ജീവകങ്ങൾ കുറയുമ്പോൾ

ഡോ. അർഷദ് മുനവ്വർ

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

ജീവകങ്ങളുടെ (വൈറ്റമിനുകളുടെ) കുറവുകൊണ്ടുള്ള രോഗങ്ങൾ മുതിർന്നവരിലും കുട്ടികളിലും കണ്ടുവരുന്നുണ്ടെങ്കിലും കുട്ടികളിലുണ്ടാകുന്ന ജീവകദൗർലഭ്യം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ട്. കാരണം കുട്ടികൾ വളർച്ചയുടെ ദശയിൽ നിൽക്കുന്നവരാണ്. വൈറ്റമിനുകൾ തുച്ഛമായ അളവിലേ വേണ്ടതുള്ളൂവെങ്കിലും ശരീരത്തിന് ഇവയെ ഉൽപാദിപ്പിക്കാൻ ശേഷിയില്ലാത്തതുകൊണ്ട് ഭക്ഷണത്തിൽനിന്ന് ഇവ ലഭിക്കൽ അനിവാര്യമാണ്.

കൊഴുപ്പിൽ ലയിക്കുന്നതും വെള്ളത്തിൽ ലയിക്കുന്നതും എന്ന് വൈറ്റമിനുകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ ABCDEK തുടങ്ങിയ അക്ഷരങ്ങളാണ് അവയ്ക്ക് നൽകിയിരിക്കുന്നത്. AEDK എന്നീ നാല് ജീവകങ്ങൾ കൊഴുപ്പിൽ ലയിക്കുന്നവയാണ്. B C എന്നീ ജീവകങ്ങൾ വെള്ളത്തിൽ ലയിക്കുന്നവയും.

വൈറ്റമിൻ ‘എ’: കാഴ്ച, പ്രതിരോധശക്തി, തൊലിയുടെ ആരോഗ്യം എന്നിവയിലാണ് പ്രധാന പങ്കു വഹിക്കുന്നത്. ഇതിന്റെ കുറവുകൊണ്ട് കണ്ണിന്റെ തിളക്കം, കാഴ്ച എന്നിവയ്ക്ക് കുറവ് സംഭവിക്കാം. രാത്രിയായാൽ കുട്ടികൾ കാഴ്ചശക്തി കുറഞ്ഞ് തപ്പിനടക്കുന്നുണ്ടെങ്കിൽ അവരെ ‘നിശാന്ധത’(Night Blindness) ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. ഇത് വൈറ്റമിൻ ‘എ’യുടെ കുറവുകൊണ്ട് ഉണ്ടാകുന്നതാണ്. ഇത്തരം അന്ധതകൾ തടയാൻ സാധിക്കുന്നതാണ്.

ഗുളികയോ ടോണിക്കോ ആയി Vitamin A കഴിക്കുന്നതിനെക്കാൾ ഉത്തമം ഇത് ലഭിക്കുന്ന ആഹാരം കഴിക്കുകയാണ്. പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളുള്ള പഴവർഗങ്ങളിലും പച്ചക്കറികളിലും പാലിലും പാൽ ഉൽപന്നങ്ങളിലും മുട്ടയുടെ മഞ്ഞ, മീൻ, മീനെണ്ണ, എന്നിവയിലും വൈറ്റമിൻ ‘എ’ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ‘എ’യുടെ കുറവുകൊണ്ട് തൊലിയിൽ മുള്ളുപോലെ തരുതരുപ്പ് വരാനും സാധ്യതയുണ്ട്.

വൈറ്റമിൻ ‘ഡി’: എല്ലിന്റെയും പല്ലിന്റെയും വളർച്ചക്കും ഉറപ്പിനും അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവിനെ Rickets എന്നാണ് പറയുന്നത്. എല്ലിന്റെ വളർച്ചക്കുറവ്, തലയുടെയും നെഞ്ചിന്റെയും ആകൃതിയിൽ വ്യത്യാസം, എല്ലിന് പൊട്ടൽ, ബലക്കുറവ് എന്നിവയാണ് ഇതിന്റെ ലക്ഷണം. ആഹാരത്തിൽ നിന്ന് ലഭിക്കുന്നതിന് പുറമെ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വൈറ്റമിൻ ‘ഡി’ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. മുട്ടയുടെ മഞ്ഞ, മൽസ്യം, നല്ലസുര്യപ്രകാശത്തിൽ വളരുന്ന ഇലക്കറികൾ എന്നിവയിൽ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിൽ ലയിക്കുന്ന ജീവകം ആയതുകൊണ്ട് ഗുളിക, ടോണിക്ക് രൂപത്തിൽ ഇത് ധാരാളമായി കഴിച്ചാൽ ശരീരത്തിൽ കൂടുതലായി സ്‌റ്റോക്ക് ചെയ്ത് Hypervitaminosis D എന്ന രോഗം വരാം.

വൈറ്റമിൻ ‘ഇ’: അനേകം ഗുണഗണങ്ങളുള്ള ജീവകമാണിത്. ശരീരത്തെ പല രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും ശരീരത്തിലെ ചില ദോഷഘടകങ്ങളെ മാറ്റുന്നതിനും ഇതിന് കഴിയും. മാംസപേശി, ഞരമ്പുകൾ എന്നിവയുടെ പ്രവർത്തനത്തിനും പ്രയോജനകരമാണ്. ധാന്യങ്ങൾ, സസ്യയെണ്ണ എന്നിവയിൽ വൈറ്റമിൻ ഇ അടങ്ങിയിരിക്കുന്നു. പ്രായാധിക്യംകൊണ്ട് തൊലിയിൽ ഉണ്ടാകുന്ന ചുക്കിച്ചുളിവുകൾ അകറ്റുന്നതിനും ഇത് സഹായിക്കും.

വൈറ്റമിൻ ‘കെ’: ഇത് കൊഴുപ്പിൽ ലയിക്കുന്നതാണ്. നമ്മുടെ കുടലിൽ ഇത് ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ട് ഇതിന്റെ കുറവ് കൂടലിനോ മറ്റോ രോഗമുള്ള അവസ്ഥയിൽ മാത്രമാണ് കാണുന്നത്. വൈറ്റമിൻ ‘കെ’ രക്തം കട്ടപിടിക്കുന്നതിന് അത്യാവശ്യമാണ്. ഇതിന്റെ കുറവുകൊണ്ട് രക്തം കട്ടിയാകാതെ അമിത രക്തസ്രാവം ഉണ്ടാകാനിടയുണ്ട്. ഇലക്കറികൾ, മാംസം, മുട്ട പോലുള്ളവയിൽ വൈറ്റമിൻ ‘കെ’ അടങ്ങിയിട്ടുണ്ട്.