വേനൽക്കാലം; വേണം ചില കരുതലുകൾ

ഡോ. യാസ്മിൻ എം അബ്ബാസ്

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

നമ്മുടെ നാട്ടിൽ ചൂട് വളരെ കൂടുതലായി അനുഭവപ്പെടുന്നത് മാർച്ച്, ഏപ്രിൽ, മെയ് മസങ്ങളിലാണ്. വേനൽക്കാലത്ത് ആരോഗ്യപരമായ പ്രശ്‌നങ്ങൾ വരാതിരിക്കാൻ തീർച്ചയായും നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അന്തരീക്ഷ താപനില വളരെയധികം കൂടുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കാതിരിക്കൻ നമ്മൾ നമ്മുടെ ഭക്ഷണം, വ്യായാമം, ജോലി, വസ്ത്രധാരണം, വിശ്രമം തുടങ്ങിയ ജീവിത ശൈലികളിൽ കാര്യമായ മാറ്റങ്ങൾ ഈ കാലയളവിൽ വരുത്തേണ്ടതുണ്ട് .

ഭക്ഷണ കാര്യത്തിൽ നാം മനസ്സിലാക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യം, ദഹിക്കാൻ പ്രയാസമുള്ളതും കൂടുതൽ കലോറി അടങ്ങിയതുമായ മാംസാഹാരം, കൊഴുപ്പടങ്ങിയ ആഹാരങ്ങൾ, ഐസ്‌ക്രീം, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ്. ഇവ ദഹിപ്പിക്കുമ്പോൾ ശരീരം കൂടുതൽ ചൂട് ഉത്പാദിപ്പിക്കും. എന്നാൽ ജലാംശം ധാരാളം അടങ്ങിയതായ പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വേഗത്തിൽ ദഹിക്കുന്നത് കാരണം അവ ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുന്നത് താരതമ്യേന കുറവായിരിക്കും. അതുകൊണ്ട് അതിനനുസരിച്ച് നമുക്ക് നമ്മുടെ ഭക്ഷണത്തെ ക്രമീകരിക്കാം. നിർജലീകരണം തടയാനായി ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനായി വീട്ടിൽ ഡൈനിങ് ടേബിളിൽ കൂടിവെള്ളം വയ്ക്കുകയും പുറത്ത് പോകുന്നവർ ഒരു ബോട്ടിൽ വെള്ളം കൂടെ കൊണ്ടുപോകുന്നതുമെല്ലാം നല്ലതാണ്. ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കാൻ മറന്നുപോകാതിരിക്കാൻ ഇത് ഉപകരിക്കും. പ്രകൃതിദത്തമായ തേങ്ങാവെള്ളവും നാരങ്ങാവെള്ളം, മോരുവെള്ളം തുടങ്ങിയവയും വേനൽക്കാല ചൂടിനെ പ്രതിരോധിക്കാൻ വളരെയധികം സഹായകമാണ്.

പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക എന്നതാണ് ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ശുദ്ധജലത്തിന്റെ അപര്യാപ്തതമൂലം മലിനജലം ഉപയോഗിക്കാൻ സാധ്യതയുള്ള സമയമാണിത്. അതുകൊണ്ട്തന്നെ ഭക്ഷ്യവിഷബാധ കാരണം ഉണ്ടാകാവുന്ന മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഛർദി, വയറിളക്കം തുടങ്ങിയ രോഗങ്ങളെ തടയാൻ കഴിവതും വീട്ടിലെ ഭക്ഷണം മാത്രം കഴിക്കുക. ശരീരത്തിന് കൂടുതൽ സുഖമുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് സൂര്യപ്രകാശത്തെ കൂടുതൽ ആഗിരണം ചെയ്യാതിരിക്കാൻ നല്ലത്.

11 മണി മുതൽ 3 മണിവരെയുള്ള വെയിൽ നേരിട്ട് അധികസമയം ഏൽക്കാതെ സൂക്ഷിക്കുക. അല്ലാത്തപക്ഷം ചൂടേറ്റുള്ള പൊള്ളൽ വരാൻ സാധ്യതയുണ്ട്. കുട്ടികളെ യാതൊരു കാരണവശാലും ഈ സമയത്ത് പുറത്ത് കളിക്കാൻ അനുവദിക്കരുത്. വിയർപ്പുമൂലം ഉണ്ടാകാനിടയുള്ള ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ രണ്ടുനേരം കുളിക്കുന്നതും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുന്നതും നല്ലതാണ്. വേനൽക്കാല രോഗങ്ങളായ ചിക്കൻപോക്‌സ്, മീസിൽസ്, ചെങ്കണ്ണ്, മൂത്രാശയ അണുബാധ തുടങ്ങിയ രോഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും വേണ്ട ജാഗ്രത പാലിക്കുകയും ചെയ്യുക. ജനലുകൾ തുറന്നുവച്ച് വീടിനകത്ത് വായുസഞ്ചാരം ഉറപ്പുവരുത്തുക.

വർഷംതോറും വേനൽക്കാലത്തിന്റെ തീവ്രത കൂടിവരുന്നതിനാൽ നമ്മുടെ ചുറ്റുപാടുമുള്ള ഇതര ജീവജാലങ്ങളെയും നാം പർഗണിക്കാൻ മറന്നുപോകരുത്. മുറ്റത്തും പറമ്പിലും വെള്ളം നിറച്ച പാത്രങ്ങൾ വച്ചുകൊടുക്കുകയാണെങ്കിൽ അത് നമ്മുടെ ചുറ്റുപാടുള്ള ജീവജാലങ്ങൾക്ക് ദാഹമകറ്റാൻ ഉപകരിക്കും. അത്തരം കാഴ്ചകൾ ഈ കാഠിന്യമേറിയ ചൂടിലും നമുക്ക് കൺകുളിർമ നൽകുന്നതായിരിക്കും.