുറച്ചു കൂടി മുതിർന്ന കുട്ടികളെ, അവർ എങ്ങനെയെങ്കിലും മഗ്‌രിബ് വരെ നേരം കളയുക എന്നതിനപ്പുറം ക്വുർആൻ പാരായണം പോലുള്ള സൽകർമങ്ങളിലേക്ക് പരമാവധി അവരുടെ ശ്രദ്ധ ക്ഷണിക്കുകയും അതവരെ ശീലിപ്പിക്കുകയും ചെയ്യാം.

സർഗാത്മക കഴിവുകളെ മെച്ചപ്പെടുത്താൻ അവധിക്കാലം പ്രയോജനപ്പടുത്താം. കുട്ടികളെ സദാസമയം മൊബൈൽ ഫോണിൽ കളിച്ചിരിക്കാൻ അനുവദിക്കാതെ അവർക്ക് വ്യത്യസ്ത അഭിരുചികൾ മനസ്സിലാക്കാൻ ഉതകും വിധം അവർക്ക് ഓരോ ടാസ്‌കുകൾ നൽകാം. ചിത്രരചന, കഥ, കവിത, ക്രാഫ്റ്റ്, പാട്ട്, പ്രസംഗം തുടങ്ങി അവർക്ക് ഇഷ്ടപ്പെട്ടതും കഴിവുള്ളതുമായ മേഖലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവസരങ്ങൾ കണ്ടെത്തി പങ്കെടുപ്പിക്കുകയും ചെയ്യുക.

ഓരോ വർഷവും വേനലിന്റെ കാഠിന്യം കൂടിവരികയാണല്ലോ. ആയതിനാൽ കുട്ടികൾ പുറത്തിറങ്ങി കളിക്കുന്ന സമയം തീർച്ചയായും ക്രമീകരിക്കേണ്ടതാണ്. ഉച്ചക്ക് 12 മണി മുതൽ 3 മണിവരെ യാതൊരു കാരണവശാലും അവരെ പുറത്ത് കളിക്കാൻ അനുവദിക്കരുത്.

അല്ലാത്ത സമയങ്ങളിൽ അവരെ പുറത്തുപോയി കളിക്കുവാൻ ചെയ്യാനായി പ്രോത്സാഹിപ്പിക്കേണ്ടതാണ്. കളിയിൽപെട്ട് നമസ്‌കാരം പാഴാക്കാതിരിക്കാൻ പ്രത്യേകം ഉണർത്തണ്ടതുണ്ട്. പുറത്തുപോയുള്ള കളികൾ കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയെ വളരെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നു. അതുകൊണ്ടുള്ള ഏതാനും നേട്ടങ്ങൾ പറയാം:

1) കായിക വിനോദങ്ങൾ കുട്ടികളിൽ വിശപ്പുണ്ടാക്കുകയും അവരെ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നവരാക്കുകയും അവരുടെ ദഹനവും ഉറക്കവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

2) കായിക ശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

3) രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: അൽപം മണ്ണും വെള്ളവും വെയിലും ഒക്കെയായി ഇടപഴകിയുള്ള കളികൾ കുട്ടികളിൽ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്നു.

4) പ്രകൃതിയോട് അടുപ്പം ഉണ്ടാകുന്നു: പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുവളർത്തുന്നതിലും വേനൽക്കാലത്ത് കിളികൾകു കുടിവെള്ളം ഒരുക്കുന്നതിലുമെല്ലാം കുട്ടികളെ പങ്കാളികളാക്കുക. ഇതെല്ലാം അവർക്ക് പ്രകൃതിയെ പരിചയപ്പെടാനും സ്‌നേഹിക്കാനും സഹായകമാകും.

5) വ്യക്തിത്വ വികാസം: അയൽപക്കത്തെ, കുടുംബത്തിലെ കുട്ടികളുമായുഉള്ള സംഘടിത കളികൾ സഹകരണം, അനുസരണം, നേതൃത്വം, പങ്കാളിത്തം തുടങ്ങി ഒട്ടേറെ സാമൂഹിക മര്യാദകൾ ആർജിച്ചെടുക്കാൻ സഹായിക്കുന്നു. ഇതെല്ലാം ജീവിതകാലം മുഴുവൻ ഓർക്കാനും നല്ല പാഠങ്ങൾ ഉൾകൊള്ളാനും അവർക്ക് സഹായകമാകും.